പെട്ര – മൻസൂർ കുഞ്ചിറയിൽ പനമ്പാട്

0
182

ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബി രാജ്യമാണ് ജോർദാൻ. ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽ രാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.
ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.

ജോർദാനിലെ കാലാവസ്ഥയും, പ്രകൃതി ഭംഗിയും, ചാവുകടലും, ചരിത്രപരമായി പ്രാധാന്യമുള്ള ഒരുപാട് പുരാതന ജോർദാനിയൻ നഗരങ്ങളുമാണ്, വിനോദ സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. ഫോട്ടോ ഞാനും 2013 ൽ സുഹൃത്തുക്കളുടെ കുടെ പെട്രയിൽ പോയപ്പോൾ എടുത്തതാണ്. Thank you ( Ramesh Chandran & Ratheesh Ramachandhran & Lijo Mundaplackal Jose ) for the pic….

പെട്ര ചരിത്രം…

ചരിത്ര പരമായി പ്രാധാന്യമുള്ള പുരാതന ജോർദാനിയൻ നഗരമാണ്‌ പെട്ര. ബി.സി ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ജൊർദാന്റെ ചിഹ്നമായ പെട്ര ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്‌. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര ലോക പൈതൃക പ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജോർദാനിലെ വാദി അറബ മണലാരണ്യത്തിൽ കാലമാപിനികൾക്കു മുൻപിലായാണ് നഗരത്തിന്റെ സ്ഥാനം. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം. മൺമറഞ്ഞുപോയ അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് പെട്ര നഗരം നിലനിൽക്കുന്നത്.

പെട്ര എന്ന പനിനീര്‍ ചുവപ്പ് നഗരം…

പെട്ര എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ഥം പാറ എന്നാണ്. പാറകളില്‍ ചിത്രപ്പണികളും കൊത്തു പണികളും രമ്യഹര്‍മ്യങ്ങളും ശവ കുടീരങ്ങളും നിര്‍മിച്ചതിനാലാണ് പെട്ര എന്ന പേര് ലഭിച്ചത്. അവിടെയുള്ള ഉയര്‍ന്ന പാറയുടെ നിറം പനിനീര്‍ ചുവപ്പിനോട് സാദൃശ്യമുള്ളതിനാല്‍, പെട്രക്ക് Rose Red Ctiy എന്ന അപരനാമം കൂടിയുണ്ട്. ജീവിതത്തില്‍ അനിവാര്യമായും കണ്ടിരിക്കേണ്ട 27 സ്ഥലങ്ങളില്‍ ഒന്നാണെന്ന് യുനെസ്‌കോ വിശേഷിപ്പിച്ച ചരിത്രഭൂമി. പൗരാണിക സംസ്‌കാരത്തിന്റെ അനേകം ഈടുവെപ്പുകളുള്ള പ്രദേശം. ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്ന്. അതാണ് പെട്ര.

പെട്ര എന്നാണ് നിര്‍മിക്കപ്പെട്ടത് എന്നതിനെ കുറിച്ച കൃത്യമായ വിവരമൊന്നും ലഭ്യമല്ല. ബി.സി.ഒന്നാം നൂറ്റാണ്ടിലാണ് ഈ പ്രദേശം നെബാതിയനുകളുടെ ആസ്ഥാനമായി അറിയപ്പെടാന്‍ തുടങ്ങിയത്. അക്കാലത്ത് ജനസംഖ്യ 20000-മാണെന്ന് കരുതുന്നു. അറേബ്യന്‍ മരുഭൂമിയിലെ അനേകം നാടോടി ഗോത്രങ്ങളില്‍ ഒന്നായിരുന്നു നെബാതിയന്മാര്‍. നാല്‍ക്കാലി ക്കൂട്ടങ്ങളുമായി വെള്ളവും മേച്ചില്‍ സ്ഥലവും അന്വേഷിച്ച് നടന്നിരുന്ന ഇവര്‍ യമനില്‍ നിന്നുള്ളവരായിരുന്നിരിക്കണം. വേറെ അഭിപ്രായങ്ങളും ഇവരെക്കുറിച്ചുണ്ട്. എല്ലാം നിഗമനങ്ങള്‍ മാത്രം.

പിന്നീട് സി.ഇ 106-ല്‍ ഈ പ്രദേശത്തെ റോമന്‍ സാമ്രാജ്യവുമായി കൂട്ടി ച്ചേര്‍ക്കുകയായിരുന്നു. റോമക്കാരാണ് ഇതിനെ പെട്ര എന്ന് നാമകരണം ചെയ്തത്. സി.ഇ 363-ല്‍ ഒരു വന്‍ ഭൂകമ്പം ഉണ്ടാവുന്നത് വരെയും അത് വികസിച്ചു കൊണ്ടിരുന്നു. അക്കാലത്ത് സുഗന്ധ ദ്രവ്യങ്ങളുടെ വിപണന കേന്ദ്രം കൂടിയായിരുന്നു പെട്ര. പുരാതന കാലത്ത് യമന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര മാര്‍ഗം എന്ന നിലയിലും പെട്ര വിശ്രുതമായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉണ്ടായ ശക്തമായ ഭൂകമ്പവും വാണിജ്യ റൂട്ടിലെ ഗതിമാറ്റവും കാരണമായി പെട്ര സംസ്‌കാരം നാമാവശേഷമായി. ചെങ്കടലിനും ചാവു കടലിനുമിടയില്‍ സുഊദി അതിര്‍ത്തി ക്കടുത്താണ് പെട്ര നിലകൊള്ളുന്നത്.

1812-ല്‍ ജോഹന്നാസ് ബുര്‍ഗാര്‍ട്ട് എന്ന സ്വിസ് പര്യവേക്ഷകന്റെ ശ്രമ ഫലമായി പെട്രയെ വീണ്ടും കണ്ടെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് പെട്ര വശ്യവും മനോഹരവുമായ പൗരാണിക നഗരമെന്ന നിലയില്‍ പാശ്ചാത്യലോകത്ത് സ്വീകാര്യത നേടിയത്. പെട്രയിലൂടെയുള്ള നടത്തം അവിസ്മരണീയമായ അനുഭവം തന്നെയാണ്. നടത്തത്തിനിടയില്‍ ധാരാളം യൂറോപ്യരെ കാണാനിടയായി. 1985 മുതല്‍ യുനെസ്‌കൊ പൈതൃക ഭൂമിയായി ഏറ്റെടുത്തതോടെ സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹമാണിവിടേക്ക്. കവാടത്തിലുള്ള സന്ദര്‍ശക കേന്ദ്രത്തില്‍നിന്ന് ടിക്കറ്റ് എടുത്തതിനു ശേഷമാണ് അതിനകത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളത്.

വിചിത്ര കാഴ്ചകള്‍

പെട്രയുടെ ഉള്ളകങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്നത് വിചിത്ര കാഴ്ചകള്‍. പ്രകൃതിയുടെ മനോഹര കര വിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാനുണ്ടെന്ന് ഗൈഡ് പറഞ്ഞപ്പോള്‍ ഞങ്ങളുടെ ആകാംക്ഷ വര്‍ധിച്ചു. യുവത്വത്തിന്റെ പ്രസരിപ്പോടെ പൊള്ളുന്ന ചൂടില്‍ വെള്ളത്തിന്റെ കുപ്പി കൈയിലേന്തിയും ഹാറ്റ് ധരിച്ചും ധൃതിയില്‍ നടന്നു.

പെട്ര നഗരത്തിലേക്ക് ചെല്ലുന്ന നീണ്ട നടപ്പാതയുടെ വലതു വശത്ത് കൂറ്റന്‍ ശിലകളില്‍ നെബാതിയന്മാര്‍ നിര്‍മിച്ച ശവ കുടീരങ്ങള്‍ കാണാം. വേറെയും പല തരത്തിലുള്ള കല്ലിന്‍ സമുച്ചയങ്ങളുണ്ട്. മഴ വര്‍ഷിക്കുമ്പോള്‍ വെള്ള പ്പൊക്കം തടയാനുള്ള സംവിധാനവും ജലം സൂക്ഷിക്കാനുള്ള അണക്കെട്ടുമാണ് ഇവിടത്തെ മറ്റൊരു കാഴ്ച. ഈയാവശ്യാര്‍ഥം 88 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചിരുന്നു. ഭൂഗര്‍ഭ ജലത്തെക്കുറിച്ച് നല്ല അറിവുള്ളവരായിരുന്നു നെബാതിയന്മാരെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

രണ്ട് കൂറ്റന്‍ പാറകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ നടപ്പാതയാണ് പെട്രയിലെ മറ്റൊരു ആകര്‍ഷണം. പാറകളുടെ ഇരു വശത്തും വെള്ളം കൊണ്ടു പോകാനുള്ള നീര്‍ച്ചാല്‍ നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിപരമായി പിളര്‍ന്നാണ് നടപ്പാത രൂപപ്പെട്ടിട്ടുള്ളത്. ഈ നടപ്പാതയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ പെട്രയിലെത്തി. അവിടെ കാണുന്ന ആദ്യ ദൃശ്യം മനോഹരമായ കൊത്തുപണിയുള്ള ശിലയുടെ മുന്‍വശം. അതിന്റെ ഒത്ത മുകളില്‍ വിലകൂടിയ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഖജനാവ്. 40 മീറ്റര്‍ ഉയരത്തിലാണ് ഈ ഖജനാവ്. അവിടെയുള്ള കൊത്തു കാഴ്ചകള്‍ വശ്യ സുന്ദരം.

ആരാധനാലയം, സ്റ്റേഡിയം, രാജകീയ ശവ കുടീരങ്ങള്‍, ഖസ്‌റുല്‍ ബിന്‍ത്, അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ചര്‍ച്ച്, പെട്രയുടെ ഹൃദയ ഭാഗത്തുള്ള ഗ്രെയ്റ്റ് ടെംമ്പ്ള്‍ തുടങ്ങിയ അനേകം കാഴ്ചകള്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്. ഒരു പ്രാചീന സംസ്‌കൃതിക്കുണ്ടാവേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങുന്നു പെട്രയില്‍. ചുറ്റും പര്‍വതങ്ങള്‍ കൊണ്ട് സുരക്ഷിതമായതിനാലാവാം നെബാതിയന്മാര്‍ ഈ പ്രദേശത്ത് തമ്പടിച്ചത്.

ഞാന്നു കിടക്കുന്ന അറ്റമില്ലാത്ത പൗരാണിക നടപ്പാത. ആ നടപ്പാതയിലൂടെ നടന്ന് ഞങ്ങളില്‍ പലരും അവശരായിരുന്നു. കാഴ്ചകളത്രയും പുതുമ നിറഞ്ഞതായതിനാലും സംഘം ചേര്‍ന്ന നടത്തമായതിനാലും വിരസത അനുഭവപ്പെട്ടിരുന്നില്ല. സവാരിക്ക് വേണമെങ്കില്‍ കുതിര, കഴുത, ഒട്ടകം എന്നീ മൃഗങ്ങളുടെ പുറത്തിരുന്നും യാത്ര ചെയ്യാം. ചരിത്രാതീത കാലത്ത് അറേബ്യ, ഈജിപ്ത്, സിറിയ ദേശങ്ങളിലേക്കുള്ള സിൽക്ക് റൂട്ട് എന്ന വാണിജ്യ ഇടനാഴിയിലെ പ്രധാനപട്ടണമായിരുന്നു പെട്ര.

അവശേഷിപ്പുകൾ

ആരാധനാലയങ്ങളും ശവ കുടീങ്ങളുമാണ് പെട്രയിലെ പ്രധാന അവശേഷിപ്പുങ്ങൾ. എണ്ണൂറിലധികം ശവ കുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഏൺ, കൊറിന്ത്യൻ, സിൽക് എന്നിങ്ങനെ അറിയിപ്പെടുന്ന മൂന്നു മുഖപ്പുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത രാജകീയ ശവ കുടീരങ്ങൾ നഗരത്തിലായി കാണപ്പെടുന്നു. രാജാവിന്റെ മതിൽ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനു ചുറ്റുപാടുമായി കൽ ഭിത്തിയിലെല്ലാം ചെറിയ പൊത്തുപോലെ സാധാരണക്കാരുടെ ശവ കുടീരങ്ങൾ സ്ഥിതി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here