നക്ഷത്ര കണ്ണുള്ള രാജകുമാരൻ – കഥ – ശ്രീധർ ആർ എൻ

0
618

‘ കാൾ ഫെഡറിക്ക് ഗോസ് ‘ ……

ആ പേര് ലെന യുടെ മനസ്സിൽ തിരയിളക്കം സൃഷ്ടിച്ചു. സ്കൂളിലെആർട്സ് ഫെസ്റ്റിന് മുഖ്യാതിഥിയായി എത്തുന്നത് അദ്ദേഹമാണ് ..

“ഇതെന്താ ഇങ്ങനെ ഒരു പേര് ” സംഗീതാദ്ധ്യാപിക ശ്യാമള ടീച്ചറുടെ സംശയം… പുതിയ മാത്സ് അദ്ധ്യാപകനായ ധനേഷ് മാഷ് കിട്ടിയ അവസരം മുതലെടുത്ത് സ്റ്റാഫ് റൂമിന്റെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി… തുടർന്ന് ഒരു ചെറിയ പ്രസംഗമായിരുന്നു.
” കാൾ ഫെഡറിക് ഗോസ്…മാത്തമാറ്റിക്സി ലെ രാജകുമാരൻ … പതിനേഴ് വശങ്ങളുള്ള പോളിഗൺ , സ്കെയിലുംകോമ്പസ്സും ഉപയോഗിച്ച് വരച്ച ബുദ്ധിരാക്ഷസൻ.. അല്ലെ ലെന …..?”

ലെന പക്ഷെ ഒന്നും കേട്ടിരുന്നില്ല. അവളുടെ മനസ്സ് അകെ പ്രക്ഷുബ്ദ്ധമായിരുന്നു.
” ഞാൻ പറഞ്ഞത് 18th സെഞ്ചറിയിൽ ജർമ്മനിയിൽ ജീവിച്ച ഗണിത ശാസ്ത്രജ്ഞനെ കുറിച്ചാണ് .ഇത് അയാളല്ല..ഇത് സാഹിത്യകാരൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി… ” ധനേഷ് നിർവ്വികാരനായി ലെനയെ നോക്കി … തന്നെക്കാൾ ഒരാഴ്ച മുന്നെ വന്നതാ ലെന ..പക്ഷെ തന്നെ ഒരു മൈൻഡുമില്ല… തന്റെ അതേ സബ്ജക്റ്റ്. പക്ഷെ BSc റാങ്ക് ഹോൾഡറാണ് .. ശങ്കരേട്ടന്റെ മണിമുഴക്കം സ്റ്റാഫ് റൂമിനെ പെട്ടന്ന് ശൂന്യമാക്കി .. ലെനയ്ക്ക് ഈ പിരിയഡ് ക്ലാസില്ല.. അത് നന്നായി എന്നു കരുതി പതിയെ മേശമേൽ തല ചായ്ച്ചു ..

ഫ്രെഡി ഈ സ്കൂളിലാണ് പഠിച്ചതെന്നത് ലെനയ്ക്ക് പുതിയൊരറിവായിരുന്നു. അവളുടെ മനസ്സിലേക്ക് ഓർമ്മകൾ ഇരച്ചു കയറാൻ തുടങ്ങി…..
അപ്പന്റെയും അമ്മയുടേയും എല്ലാ സ്വപ്നങ്ങളേയും തകർത്ത് തനിക്ക് Bsc Maths തന്നെ പഠിക്കണമെന്ന് വാശി പിടിച്ച ഒരു പെൺകുട്ടി ,പ്ലസ് ടുവിന് 99% മാർക്ക് വാങ്ങിയവൾ ,മെഡിസിന് കിട്ടിയ അഡ്മിഷൻ വേണ്ടെന്ന് വെച്ച് കണക്കിനെ ഇഷ്ടപെട്ട സുന്ദരി.. അതായിരുന്നു ലെന…

ഏക മകളെ ഡോക്ടറാക്കാൻ മോഹിച്ച മാതാപിതാക്കൾ അവളുടെ വാശിക്കു മുന്നിൽ മുട്ടുമടക്കി.നഗരത്തിലെ പ്രസിദ്ധമായ കോളേജിൽ തന്നെ അവൾ ചേർന്നു.പഠനത്തിൽ അവൾ തന്റെ മികവ് തുടർന്നു. മറ്റു ചിന്തകളൊന്നും അവളെ അലട്ടിയില്ല. പ്രണയാതുരങ്ങളായ മിഴികളെ അവൾ അവഗണിച്ചു… ക്ലാസിൽ കൂട്ടുകാരികൾ കുറവ് പക്ഷെ റിമ അവൾക്ക് പ്രിയപ്പെട്ടവളായിരുന്നു.. അവൾ ലെനയെപ്പോലെയല്ല. സാഹിത്യത്തിൽ കമ്പമുള്ളവളായിരുന്നു. അതു കൊണ്ട് തന്നെ ആദ്യ വർഷത്തെ കോളജ് ഫെസ്റ്റിന് ലെനയ്ക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല. റിമയുടെ കവിതാലാപനം ഉണ്ട്..

മടുപ്പോടെയെങ്കിലും അവൾ ഓഡിറ്റോറിയത്തിന്റെ ഒരു മൂലയിൽ സ്ഥലം പിടിച്ചു … ആകെ ബഹളം അടുത്ത പരിപാടി അവതരിപ്പിക്കാൻ പോകന്നവർ ,അവതരിപ്പിച്ചു കഴിഞ്ഞവർ, ഒന്നിനും പങ്കെടുക്കാതെ ചുറ്റിക്കറങ്ങന്നവർ, പ്രണയജോഡികൾ, വായ് നോട്ടക്കാർ, പ്രശ്നങ്ങളുണ്ടാക്കാൻ നടക്കുന്നവർ, ലെനയ്ക്ക് ആകെ വീർപ്പുമുട്ടാൻ തുടങ്ങി… “ഇന്നലെ നടന്ന കവിതാ രചനയുടെ ഫലം പ്രഖ്യാപിക്കുന്നു … ഫസ്റ്റ് പ്രൈസ് ഗോസ് ടു…. കാൾ ഫെഡറിക് ഗോസ്” ….. പിന്നീട് പറഞ്ഞ പേരുകളൊന്നും ലെന കേട്ടില്ല… അവളുടെ ചെവിയിൽ ആ പേരിന്റെ മുഴക്കം നിലച്ചിട്ടല്ല .. കണക്കിനേയും കണക്കിലെ ആ രാജകുമാരനേയും അവൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു. ആ പേരിലൊരു സാഹിത്യകാരൻ ..! അവൾക്ക് അവിശ്വസനീയമായിരുന്നു.

“നിന്നെ ഞാൻ എവിടെല്ലാം നോക്കി .. അവിടെ ഫ്രെഡിയുടെ പ്രസംഗം, ഹൊ എന്റെ മോളേ… ഒന്നു കേൾക്കണം .. ഞാൻ അതിൽ ലയിച്ചു പോയി ,പെട്ടന്നാ നിന്നെ ഓർത്തെ” റിമയുടെ ശബ്ദം അവളെ പെട്ടന്നുണർത്തി …

“അതാരാ ഫ്രെഡി… അത്ര വലിയ സംഭവമാണോ” ലെനയുടെ മുഖത്തെ പുച്ഛഭാവം റിമയ്ക്ക് അത്ര രസിച്ചില്ല.

“ഫ്രെഡിയെ അറിയാത്ത പെൺകുട്ടി നീ മാത്രമേ ഈ കോളജിൽ ഉണ്ടാവൂ… അതെങ്ങിനയാ.. കണക്ക് മാത്രമല്ലേ തലയ്ക്കകത്തുള്ളൂ.. എടീ പൊട്ടി ഫെഡിയെന്നാൽ കാൾ ഫെഡറിക് ഗോസ്.. സാഹിത്യകാരൻ ,പ്രഭാഷകൻ ,വാഗ്മി മലയാളം സെക്കണ്ട് ഇയറിലാ… ”

ലെനയുടെ മുഖം പതിയെ വിടർന്നു … ‘രാജകുമാരൻ ‘ … ” എടീ എനിക്കൊന്ന് പരിചയപ്പെടുത്തി തര്യോ ഈ കക്ഷിയെ ”

“പിന്നെ…പുള്ളിക്കാരൻ എന്റെ ഫ്രണ്ടാ.. ഫ്രെഡിയുടെ കവിതയാ ഞാൻ ചൊല്ലാൻ പോണേ … ഈവനിങ്ങ് ആണ് മോളേ മത്സരം ,, നി നിക്കണേ…… കേട്ടിട്ടേ പോകാവൂ.. നാളെ നീ വരൂലല്ലോ…?”

ഏറ്റവും ഒടുവിലായിരുന്നു റിമയുടെ മത്സരം.. ബാക്കിയുള്ളവരെ പിറ്റേന്നേക്ക് മാറ്റി.. ‘നഷ്ടസ്വർഗ്ഗം – എന്ന കവിതയായിരുന്നു അവൾ ചൊല്ലിയത് … കേൾക്കാൻ ഒരു ഫീലൊക്കെയുണ്ടായിരുന്നു..
…. ….. …….
ഫെസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസം അവധിയായിരുന്നു .അന്നൊരു തിങ്കളാഴ്ച…. ലെന റിമയേയും കാത്ത് മെയിൻ ഗേറ്റിനടുത്ത് നിന്നു.അവൾ ഓടി വരുന്നത് കാണാമായിരുന്നു…. ” എടീ നീയറിഞ്ഞോ ഇന്ന് സ്ട്രൈക്കാണത്രെ … നമുക്ക് സിനിമയ്ക്ക് പോയാലോ ….? ജാൻസിയും ദിവ്യയും റെഡി, നീ വരുന്നോ…?”

“ഞാനെങ്ങും വരുന്നില്ല എനിക്ക് കുറച്ച് റഫറൻസ് എടുക്കണം … എന്തായി നിന്റെ കവിത ”

“ഓ… അതിനും ഫസ്റ്റ് ഫ്രെഡിക്ക് തന്നെ .സൂപ്പറായിരുന്നു ”

ഫ്രെഡി എന്ന രാജകുമാരൻ തന്റെ സാമ്രാജ്യം വർദ്ധിപ്പിക്കുന്ന പോലെ തോന്നി ലെനയ്ക്ക് ..

ലെന ലൈബ്രറിയിലേക്കും റിമ സിനിമയ്ക്കു പോയി.. ….

ലെനയ്ക്കെന്തോ
‘ഗുവേ വാൾഡോയുടെ ടൈറ്റൻ ഓഫ് സയൻസ് ‘ വായിക്കാൻ തോന്നി..

ബുക്കുമായി അവൾ ഇരിക്കാനൊരിടം തേടി … എല്ലാ സീറ്റിലും ആളുണ്ട് പലരും ഗ്രൂപ്പ് അണ്… അറ്റത്ത് ഒരാൾ തനിച്ചിരിക്കുന്നു. അതിനടുത്തായ് ലെന ഇരുന്നു. ബുക്കിൽ രാജകുമരനെ തിരയുന്ന അവളുടെ തോളിൽ പതിയെ ഒരു കര സ്പർശം… പെട്ടന്നവൾ തിരിഞ്ഞു … നീല നക്ഷത്ര കണ്ണുകൾ അവൾ കണ്ടു

”ഞാൻ ഫ്രെഡി…. അഥവാ … കാൾ ഫെഡറിക് ഗോസ്”

ലെനയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇതയാൾ തന്നെ … സ്വപ്നങ്ങളിൽ സ്ഥിരമായി വരാറുള്ള തന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരൻ …. അവൾ ആ കണ്ണിലേക്ക് തന്നെ നോക്കി നിന്നു

“എന്താ ടീച്ചർ സുഖമില്ലേ….?” .ശങ്കരേട്ടന്റെ ചോദ്യം അവളെയുണർത്തി … സ്ക്കൂളിലെ പ്യൂൺ ആണ് ശങ്കരേട്ടൻ .. ഒരു പാട് വർഷത്തെ സർവീസുണ്ട്.ഏക മകൾ കല്യാണത്തലേന്ന് ഒരുത്തന്റെ കൂടെ പോയതിനു ശേഷം ആകെ ഒരു മൗനത്തിലാണ്. വല്ലപ്പോഴുമേ സംസാരിക്കൂ.
ഉത്തരത്തിന് കാക്കാതെ ചേട്ടൻ പോയി…
പ്രണയം അതൊരു കുറ്റമാണോ …. സാഹചര്യങ്ങൾ ആണ് പ്രണയത്തെ നിർവചിക്കുന്നതെന്ന് ലെനയ്ക്ക് തോന്നി
താനും ഫ്രെഡിയും അതിന്റെ മധുരം നുകർന്നത് അവളോർത്തു

പ്രഥമ ദർശനത്തിൽ തന്നെ തന്റെ ഹൃദയം ആ രാജകുമാരൻ സ്വന്തമാക്കിയിരുന്നു…
പിന്നീട് കണക്കിലെ കവിത പോലെ അത് വളർന്നു … ഇണങ്ങിയും പിണങ്ങിയും അത് കാമ്പസിൽ നിറഞ്ഞു. പിരിയാനാവാത്ത വിധം തമ്മിലടുത്തു. ഒരു വർഷം കഴിഞ്ഞതറിഞ്ഞില്ല… സ്റ്റഡീലീവും പരീക്ഷയും ആയതിനാൽ ഫ്രെഡി ലെന യോട് അൽപ്പം അകലം കാട്ടി… അവൾ ശരിക്കും പഠിച്ച് പരീക്ഷയെഴുതി…

അവിധി കഴിഞ്ഞ് കോളജ് വീണ്ടും തുറന്നു
ലെന നേരത്തെ എത്തി… അവളുടെ കണ്ണുകൾ കാമ്പസ് മുഴുവൻ തിരഞ്ഞു
പക്ഷെ തന്റെ രാജകുമാരനെ എവിടേയും കണ്ടില്ല.ഇന്റർവെല്ലിന് അവൾ റിമയേയും കൂട്ടി മൂന്നാം വർഷ മലയാളം ക്ലാസിലെത്തി
അരുൺ ആണ് അവളോട് കാര്യങ്ങൾ പറഞ്ഞത്… ഫ്രെഡിക്ക് സുഖമില്ല… എക്സാം മുഴുവനും എഴുതിയില്ലത്രെ…
അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മനസ്സോടെ അവൾ നടന്നു.

പിറ്റേന്ന് അവൾ കോളേജിൽ പോകുന്നതിന് പകരം ഫ്രെഡിയുടെ വീട് അന്വേഷിച്ച് പോയി.. ഒടുവിൽ അവൾ കണ്ടെത്തി ..വയലിന്റെ കരയിലുള്ള ഒരു സുന്ദരഭവനം വെറുതല്ല ഫ്രെഡി കവിയായത്.. ശാന്തമായ അന്തരീക്ഷം.അവൾ കോളിങ്ങ് ബെല്ലിൽ വിരലമർത്തി…

വാതിൽ തുറന്ന ആളെ കണ്ടതും ലെന ആശ്ചര്യപ്പെട്ടു.ജേക്കബ് മാഷ് .. തന്റെ പ്രിയപ്പെട്ട മാതസ് ടീച്ചർ.,,, ഹൈസ്കൂളിൽ മൂന്നു വർഷം പഠിപ്പിച്ച സാർ….. സാറാണ് ശരിക്കും തന്നെ കണക്കിൽ അടിമയാക്കിയത് …
“സാർ ഇവിടെ ….?., ഫ്രെഡി…..?”

”അത് ശരി ഞാൻ എന്റെ വീട്ടിലല്ലേ ഉണ്ടാവുക ” സാർ അവളെ സൂക്ഷിച്ചു നോക്കി …. “താൻ ലെനയല്ലേ…. ഫ്രെഡി എന്റെ മകനാണ് ”

“ഓഹോ അപ്പോൾ താനണല്ലേ ആ രാജകുമാരി… ”

“അവൻ അകത്ത് ഉണ്ട്… മോൾ പോയി കണ്ടോളൂ”

അകത്ത് ഒരു മുറിയിൽ നിന്നും പാട്ട് കേൾക്കുന്നു… അവൾ മുറിയിലേക്ക് കയറി
കട്ടിലിൽ കണ്ണടച്ച് കിടക്കുന്നത് തന്റെ ഫ്രെഡിയാണ് എന്നവൾക്ക് തോന്നിയില്ല. ക്ഷീണിച്ച ശരീരം… അവൾ ഒന്നു ചുമച്ചു

ഫ്രെഡി കണ്ണ് തുറന്നു… മുന്നിൽ തന്റെ രാജകുമാരി…. ആ കണ്ണുകൾ ഈറനണിഞ്ഞു …. രണ്ടു പേർക്കും ഒന്നും പറയാൻ കഴിയുന്നില്ല…

“എടാ ഇവളെന്റെ ശിഷ്യയാ… നിങ്ങൾ എന്താ ഒന്നും മിണ്ടാത്തെ” അവരുടെ മൗനം ഭഞ്ജിച്ചു കൊണ്ട് ജേക്കബ് മാഷ് പറഞ്ഞു
“ഞാനൊന്നും അറിഞ്ഞില്ല…” ലെന കരയാൻ തുടങ്ങി

“അത്രയ്ക്കൊന്നുമില്ല. അവനൊരു തളർച്ച ഒരു ഭാഗത്തിന് സ്വൽപം ശേഷിക്കുറവ്..
ആ മോളേ ഇവിടെ ചായ തരാനൊന്നും വേറെ ആരുമില്ല… എനിക്ക് അത്യാവശ്യമായി ഒന്നു പുറത്ത് പോണം. മോളിരിക്ക് … ഞാൻ പെട്ടന്ന് വരാം “… മാഷ് ധൃതിയിൽ ഇറങ്ങിപ്പോയി
അപ്പോഴാണ് മുറിയിൽ മാല ചാർത്തിയ ഫോട്ടോ ലെന കണ്ടത് … നക്ഷത്ര കണ്ണുള്ള ഒരു സ്ത്രീ
“എന്റെ അമ്മച്ചിയാ…. കുഞ്ഞിലെ എന്നെ തനിച്ചാക്കി പോയി പിന്നെ എല്ലാം അപ്പനായിരുന്നു.കണക്കിനോടുള്ള ഇഷ്ടം കൊണ്ടാ എനിക്ക് പേരിട്ടത്… എന്നെ മാത്തമാറ്റിക്സലെ ഒരു ജീനിയസ് ആക്കാൻ ആഗ്രഹിച്ച് ഇട്ട പേരാ… പക്ഷെ …?”
ശരിക്കും എന്താ നിനക്ക് പറ്റിയേ… “അവനോട് ചേർന്നിരുന്ന് നെറ്റിയിൽ തലോടി അവൾ ചോദിച്ചു. ”

” അന്ന് എക്സാം കഴിഞ്ഞ് വന്നപ്പോൾ മുതൽ ഒരു തളർച്ച ..വലത് ഭാഗം എന്റെ നിയന്ത്രണത്തിൽ വരുന്നില്ല… രാത്രി ഹോസ്പിറ്റലിൽ പോയി…. പിന്നെ കുറേക്കാലം അവിടെ …. ഇപ്പോൾ കാല് അത്യാവശ്യം അനക്കാം… എന്നെ സമാധാനിപ്പിക്കാനാ അപ്പൻ അങ്ങിനെ പറഞ്ഞത്….. പാവം കുറേ ഓടി നടന്നു … ഇപ്പോഴും ഒരു ചിട്ടി യുടെ കാശ് വാങ്ങാനാ ഓടിയത് .. പിന്നെ …കോളജിൽ എന്തുണ്ട് വിശേഷം …?”

ലെന കുറേ നേരം കൂടി അവിടെ ചിലവഴിച്ചു… പിന്നീട് അവൾ നേരം കിട്ടുമ്പോഴൊക്കെ അവനരികിൽ ഓടിയെത്തി….
അവളുടെ സാമീപ്യം ഫ്രെഡിയുടെ ആരോഗ്യനില വളരെ മെച്ചപ്പെട്ടു .. ആ വർഷം ഫ്രെഡി കോളേജിൽ പോയില്ല. ഇപ്പോൾ അത്യാവശ്യം ഒരാൾ സഹായിച്ചാൽ നടക്കാമെന്ന അവസ്ഥയായി …

ലെന ഇപ്പോൾ ഫൈനലിയറായി …
“മോളേ ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ” ജേക്കബ് സാർ അവളുടെ തോളത്ത് തട്ടി ചോദിച്ചു. ലെന സാറ് എന്താണ് പറയാൻ പോകുന്നത് എന്ന് ആകാംഷയോടെ ശ്രദ്ധിച്ചു

“മോളിപ്പോൾ ഫൈനിലിയറാണ്. പഠനത്തിൽ നല്ലവണ്ണം ശ്രദ്ധിക്കേണ്ട സമയം. മകൻ വലിയ ഒരു മാത്തമറ്റീഷ്യനാകണം എന്ന ആഗ്രഹം നടന്നു കാണാൻ എനിക്ക് കഴിഞ്ഞില്ല. മോളിലൂടെ എനിക്കത് സാധിച്ചു തരണം… മോൾക്കതിനു കഴിയും … അത് കൊണ്ട് മോളിനി ഇവിടെ വരരുത് ”

“എന്നെ ഒഴിവാക്കുകയാണല്ലേ … ഫ്രെഡിയെ കാണാതെ എനിക്ക് പറ്റില്ല പ്ലീസ്…” അവൾക്ക് കരച്ചിൽ വന്നിരുന്നു

“ശരിയാണ് ലെന നീ പഠനത്തിൽ ശ്രദ്ധിക്കണം… നിനക്ക് വലിയ ഒരു ഭാവിയുണ്ട് ” ഫ്രെഡി അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു …

“മോൾ എനിക്ക് വാക്ക് തരണം ഒന്നാം റാങ്ക് കിട്ടി എന്ന വാർത്തയുമായേ ഇനി വരാവു ”

സാറിന്റെ നിർബന്ധത്തിന് അവൾക്ക് വഴങ്ങേണ്ടി വന്നു…

ശങ്കരേട്ടന്റെ മണിമുഴക്കം ലെനയെ ചിന്തകളിൽ നിന്നുണർത്തി…
ഉച്ചഭക്ഷണത്തിന്റെ സമയം… സ്റ്റാഫ് റൂം ആകെ ബഹളമയം …. എല്ലാവരും കൊണ്ടുവന്ന ഭക്ഷണം കഴിച്ചു തുടങ്ങി… ലെനയ്ക്ക് പക്ഷെ തീരെ വിശപ്പില്ലായിരുന്നു.
അവൾ ഭക്ഷണത്തിൽ വെറുതേ വിരലോടിച്ചു കൊണ്ടിരുന്നു

“ഈ പറയുന്ന കക്ഷി കുറേക്കാലം അസുഖം ബാധിച്ച് കിടപ്പായിരുന്നത്രെ ”
ഫാത്തിമ ടീച്ചറുടെ കമന്റ് ഫ്രെഡിയെ കുറിച്ചാണെന്ന് ലെനയ്ക്ക് തോന്നി.. “കല്യാണം കഴിച്ചിട്ടില്ല … കാണാൻ നല്ല സുന്ദരൻ… ” ശ്യാമള ടീച്ചർ അൽപ്പം നാണത്തോടെ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു….

ഭക്ഷണം കഴിഞ്ഞ് ടീച്ചർമാർ പല വഴിക്ക് പോയി… ലെന ഭക്ഷണം അപ്പാടെ വെയ്സ്റ്റ് ബോക്സിൽ തട്ടിക്കളഞ്ഞു കൈ കഴുകി ലൈബ്രറി ലക്ഷ്യമാക്കി നടന്നു … അന്നത്തെ പത്രം മറിച്ചു നോക്കി… എല്ലാ പത്രങ്ങളിലും തന്റെ രാജകുമാരൻ നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി ലെനയ്ക്ക്

ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ അവൾ ഫ്രെഡിയെ കാണാൻ ഇറങ്ങി.,,,

“നീ എങ്ങോട്ടാ രാവിലെ തന്നെ “…. അപ്പന്റെ രൂക്ഷമായ ചോദ്യത്തിൽ അവൾക്ക് പിശക് തോന്നി
“എനിക്കറിയാം എങ്ങോട്ടാണെന്ന് … എല്ലാം ഞാനറിഞ്ഞിരുന്നു… പക്ഷെ കുറച്ച് നാളായി നീ മറന്നുഎന്നാണ് ഞാൻ കരുതിയത്…
നിന്റെ എല്ലാ പേക്കൂത്തിനും ഞങ്ങൾ കൂട്ടുനിൽക്കില്ല.. നിന്റെ മിന്ന് കെട്ട് നടത്താൻ പോവുകയാ… നിന്നെ കാണാൻ ഇന്ന് പാലമറ്റത്തെ ഡെന്നി വരുന്നുണ്ട്..
അവൻ അമേരിക്കയിൽ ഡോക്ടറാണ്… നീ ഡോക്ടറായി കാണാൻ ഞങ്ങൾക്ക് വലിയ ആഗ്രഹമായിരുന്നു.നീയോ ആയില്ല
ഇതിന് നീ തടസ്സം നിന്നാൽ പിന്നെ ഞങ്ങളെ നീ കാണില്ല … ”

ലെനയുടെ നാവിറങ്ങിയ പോലെ തോന്നി അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല….
“നീ ഇപ്പോൾ കർത്താവിനെ പിടിച്ച് സത്യം
ചെയ്യണം ….. നീ ഇനി ആ തളർന്ന് കിടക്കുന്നവനെ കാണാൻ പോകില്ല എന്ന്… ഡെന്നി 2 മാസത്തെ ലീവിനാണ് വരുന്നത് കെട്ട് പെട്ടന്ന് നടത്തും .. തുടർന്നുള്ള പഠനമൊക്കെ കെട്ട് കഴിഞ്ഞിട്ട് “..

എല്ലാം പെട്ടന്നായിരുന്നു.. ഫ്രെഡിയെ ഒന്നറിയിക്കാൻ ഒരു വഴിയും കിട്ടിയില്ല… ശരിക്കം വീട്ടുതടങ്കലിൽ കെട്ട് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡെന്നി പോയി…. അതിനിടയ്ക്ക് റിസൽട്ട് വന്നു …. ലെനയ്ക്ക് 7th റാങ്ക് ഉണ്ടായിരുന്നു… ആ വീട്ടിൽ ആർക്കും അതിൽ വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല …അവരൊക്കെ വലിയ പൊസിഷനിൽ ഉള്ളവർ… ഡിഗ്രിക്ക് റാങ്ക് എന്നത് അവർക്ക് ചെറിയ കാര്യം…
അവൾ ജേക്കബ് സാറിനെ ഓർത്തു… ആരും അറിയാതെ … ഫ്രെഡിയ്ക്ക് കത്തഴുതി … പക്ഷെ മറുപടി വന്നില്ല…
ഡിഗ്രി കഴിഞ്ഞ അവൾക്ക് അവർ തിരുവനന്തപുരത്ത് BEd ന് സീറ്റ് ശരിയാക്കി .. ഡെന്നിയുടെ മൂത്ത ചേച്ചിയുടെ വീട്ടിൽ താമസവും… ആ രണ്ടു വർഷത്തിനിടയിലും അവൾ ഫ്രെഡിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.. പക്ഷെ നിരാശയായിരുന്നു ഫലം.. റിസൽട്ട് വന്ന ഉടനെ ത്തന്നെ അവർ അവളെ സ്കൂളിൽ ചേർത്തു … ഇതിനിടെ ഒറ്റത്തവണ മാത്രമാണ് ഡെന്നി ലീവിന് വന്നത്… അവളുടെ ജീവിതം തികച്ചും യാന്ത്രികമായി …
“ടീച്ചർക്ക് ക്ലാസില്ലെ…?”
ജോണി സാറിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി … അവൾ പെട്ടന്ന് എഴുന്നേറ്റ് പോയി

ദിവസങ്ങൾ കൊഴിഞ്ഞു പോയി… ഇന്നാണ് ആർട്സ് ഫെസ്റ്റ്…. പക്ഷെ ലെനയ്ക്ക് ഒരു ഉൻമേഷവും തോന്നിയില്ല. ഫ്രെഡി എല്ലാം മറന്നിരിക്കും … അവൾക്ക് സങ്കടം വന്നിരുന്നു…
ഫ്രെഡിവന്നു…. എല്ലാവരും കണ്ടു സംസാരിച്ചു… ലെനയുടെ ഊഴം….

ലെനയെ കണ്ടതും അയാൾ ചെറുതായി ചിരിച്ചു …. “സുഖമല്ലെ ലെന ”
അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. നക്ഷത്ര കണ്ണുകൾ വീണ്ടും തന്നെ കീഴടക്കുന്നുവോ …. അസുഖമെല്ലാം മാറി പൂർണ്ണ ആരോഗ്യവനാണ് ഫ്രെഡി… ഒരു താടിയും കണ്ണടയും അധികമായുണ്ട്

തന്റെ രാജകുമാരൻ…..

“സർ എല്ലാവരും കാത്തിരിക്കുന്നു ചടങ്ങിന് സമയമായി “‘ ധനേഷ് മാഷ് ഫ്രെഡിയെ കൂട്ടികൊണ്ടു പോയി…. പോകുമ്പോൾ നക്ഷത്ര കണ്ണുകൾ തന്നെ തിരയുന്നതായി ലെനയ്ക്ക് തോന്നി….

കാച്ചി കറുക്കിയ പ്രസംഗം… കുട്ടികൾക്ക് ഉപദേശം, ഒപ്പം കവിതയും…
തുടർന്ന് കുട്ടികളുമായുള്ള ഇന്ററാക്ഷൻ

പലരും ചോദ്യങ്ങൾ ചോദിച്ചു … സൗമ്യവും അർത്ഥസമ്പുഷ്ടവുമായ മറുപടി
ഒടുവിൽ ” സാറിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറയാമോ….”
ആ ചോദ്യത്തിനുള്ള ഉത്തരം ലെനയുടെ മുഖത്ത് നോക്കി പറഞ്ഞു തുടങ്ങി…. പഠന കാലം ,..അസുഖം … തുടർന്ന് പറയുന്നത് കേൾക്കാൻ ലെനയ്ക്കും താൽപര്യമുണ്ടെന്ന് ഫ്രെഡിയ്ക്ക് അറിയാമായിരുന്നു… അതിനാൽ വിസ്തരിച്ച് പറയാൻ തുടങ്ങി…
” ഒരു വിധം ഭേദമായ അസുഖം പെട്ടന്ന് വീണ്ടും കൂടി … പ്രധാനപ്പെട്ട ഒരു ദിവ്യ ഔഷധം കൈമോശം വന്നു ”

അയാൾ ലെന യെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി..

” തുടർന്ന് തീരെ കിടപ്പിലായി … ഒടുവിൽ പുട്ടപർത്തിയിൽ മൂന്ന് വർഷത്തെ ചികിത്സ.
തിരിച്ചു വന്നപ്പോഴേക്കം പലതും നഷ്ടമായിരുന്നു…. പിന്നെ എഴുതാൻ തുടങ്ങി… ഇപ്പോഴും തുടരുന്നു”
ആ കണ്ണുകൾ ഈറനായി …………….
നിറഞ്ഞ കരഘോഷത്തോടെ ചടങ്ങ് കഴിഞ്ഞ് ഫ്രെഡി പുറത്ത് വന്നു….
ലെനയെ ഒന്നു നോക്കുക പോലും ചെയ്യാതെ ഫ്രെഡി മടങ്ങി…
ഒന്നു പൊട്ടി കരയണമെന്ന് തോന്നി ലെനയ്ക്ക്… തന്നെ ഒന്നു കാണാതെ ഒന്നും മിണ്ടാതെ എങ്ങിനെ കഴിഞ്ഞു…….. ഫ്രെഡിയ്ക്ക് …..?

പിറ്റേന്ന് ലെന സ്ക്കൂളിൽ പോകുന്നതിന് പകരം ഫ്രെഡിയുടെ വീട്ടിലെത്തി … അകത്ത് നിന്ന് മ്യൂസിക് സിസ്റ്റത്തിൽ ഫ്രെഡിയുടെ ‘നഷ്ടസ്വർഗ്ഗം ‘കവിത ഒഴുകി വരുന്നു. അവൾ ബെല്ലടിച്ചു…. ഇത്തവണ അയാൾ തന്നെയാണ് കതക് തുറന്ന് …. അവൾ ഒന്നും പറയാനാവാതെ ആ മുഖത്തേക് തന്നെ നോക്കി നിന്നതേയുള്ളൂ… “ലെന ഇരിയ്ക്കു ‘”

അവൾ അകത്തേക്ക് നോക്കി ” സാറ് ”

“അപ്പൻ പോയി…. എന്നെ തനിച്ചാക്കി അമ്മച്ചിയുടെ അടുത്തേക്ക്…. ”
ലെനയുടെ കണ്ണുകൾ ഈറനണിഞ്ഞു….
“ഇന്നലെ ഞാൻ മന: പൂർവം ഒഴിഞ്ഞു മാറിയതായിരുന്നു…. താൻ ഇന്നൊരു ഭാര്യയാണ് … ഡെന്നിയെ എനിക്കറിയാം നല്ലവനാണ്.. അയാൾ നാട്ടിൽ സെറ്റിൽ ചെയ്യാൻ ഒരുങ്ങുന്നുണ്ട് …. നിങ്ങളുടെ ജീവിതത്തിൽ ഒരു കരടായി ഒരിക്കലും ഞാൻ ഉണ്ടാവാൻ പാടില്ല…. താനെന്നും എന്റെ മനസ്സിലുണ്ടാവും …. പക്ഷെ ഇനി ഒരിക്കലും എന്നെ കാണാനോ ബന്ധപ്പെടാനോ ശ്രമിക്കരുത് ….പ്ലിസ്”
ഫ്രെഡി ലെനയുടെ മുഖത്ത് നോക്കാതെ പറഞ്ഞു ….

പക്ഷെ ലെനയ്ക്ക് അതൊരു ആഘാതമായി തോന്നിയില്ല. അവൾ ഫ്രെഡിയുടെ കണ്ണുകളിലേക്ക് തന്നെ കുറേ നേരം നോക്കി നിന്നു എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു

“ഫ്രെഡി എന്നെ ഒരു പാട് തെറ്റിദ്ധരിച്ചിരിക്കുന്നു.. പറഞ്ഞ പോലെ ഞാനിന്നൊരു ഭാര്യയാണ് , എല്ലാ അർത്ഥത്തിലും……

ഫ്രെഡി പറഞ്ഞ പോലെ… താനും എന്നും എന്റെ മനസ്സിലുണ്ടാവും … ”

മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വെച്ച് അവൾ ഉറച്ച കാലടികളോടെ ഇറങ്ങി നടന്നു

തന്റെ ജീവന്റെ ജീവനായ ആ നക്ഷത്ര കണ്ണുകൾ ഈറനണിയുന്നത് അവളറിഞ്ഞിരുന്നില്ല……!

അകത്ത് നിന്നും ഉയരുന്ന കവിത അന്തരീക്ഷത്തിൽ അലയടിച്ചു…..

ഒരുവാക്കുമിണ്ടാതെ മിഴികളിൽനോക്കാതെ ഒരു ദിനം നീയെന്നെവിട്ടകന്നു.,,,,,,,
മറ്റൊരു ജീവിത പന്ഥാവ് തേടി നീ
എന്നെ തനിച്ചാക്കി പോയതല്ലേ…..

പ്രാണൻ പിടഞ്ഞു ഞാൻ അലറി കരഞ്ഞിട്ടും എന്തേ നീയെന്നെ ഓർത്തതില്ല
എന്റെയീ ചേതന നിന്നുടെ സ്വന്തമാണേന്തേ
നീ ഓർക്കാതെ പോയ്ക്കളഞ്ഞു…

ഓമലേ നീയാണെനിക്കെന്നും എൻ ലഹരി
നീ തന്നെ എന്നുടെ ജീവരേഖ.
ആ നല്ല നാളുകൾ വീണ്ടും വരുവാനായ്
നിർമലേ ഞാനെന്നും കാത്തിരിക്കും…..

……. ……. ……..

ശ്രീധർ …..

LEAVE A REPLY

Please enter your comment!
Please enter your name here