അശോകൻറ ധർമ്മ ശാസനങ്ങൾ – ലേഖനം – സജീഷ്. വി. പി

0
357

മൗര്യ ചക്രവർത്തി അശോകൻ തൻറ സാമ്രാജ്യത്തിൻറ നാനാ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള ശിലാശാസനങ്ങളെ
ധർമ്മ ശാസനങ്ങൾ എന്നാണ് വിളിക്കുന്നത്. ഇവയിലധികവും നൂറ്റാണ്ടുകളായി വിസ്മൃതിയിലാണ്ടുകിടക്കുകയായിരുന്നു.
മാത്രമല്ല, ഈ ശാസനങ്ങളിലെ ലിപിയും തികച്ചും അജ്ഞാതമായിരിന്നു.

എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൻറ ആരംഭത്തിൽ പുരാതന ബ്രഹ്മി ലിപി വായിക്കപ്പെട്ടതോടു കൂടി അശോക ശാസനങ്ങൾ വീണ്ടും വെളിച്ചംകണ്ടു തുടങ്ങി.
ഇന്ത്യൻ ലിഖിത വിജ്ഞാനത്തിൻറ പിതാവെന്ന് അറിയപ്പെടുന്ന ജയിംസ് പ്രിൻസെപ്പിൻ എന്ന ഇംഗ്ളീഷുകാരനാണ് വിസ്മൃതമായിരുന്ന പുരാതന ബ്രാഹ്മി ലിപി ആദ്യമായി തിരിച്ചറിഞ്ഞ് വായിക്കുന്നത്.ഇദ്ദേഹം തന്നെയാണ് അശോക ലിഖിതങ്ങൾക്ക് ഇംഗ്ളീഷ് പരിഭാഷയും വ്യാഖ്യാനവും നൽകി ആദ്യം പ്രകാശിപ്പിക്കുന്നതും.

തുടർന്ന് യൂറോപ്യൻമാരും ഇന്ത്യക്കാരുമായ ധാരാളം പണ്ഡിതൻമാർ പുരാതന ഭാരതീയ ലിഖിതങ്ങൾവെളിച്ചത്തുകൊണ്ടുവരുന്നതിൽ ഭാഗവാക്കാവുകയുണ്ടായി.സെനാർട്ട്,വിൽസൺ,ലാസ്സർ,അലക്സാണ്ടർ കണ്ണിംഗ്ഹാം,
ഭണ്ഡാർക്കർ,ആർ,കെ,മുഖർജി,ജി.എച്ച്.ഓഝ തുടങ്ങിയവർഅവരിൽചിലരാണ്.
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി പോലുള്ള പ്രസ്ഥാനങ്ങളും ഇന്ത്യയെ കണ്ടെത്താനുള്ള ആ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു.

പുരാതന ഭാരതത്തെ കുറിച്ചും മൗര്യ സാമ്രാജ്യത്തെ കുറിച്ചുമെല്ലാം വിലപ്പെട്ട അറിവുകളാണ് ഈ ശിലാ ലിഖിതങ്ങൾ സമ്മാനിച്ചത്.കണ്ടെടുക്കപ്പെട്ട അശോക ശാസനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡമാകെ വ്യാപിച്ചു കിടക്കുകയാണ്.ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ,അഫ്ഘാനിസ്ഥാൻ,നേപ്പാൾ,ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവ ലഭിച്ചിട്ടുണ്ട്.

മൂന്നു ഭാഷകളിലായാണ് ഈ ലിഖിതങ്ങൾ കാണപ്പെടുന്നത്.പ്രാകൃത്,ഗ്രീക്ക്,അരമായിക് എന്നിവയാണവ.കാണ്ഡഹാറിലെ ദ്വിഭാഷാ ശാസനം (ഗ്രീക്ക്,അരമായിക് ഭാഷകളിൽ), കാണ്ഡഹാറിലെ തന്നെ ഗ്രീക്ക് ഭാഷയിലുള്ള മേജർ ശാസനം എന്നിവ ഒഴിച്ചാൽ മറ്റെല്ലാം പ്രാകൃത് ഭാഷയിലാണുള്ളത്.അതിൽ തന്നെ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ സംസ്കൃത സാമ്യമുള്ള ഭാഷയിലും കിഴക്കൻ ഭാഗങ്ങളിൽ മാഗധി എന്ന ഭാഷയുമാണ് ഉപയോഗിച്ചു കാണുന്നത്.

നാലു ലിപികൾ ഈ ശിലാശാസനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.ബ്രാഹ്മി,ഖരോഷ്ടി ,ഗ്രീക്ക്,അരമായിക് എന്നിവ.സാമ്രാജ്യത്തിൻറ വടക്കു പടിഞ്ഞാറ് മേഖലകളിലാണ് ഖരോഷ്ടി ലിപിയിലുള്ള ലിഖിതങ്ങൾ കാണപ്പെടുന്നത്.യവനരുടെയും മറ്റ് വിദേശീയരുടെയും സാന്നിധ്യമുണ്ടായിരുന്ന ഗാന്ധാര പ്രദേശങ്ങളിലാണ് ഗ്രീക്ക്-അരമായിക് ഭാഷ ഉപയോഗിച്ചിരിക്കുന്നത്.
മറ്റ് ഇന്ത്യൻ ഭാഗങ്ങളിലെല്ലാം ബ്രാഹ്മി ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്.

BCE 270-235 കാലഘട്ടത്തിൽ(അശോകൻറ ഭരണകാലം) സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ ലിഖിതങ്ങളിൽ ചിലതൊക്കെ അപൂർണ്ണവും കേടുപാടുകൾ സംഭവിച്ച അവസ്ഥയിലുമായിരുന്നു.എങ്കിലും പൂർണ്ണ രൂപത്തിൽ തന്നെ ധാരാളം ശാസനങ്ങൾ ലഭ്യമാവുകയുണ്ടായി.
പ്രധാന ശിലാശാസനങ്ങൾ(Major Rock Edicts), സ്തംഭ ശാസനങ്ങൾ (Pillar Edicts),ലഘു ശിലാശാസനങ്ങൾ(Minor Rock edicts), ലഘു സ്തംഭ ശാസനങ്ങൾ, ഗുഹാ ശാസനങ്ങൾ(cave edicts) എന്നിങ്ങനെ അശോക ശാസനങ്ങൾ വിവിധ തരത്തിൽ കാണപ്പെടുന്നു.കൂടാതെ കലിംഗർക്കായുള്ള പ്രത്യേക രണ്ട് ശാസനങ്ങൾ,രാജ്ഞിയുടെ ശാസനങ്ങൾ എന്നിവയും കണ്ടെത്തിയവയിൽ പെടും.

ജനങ്ങളിൽ ധർമ്മാഭിമുഖ്യം വളർത്തുകയാണ് തൻറയീ ശാസനങ്ങളുടെ ഉദ്ദേശ്യമെന്ന് അശോകൻ എടുത്തു പറയുന്നു. ദേവാനാംപ്രിയ പ്രിയദർശിരാജ എന്നാണ് ഈ ലിഖിതങ്ങളിലെല്ലാം ചക്രവർത്തി അഭിസംബോധന ചെയ്യപ്പെടുന്നത്. ദേവൻമാർക്കു പ്രിയപ്പെട്ടവനും പ്രിയദർശിയുമായ രാജാവ് ധർമ്മ വിജയമാണ് മറ്റെന്തിനെക്കാളും ശ്രേഷ്ടമായി കാണുന്നതെന്ന് പല ശാസനങ്ങളിലും ആവർത്തിക്കുന്നു.

മാതാ പിതാക്കളെ ശുശ്രൂഷിക്കൽ,ബ്രാഹ്മണർ,ശ്രമണർ,
ഗുരുവര്യർ തുടങ്ങിയവരെ ആദരിക്കൽ,മിത്രങ്ങൾ,ആശ്രിതർ എന്നിവരോടുള്ള കടപ്പാട്,ദാസൻമാർ,കൂലിവേലക്കാർ തുടങ്ങിയവരോടുള്ള പ്രതിപത്തി, ദാനം ചെയ്യേണ്ടതിൻറ പ്രാധാന്യം, ജീവജാലങ്ങളെ കൊല്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശാസനങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു.ധർമ്മാചരണത്തിലൂടെ തൻറ പ്രജകൾക്ക് ഇഹത്തിലും പരത്തിലും സൗഖ്യം ഉറപ്പു വരുത്തുകയാണ് തൻറ ലക്ഷ്യമെന്നും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ക്ഷേമത്തിനായി സാമ്രാജ്യത്തിലുടനീളം ആതുരാലയങ്ങൾ സ്ഥാപിക്കുകയും വൃക്ഷങ്ങങൾ ഔഷധികൾ എന്നിവ നട്ടുപിടിപ്പിക്കുകയും ചെയ്തതായും ഇവയിൽ പറയുന്നു.

ദേവാനാം പ്രിയന് പ്രജകളെല്ലാം തൻറ മക്കളാണെന്നും ക്ഷമിക്കാവുന്ന കാര്യങ്ങളെല്ലാം ക്ഷമിക്കപ്പെടുന്നതാണെന്നും തന്നെ അകാരണമായി ആരും ഭയക്കേണ്ടതില്ലെന്നും ചിലയിടത്ത് കാണാം(കലിംഗർക്കുള്ള നിർദ്ദേശങ്ങളിലും മറ്റും ഇങ്ങനെ പറയുന്നുണ്ട്). തൻറ പദ്ധതികളും നിർദ്ദേശങ്ങളും നടപ്പിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ ധർമ്മ മഹാമാത്രൻമാരെ നിയമിച്ചിരിക്കുന്നതായും ചില ശാസനങ്ങൾ സൂചിപ്പിക്കുന്നു.വിവിധ മതസ്തർ (സമ്പ്രദായക്കാർ ) മറ്റുള്ളവരുടെ ആശയങ്ങൾ കൂടി പഠിച്ച് ധന്യരാവാനുള്ള
ഒരു നിർദ്ദേശവും കാണാം.

ഈ ശാസനങ്ങളെല്ലാം സ്ഥാപിച്ചിരുന്നത് പൊതുവെ ജനങ്ങൾ തടിച്ചുകൂടുന്ന പ്രദേശങ്ങളിലും മറ്റ് തന്ത്രപ്രധാന സ്ഥാനങ്ങളിലുമായാണ്.തീർത്ഥാടന കേന്ദ്രങ്ങൾ,പുണ്യ സ്ഥലങ്ങൾ,
വാണിജ്യ കേന്ദ്രങ്ങൾ,വഴിയമ്പലങ്ങൾ തുടങ്ങിയവയൊക്കെ ഇതിനായി തിരഞ്ഞെടുത്തതായി കാണാം.

അശോക ശാസനങ്ങൾ കണ്ടെടുക്കപ്പെട്ട ചില പ്രധാന സ്ഥലങ്ങൾ ഇവയാണ്..

പ്രധാന ശിലാശാസനങ്ങൾ.
——————————————-

പ്രധാന ശിലാശാസനങ്ങൾ എന്നു പറയുന്നത് പതിനാല് എണ്ണമാണുള്ളത്.(ഇവ സ്ഥാപിക്കപ്പെട്ട ഓരോ ഇടത്തും ഈ പതിനാല് ശാസനങ്ങളും ഉണ്ടാവും). ഇവയിൽ ഏറ്റവും വലുത് പതിമൂന്നാം ശിലാശാസനമാണ്. മേജർ ശാസനങ്ങൾ അധികവും സാമ്രാജ്യത്തിൻറ അതിർത്തി പ്രദേശങ്ങളിലായാണ് കാണുന്നത്.
ഇവയിൽ ആദ്യത്തേത് എന്നു കരുതുന്ന ഒന്നാണ് പാകിസ്ഥാനിലെ പെഷവാറിലുള്ള ഷബാസ് ഗർഗിയിലുള്ളത്.പുരാതന കാലത്തെ പുരുഷപുരം എന്ന നഗരമാണ് ഇന്നത്തെ പെഷവാർ.ഗ്രീക്കുകാരുടെ കാലത്ത് ഇവിടം പൊലുഷ എന്നും അറിയപ്പെട്ടിരുന്നു. ഖരോഷ്ടി ലിപിയിലുള്ള പതിനാല് ശാസനങ്ങളും ഇവിടെ നിന്ന് ലഭിക്കുകയുണ്ടായി.രാജാ രഞ്ജിത് സിംഹിൻറ ഒരു ഉദ്യോഗസ്ഥനായിരുന്ന ജനറൽ കോർട്ട് ആണ് ഇത് ചരിത്രകാരൻമാരുടെ ശ്രദ്ധയിലെത്തിച്ചത്.

പ്രധാന ശാസനങ്ങളിൽ മറ്റൊന്ന് പാകിസ്ഥാനിലെ തന്നെ വടക്കു- പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഹസാരി ജില്ലയിലെ മാൻസേരി ഗ്രാമത്തിൽ നിന്ന് കണ്ടെടുക്കയുണ്ടായി.ഖരോഷ്ടി ലിപിയിലുള്ള പതിനാല് ശാസനങ്ങളും സമീപത്തുള്ള മൂന്ന് പാറകളിലായി ഇവിടെ കാണാം. പുഷ്കലാവതിയിൽ നിന്നും പാടലീപുത്രത്തിലേക്കുള്ള പുരാതന രാജ പാത ഈ വഴി കടന്നു പോയിരുന്നതാവാം ഈ സ്ഥലത്തിൻറ പ്രാധാന്യം എന്നു കരുതുന്നു.

ഉത്തരാഖണ്ഡിലെ ഡറാഡൂണിനടുത്തുള്ള കാൽസി പട്ടണത്തിന് സമീപത്തു നിന്ന് മറ്റൊരു പതിപ്പ് 1860 ൽ ജോൺ ഫാറസ്റ്റ് എന്നൊരു ചരിത്രാന്യേഷി കണ്ടെടുക്കുകയുണ്ടായി.ബ്രഹ്മി ലിപിയിലുള്ളതാണ് ഇവിടെ നിന്നും
ലഭിച്ച ശാസനങ്ങൾ.

കത്യാവാഡിലെ ജുനഗഢിനടുത്തുള്ള ഗിർനാർ മലയിലാണ് ( ഗുജറാത്ത്) അശോകൻറ പതിനാല് ശിലാശാസനങ്ങളും കാണപ്പെടുന്ന മറ്റൊരുസ്ഥലം.
മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന ഇവിടം ഊർജ്ജയത് എന്നറിയപ്പെട്ടിരുന്നു.അശോക ശാസനത്തിനു പുറമെ രുദ്രദാമൻറയും സ്കന്ദഗുപ്തൻറയും ലിഖിതങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

കലിംഗത്തിൻറ അതിർത്തി പ്രദേശത്ത്
രണ്ട് മേജർ എഡിക്ടുകൾ കാണപ്പെടുന്നു.ഇവയിലൊന്ന്
ഒറീസ്സയിലെ ഗജ്ജാം ജില്ലയിൽ ഋഷികുല്യാ നദിക്കരയിലുള്ള ജൗഗഡ എന്ന സ്ഥലത്തും മറ്റൊന്ന് ധൗളിയിലെ അശ്ത്ഥാമാ എന്ന ശിലയിലുമാണ്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള സോപാരയാണ് മറ്റൊരിടം.ഈ പ്രദേശം ഒരു പ്രാചീന തുറമുഖ നഗരമായിരുന്നു.എട്ടാം ശാസനം മാത്രമേ ഇവിടെ നിന്നു കണ്ടെടുത്തിട്ടുള്ളൂ.മറ്റുള്ളവ സമീപ സ്ഥലങ്ങളിൽ എവിടെയെങ്കിലും ഉണ്ടായിരിക്കുമെന്നു കരുതുന്നു.. ഉത്തര കർണ്ണാടകത്തിലെ ഗുൽബർഗയിലുള്ള സന്നത്തിയിൽ നിന്നും ഏഴ്, പതിനാല് ശാസനങ്ങളുടെ ഭാഗങ്ങൾ സമീപ കാലത്ത് ലഭിക്കുകയുണ്ടായി.

മേജർ ശാസനങ്ങളിൽ ഏറ്റവും തെക്കുനിന്ന് ലഭിച്ചതാണ് യേറ്റുഗുഡി ശിലാശാസനം.ആന്ധ്ര പ്രദേശിലെ കർണ്ണൂൽ ജില്ലയിലാണിത്.അനുഘോഷ് എന്നൊരു ഭൂഗർഭ ശാസ്ത്രജ്ഞനാണ് അശോകൻറ പതിനാല് ശാസനങ്ങളും ഒരു ലഘുശാസനവും ഇവിടെ നിന്നും കണ്ടെത്തിയത്.1928 ൽ ആർക്കിയോളജിക്കൽ സർവ്വെയുടെ വാർഷിക റിപ്പോർട്ടിൽ ദയാറാം സാഹ്നി ഇതു പ്രസിദ്ധം ചെയ്യുകയുണ്ടായി.

കാണ്ഡഹാറിൽ നിന്നു ലഭിച്ച ഗ്രീക്ക് ഭാഷയിലുള്ള ശാസനമാണ് ഏറ്റവും വടക്കു പടിഞ്ഞാറ് നിന്നും ഉള്ളത്.

സ്തംഭശാസനങ്ങൾ
———————————
സ്തംഭ ശാസനങ്ങൾ പൊതുവെ ബുദ്ധമത പുണ്യ കേന്ദ്രങ്ങളിലാണ് കാണപ്പെടുന്നത്. പ്രധാന സ്തംഭശാസനങ്ങൾ ഏഴ് എണ്ണമാണുള്ളത്.(ഓരോ സ്തംഭത്തിലും). ഇവയിൽ ആദ്യമായി തിരിച്ചറിയുന്നത് ഡൽഹി-തോപ്ര സ്തംഭമാണ്.ഡൽഹിയുടെ വടക്ക്-പടിഞ്ഞാറ് തോപ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഇത് ഡൽഹിയിലെത്തിച്ചത് 14 ആം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ ആയിരുന്നു. നാൽപ്പത്തി രണ്ട് ചക്രങ്ങളുള്ള ഒരു വണ്ടിയിൽ കയറ്റി സ്തംഭം യമുനാ നദിക്കരയിൽ എത്തിക്കുകയും അവിടെ നിന്ന് അനേകം വള്ളങ്ങൾ ചേർത്തു കെട്ടി അതിൽ കയറ്റി യമുനയിലൂടെ ഡൽഹിയിൽ എത്തിക്കുകയുമായിരുന്നുവത്രെ.അശോകൻറ സ്തംഭ ശാസനങ്ങൾ ഏഴും പൂർണ്ണമായി കാണപ്പെടുന്ന ഒരേ ഒരു സ്തംഭം ഇതാണ്.ഇതുതന്നെയാണ് പ്രിൻസെപ്പ് ആദ്യമായി വായിച്ചെടുക്കുന്നതും.

ഡൽഹി-മീററ്റ് സ്തംഭമാണ് മറ്റൊന്ന്. ഉത്തർ പ്രദേശിലെ മീററ്റിൽ സ്ഥിചെയ്തിരുന്ന ഇതും ഡൽഹിയിലെത്തിച്ചത് സ്തംഭങ്ങളിൽ കമ്പക്കാരനായിരുന്ന ഫിറോസ് ഷാ തന്നെയായിരുന്നു.ഇതിൻറ അവസാന ഭാഗം ബ്രിട്ടീഷ് മ്യൂസിയത്തിന് സംഭാവന ചെയ്യപ്പെടുകയുണ്ടായി.

അലഹബാദ്-കോസാം ശാസനം എന്നറിയപ്പെടുന്ന അശോക സ്തംഭം അലഹബാദിനടുത്തുള്ള കോസാം എന്ന സ്ഥലത്തായിരുന്നു ആദ്യം സ്ഥിതിചെയ്തിരുന്നത്.ഇവിടെ നിന്ന് ഒരു പുരാതന നഗരത്തിൻറ അവശിഷ്ടം ലഭിക്കുകയുണ്ടായി.പുരാണ ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന കൗശാംബി എന്ന നഗരമായിരുന്നുവത്രെ ഇത്. സമുദ്ര ഗുപ്തൻറ പ്രശസ്തി,രാജ്ഞിയുടെ ശാസനം എന്നിവയും ഇവിടെ കാണാം. സ്തംബം ഇവിടെ നിന്നും അലഹബാദിൽ(പ്രയാഗ) എത്തിച്ചത് ഫിറോസ് ഷായോ അക്ബറോ ആണ്.

സ്തംഭ ലിഖിതങ്ങൾ വായിച്ചെടുക്കാൻ ഫിറോസ്ഷായും പിന്നീട് അക്ബറും ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.ശ്രീകൃഷ്ണൻ പാണ്ഡവർക്കു നൽകിയ ഉപദേശങ്ങളാണ് ഈ ലിഖിതങ്ങൾ എന്നും മറ്റുമായിരുന്നു പണ്ടു കാലത്ത് ആളുകൾ വിശ്വസിച്ചിരുന്നത്.

ഉത്തര ബിഹാറിലെ ചമ്പാരൻ ജില്ലയിലാണ് ലൗറിയ അരാരജ്,ലൗറിയ -നന്ദൻഗർ എന്നീ സ്തംഭങ്ങൾ സ്ഥിതി ചെയ്യുന്നത്.ഇവിടം ബുദ്ധമത പുണ്യകേന്ദ്രങ്ങൾ കൂടിയാണ്.ബിഹാറിൽ തന്നെയാണ് രാംപൂർവ്വാ സ്തംഭവും ഉള്ളത്.

പ്രധാന സ്തംഭശാസനങ്ങൾ കൂടാതെ ചില പ്രത്യേക സ്തംഭലിഖിതങ്ങളും കാണപ്പെടുന്നു. നേപ്പാളിലുള്ള രുമ്മിൻ ദേയീ സ്തംഭം(ലുംബിനി-ബുദ്ധൻറ ജന്മസ്ഥലം),നേപ്പാളിൽ തന്നെയുള്ള നിഗാളി സാഗർ തടാകക്കരയിലെ സ്തംഭം,സാരനാഥ് സ്തംഭം,സാഞ്ചി സ്തംഭം എന്നിവയിലെല്ലാമുള്ള ശാസനങ്ങൾ ഇത്തരത്തിൽ ഉള്ളതാണ്.ഉത്തർ പ്രദേശിലെ വാരണാസിക്കടുത്താണ് തീർത്ഥാടന കേന്ദ്രം കൂടിയായ സാരനാഥ്.നിരവധി ബുദ്ധമത അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഇവിടെ വച്ചായിരുന്നു ശ്രീബുദ്ധൻറ ആദ്യ പ്രഭാഷണം നടന്നത്. ഭാരതത്തിൻറ ദേശീയ ചിഹ്നമായ സിംഹമുദ്ര സാരനാഥ് സ്തംഭത്തിൽ നിന്ന് എടുത്തതാണ്.

അശോക സ്തംഭം സ്ഥിതിചെയ്യുന്ന സാഞ്ചി മധ്യപ്രദേശിൻറ തലസ്ഥാനമായ ഭോപാലിനടുത്താണ്.ബുദ്ധൻറ ഭൗതികാവശിഷ്ടങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുള്ളതായി വിശ്വസിച്ചു പോരുന്നു.

കാണ്ഡഹാറിലും(അഫ്ഗാനിസ്ഥാൻ),റാണിഗഡിലും(പാകിസ്ഥാനിലെ ഖൈബർ പഷ്തൂണിസ്ഥാൻ) ആണ് മറ്റ് രണ്ട് സ്തംഭശാസനങ്ങൾ കാണപ്പെടുന്നത്.
ദക്ഷിണേന്ത്യയിൽ അശോക സ്തംഭം കാണപ്പെടുന്നത് ആന്ധ്രാ പ്രദേശിലെ അമരാവതിയിലാണ്.

ലഘു ശിലാശാസനങ്ങൾ
———————————-
പ്രധാന ശാസനങ്ങൾ കൂടാതെ
ധാരാളം ലഘു ശിലാശാസനങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.ഉപഭൂഖണ്ഡമാകെ വ്യാപിച്ചു കിടക്കുന്ന ഇവ മൗര്യ സാമ്രാജ്യത്തിൻറ വ്യാപ്തിയെ കുറിച്ചും അശോകൻ തൻറ ധർമ്മ സന്ദേശങ്ങൾ പ്രജകളിലാകെ എത്തിക്കുന്നതിൽ കാണിച്ച നിഷ്കർഷയും വെളിപ്പെടുത്തുന്നു.

കണ്ടെടുക്കപ്പെട്ട ചില പ്രധാന ലഘു ശിലാശാസനങ്ങൾ ഇവയാണ്. ബൈരാട് ശാസനം ( രാജസ്ഥാനിലെ ജയ്പൂരിനടുത്ത്), രൂപനാഥ്,പാൽഗുരഗിയ(മധ്യപ്രദേശ്),സോഹഗാര (ഗോരഖ്പൂർ,ഉത്തർ പ്രദേശ്),ബഹാപൂർ ശാസനം(ഡൽഹി),സഹസ്രം(ബിഹാർ),രജൗല-മന്ദാഗിരി(ആന്ധ്രാ പ്രദേശ്), ഗുജറ (ഝാൻസി, UP)എന്നിവ.

കർണ്ണാടകയുടെ വിവിധ
പ്രദേശങ്ങളിൽ നിന്ന് ഒട്ടേറെ ശാസനങ്ങൾ ലഭിക്കുകയുണ്ടായി.ഇവ മൈസൂർ ശാസനങ്ങൾ എന്നറിയപ്പെടുന്നു(പഴയ മൈസൂർ സംസ്ഥാനത്ത് ആകയാൽ). പാൽകിഗുണ്ട്,ഗവിമത്ത്,സുവർണ്ണഗിരി(കോപ്പാൾഡിസ്ട്രിക്ട്,കർണ്ണാടക),ബ്രഹ്മഗിരി,സിദ്ധാപൂർ,ജതിംഗ രാമേശ്വരം( ചിത്രദുർഗ്ഗ), മാസ്കി(റയ്ചൂർ ഡിസ്ട്രിക്ട്),നിട്ടൂർ,ഉദിഗോല(ബല്ലാരി) എന്നിവയാണവ.ഇവ അധികവും ചിന്ന ഹഗ്ഗരി നദിയുടെ ഇരുകരകളിലുമായാണ് കാണപ്പെടുന്നത്.
മൗര്യ കാലഘട്ടത്തുനു മുൻപു തന്നെ ദക്ഷിണേന്ത്യയിലെ ഒരു പ്രധാന സാംസ്കാരിക കേന്രമായിരുന്നു ബ്രഹ്മഗിരി പ്രദേശം എന്ന് പുരാവസ്തു ഗവേഷണങ്ങൾ തെളിയിക്കുന്നു.പിന്നീട് മൗര്യ സാമ്രാജ്യത്തിൻറ ദക്ഷിണ പ്രവിശ്യയുടെ തലസ്ഥാനമായി ഇവിടം മാറുകയുണ്ടായി.സ്വർണ്ണ ഖനികളുടെ സാന്നിധ്യമാവാം പൗരാണിക കാലത്ത് ഒരു വാണിജ്യ കേന്ദ്രമായി ഇവിടം മാറാൻ കാരണം. കേരളത്തിന് ഏറ്റവും അടുത്ത പ്രദേശത്ത് നിന്ന് ലഭിച്ച അശോക ശാസനങ്ങൾ ബ്രഹ്മഗിരി-സുവർണ്ണഗിരി ശാസനങ്ങളാണ്

ലഘു ശിലാശാസനങ്ങളൾ ലഭിച്ച മറ്റുചില പ്രദേശങ്ങളാണ് അഫ്ഗാനിലെ ലംബാക, ബംഗ്ളാദേശിലെ മഹാസ്ഥാൻ തുടങ്ങിയവ.

അശോക ശാസനങ്ങളിൽ കലിംഗർക്കായുള്ള രണ്ട് പ്രത്യേക ശാസനങ്ങൾ,ഗുഹാ ശാസനങ്ങൾ എന്നിവയുമുണ്ട്. കലിംഗരെ പ്രത്യേകം അഭിസംബോധന ചെയ്യുകയും അനുനയിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ് പ്രത്യേക ശാസനങ്ങൾ.ഗുഹാ ലിഖിതങ്ങളിൽ ആ പ്രദേശങ്ങൾ ആജീവകർക്ക് അനുവദിച്ചു കൊടുത്തതായി രേഖപ്പെടുത്തിയിരിക്കുന്നു.

രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള അശോക ചക്രവരർത്തിയുടെ ശാസനങ്ങളിൽ പലതും നഷ്ടമായിട്ടുണ്ടാകാം..അതേപോലെ ഇനിയും അജ്ഞാതമായി കിടക്കുന്നവയും ഉണ്ടാകുമെന്ന് കരുതുന്നു.ലഭ്യമായവ തന്നെ അശോകനെയും മൗര്യ സാമ്രാജ്യത്തെയും കുറിച്ചുള്ള ചരിത്ര പുനർനിർമ്മിതിക്ക് ഉതകുന്നവയായിരുന്നു.

Ref. Asokan inscriptions,State institute of languages and several websites.

LEAVE A REPLY

Please enter your comment!
Please enter your name here