അറിയുക! അപായത്തിൻ സാക്ഷ്യം!!! – കവിത – രഘുനാഥൻ കതിരൂര്‍

0
252

അക്ഷരസാരസ്വതക്ഷേത്രമെന്നു ഭാഷ്യം
അക്ഷയജ്ഞാനമനീഷികളെന്നല്ലോ നാട്യം!
രക്ഷയില്ലിവിടതിജീവനമസാദ്ധ്യം
അക്ഷരവൈരീതാണ്ഡവമേ സാക്ഷ്യം!

മൂർച്ചകൂട്ടുന്നു വടിവാളുകൾ നിത്യം
തീർച്ച;കരുതണമൊരുകുരുതീമുഹൂർത്തം!
അർച്ചനയ്ക്കേതുനരനിരയായ് ഭവിക്കുമോ
മൂർച്ഛിപ്പതേതുമാതൃഹൃദന്തമോ?

പതുങ്ങും പുലിപോലെ പൊന്തയിൽ
രുധിരപങ്കിലമാം വടിവാളുകൾ!
ചതിയായ്, ചാവേറായ്ച്ചേറിൽ‐
ച്ചിതറും ചരിത്രത്താളുകൾ സാക്ഷ്യം!!

മുറിവേറ്റ ഭൂമിക പിടയും സമസ്തവു‐
മൊടുങ്ങും സുനാമീകമ്പനം സാക്ഷ്യം!
വരണ്ടുവാപിളർന്ന വയലേലകൾ സാക്ഷ്യം
വനവഹ്നീനാളതാണ്ഡവം സാക്ഷ്യം!

ജീവനും ജീവന്റെ താരാട്ടുതൊട്ടിലും
ജീവാധാരമായ് പഞ്ചഭൂതങ്ങളും
ജീവിച്ചുകൊതിതീരാദാസ്വാദനത്തിനായ്
ജനിതകേ പഞ്ചേന്ദ്രിയങ്ങൾ നിരന്നതും

വൈവിദ്ധ്യസൗന്ദര്യദർശനപുണ്യവും
വൈരുദ്ധ്യസംഘർഷ സൃഷ്ട്യുന്മുഖത്വവും
വൈരനിര്യാതനഭാവേനവേണമീ‐
വൈതരണീതരണമെന്നു സാക്ഷ്യം!

സൂര്യതപത്തിന്റെ ഹൃദ്യതമാറുന്നു
സൂര്യാഘാതമായ് മാരകമാവുന്നു
ശാരദം കൈവിട്ട വാനത്തിൻ ഭാഷ്യം
വേറിട്ടറിയുകപായത്തിൻ ഭാഷ്യം!!!

വിലപേശി ജനവിധി ചൂതാടി നേടും
കൊലയാളി മുടിചൂടാമന്നനായ് വാഴും
ദൈവങ്ങൾ ശ്രീകോവിൽ കൈവിട്ടിറങ്ങും
കൈതവം പൂജയ്ക്ക് വിഗ്രഹം തീർക്കും

തോക്കിന്മുനയിലധർമ്മം വിരട്ടും
തോല്ക്കരുതതിജീവനത്തിനായ് പോലും
ധർമ്മത്തിൻ കർമ്മമേ പോരാട്ടമാവണം
നർമ്മമരുതല്ലോ നാടെരിഞ്ഞീടവേ!

LEAVE A REPLY

Please enter your comment!
Please enter your name here