മറവി – കഥ – അളക അക്കു

0
975

രാത്രി ഉറങ്ങാൻ പറ്റാത്തതോണ്ട് രാവിലെ ബോധമില്ലാതെ ഉറങ്ങിപോയി അവൾ….
ഉറക്കം തെളിഞ്ഞ് എണീറ്റുനോക്കുമ്പോൾ അടുത്ത് കിടന്നുറങ്ങിയ അമ്മയെ കാണുന്നില്ല!!
ചാടിപിടഞ്ഞു എണീറ്റ് റൂമുകളിൽ തിരഞ്ഞു…പിന്നാമ്പുറത്ത് മുറ്റമടിക്കുന്നുണ്ടോ നോക്കി..കിണറിന്റെ കരയിൽ കണ്ടില്ല… കോഴിക്കൂടിനടുത്ത് അമ്മയില്ല…
മുറ്റത്തിറങ്ങി അവൾ നാലുപാടും നോക്കി…
താഴേക്ക്‌ വിളിച്ചുചോദിച്ചു “ചെറ്യേമ്മ.. അമ്മ അങ്ങട് വന്നിണ്ടോ…”
ഇല്ലെടി എവ്ടെക്ക പോയത്‌… “മാനുന്റോടെ പോയിണ്ടാകും ഞാൻ ഇപ്പൊ മുറുക്കാൻ കൊടുക്കാത്തൊണ്ട് അങ്ങട് പോയിണ്ടാകും ഇയ്യ് പേടിക്കണ്ട….”
“ന്റെ ഈശ്വരാ ഈ അമ്മ എവിടെപോയി ഞാൻ എവടെ പോയി നോക്കാന…”
“എന്താ ഇവടെ… എല്ലാരും എന്താ പുറത്തിറങ്ങി നിക്കണേ…”
അവളുടെ ചേട്ടന്റെ മകനാണ് ഉണ്ണി മദ്രാസിൽ പഠിക്കുന്നു മാസത്തിലെ നാട്ടിൽ വരൂ…
“എടാ ഉണ്ണ്യേ അച്ഛമ്മേനെ കാണല്ല്യട… ഇയ്യൊന്നു വന്നേ ന്റെ കൂടെ…”

“പിന്നേം പോയോ…!!”

താഴത്തെ റോഡിൽ എത്തിയപ്പോഴാണ് ബഹളം കേൾക്കുന്നത്
“ന്നെ വിടടാ…ന്റെ കുട്ട്യോള് ഓര്ടെ അച്ഛന്റെ കൂടെ പാടത്തിക്ക് പോയിണ്ടല്ലോ ഈശ്വരാ…ഇക്കു അങ്ങട് പോണം…
മണിയേട്ടൻ അമ്മയെ പിടിച്ചു വച്ചിരിക്കാണ്
കുളിക്കാൻ പോവുമ്പഴാ കണ്ടത് അമ്മ ഇറങ്ങി ഓടണത്…സൂക്ഷികണം കുട്ട്യേ ഇങ്ങനൊരു അവസ്ഥ ആയതോണ്ട്….
“ഒന്നിന്റെ കണ്ണ് തെറ്റിയൊള്ളൂ മണ്യേട്ടാ…ന്റെ നെഞ്ച് കത്തി കാണാണ്ടായപ്പോ…
ഉണ്ണിയും അവളും കൂടി അമ്മയേം കൂട്ടി വീട്ടിലേക്ക് വന്നു…അമ്മയെ തിണ്ണയിൽ ഇരുത്തി..
വരുന്ന വഴിക്ക് അമ്മ ഒരുപാട് വാശിപിടിച്ചു തല്ലി വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു…
വീട്ടിലെത്തിയിട്ടും അമ്മ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു….”മഴവരണ്ടല്ലോ ഈശ്വരാ ന്നെ പോവാനും സമ്മതിക്കാണില്ലലോ…”
എന്നിട്ട് അവളെ തറപ്പിച്ചൊന്നു നോക്കി കണ്ണ് തുടച്ചു..
അവളുടെ ഉള്ള് പിടക്കുകയാണ് ഓരോ ദിവസം ചെല്ലുംതോറും അമ്മയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്….
ഇപ്പൊ കണ്ണ് തെറ്റിയാൽ ഇറങ്ങി പോകും

അമ്മയെ അങ്ങനെ നോക്കി ഇരിക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി…ഒരുവര്ഷം മുന്നേ ഒരു ഞായറാഴ്ച അമ്മയുടെ കൂട്ടുകാരി നാട്ടിലേക്കു തിരിച്ചു വന്നിരുന്നു…അവരുടെ മക്കളുടെ കൂടെ അവൾ എത്ര ഓടിക്കളിച്ചിട്ടുണ്ട് എന്നിട്ടും കണ്ട ഓർമ്മപോലും കിട്ടിയില്ല….
അമ്മിണ്യേ…വിളിച്ചു അമ്മ ഓടിച്ചെന്നു കെട്ടിപിടിച്ചു….അപ്പോഴാണ് അവൾക്കും ഓര്മവരുന്നത്….!!
പഴയ കഥകളൊക്കെ ഓരോന്നായി ഓർത്തു പറഞ്ഞു ചിരിച്ചാണ് അമ്മ കൂട്ടുകാരിയെ യാത്രയാക്കിയത്..
ആ അമ്മയാണിപ്പോൾ അടുത്തിരിക്കുന്നത് സ്വന്തം മകളാണെന്ന്‌ പോലും ഓർത്തെടുക്കാനാകാതെ….

അമ്മയുടെ ഓർമ്മകൾ ഒരുപാട് കാലം പിറകിലോട്ട് പോയിരിക്കുന്നു ആ ഓർമകളിൽ ചേട്ടന്മാർ ചെറിയ കുട്ടികളും ഓടിക്കളിക്കുന്ന പ്രായത്തിലും ആണ്….അവൾ ജനിച്ചിട്ടുപോലും ഇല്ല….
പാടത്ത് പണിക്കുപോയ അച്ഛന്റെ കൂടെ തിരിച്ചുവരുന്ന അവരേം കാത്താണ് അമ്മ ഇരിക്കുന്നത്…..

ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഡോക്ടറെ കാണിച്ചതാണ്…..”അൽഷിമേഴ്‌സ്” ആണ് വയസ്സായവരിൽ കണ്ടുവരുന്ന രോഗാവസ്ഥ….
പണ്ടത്തെ ഓർമകളിൽ അമ്മ ജീവിക്കുന്നു ചില സമയങ്ങളിൽ അമ്മ കൊച്ചുകുട്ടികളെ പോലെ വാശിപിടിക്കും ഭക്ഷണം വാരിക്കൊടുത്തും കുളിപ്പിച്ചും അവൾ പരിചരിച്ചു….
രാത്രികളിൽ അമ്മ ചേട്ടന്മാരെ ചേർത്തുപിടിക്കുന്ന പോലെ സ്വപ്നം കണ്ടുറങ്ങി….ഇടക്ക് അടിയും ചീത്തയും കൊണ്ടു “നീ ആരടി എന്നെ പിടിക്കാൻ എനിക്കെന്റെ മക്കളേം കെട്ടിയോനേം കാണണം……”

അതേ വർഷങ്ങൾക്ക് മുന്നേ മരിച്ചുപോയ ഭർത്താവും രോഗം വന്നിട്ടുപോലും തിരിഞ്ഞ് നോക്കാത്ത മക്കളും…..
അന്ന് രാത്രിയും അമ്മ വാശിപിടിച്ചു കരഞ്ഞു ചേർത്തുപിടിച്ചവൾ ആശ്വസിപ്പിച്ചു അവളെ കെട്ടിപിടിച്ചു അമ്മ ഉറങ്ങി ഒരിക്കലും ഉണരാത്ത ഉറക്കം……

പിറ്റേന്ന് എല്ലാവരും എത്തി ചേട്ടന്മാർ ചേട്ടത്തിമാർ…..എല്ലാവരും നെഞ്ചത്തടിച്ച് കരഞ്ഞു അവര്ക്കൊന്നും മറവി വന്നിട്ടില്ല എന്ന് അവൾ അപ്പോഴാണ് തിരിച്ചറിഞ്ഞത്…..!!

ആളുകൾ ഒഴിഞ്ഞു അമ്മയുടെ മുറി….വസ്ത്രങ്ങൾ,ചോറുകൊടുത്ത പത്രങ്ങൾ കാച്ചിയ വെളിച്ചെണ്ണയുടെ മണമുള്ള തലയിണ….മുറുക്കാൻ ചെല്ലം…തനിക്കും മറവി പിടിപെട്ടിരുന്നെങ്കിൽ…..അമ്മയുള്ള ഓര്മകളിലേക്ക് തിരിച്ചു പോകാമായിരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here