ഭാഷകളും ലിപികളും എങ്ങിനെയുണ്ടായി. അവ എന്നാണു ഉണ്ടായത്? – മഹേഷ് വി. എസ്

0
327

കൃസ്തുവിനു 4000 വർഷം മുമ്പ്‌ സുമേരിയക്കാരാണത്രേ ആദ്യമായി ഭാഷ ആലേഖനം ചെയ്യാനുള്ള വിദ്യക്ക് തുടക്കമിടുന്നത്. കൃഷി വികസിച്ചതോടെ ഒരിടത്ത്‌ സ്ഥിരവാസം അനിവാര്യമാകുകയും അത് സുസംഘടിതമായ സംസ്കൃതികളെ രൂപപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ പുതിയ അറിവുകളും വിവരങ്ങളും ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങാതെ വരികയും അവ വരുംകാലങ്ങളിലേക്ക് തെറ്റുകള്‍ പറ്റാതെ സൂക്ഷിച്ചു വക്കുകയും ചെയ്യേണ്ട ആവശ്യം വന്നു. അതേത്തുടർന്നാണ് വിവരങ്ങള്‍ ആലേഖനം ചെയ്തു വക്കാനുള്ള വിദ്യ രൂപപ്പെടുന്നത്. ഏതായാലും സുമേരിയയില്‍ അതുണ്ടായ കാലത്തോടെത്തന്നെ ഇന്നത്തെ തുര്‍ക്കിപ്രദേശത്തുണ്ടായിരുന്ന ഹിത്തിയര്‍ക്കിടയിലും, ഈജിപ്തിലും, ചൈനയിലും സിന്ധുതടങ്ങളിലുമൊക്കെ അതു വെവ്വേറെ സ്വതന്ത്രമായിത്തന്നെ ആവിര്‍ഭവിച്ചു എന്നാണു കണ്ടെത്തിയിട്ടുള്ളത്. മനുഷ്യന്‍ ഭാഷണങ്ങളിലൂടെ ആശയവിനിമയം ചെയ്യാന്‍ തുടങ്ങി ചുരുങ്ങിയത്‌ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കെങ്കിലും ശേഷമാണ് അതിന്റെ ആലേഖനവും അതിനുവേണ്ട ലിപിരൂപങ്ങളും രംഗത്തുവരുന്നത്. പ്രാചീന ഗുഹകളിലെ പാറച്ചുമരുകളിലെ കൊത്തുചിത്രങ്ങള്‍ ഇക്കാര്യത്തില്‍ ആദ്യത്തെ ചുവടുവയ്പ്പായിരുന്നു. പതുക്കെപ്പതുക്കെ ആവര്ത്തിച്ചുപയോഗിക്കാവുന്ന സങ്കേതബദ്ധമായ രീതിയിലേക്ക് അത് മാറുന്നു. ആദ്യകാലത്ത് സുമേറിയക്കാര്‍ മുദ്രകളുടെ അച്ചുകള്‍ ഉണ്ടാക്കി കളിമണ്‍ ഫലകങ്ങളില്‍ അമര്‍ത്തി അവ ഉണക്കിസൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ക്രി. മു. 4000 ത്തോടെ കളിമണ്ണുകൊണ്ടു ഫലകങ്ങള്‍ ഉണ്ടാക്കി അവ ഉണങ്ങുന്നതിനുമുമ്പുതന്നെ ഈറ്റക്കമ്പുകളില്‍കളില്‍ നിന്ന് രൂപപ്പെടുത്തിയ എഴുത്താണികള്‍കൊണ്ടു അവയില്‍ ചിത്രലിപികള്‍ ആലേഖനം ചെയ്യാന്‍ തുടങ്ങി. ഇവയൊക്കെ വായിച്ചെടുക്കാന്‍ അതെഴുതിയ ആള്‍ തന്നെ മിക്കവാറും വേണ്ടിവന്നിരുന്നു. ഈജിപ്തില്‍ ജന്തുക്കളുടെയും മറ്റു നാനാതരം വസ്തുക്കളുടെയുമൊക്കെ നേര്‍ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ആണ് ക്ഷേത്രച്ചുമരുകളിലും പാപ്പിറസ് ചുരുളുകളിലും ഭാഷ ആലേഖനം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. ക്രി.മു. മുവ്വായിരത്തോടെത്തന്നെ ഇത് നിലവില്‍ വന്നിരുന്നു. “മടുവ-നതര്‍” എന്ന അതിന്റെ പേരിനു ദേവവാണി എന്നായിരുന്നു അര്‍ത്ഥം. പക്ഷെ ആ ആലേഖനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പുരോഹിതന്മാര്‍ക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ.

ബി. സി അഞ്ചാം നൂറ്റാണ്ടായപ്പോഴേക്ക് ഈ രംഗത്ത്‌ അടുത്ത കുതിച്ചുചാട്ടം സംഭവിക്കുന്നത് കാണുന്നു. അക്കാലത്ത് ഈ ചിത്രലിപികള്‍ സങ്കേതബദ്ധങ്ങളാകുകയും ആരെഴുതിയതായാലും അത് മറ്റേതൊരാള്‍ക്കും വായിച്ച് മനസ്സിലാക്കാവുന്ന മട്ടിലാകുകയും ചെയ്തു. തുടര്‍ന്നു മനുഷ്യന്‍ സംസാരിക്കാനുപയോഗിക്കുന്ന ഓരോ ശബ്ദങ്ങളെയും മനസ്സിലാക്കി അവയ്ക്കോരോന്നിനും വെവ്വേറെ സൂചകങ്ങള്‍ കണ്ടെത്തി അവയുപയോഗിച്ച് സംസാരഭാഷ തന്നെ നേരിട്ട് ആലേഖനം ചെയ്യുന്ന രീതി പലയിടങ്ങളിലും നിലവില്‍ വന്നു. ചിത്രലിപികളെ അപേക്ഷിച്ചു ഈ പുതിയ രീതിയില്‍ ലിപികളുടെ എണ്ണം വളരെ കുറവായിവന്നു. അതോടെ ആലേഖന വിദ്യ പഠിക്കാനും പഠിപ്പിക്കാനും പ്രയോഗിക്കാനും വളരെ എളുപ്പമായി. മുന്‍കാലങ്ങളില്‍ ചിത്രലിപികളിലെ മുഴുവന്‍ സങ്കേതങ്ങളും പഠിക്കാനും പ്രയോഗക്ഷമത നേടാനും പത്തോ പതിനഞ്ചോ വര്‍ഷക്കാലത്തെ കഠിനാദ്ധ്വാനം വേണ്ടിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ടു ഈ വിദ്യ പഠിക്കാമെന്നായി. ഇതിന്റെ ആദ്യഫലങ്ങള്‍ കൃഷിയുടെയും വ്യാപരത്തിന്റെയും മേഖലകളിലെ അപ്രതീക്ഷിതമായ പുരോഗതിയായിരുന്നു. തുടര്‍ന്നു ഇത്തരം ലിപികള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ വമ്പന്‍ സാഹിത്യസമ്പത്തുകള്‍ രൂപം കൊണ്ടു.

ചൈനയില്‍ വൈവിധ്യമുള്ള ചിത്രരൂപങ്ങള്‍ ഇതിന്നായി ഉപയോഗിച്ചു പോന്നു. നാലായിരം കൊല്ലം മുമ്പ് തന്നെ അവര്‍ ഇത് സ്ഫുടീകരിച്ചെടുത്തിരുന്നു. അവരുടെ ലിപിസമുച്ചയങ്ങള്‍ മാത്രമാണ് ആരംഭം മുതല്‍ ഇന്നേ വരെ കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ നിലനിന്നുപോന്നിട്ടുള്ളത്. ചൈനയില്‍ നിന്ന് ആദ്യകാലത്തെ ലിഖിതങ്ങള്‍ കിട്ടിയിട്ടുള്ളത് വെങ്കലപ്പാത്രങ്ങളില്‍ കൊത്തിവച്ച മട്ടിലാണ്. പിന്നീട് മുളയലകുകളില്‍ മുളംകമ്പുകള്‍ കൂര്‍പ്പിച്ചെടുത്ത് എഴുതാന്‍ തുടങ്ങി. രോമം കൊണ്ടുള്ള ബ്രഷുകള്‍ പ്രചാരത്തില്‍ വന്നപ്പോള്‍ പട്ടുതുണിയിലും മറ്റും എഴുതാനും തുടങ്ങി. ഇതോടെ കയ്യെഴുത്തുകല (Calligraphy)വികസിക്കാന്‍ തുടങ്ങി. പിന്നിടു ക്രി.പി. ഒന്നാം നൂറ്റാണ്ടോടെ അവര്‍ കടലാസും നിര്‍മ്മിച്ചെടുത്തു. ഈ വിദ്യ അറബികളുടെതടക്കം മറ്റു പല നാടുകളും സ്വായത്തമാക്കുകകയും പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിലെത്തുകയും ചെയ്തു.

എന്നാല്‍ ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും സുമേറിലേയോ സെമെറ്റിക്ക് പ്രദേശങ്ങളിലേയോ സിന്ധുതടത്തിലേയോ ചൈനയിലേയോ മട്ടില്‍ സ്വതന്ത്രവും അവരുടേത് മാത്രവുമായ ലിപികള്‍ ഉണ്ടായില്ല. നിലവില്‍ വന്ന ലിപിവ്യവസ്ഥകളെക്കാള്‍ എത്രയോ കൂടുതല്‍ ഭാഷകള്‍ ലോകത്തെമ്പാടുമായി അന്നേ ഉണ്ടായിരുന്നു. പില്‍കാലത്ത്‌ അവയില്‍ പലതും അയല്പക്കത്തെയോ അധിനിവേശകരുടെയോ ലിപിവ്യവസ്ഥ സ്വായത്തമാക്കുകയാണ് ഉണ്ടായത്‌.

ക്രി.മു പതിനഞ്ചാം നൂറ്റാണ്ടോടെ ഗ്രീസില്‍ പ്രത്യക്ഷപ്പെടുന്ന യവനരുടെ ആദിഗോത്രങ്ങള്‍ സെമെറ്റിക്ക് പ്രദേശത്തുനിന്നുള്ള ഫിനീഷ്യരുടെ ലിപിവ്യവസ്ഥ സ്വീകരിക്കുന്നതാണ് കാണുന്നത്. ഫിനീഷ്യര്‍ക്ക് മദ്ധ്യധരണിക്കടലിന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലും ക്രീറ്റ് ദ്വീപിലുമൊക്കെ അന്നുതന്നെ ധാരാളം കച്ചവടസങ്കേതങ്ങള്‍ ഉണ്ടായിരുന്നു. ഗ്രീക്കുകാര്‍ സംസാരിച്ചിരുന്ന ഭാഷ ഇന്‍ഡോ-യൂറോപ്പ്യന്‍ വിഭാഗത്തില്‍പ്പെട്ടതായിരുന്നു. കയ്യില്‍ക്കിട്ടിയ ഫിനീഷ്യന്‍ ലിപിവ്യവസ്ഥ തങ്ങളുടെ ഭാഷക്കനുരൂപമായി അവര്‍ കാലംകൊണ്ട് മാറ്റിയെടുത്ത് ഇന്നത്തെ ഗ്രീക്ക് ലിപിയുടെ പ്രാഗ് രൂപമുണ്ടാക്കി.. രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷം എത്രുസ്കരും റോമാക്കാരും ഈ ലിപിവ്യവസ്ഥ പകര്‍ത്തി ഉപയോഗിക്കാന്‍ തുടങ്ങിയതില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ലാറ്റിന്‍ ഭാഷയുടെ ലിപിവ്യവസ്ഥ. ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടില്‍ നിന്നാണ് അറിയപ്പെടുന്നതില്‍ ആദ്യത്തെ ലാറ്റിന്‍ ലിഖിതം കിട്ടിയിട്ടുള്ളത്. പില്‍ക്കാലത്ത്‌ ഫ്രഞ്ചുകാരും സ്പെയിന്കാരും പോര്ച്ചുഗീസുകാരുമെല്ലാം ഈ ലിപികള്‍ സ്വീകരിക്കുകയും തങ്ങളുടെ ഭാഷയുടെ ഉച്ചാരണഭേദങ്ങള്‍ക്കനുസരണമായി വേണ്ടപോലെ മാറ്റിയെടുക്കുകയും ചെയ്തു. റോമില്‍ നിന്ന് കത്തോലിക്കമതം ഇവിടങ്ങളിലേക്കു പരന്നതോടെയാണ് ഇതു സംഭവിച്ചത്.

അതേ കാരണം കൊണ്ടു തന്നെ, അതായത്‌ പോപ്പിന്‍റെ സ്വാധീനമേഖല വികസിക്കുന്നതോടെ, ജര്‍മനിയും ഡന്മാര്‍ക്കും ഇംഗ്ലണ്ടും ഉള്പ്പെടുന്നയിടങ്ങളില്‍ നിലവിലുണ്ടായിരുന്ന ജര്‍മാനിക്ക് ഭാഷകളായ ജര്മനും ഇംഗ്ലീഷും ഡാനിഷുമെല്ലാം ലാറ്റിന്‍ ലിപി സ്വീകരിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ക്ക്‌ റൂണ്‍സ എന്ന പേരില്‍ ഒരു ലിപി നിലവിലുണ്ടായിരുന്നു. ഗ്രീക്ക്/എട്രുസ്കന്‍ ലിപികളില്‍ നിന്ന് വളരെ നേരത്തെ ഉരുത്തിരിഞ്ഞതാണ് ഈ ലിപിയെന്നു കരുതുന്നു. ലാറ്റിന്‍ ഒഴികെയുള്ള ലിപിവ്യവസ്ഥകള്‍ പോപ്പ്‌ പലയിടങ്ങളിലും ഔദ്യോഗികമായിത്തന്നെ നിരോധിച്ചിരുന്നുവത്രേ. അങ്ങിനെ യൂറോപ്പിലാകമാനം ലാറ്റിന്‍/റോമന്‍ ലിപിവ്യവസ്ഥ രൂപമാറ്റങ്ങലോടെ നിലവില്‍ വന്നു.

സ്ലാവ് പ്രദേശത്തെ മതപ്രചാരണത്തിനായി സെയിന്റ് സിറില്‍ (സുറിയാനി സഭയുടെ പ്രചാരകനായിരുന്നു അദ്ദേഹം) ലാറ്റിനില്‍നിന്നു വികസിപ്പിച്ചെടുത്തതാണ് സിറില്ലിക് ലിപി. ചെക്കോസ്ലോവാക്യ, ബാള്‍ക്കന്‍, ബൈലോ റഷ്യ, റഷ്യ എന്നിവിടങ്ങളില്‍ ഇതിനായിരുന്നു പ്രചാരം. പില്‍ക്കാലത്ത്‌ കത്തോലിക്കര്‍ കടന്നുവന്നതൊടെ മദ്ധ്യയൂറോപ്പിലെ ഈ ഭാഗങ്ങളില്‍ നിന്ന് സെയിന്‍റ് സിറിളിന് തന്നെ മാറിത്താമാസിക്കേണ്ടിവരികയും ഇവിടങ്ങളില്‍ ലാറ്റിന്‍ ലിപി മേല്‍ക്കൈ നേടുകയും ചെയ്തു.

മദ്ധ്യധരണിക്കടലിന്‍റെ കിഴക്കന്‍ തീരങ്ങളിലേക്ക് കുടിയേറിയ സെമെറ്റിക്ക് ഗോത്രങ്ങളിലൊന്നായ അരാമിയരുടെ ഭാഷയായിരുന്നു അരാമിയ. ഒട്ടകങ്ങളെ മെരുക്കിവളര്‍ത്താന്‍ തുടങ്ങിയത്‌ ഇവരാണത്രേ. ഗ്രീക്കില്‍ ഇവരുടെ സ്ഥലങ്ങള്‍ സിറിയ എന്നറിയപ്പെട്ടുവന്നു. ഏകദേശം ക്രി.മു 2500 നോടടുത്തുനിന്നു ലഭ്യമായ ഒരു അക്കാഡിയന്‍ ലിഖിതത്തില്‍ അറാം എന്നാ വാക്ക് കാണുന്നുണ്ട്. സെമെറ്റിക്ക് ലിപികളില്‍ പ്രമുഖമായിരുന്നു അരാമിയരുടെത്‌. മൂലസെമെറ്റിക്കില്‍നിന്ന് സ്വതന്ത്രമായി വേര്പിരിഞ്ഞുപോന്ന ഈ ലിപിവ്യവസ്ഥ പലകാലങ്ങളിലായി ഇന്നത്തെ സിറിയ മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങളില്‍ ഉപയോഗത്തിലിരുന്നു. തക്ഷശിലപ്രദേശത്തുനിന്നു ‘അരാമിയ’ ലിപിയിലുള്ള ഒരു അശോകശാസനം കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന ഖരോഷ്ടി ലിപിക്ക് അരാമിയ ലിപിയുമായി കടപ്പാടുണ്ട്. ഹീബ്രു ഭാഷയും പില്ക്കാലത്ത് ഈ ലിപികള്‍ സ്വീകരിച്ചു. പഴയ ഹീബ്രു ലിപി ഫിനിഷ്യന്‍ ലിപി ആസ്പദമാക്കിയുള്ളതായിരുന്നു. യേശുക്രിസ്തു ഉപയോഗിച്ചിരുന്നത് അരാമിയ ഭാഷയായിരുന്നു. അരാമിയ പില്‍ക്കാലത്ത്‌ സുറിയാനി ഭാഷയായി മാറി.

മറ്റൊരു സെമെറ്റിക്ക് ലിപിയായ അറബിയുടെ കാര്യമെടുക്കാം. മൂല സെമെറ്റിക്ക് ഭാഷയുമായി ഏറ്റവും അടുപ്പം കാണിക്കുന്നതാണ് അറബിഭാഷ. ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ലിപിയാണ് ഇതിന്‍റെത്‌. അതിന്റെ വിവിധരൂപങ്ങള്‍ യൂറോപ്പിന്‍റെ ചില ഭാഗങ്ങള്‍, ആഫ്രിക്കയുടെ ഉത്തര-മദ്ധ്യപ്രദേശങ്ങള്‍, ദക്ഷിണപൂര്‍വേഷ്യ, പേര്‍ഷ്യ, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. പുഷ്ടു, പേര്‍ഷ്യന്‍, സ്വാഹിലി, ഉര്‍ദു, ജാവി തുടങ്ങിയ ലിപികളും ഇക്കൂട്ടത്തില്പെടുന്നു.

ദക്ഷിണ അറേബിയയില്‍ ക്രി.മു. 1200 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്കാരങ്ങളിലൂടെ മിനായന്മാരും സേബിയന്മാരും അടങ്ങുന്ന ജനവിഭാഗങ്ങള്‍ വളര്‍ത്തിയെടുത്ത അറബി ഭാഷ ഇസ്ലാമിന്റെ ആവിര്ഭാവത്തിനും മുമ്പേതന്നെ അറേബ്യന്‍ ഉപദ്വീപില്‍ പ്രചാരത്തിലായിരുന്നു. സിറിയ, ബാബിലോണിയ തുടങ്ങിയ സ്ഥലങ്ങളുമായി അവര്‍ക്ക് സമ്പര്ക്കങ്ങളുണ്ടായിരുന്നു. ബാബിലോണിയയിലെ ഒടുവിലത്തെ ചക്രവര്‍ത്തി മദീനക്കു സമീപമുള്ള തെയ്മയില്‍ ഏതാനും വര്ഷം താമസിച്ചതായി തെളിയുന്നുണ്ട്. തുടര്‍ന്നു അറബിഭാഷ ഇത്തരം സമ്പര്‍ക്കങ്ങളിലൂടെ അവിടെനിന്നു വടക്കോട്ട് വ്യാപിക്കുന്നു. ക്രി.മു രണ്ടാം നൂറ്റാണ്ടോടെ നബാത്തിയന്‍ അറബികള്‍ സിറിയയില്‍ ശക്തമായ ഒരു രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ അവിടങ്ങളിലുണ്ടായിരുന്ന അരാമിയലിപി സ്വാംശീകരിച്ചതില്‍ നിന്നാണ് നബാത്തിയന്‍ അറബിലിപി ഉണ്ടായത്. ഇത് ക്രി.മു ഒന്നാം നൂറ്റാണ്ടിലായിരുന്നിരിക്കണം. തുടര്‍ന്നു പല പരിഷകരണ ശ്രമങ്ങള്‍ക്കുമൊടുവില്‍ ക്രി.പി ഏഴാം നൂറ്റാണ്ടോടെ ആ ലിപി ഇന്നത്തെ അതിന്റെ രൂപം കൈക്കൊണ്ടു. കയ്യെഴുത്ത് (calligraphy) ആദ്യം രൂപംകൊണ്ടത് ചൈനയിലാണെങ്കിലും അറബിദേശങ്ങളിലും കാലാന്തരേണ അത് സ്വതന്ത്രമായി നിലവില്‍ വന്നു. ലിപികള്‍ വടിവിലും ചന്തത്തിലും ദൃശ്യഭംഗിയോടെ വിവിധരീതികളില്‍ എഴുതപ്പെട്ടുപോന്നു. ഈജിപ്തും വടക്കന്‍ ആഫ്രിക്കയും ജിബ്രാള്‍ട്ടറും വഴി അറബികള്‍ സ്പെയിനിലൂടെയും സിസിലിയിലൂടെയും യൂറോപ്പില്‍ എത്തിപ്പെട്ടപ്പോള്‍ അറബിലിപിയോടൊപ്പം കടല്കടന്നുചെന്ന ഈ കാല്ലിഗ്രാഫി യൂറോപ്പിലാകമാനം അക്കാലത്ത്‌ പ്രിയമേറിയ ഒന്നായിരുന്നു. അതേത്തുടര്‍ന്ന് ലാറ്റിന്‍ ലിപിയിലും ഈ കല പരീക്ഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്തു. ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ കിരീടധാരണസമയത്തെ ആഡംബരവസ്ത്രങ്ങള്‍ മനോഹരങ്ങളായ അറബികയ്യെഴുത്തുകള്‍ കൊണ്ടു അലങ്കരിച്ചിരുന്നുവത്രേ. മദ്ധ്യകാലത്ത് യൂറോപ്പിലെ ക്രൈസ്തവദേവാലയങ്ങളിലും അറബിലിപികള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ ഉണ്ടായിരുന്നു.

പരാമര്‍ശവിധേയമാക്കേണ്ട ലിപികളില്‍ ഇനി പ്രധാനമായവ ഭാരതീയ ലിപികളാണ്. ഇവിടെ ആദ്യം രംഗത്തെത്തുന്നത് സൈന്ധവലിപികളാണ്. അയ്യായിരം വര്ഷം പഴക്കമുള്ള ഇവയുടെ ലിഖിതരൂപങ്ങള്‍ ധാരാളം കിട്ടിയിട്ടുണ്ടെങ്കിലും അവയൊന്നും ഇതുവരെ വായിച്ചെടുക്കാനായിട്ടില്ല. ആയിരം കൊല്ലത്തോളം നിലനിന്നശേഷം ഇത് പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി കാണുന്നു. അത് കഴിഞ്ഞ് ഏഴെട്ടു നൂറ്റാണ്ടോളം കഴിഞ്ഞ് ഈ പ്രദേശത്ത് ബ്രാഹ്മി ലിപി രൂപം കൊണ്ടു. ഇന്ന് നിലവിലുള്ള എല്ലാ ഭാരതീയലിപികളുടെയും മൂലലിപി ഈ ബ്രാഹ്മിയാണ്. ഇതിന്‍റെ ഉത്പത്തിയെക്കുറിച്ച് കാര്യമായ അറിവൊന്നും കിട്ടിയിട്ടില്ല. സൈന്ധവലിപി ഇടക്കാലത്ത് വച്ചു നഷ്ടമായിപ്പോയശേഷം സിന്ധുതീരങ്ങളില്‍ ഇത് ക്രി.മു. എട്ടാം നൂറ്റാണ്ടോടെ സ്വതന്ത്രമായി രൂപം കൊണ്ടുവെന്നും ക്രി.മു. അഞ്ചാം നൂറ്റാണ്ടോടെ പൂര്‍ണ്ണരൂപം കൈക്കൊണ്ടു എന്നുമാണ് നിഗമനം. മറ്റു ലിപികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അതീവശ്രദ്ധയോടെ, കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെ ചിട്ടപ്പെടുത്തിയ ഒന്നാണെന്ന് പറയപ്പെടുന്നു . മനുഷ്യഭാഷണത്തിലെ മിക്കവാറും എല്ലാ ശബ്ദങ്ങളും ആലേഖനം ചെയ്യാന്‍ ഇതിന്നു കഴിയുന്നുണ്ട്. ലോകത്തിലെ അക്ഷരസംയുക്തരായ എല്ലാ പൌരാണികസമൂഹങ്ങളെയുംപോലെ ഭാരതീയരും സങ്കല്പിച്ചിരുന്നത് ലിപി ദൈവദത്തമാണെന്നായിരുന്നു. അതുകൊണ്ടാകണം ബ്രഹ്മാവിന്‍റെത് എന്ന അര്ത്ഥത്തില്‍ അവര് തങ്ങളുടെ ലിപിക്ക് ബ്രാഹ്മി എന്ന് പേരിട്ടത്. രൂപപ്പെട്ട ശേഷം നൂറ്റാണ്ടുകളിലൂടെ ഇത് പല രൂപമാറ്റങ്ങളിലൂടെയും കടന്നുപോന്ന്‍ ഒടുവില്‍ അതിന്റെ ഉത്തര-ദക്ഷിണ രൂപങ്ങളിലെത്തുകയും രണ്ടു പ്രദേശങ്ങളിലെയും വ്യത്യസ്തഗണങ്ങളില്‍പ്പെട്ട ഭാഷകള്‍ക്ക് വിവിധലിപികള്‍ സമ്മാനിക്കുകയും ചെയ്തു. ഗുപ്തരാജാക്കന്മാരുടെ കാലത്തെ ബ്രാഹ്മിലിപിയുടെ തുടര്‍ച്ചയില്‍നിന്നാണ് പില്‍ക്കാലത്ത്‌ ദേവനാഗരി ലിപി രൂപം കൊണ്ടത്‌. ഇതേ തുടര്‍ച്ചയിലാണ് തിബത്തന്‍ ഭാഷക്കുള്ള ലിപിയും രൂപപ്പെട്ടത്‌. തിബത്തന്‍ ലിപിയിലെഴുതിയ ചീനഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, ഒറിയ, ബ്രാഹ്മണി, മൈഥിലി തുടങ്ങിയ ഭാഷകളുടെ ലിപിയും ഈ ബ്രാഹ്മിയില്‍നിന്നു വന്നതാണ്.

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നാല് ലിപികള്‍ക്കും ബ്രാഹ്മി തന്നെ ആണ് ആധാരം. പഴയകാലത്ത്‌ തമിഴെഴുതാന്‍ ബ്രാഹ്മി ഉപയോഗിച്ചിരുന്നു. പിന്നീട് അതില്‍നിന്നും ഉരുത്തിരിഞ്ഞ വട്ടെഴുത്ത് എന്ന ലിപിരൂപം തമിഴും മലയാളവും എഴുതാന്‍ ഉപയോഗിച്ചു പോന്നു. സംസ്കൃത ശബ്ദങ്ങള്‍ തെറ്റാതെ എഴുതാനാവും മട്ടില്‍ രൂപപ്പെടുത്തിയ ഗ്രന്ഥലിപിയും നടപ്പിലുണ്ടായിരുന്നു. പല്ലവരാജാക്കന്മാരായിരുന്നു ഇതിന്‍റെ പ്രോത്സാഹകര്‍. കേരളക്കരയില്‍ പ്രചാരത്തിലിരുന്ന വട്ടെഴുത്തും ഗ്രന്ഥലിപിയും ചേര്‍ന്നാണ് ഇന്നത്തെ മലയാളലിപികള്‍ രൂപപ്പെട്ടത്.

ശ്രീലങ്കയില്‍ നിലവില്‍ നിന്ന പഴയ സിംഹളഭാഷയെ ബുദ്ധമതത്തോടൊപ്പം ഇന്ത്യയില്‍ നിന്നെത്തിയ പാലിയും സ്വാധീനിച്ചു. കൂട്ടത്തിലെത്തിയ ബ്രാഹ്മിയില്‍നിന്നു രൂപപ്പെട്ടതാണ് ഇന്നത്തെ സിംഹളഭാഷയുടെ ലിപിയും. മാലിദ്വീപില്‍ ആദ്യകാലത്ത്‌ സിംഹളത്തിന്‍റെ ഒരു വകഭേദമായിരുന്നു. നിലവിലുണ്ടായിരുന്നത്. അതിന്‍റെ ലിപി സിംഹളലിപിയോടു കടപ്പെട്ടിരുന്നു. പില്ക്കാലത്ത്‌ അറബികളുടെ സ്വാധീനത്തിലായ ഈ ദ്വീപുകളില്‍ അറബിയില്‍ നിന്ന് രൂപംകൊണ്ട പുതിയൊരു ലിപിവ്യവസ്ഥ നടപ്പിലായി. ബര്‍മയില്‍ (ഇന്നത്തെ മിയാന്മാര്‍) ഭാഷകളും ഉപഭാഷകളുമായി തിബത്തോ-ചൈനീസ്, ആസ്ത്രോ-ഏഷ്യാറ്റിക്ക്, മലായ്‌-പോളിനേഷ്യന്‍ കുടുബങ്ങളില്പെട്ട ഏതാണ്ട് നൂറെണ്ണം നിലവിലുണ്ട്. അവിടെ നിലവിലുള്ള മോണ്‍, ഷാന്‍, ബര്‍മീസ്‌ എന്നീ ഭാഷകളുടെ ലിപികള്‍ ദക്ഷിണേന്ത്യന്‍ ഗ്രന്ഥലിപിയുടെ മറ്റൊരു പരിണതരൂപമാണ്. പല്ലവകാലത്താണ് ഇന്ത്യയില്‍നിന്നു കച്ചവടക്കാരോടും ബുദ്ധമതത്തോടുമൊപ്പം ഈ ലിപി അവിടെ എത്തിയത്‌. ഇവിടത്തെ ദേശീയ ലിപി ബിച്ചയാണ്. ഇതിന്റെയും ഉത്പത്തി ഗ്രന്ഥലിപിയില്‍ നിന്നാണ്. ഇതുപോലെ ഭാരതത്തില്‍ നിന്ന് പുറപ്പെട യോദ്ധാക്കളും പുരോഹിതരും കച്ചവടക്കാരുമടങ്ങുന്ന കുടിയേറ്റക്കാര്‍ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളായ തായ്‌ലാന്‍റ്, കംപൂച്ചിയ, ലാവോസ്, വിയറ്റ്നാം, ഫില്ലിപ്പീന്‍സ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ ഹിന്ദുസാമ്രാജ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രിസ്തു രണ്ടാം ശതകത്തോടെ മദ്ധ്യവിയറ്റ്നാമില്‍ പ്രബലമായിത്തീര്‍ന്ന ചാം വംശജരുടെ ലിഖിതങ്ങളില്‍ ഭാഷ സംസ്കൃതവും ലിപി ദക്ഷിണബ്രാഹ്മിയോടു കടപ്പെട്ടതുമാണ്. അഞ്ചാം നൂറ്റാണ്ടില്‍ തെക്കേഇന്ത്യയില്‍നിന്നു ഇന്നത്തെ കംപൂച്ചിയയില്‍ കുടിയേറിപ്പാര്ത്തവര്‍ അവിടെ കെട്ടിപ്പടുത്ത സംസ്കൃതിയില്‍ സ്വീകരിച്ചിരുന്ന ലിപിയും ദക്ഷിണബ്രാഹ്മിയുടെ തുടര്‍ച്ചയാണ്. ഈ ലിപി ഇന്നും മാറ്റങ്ങളോടെ അവിടെ തുടര്‍ന്നുപോരുന്നു.

മലയ മുതല്‍ ഹവായ്‌ വരെയും മഡഗാസ്കര്‍ മുതല്‍ ഫില്ലിപ്പീന്‍സ്‌ വരെയും ഫോര്‍മോസ മുതല്‍ ന്യൂ സീലാന്റ്റ്‌ വരെയും ഉള്ള ദ്വീപുസമൂഹങ്ങളിലെ ഭാഷകളെല്ലാം മലായ്‌-പോളിനേഷ്യന്‍ കുടുംബത്തില്‍ പെട്ടതാണ്. പാപുവാ ന്യൂ ഗിനിയ മാത്രമേ അപവാദമായിട്ടുള്ളൂ. ബഹാസ മലയെഷ്യ എന്നും ബഹാസ ഇന്തോനേഷ്യ എന്നും ഈ പ്രദേശത്തെല്ലാം അറിയപ്പെടുന്ന ഭാഷ അറബി, പേര്‍ഷ്യന്‍, പോര്ച്ച്ഗീസ്, ഡച്ച്, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളില്‍നിന്നെല്ലാം പദങ്ങള്‍ സ്വീകരിച്ചു നിലനില്‍ക്കുന്ന ഒന്നാണ്. ഈ ഭാഷയ്ക്ക്‌ പണ്ടുണ്ടായിരുന്നത് ഭാരതീയലിപികളായിരുന്നു, പിന്നീടു അതു അറബി ലിപിയും ലാറ്റിന്‍ ലിപിയും സ്വീകരിച്ചു. ജാവയിലെ ഏതാനും ഭാഗത്തും സെലിബസ്, സുമാത്ര, ബാലി എന്നിവിടങ്ങളിലും ഉള്‍നാടുകളില്‍ ഇന്നും ഭാരതീയ ലിപിരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജാവയിലെ മഹാപഹിത്ത്‌ രാജവംശം ചുറ്റുമുള്ള ദ്വീപുകളെയെല്ലാം കീഴടക്കിയ കൂട്ടത്തില്‍ ഫിലിപ്പീന്‍സും ഉള്‍പ്പെട്ടിരുന്നു. അങ്ങിനെ ഭാരതീയസംസ്കാരവും ഭാഷകളും ലിപികളും അവിടെയും പ്രചാരത്തിലായിരുന്നു. ഒമ്പതാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ബുദ്ധമതം അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ജാവയിലെയും മലയയിലെയും ഭാരതീയ ലിപിസങ്കേതങ്ങളില്‍ നിന്ന് രൂപപ്പെട്ട ലിപിയാണ് ഇവിടെ ഉപയോഗത്തിലിരുന്നത്. ഇപ്പോള്‍ ഇവിടെ പ്രചാരത്തിലുള്ളത് റോമന്‍ ലിപിയാണ്. ഈ മാറ്റത്തിനു പുറകില്‍ ഡച്ച് ഭരണസംവിധാനവും ക്രിസ്ത്യന്‍ മിഷനറിമാരുമായിരുന്നു. വിയറ്റ്നാമിലും ലാറ്റിന്‍ ലിപികള്‍ വികസിച്ചുവരാനുള്ള കാരണം ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു.

ചൈനയിലും ജപ്പാനിലും റോമന്‍ ലിപികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായിത്തന്നെ നടന്നെങ്കിലും ഒന്നുംതന്നെ ഫലം കണ്ടിട്ടില്ല. ജാപ്പനീസ്‌ ഭാഷ ലാറ്റിന്‍ ലിപിയിലെഴുതിയെടുക്കാനുള്ള ശ്രമങ്ങള്‍ മിഷനറിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും സാങ്കേതികവും വൈകാരികവുമായ കാരണങ്ങളാല്‍ ആ ഭാഷ ഈ ലിപിമാറ്റത്തിനു വഴങ്ങുകയുണ്ടായില്ല. 1618 ല്‍ ഒരിക്കല്‍ ക്രൈസ്തവരെ മുഴുവന്‍ ജപ്പാനില്‍നിന്നു പുറന്തള്ളുകയുണ്ടായി. അതോടെ അവിടെ ലാറ്റിന്‍വല്‍ക്കരണശ്രമങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ ഇന്ത്യയിലും ഹിന്ദുസ്ഥാനിഭാഷ റോമന്‍ ലിപികള്‍ ഉപയോഗിച്ച് എഴുതിയിരുന്നു. ഇതു പക്ഷെ പട്ടാളക്കാരുടെ ഔദ്യോഗികാവശ്യങ്ങളില്‍ മാത്രം ഒതുങ്ങി. സ്വാതന്ത്ര്യാനന്തരം അത് വിസ്മരിക്കപ്പെടുകയും ചെയതു. ഭാരതീയലിപികളുടെ അറബിവല്‍ക്കരണത്തിന്റെ കാര്യമെടുക്കുമ്പോള്‍ അറബിത്തമിഴും അറബിക്കന്നടവും, അറബിമലയാളവും നിലവിലുണ്ടായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. ഈ ഭാഷകള്‍ നേരെ അറബിലിപികൊണ്ട് എഴുതുന്ന രീതിയായിരുന്നു ഇത്. ഇതോടെ അറബി പദസമ്പത്തുകള്‍ ഈ ഭാഷകളിലേക്ക് ധാരാളം കടന്നുവന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കഥയും വ്യത്യസ്തമല്ല. അസ്ടെക്കുകളും മായന്മാരും, ഒള്മെക്കുകളും തങ്ങളുടെ ലിപികള്‍ വളര്ത്തിയെടുത്തുകൊണ്ടിരുന്ന കാലത്താണ് അവിടേക്ക്‌ സ്പെയിന്കാരും പോര്‍ച്ചുഗീസുകാരും എത്തിപ്പെടുന്നത്. തുടര്‍ന്ന് വടക്കും തെക്കും അമേരിക്കകളുടെ രാഷ്ട്രീയ ഭൂപടത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കൊപ്പം ലാറ്റിന്‍ ലിപികള്‍ അവിടെയും പ്രചാരത്തിലായി. മായരുടെയും അസ്തെക്കുളുടെയും വകയായി ഒരു വമ്പന്‍ ഗ്രന്ഥശേഖരം ഉണ്ടായിരുന്നത് യുക്കറ്റാനിലെ രണ്ടാമത്തെ ബിഷപ്പ്‌ “‘പിശാചിന്റെ ഗ്രന്ഥങ്ങള്‍’” എന്ന് മുദ്രകുത്തി ഒന്നും ബാക്കി വക്കാതെ ചുട്ടെരിച്ചുകളഞ്ഞു എന്നാണു ചരിത്രം. ലിപികളില്ലാതെപോയതുകൊണ്ടും നിരവധി ഭാഷകള്‍ അന്യംനിന്ന് പോകുന്നുണ്ട്. ത്രിപുരയിലെ ഗോത്രമേഖലകളില്‍ സംസാരിച്ചുപോരുന്ന എതാനും ന്യുനപക്ഷഭാഷകളിലൊന്നായ “സയ്മാര്‍” അതു സംസാരിക്കുന്നവരുടെ എണ്ണം വെറും നാലിലേക്കൊതുങ്ങിക്കഴിഞ്ഞതിനാല്‍ താമസിയാതെ വിസമൃതമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

മതങ്ങള്‍ക്ക് പുറകെ ഭാഷയും ലിപിയും എന്ന തത്വം ലോകത്തെമ്പാടും ലിപിമാറ്റങ്ങള്‍ക്ക് കാരണമായെന്ന് നമുക്ക് കാണാനാകുന്നു. എന്നാല്‍ ദേശീയതയുടെ പേരിലും ലിപിമാറ്റം നടന്നതായി കാണാം. അങ്ങിനെയൊന്നു നടന്നത് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ തുര്‍ക്കിയിലാണ്. അന്നോളം അറബിയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന തുര്‍ക്കി ഭാഷക്ക്‌ ലാറ്റിന്‍ ലിപി സ്വീകരിക്കാന്‍ അത്താതുര്‍ക്ക് കമാല്‍ പാഷ ഉത്തരവിട്ടു. വേണ്ടത്ര മാറ്റങ്ങളോടെ 1928 നവംബറില്‍ അങ്ങിനെ തുര്‍ക്കിയില്‍ ലാറ്റിന്‍ ലിപി ഒരു വിളംബരം മുഖേന നിലവില്‍ വന്നു. പഴയ സോവിയറ്റ്‌ യൂണിയനില്‍ സിരിള്ളിക്കില്‍ നിന്ന് ലാറ്റിനിലേക്ക് മാറാനുള്ള ഒരു ശ്രമം വിപ്ലവാനന്തരദശകങ്ങളില്‍ നടക്കുകയുണ്ടായി. അത് പക്ഷെ പല കോണുകളില്‍ നിന്നുമുള്ള രാഷ്ട്രീയവും ഭാഷാപരവുമായ എതിര്‍പ്പുകള്‍ കാരണം ഫലപ്രാപ്തിയിലെത്തിയില്ല

ഇതാണ് ലോകത്തിലെ പ്രധാനപ്പെട്ട നാല് ലിപിശാഖകളുടെ ഒരു പൊതുചരിത്രം. വിസ്തരഭയം മൂലം ഇവിടെ ചര്‍ച്ചചെയ്യാതെവിടുന്ന പല ലിപിസങ്കേതങ്ങളും ഇനിയും വളരെയുണ്ട്. ലിപികളുടെ ചരിത്രത്തില്‍ അതാത് കാലത്തെ സാമ്പത്തിക രാഷ്ട്രീയസംവിധാനങ്ങള്‍ ചെലുത്തുന്ന പങ്ക് ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. സാംസ്ക്കാരികവും രാഷ്ട്രീയവുമായ അധിനിവേശങ്ങള്‍ തങ്ങളുടെ ലിപിവ്യവസ്ഥകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതും പുതിയ ലിപികള്‍ രൂപപ്പെടുത്തുന്നതും ചിലയിടങ്ങളില്‍ അവക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ നിലവിലുള്ളവയെ വൈകാരികതയോടെ കാത്തുസൂക്ഷിക്കുന്നതും, നിലനില്‍ക്കുന്ന ലിപികള്‍ അതാത് രാഷ്ട്രീയ-മാതാധികാരങ്ങളുടെ ശക്തിയുടെ മാപകങ്ങളായി മാറുന്നതും നാം കാണുന്നു. ലിപികളുപയോഗിച്ച് കൂടുതല്‍ക്കൂടുതല്‍ ജനസഞ്ചയങ്ങളെ ഒരേ ഭരണത്തിന്റെയും വിശ്വാസത്തിന്റെയും കുടക്കീഴില്‍ തളച്ചിടാനുള്ള ശ്രമങ്ങളും നാം കാണുന്നു.

ചിത്രലിപികള്‍ ആദ്യം ഉപയോഗത്തിലെത്തിയ കാലത്ത്‌ അവ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ സമൂഹത്തില്‍ ചെലുത്തിയിരുന്ന സ്വാധീനവും അധികാരവും അപരിമേയമായിരുന്നു. തുടര്‍ന്നു എഴുത്തറിയാവുന്നവരുടെ അംഗസംഖ്യ വര്‍ദ്ധിക്കുന്നതോടെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ആരംഭിക്കുന്നു. എഴുതാന്‍ പഠിക്കുന്നത്, ഏതൊരു വ്യക്തിയെയും സംബന്ധിച്ചേടത്തോളം, ആധുനികകാലത്ത് ജനാധിപത്യക്രമങ്ങളിലെ ഭരണാധികാരത്തില്‍ പങ്കുപറ്റാനുള്ള ആദ്യത്തെ ചവിട്ടുപടിയായിമാറുന്നു. എഴുത്തറിയാവുന്നവര്‍ക്ക് കാര്യങ്ങള്‍ അറിയാനും സ്വന്തം കാര്യം പറയാനും അത് മറുള്ളവരെ ബോധ്യപ്പെടുത്താനും അങ്ങിനെ തങ്ങളുടെ അതിജീവനം ഉറപ്പാക്കാനും സ്വയമേവ കഴിയുന്നു. സ്വന്തമായ എഴുത്തുരീതികള്‍ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും ആകാത്തത്കൊണ്ട് ആധുനികകാലത്ത് ദുരിതപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന കേരളത്തിലെ ആദിവാസികളെയും അടുത്തകാലത്ത് (1925) ഇഛാശക്തിയോടെ സ്വന്തമായി ഒരു ലിപിവ്യവസ്ഥ സൃഷ്ടിച്ച് അതില്‍ സ്വന്തമായ സാഹിത്യം വരെ വികസിപ്പിച്ചെടുത്ത സന്താള്‍ വര്ഗ്ഗക്കാരുടെയും (ബംഗാള്‍ ജാര്‍ഖണ്ട് ഒഡിഷ പ്രദേശങ്ങളിലെ) ചിത്രങ്ങള്‍ ഒരേ കടലാസിന്റെ രണ്ടു വ്യത്യസ്തപുറങ്ങളില്‍ നമുക്ക് കാണാനാകുംവിധം നമ്മെ നോക്കി നില്‍പ്പുണ്ട്; ഒന്ന് ദൈന്യതയോടെയാനെങ്കില്‍ മറ്റേത് അഭിമാനത്തോടെയാണെന്നു മാത്രം.

അങ്ങിനെ സമൂഹശ്രേണിയില്‍ ഒരേസമയം താഴെനിന്നു മുകളിലോട്ടും തിരികെ താഴോട്ടും മര്‍ദ്ദ-പ്രതിമര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭാഷകളും ലിപികളും മനുഷ്യചരിത്രത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു.

എന്തായാലും എഴുത്തറിയുക എന്നതുതന്നെയാണ് എക്കാലത്തും പ്രധാനകാര്യം

· കടപ്പാട് : ലിപികളും മാനവസംസ്കാരവും, കേരള ഭാഷാ ഗവേഷണ പഠനം
ചിത്രങ്ങൾ : ഗൂഗിൾ

LEAVE A REPLY

Please enter your comment!
Please enter your name here