വൈശാലി – കഥ – ആദി

0
1285

താഴെ വരണ്ടമണ്ണില്‍ ഭൂമി വിണ്ടുകീറിയ വിടവില്‍ അവശസ്ഥിതിയില്‍ കിടക്കുന്ന പശു വീണ്ടും ഒന്നമറി എഴുന്നേല്ക്കാന്‍ ഒരു ശ്രമം നടത്തുന്നു. സാധിക്കുന്നില്ല.

ഒടുവില്‍ വിധിക്കു കീഴടങ്ങിയപോലെ അതു തലചായ്ക്കുമ്പോള്‍ കണ്ണില്‍ ഭീതി നിറഞ്ഞു. മരക്കൊമ്പില്‍നിന്ന് കഴുകന്മാര്‍ പശുവിന്റെ സമീപത്തേക്ക് പറന്നിറങ്ങി.

പുതിയ ശവങ്ങള്‍ വീഴുന്നതു നോക്കി ഉയരെ ആകാശത്തില്‍ മറ്റൊരു സംഘം കഴുകന്മാര്‍ വട്ടമിട്ടു. വരണ്ട ഭൂമിയുടെ ഒരു ഭാഗത്ത് കിണര്‍ കുഴിക്കുകയാണ്

ഒരു കൊച്ചുകുന്നിന്റെ വലിപ്പത്തില്‍ കുഴിച്ചെടുത്ത കളിമണ്ണ് കൂട്ടിയിട്ടിരിക്കുന്നു. പ്രതീക്ഷയോടെ ചുറ്റും നില്ക്കുന്ന ജനങ്ങള്‍. വെള്ളംകാത്തിരിക്കുന്ന മണ്‍കുടങ്ങളുടെയും തോല്‍ക്കുടങ്ങളുടെയും നീണ്ട നിര

അംഗരാജ്യം മുഴുവനും, ചമ്പാപുരിയും വരള്‍ച്ചയുടെ കാഠിന്യം ഏറ്റുവാങ്ങി നടുങ്ങിനില്ക്കുകയാണ്.

മണല്‍പ്പരപ്പും ഉരുളന്‍ കല്ലുകളും മാത്രമായി നദി അവശേഷിക്കുന്നു.

ബ്രാഹ്മണശാപത്തിന്റെ ഫലമാണ് അംഗരാജ്യത്തിന്റെ വരള്‍ച്ചയ്ക്കു കാരണം എന്ന ജനസംസാരം ലോമപാദ മഹാരാജാവിന്റെ ചെവിയിലുമെത്തി.

കൊട്ടാരം വിട്ടുപോയ രാജപുരോഹിതനെ മഹാരാജാവ് കൊട്ടാരത്തിലേക്കു വരുത്തി. രാജാവിന്റെ ദുഃഖം അറിയാമായിരുന്ന രാജപുരോഹിതനെ ജപഹോമകര്‍മങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ മഹാരാജാവ് നിര്‍ബന്ധിച്ചു.

അംഗരാജ്യത്തെ വരള്‍ച്ചയ്ക്കു പരിഹാരം നോക്കിയ രാജപുരോഹിതന്‍ അഗ്‌നിനിമിത്തത്തിലൂടെ ആ കാഴ്ച കണ്ടു. അദ്ദേഹത്തെ സ്​പര്‍ശിച്ചുകൊണ്ട് അഗ്‌നിയിലേക്ക് നോക്കിയ മഹാരാജാവും കണ്ടു:

പച്ച പിടിച്ച കാട്, മാന്‍കൂട്ടങ്ങള്‍, ഓടുന്ന മാനുകളുടെ പിന്നാലെ മറ്റൊരു മാന്‍കിടാവുപോലെ ഓടിക്കളിക്കുന്ന യുവാവ്. ആയാസസുദൃഢമായ ശരീരം. ശ്മശ്രുക്കള്‍ വളരാന്‍ തുടങ്ങുന്നതേയുള്ളൂ. കാട്ടുവള്ളികൊണ്ട് മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിവെച്ച മുടി, പൂണൂല്‍. അരമറയ്ക്കുന്ന മരവുരി. ഓടിച്ചുപിടിച്ച മാനിനെ കെട്ടിപ്പിടിച്ചുമറിഞ്ഞ് നിലത്തുരുണ്ട് എഴുന്നേറ്റശേഷം കളി മതിയാക്കിയപോലെ അതിനു പുറത്ത് തട്ടി പോകാനനുവദിച്ച യുവാവ്. ജലാശയത്തിലിറങ്ങി മുങ്ങിക്കുളിച്ച യുവാവ് ജലാര്‍പ്പണം ചെയ്ത് സന്ധ്യാവന്ദനം നടത്തി. സന്ധ്യാവന്ദനത്തില്‍ കണ്ണടച്ച് ധ്യാനനിരതനായി നില്ക്കുന്ന ഋശ്യശൃംഗന്‍

ഇത് വിഭാണ്ഡക മഹര്‍ഷിയുടെ മകന്‍.

ഈ ഋശ്യശൃംഗനെ അംഗരാജ്യത്തു കൊണ്ടുവന്ന് ഹോമം നടത്തിച്ചാലേ അംഗരാജ്യത്ത് മഴയുണ്ടാകൂ – പ്രശ്‌നത്തില്‍ തെളിഞ്ഞ പരിഹാരം അതായിരുന്നു

കോപത്തില്‍ ദുര്‍വാസാവിനോട് കിടനില്ക്കും വിഭാണ്ഡകന്‍

മഹാനായ താപസശ്രേഷ്ഠന്‍.

പിതാവിനെ ഒഴികെ മറ്റൊരു മനുഷ്യനെയും കാണാതെയാണ് അദ്ദേഹം പുത്രനെ വളര്‍ത്തുന്നത്. ആശ്രമപരിസരത്ത് മനുഷ്യജീവികളെ വിഭാണ്ഡകന്‍ അടുപ്പിക്കില്ല.

വിഭാണ്ഡകനെക്കുറിച്ച് രാജപുരോഹിതന്‍ വിശദീകരിച്ചു.

ഋശ്യശൃംഗനെ അംഗരാജ്യത്ത് കൊണ്ടുവരാന്‍ എന്താണൊരു വഴി?

രാജാവും രാജപുരോഹിതനും ആലോചിച്ചു.

ഒടുവില്‍ രാജപുരോഹിതന്റെ സഹായത്തിന് സ്വപ്‌നമാര്‍ഗത്തില്‍ക്കൂടി ഗുരു എത്തി:

‘കരബലവും ആയുധബലവും തോല്‍ക്കുന്നേടത്ത് ജയിച്ചേക്കാവുന്ന ശക്തി ഒന്നേയുള്ളൂ…

സ്ത്രീ…’

രാജപുരോഹിതന്‍ രാജാവിനോടു പറഞ്ഞു:

‘അതിനൊരു വരവര്‍ണിനിയെ കണ്ടെത്തണം.’

അതിനുവേണ്ടി സഭാമണ്ഡപത്തില്‍ നടത്തിയ നൃത്തമത്സരത്തില്‍നിന്ന് ഒരു സുന്ദരിയെപ്പോലും തിരഞ്ഞെടുക്കാനായില്ല രാജാവിന്.

നൃത്തമത്സരത്തിന് കാഴ്ചക്കാരിയായെത്തിയ വൈശാലിയോട് മകന്‍ ചന്ദ്രാംഗദന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത് രാജപുരോഹിതന്‍ കേട്ടു.

വേശത്തരുണി പുത്രവധുവായി വരുമോയെന്ന് അദ്ദേഹം ഭയന്നു

രാജപുരോഹിതന്റെ വക്രബുദ്ധി ഉണര്‍ന്നു.

അദ്ദേഹം മഹാരാജാവിനോട് പറഞ്ഞു:

ദൗത്യം ഏറ്റെടുക്കാന്‍ പറ്റിയ ഒരുവളുണ്ടായിരുന്നു. അവള്‍ മത്സരത്തിന് വന്നില്ല.

ഓര്‍മയില്ലേ,

അങ്ങു മുന്‍പ് സ്ഥാനമാനങ്ങള്‍ നല്കി പ്രശംസിച്ച മാലിനിയെ… ആ മാലിനിയുടെ മകള്‍.’

മാലിനിയും മകളും കൊട്ടാരത്തിലേക്ക് വിളിക്കപ്പെട്ടു

. ‘കൗശികിയുടെ തീരത്തില്‍ ഒരാശ്രമമുണ്ട്. ഒരു മഹര്‍ഷിയും മകനും മാത്രമാണ് അവിടെ താമസം. മകന്റെ പേര് ഋശ്യശൃംഗന്‍. നവയുവാവായ ആ കുമാരനെ ആകര്‍ഷിച്ച് ഇവിടെ എത്തിക്കേണ്ട ചുമതല നിന്റെ മകള്‍ ഏറ്റെടുക്കട്ടെ.’

മഹാരാജാവിന്റെ ശാസനം കേട്ട് മാലിനി ഞെട്ടി.

‘വൃദ്ധരെക്കൂടി അസ്വസ്ഥരാക്കുവാന്‍ പോന്നതാണ് നിന്റെ മകളുടെ സൗന്ദര്യം. നാടും നഗരവും കാണാത്ത ഒരു പതിനേഴുകാരന്റെ കാര്യം പിന്നെ പറയണോ?’

ഇതിനു പിന്നില്‍ രാജഗുരുവാണെന്ന് മാലിനിക്കറിയാമായിരുന്നു.

‘ഒരു മഹര്‍ഷിയുടെ തപസ്സിളക്കാന്‍ ശ്രമിച്ച ദേവസുന്ദരിയുടെ കഥ എനിക്കറിയാം. പതിനായിരം വര്‍ഷം പാറയായി കിടക്കേണ്ടിവന്നത് നിസ്സാര സംഭവമായിരിക്കാം. ശാപംകൊണ്ട് ശിലയായാല്‍ത്തന്നെ ഒന്നുമില്ല. രാജദാസികള്‍ കൊട്ടാരത്തിലെ വിനോദത്തിനല്ലേ.. ഒരുത്തി പോയാല്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ നൂറുപേര്‍ വരും.’

മാലിനിയുടെ വാക്കുകള്‍ രാജഗുരുവിനെ ചൊടിപ്പിച്ചു.

വാദപ്രതിവാദങ്ങള്‍ വിലക്കിക്കൊണ്ട് രാജാവ് ദുഃഖപരവശനായി. ഒടുവില്‍ മാലിനി ആ ദൗത്യം ഏറ്റെടുത്തു. യാത്ര പറയാന്‍നേരം മാലിനി, മഹാരാജാവിനോടു പറഞ്ഞു

വൈശാലി അദ്ദേഹത്തിന്റെ മകളാണെന്ന്.

അതുകേട്ട് അദ്ദേഹം ഞെട്ടി.

മാലിനി പറഞ്ഞു

‘ആപത്തൊന്നും വരാതെ തിരിച്ചെത്തിയാല്‍ ഇതെന്റെ മകള്‍, അംഗരാജ്യത്തിനെ രക്ഷിച്ചതിവള്‍ എന്ന് പൊതുജനമധ്യത്തില്‍ അങ്ങ് പ്രഖ്യാപിക്കുമെന്ന് ഉറപ്പു തരണം…’

രാജാവു പറഞ്ഞത് മറ്റൊന്നായിരുന്നു.

‘ഋശ്യശൃംഗന്‍ അംഗരാജ്യത്തെ രക്ഷിക്കും. എന്റെ പരമ്പരയില്‍ ഋശ്യശൃംഗമഹര്‍ഷിക്ക് ഒരു പുത്രനുണ്ടാകുമെന്നുകൂടി ദേവജ്ഞര്‍ പറഞ്ഞു. ഒരുപക്ഷേ,…

അന്നുരാത്രി ആകാശത്തേക്ക് ഒരു നക്ഷത്രം കത്തിയുയര്‍ന്നു.

അതൊരടയാളമാണ്.

‘തോണി പുറപ്പെട്ടു കഴിഞ്ഞു.’

മങ്ങിയ വെളിച്ചത്തില്‍ തുഴകള്‍ വീഴുന്നു. മാലിനിയും സംഘവും കയറിയ തോണി നീങ്ങുകയാണ്.

തോണിയില്‍ വൈശാലിക്കും അമ്മയ്ക്കുമായി പ്രത്യേക സ്ഥലം.

നിരാശയോടെ വൈശാലി പറഞ്ഞു:

‘എന്നെ കുലത്തൊഴിലിന് ഇറക്കില്ലെന്ന് അമ്മ പലപ്പോഴും പറഞ്ഞിരുന്നത് വെറും വാക്കായിരുന്നു അല്ലേ?’

‘ഇപ്പോള്‍ വേണ്ടിവന്നു. പക്ഷേ,..’

പറയാന്‍ തോന്നിയത് മാലിനി ഒതുക്കി. ചിന്താമഗ്‌നയായ അമ്മയെ നോക്കി, വൈശാലി ചോദിച്ചു

. ‘മഹാരാജാവ് അമ്മയ്ക്ക് വലിയ സമ്മാനങ്ങളെന്തൊക്കെയാണ് വാഗ്ദാനം ചെയ്തത്?’

ചിന്തയോടെ മാലിനി പറഞ്ഞു:

‘പലതും, പലരും മോഹിക്കുന്ന പലതും. ഒന്നും വേണ്ടെന്നു പറഞ്ഞു.’

‘മഹാരാജാവിനോട് യാത്ര പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു…
അമ്മയും ഭയപ്പെടുന്നു, അതല്ലേ സത്യം?’

അസ്വസ്ഥത പുറത്തുകാട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മാലിനി പറഞ്ഞു:

‘ഉറങ്ങൂ… ശാന്തമായി ഉറങ്ങിക്കൊള്ളൂ…’

അവളുടെ ശിരോലങ്കാരങ്ങള്‍ മാറ്റി മകളെ ദേഹത്തോടു ചേര്‍ത്തുപിടിക്കുന്നു. വൈശാലി അമ്മയുടെ മടിയില്‍ തലചായ്ച്ചു.

ഋശ്യശൃംഗന്റെ ആശ്രമാതിര്‍ത്തി വിട്ട് മാലിനിയും സംഘവും തമ്പടിച്ചു. ആശ്രമവും പരിസരവും മനസ്സിലാക്കാന്‍ പോയ മാലിനിയും വൈശാലിയും വിഭാണ്ഡകന്റെ തപോശക്തി അറിഞ്ഞു.

പുറംകാടവസാനിച്ച് ആശ്രമവനം തുടങ്ങുന്നതിനിടയ്ക്ക് ഒരു കാട്ടരുവി.

അത് കടന്ന് മറുവശത്തെത്തുമ്പോള്‍ ഒരിരമ്പം അവരുടെ കാതുകളില്‍ വന്നെത്തി. മുന്നിലെ മല ജീവചൈതന്യമുള്ള ഒരു വസ്തുപോലെ. ക്രുദ്ധഭാവത്തില്‍ മലയില്‍നിന്ന് ഒരു പാറക്കല്ല് ഉരുണ്ടുരുണ്ട് അവര്‍ക്കുനേരെ വന്ന് അതിര്‍ത്തി രേഖപ്പെടുത്തുംപോലെ അരുവിയില്‍ നിശ്ചലമായി

മുനിയുടെ കാവല്‍ക്കാരന്‍ അവര്‍ക്കു കൊടുത്ത മുന്നറിയിപ്പാണ് അത്.

ഒരു ദുര്‍ഗംപോലെ മുനികുമാരനെ തപശ്ശക്തി സംരക്ഷിക്കുന്നുവെന്ന് മാലിനി അറിഞ്ഞു.

പിന്നീടുള്ള അവരുടെ നീക്കം ബുദ്ധിപരമായിരുന്നു.

അമ്മ മകള്‍ക്ക് വശീകരണവിധികള്‍ പറഞ്ഞുകൊടുത്തു

ഓടിക്കളിച്ച് ക്ഷീണിച്ച മാനും ഋശ്യശൃംഗനും കാട്ടുപൊയ്കയില്‍നിന്ന് വെള്ളം കുടിക്കുകയായിരുന്നു. മാനിനെപ്പോലെ കാല്‍മുട്ടുകളും കൈമുട്ടുകളും ഊന്നി വെള്ളത്തില്‍ മുഖംതാഴ്ത്തിയാണ് ഋശ്യശൃംഗനും കുടിക്കുന്നത്.

വെള്ളം കുടിച്ചുനിവര്‍ന്നപ്പോള്‍, വെള്ളത്തില്‍ തെളിഞ്ഞ വൈശാലിയുടെ അവ്യക്തമായ രൂപം കണ്ട് അവന്‍ അദ്ഭുതത്തോടെ നോക്കി.

വൈശാലി പ്രകൃതിദത്തമായ അതിര്‍ത്തി കടന്ന് ഋശ്യശൃംഗന്റെ സമീപത്തെത്തി.

അടുത്തുവന്ന വൈശാലി ഋശ്യശൃംഗന്റെ തോളില്‍ കൈവെച്ചപ്പോള്‍ ഋശ്യശൃംഗന്റെ ശരീരം വിറകൊണ്ടു.

സ്ത്രീയുടെ ഗന്ധം അനുഭവപ്പെട്ട അവന്റെ നാസാദ്വാരങ്ങള്‍ വിടര്‍ന്നു

അവന്റെ ചുമലില്‍ വെച്ച കൈകള്‍ വൈശാലി പതുക്കെ പിന്നിലേക്ക് താഴ്ത്തി, ഭയമുണ്ടെങ്കിലും അതു പുറത്തുകാട്ടാതെ മന്ദഹസിച്ച് അവനെ മൃദുവായി ആശ്ലേഷിച്ചു.

അവള്‍ അയാളുടെ കൈപിടിച്ച് നടത്തി.

തന്റെ കൈ ഗ്രഹിച്ച വെളുത്ത വിരലുകളെ ഋശ്യശൃംഗന്‍ ശ്രദ്ധിച്ചു. പൊന്തക്കാടുകള്‍ക്കിടയിലെ ഒഴിഞ്ഞ പുല്‍ത്തകിടിയില്‍ വെച്ച് വൈശാലി കഴുത്തിലെ പൂമാലയെടുത്ത് ഋശ്യശൃംഗനെ അണിയിച്ചു.

ആ മാല ഋശ്യശൃംഗന്‍ വാസനിച്ചു

മുത്തുമാലയുടെ ഇഴകള്‍ മറച്ച അവളുടെ മാറിടം അവന്‍ ശ്രദ്ധിച്ചു

മറഞ്ഞുനിന്ന് ഇവരെ ശ്രദ്ധിക്കുകയായിരുന്ന തോഴിമാരിലൊരാള്‍ ഒരു പന്തെറിഞ്ഞുകൊടുത്തു

വീണുയര്‍ന്ന പന്തുപിടിച്ചെഴുന്നേറ്റ വൈശാലി നൃത്തരൂപത്തില്‍നിന്ന് പന്തു തട്ടിയെടുത്ത് അടിച്ചുനോക്കി. അതു വീണ്ടും തട്ടിയെടുത്തുകളിച്ച് അവള്‍ അകലേക്ക് നീങ്ങി. ഒരു ഘട്ടത്തില്‍ പന്തിനുവേണ്ടി രണ്ടുപേരും പിടിവലി നടത്തി വീഴുന്നു. അവന്റെ ശരീരത്തില്‍ പറ്റിച്ചേര്‍ന്ന് ഏതാനും നിമിഷം കിടന്നശേഷമാണ് വൈശാലി ഋശ്യശൃംഗനെ സ്വതന്ത്രനാക്കിയത്.

എഴുന്നേറ്റ ഋശ്യശൃംഗന്റെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞു.

കണ്ണുകള്‍ തിളങ്ങി.

ശ്വാസത്തിന് വേഗം കൂടി.

അസ്വാസ്ഥ്യത്തോടെ അവന്‍ അവളില്‍നിന്ന് മുഖംതിരിച്ചു നോക്കുമ്പോള്‍ വൃക്ഷക്കൂട്ടങ്ങള്‍ക്കിടയില്‍ സൂര്യന്‍ അസ്തമിക്കാനടുത്തിരുന്നു

തന്റെ കര്‍ത്തവ്യങ്ങളെപ്പറ്റിയും അച്ഛന്റെ ശാസനയെപ്പറ്റിയും ഓര്‍മവന്നപ്പോള്‍ ഋശ്യശൃംഗന് പരിഭ്രമമായി.

അവന്റെ അസ്വസ്ഥഭാവവും നിശ്ശബ്ദമായ അപേക്ഷയും കണ്ട് വൈശാലി പറഞ്ഞു

‘തിരക്കുണ്ടെങ്കില്‍ നടന്നോളൂ. നാളെ വരുമോ?’

ഋശ്യശൃംഗന്‍ സമ്മതിച്ച് തലകുലുക്കുന്നു.

വൈശാലി അവന്റെ ചുണ്ടുകളില്‍ പെട്ടെന്ന് മൃദുവായി ഒന്നു ചുംബിച്ചു.

വൈശാലിയുടെ വശ്യസുന്ദരരൂപം ഋശ്യശൃംഗന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കി. അവളുടെ ശബ്ദം കുളിര്‍മഴയായി ഋശ്യശൃംഗനിലേക്ക് പെയ്തിറങ്ങി.

അയാളുടെ രാവുകള്‍ നിദ്രാവിഹീനങ്ങളായി. കണ്ണടച്ചാലും കണ്ണുതുറന്നാലും മുന്നില്‍ വൈശാലിയുടെ രൂപം തെളിഞ്ഞുവരുന്നു.

ഋഷികര്‍മങ്ങള്‍ മുടങ്ങിത്തുടങ്ങി.

പൂജാവിധികള്‍ മറന്നുതുടങ്ങി.

ഏകാഗ്രത നഷ്ടമായിത്തുടങ്ങി…

മന്ത്രോച്ചാരണങ്ങള്‍ പിഴച്ചു…

ഋശ്യശൃംഗന്റെ മനസ്സില്‍ വൈശാലിയുമൊത്ത് കഴിഞ്ഞ നിമിഷങ്ങള്‍ മാത്രം.

പിതാവ് ഉരുവിടുന്ന മന്ത്രങ്ങള്‍ ആവര്‍ത്തിക്കാന്‍പോലുമാകാതെ ഋശ്യശൃംഗന്‍ കുഴങ്ങി.

ഒടുവില്‍ കഠിനമായ ശ്രമംകൊണ്ട് മനസ്സിനെ ധ്യാനനിരതമാക്കാന്‍ ശ്രമിച്ചു, ഋശ്യശൃംഗന്‍. തപോശക്തിക്കോ മനോബലത്തിനോ ഋശ്യശൃംഗനെ രക്ഷിക്കാനായില്ല

വൈശാലിയുടെ വശീകരണത്തില്‍ ഋശ്യശൃംഗന്‍ മയങ്ങിവീണു.

ഋശ്യശൃംഗന്‍ അംഗരാജ്യത്തെത്തി.

ലോമപാദ മഹാരാജാവ് പത്‌നിയോടും വളര്‍ത്തുമകള്‍ ശാന്തയോടും രാജപുരോഹിതനോടുമൊപ്പം അദ്ദേഹത്തിന് സ്വാഗതമേകി.

ജനലക്ഷങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടി. ഋശ്യശൃംഗനെ യാഗശാലയിലേക്ക് രാജപുരോഹിതന്‍ ആനയിച്ചു.

ഹോമം തുടങ്ങി.

ഹോമപ്പുക അന്തരീക്ഷത്തിലൂടെ ഉയര്‍ന്ന് ആകാശത്തിലേക്ക് പോയി. കാര്‍മേഘം വാനില്‍ നിറഞ്ഞു.

മകളെ പത്‌നിയായി സ്വീകരിക്കണമെന്ന് മുനികുമാരനോട് ലോമപാദന്‍ അഭ്യര്‍ഥിച്ചു.

ആ നിമിഷവും കാത്തിരിക്കുകയായിരുന്നു മാലിനിയും വൈശാലിയും. മാലിനി മകളെ മണ്ഡപത്തിലേക്ക് നയിച്ചു.

പക്ഷേ, അവിടെയും രാജപുരോഹിതന്‍, മാലിനിയെ പിന്നിലാക്കി.

ഈ സമയം മഹാരാജാവിന്റെ വളര്‍ത്തുമകള്‍ ശാന്തയുടെയും ഋശ്യശൃംഗന്റെയും പാണിഗ്രഹണം നടന്നുകഴിഞ്ഞിരുന്നു.

ഹോമപ്പുകകൊണ്ട് രൂപംകൊണ്ട കാര്‍മേഘം മഴയായി നിലത്തു പതിക്കും മുന്‍പേ വൈശാലിയുടെ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ നിലത്തുവീണു

തുടര്‍ന്ന് മഴത്തുള്ളികള്‍. ആളുകള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ആരവമുയര്‍ന്നു. ആര്‍പ്പുവിളിയുയര്‍ന്നു. പാട്ടും നൃത്തവും ബഹളവുമായി ഭൂമിയെ കുളിര്‍പ്പിച്ചു. പക്ഷേ, മാലിനി അപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു, ആള്‍ക്കൂട്ടത്തിലേക്ക്. വൈശാലിയപ്പോള്‍ ഒറ്റപ്പെടുകയായിരുന്നു. ……..

LEAVE A REPLY

Please enter your comment!
Please enter your name here