സമാന്തരരേഖകൾ – കഥ – അനു ബാബു

1
833

ഒരു തിര കടലിൽ നിന്നും അലസതയോടെ കയറി വന്നു.
അതേ ആലസ്യത്തോടെ മടങ്ങി പോവുകയും ചെയ്തു.
മണൽപ്പുറത്തെ കോൺക്രീറ്റ് ബെഞ്ചിൽ ചാരി ഇരിയ്ക്കുമ്പോൾ പ്രവീൺ അസ്വസ്ഥതയോടെ വാച്ചിൽ നോക്കി. സമയം വെറുതെ പോവുകയാണ്.
അരികിലിരിയ്ക്കുന്ന അച്ഛന്റെ മുഖം അയാളിൽ ധർമ്മസങ്കടമുണർത്തി. പക്ഷെ എപ്പോഴുമെന്ന പോൽ ‘ബീ പ്രാക്ടിക്കൽ’ എന്ന് പ്രവീൺ ഉരുവിട്ടു. ശരണാലയത്തെക്കുറിച്ച് വൈമനസ്യത്തോടെ അവതരിപ്പിക്കുമ്പോൾ അച്ഛൻ നടുങ്ങുമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ വളരെ വൈകി കൈപ്പറ്റിയ ഒരുത്തരക്കടലാസിലെ, പ്രതീക്ഷിച്ചിരുന്ന അതേ മാർക്കിലേക്കു നോക്കുന്ന ഒരു കുട്ടിയുടെ ഭാവമേ ആ റിട്ടയേഡ് അദ്ധ്യാപകന്റെ മുഖത്തുണ്ടായിരുന്നുള്ളു.

‘നോക്ക് പ്രവീൺ അച്ഛന് വയസ് എഴുപത് കഴിഞ്ഞു. ഇതുവരെ അസുഖങ്ങളൊന്നുമില്ല. അതെങ്ങനെയാ അത്ര വലിയ ചിട്ടയിലല്ലേ ജീവിതം. അമ്മയുള്ളപ്പോൾ എല്ലാം നോക്കീം കണ്ടും ചെയ്തോളും. ഇപ്പോൾ അതല്ലല്ലോ അവസ്ഥ. കാലം മുഴുവൻ ഞാൻ അച്ഛനെ ശുശ്രൂക്ഷിച്ചു കഴിയണോ. ? ഒരു കാര്യം ക്ലിയറായി പറയാം. എനിക്ക് നോക്കാൻ പ്രവീണിന്റെയും നമ്മുടെ മക്കളുടെയും കാര്യങ്ങളുണ്ട്. അച്ഛന് ചിട്ടപ്പടി കാര്യങ്ങൾ നടത്തണമെങ്കിൽ ഒരു കല്ല്യാണം കൂടി കഴിക്കട്ടെ. അതിനി അച്ഛനോ, മോനോ…. ആരായാലും എനിക്ക് വിരോധമില്ല. ‘

ശ്രുതി ദേഷ്യമടക്കിയാണ് പറഞ്ഞതെങ്കിലും വാക്കുകളുടെ മൂർച്ച പ്രവീണിനെ തകർക്കാൻ വിധം ശക്തിയുള്ളതായിരുന്നു.
പ്രവീണിന്റെ അമ്മ ലീലാമണി മരിച്ച് ഒരു മാസം കഴിയും മുൻപ് – രാവിലത്തെ മാഷിന്റെ പതിവ് ‘കഞ്ഞിയും പയറും’ തെറ്റിയ ദിവസമായിരുന്നു അത്. പ്രഭാകരൻ മാഷ് ചന്ദ്രഹാസമിളക്കി.
ശ്രുതി കൊണ്ടുവെച്ച ഇഡ്ഢലിയും സാമ്പാറും അയാൾ വലിച്ചെറിഞ്ഞില്ല എന്നേയുള്ളു.
ആ വഴക്കോടെ കാര്യങ്ങൾ തനിക്ക് അനുകൂലമാക്കിയെടുക്കാമെന്ന് പ്രഭാകരൻ വിചാരിച്ചു. അങ്ങനെയായിരുന്നു അത്രയും നാളത്തെ പതിവ്.
ഒന്നൊച്ചയുയർത്തിയാൽ ഏത് അന്യായത്തിനും ലീലാമണി നിശ്ശബ്ദയായി വഴങ്ങിയിരുന്നു.
ശ്രുതി പക്ഷേ, മേലിൽ അമ്മായിയച്ഛന് പ്രത്യേകമായി ഒരാനുകൂല്യവും നല്കുന്നില്ല എന്ന തീരുമാനത്തിൽ എത്തുകയാണ് ഉണ്ടായത്.
അതോടെ കാര്യങ്ങൾ വഷളായി.

പ്രവീണിനാവട്ടെ എന്നും, എല്ലാവരേയും ഭയമായിരുന്നു.
അച്ഛന്റെ ശിക്ഷണത്തിൽ അയാൾ ഭീരുവും, ആത്മവിശ്വാസം നശിച്ചവനുമായാണ് വളർന്നു വന്നത്. അതേ വിധേയത്വം തന്നെ അയാൾ ഭാര്യയോടും പുലർത്തിയതോടെ, പ്രഭാകരൻ മാഷിന്റെ പതിറ്റാണ്ടുകൾ നീണ്ട ദു:ശ്ശാട്യങ്ങൾക്ക് അറുതിയായി. മൂന്നു മാസങ്ങൾക്കപ്പുറം ഒരു വീഴ്ചയിൽ വലതുകാലസ്ഥി പൊട്ടുക കൂടി ചെയ്തതോടെ ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് അച്ഛനെ മാറ്റണമെന്ന് ശ്രുതി കർശനമായി പറഞ്ഞു.
അതിനുള്ള ഏർപ്പാടുകൾ അവൾ തന്നെ ചെയ്തു വെയ്ക്കുകയും ചെയ്തു.

‘നിനക്കറിയില്ലേ ന്യൂട്ടന്റെ മൂന്നാം ചലനതത്വം..? ‘

ഒരു ഫിസിക്സ് ക്ലാസിലെന്ന പോലെ സാധാരണ മട്ടിലാണ് പ്രഭാകരന്റെ ചോദ്യം.

‘നമ്മുടെയൊക്കെ ജീവിതഗതിയിലും ആ തത്വം ആപ്ലിക്കബിളാണ്. കർമ്മഫലം.. എന്നായാലും ബൂമറാംഗ് പോലെ തിരികെ വരും .’

കടൽക്കാറ്റിൽ മുറിയാതെ, ഒരദ്ധ്യാപകന് ചേർന്ന സ്വരശുദ്ധിയോടെ പ്രഭാകരൻ മാഷ് സംസാരിച്ചു തുടങ്ങി.

‘നമ്മുടെ ശീലങ്ങൾ, ജീവിതക്രമങ്ങൾ, ഭക്ഷണം, അലക്കിത്തേച്ച വസ്ത്രങ്ങൾ, വൃത്തി, വെടിപ്പ്… ഒക്കെ ഒരവകാശമായി കണ്ട് ഇക്കാലമത്രയും അനുഭവിച്ചു പോന്നു.’

വേണ്ടത്ര വെണ്മയില്ലാത്ത, പശമുക്കാത്ത, ചുളിവുകൾ തെളിഞ്ഞ ഷർട്ടിന്റെ കോളറിൽ വിരലോടിച്ചു കൊണ്ട് മാഷ് മകനെ നോക്കി.

‘നിനക്ക് ഓർമ്മയില്ലേ.. ലീലാമണിയുടെ മുൻവരിയിലെ രണ്ട് പല്ലുകൾക്ക് കറുപ്പു നിറമായിരുന്നു.’

പ്രവീണിന് അത് അറിയാവുന്നതാണ്. അമ്മയുമൊത്തുള്ള ബാല്യത്തിന്റെ സ്വകാര്യതകളിൽ പലപ്പോഴും അവന്റെ കൊച്ചു വായിൽ നിന്ന് ‘പുയുപ്പല്ലീ… ‘ വിളികൾ ഉയർന്നിട്ടുണ്ട്.
വളർന്നപ്പോൾ പല സദസുകളിലും അമ്മയുടെ കറുത്ത പല്ല് അവനിൽ അപകർഷത നിറച്ചിട്ടുണ്ട്.

‘ഞാൻ കൈ ചുരുട്ടി ഇടിച്ചതാണ്. അലക്കി തേച്ച് കൊണ്ടുവന്ന ഷർട്ടിന്റെ കോളറിൽ അഴുക്കിളകാതെ കണ്ടതിന്റെ ദേഷ്യം. അങ്ങനെ എത്രയോ തവണ. ചോറിന് ചൂടു കുറഞ്ഞാൽ, ഒരു മുടിയിഴ കിട്ടിയാൽ, കാപ്പിയുടെ പാകം തെറ്റിയാൽ, കറിക്ക് ഉപ്പു കൂടിയാൽ… കൈ വീശിയടിക്കും, കൈമുട്ട് ചുരുട്ടിയിടിക്കും, കാല്പ്പത്തികൾ മടികൂടാതെ അടിവയറിലേക്ക് ചവിട്ടിയിറക്കും.
എന്റെ പാകത്തിനും രുചിക്കും വേണ്ടിയാണ് അവളുടെ ജന്മം. അങ്ങനെയേ എക്കാലത്തും വിചാരിച്ചിട്ടുള്ളു.’

പ്രവീണിന് ഓർമ്മയുണ്ട് മാതൃകാദ്ധ്യാപകനായ അച്ഛന്റെ വീട്ടിലെ ഇരുണ്ട മുഖം.
സ്വഭാവത്തിലെ ശാന്തതയും സൗമ്യതയും മുഖം മൂടി മാത്രമാണ്.
അതിൽ തന്നെ അവനറിയാത്തത് പലതുമുണ്ട് !.

പ്രവീണിന് താഴെ പാറുക്കുട്ടി എന്ന വിളിപ്പേരിൽ ഒരു മകൾ കൂടിയുണ്ടായിരുന്നു.
ലീലാമണിക്ക് പെൺകുഞ്ഞുങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു.
മൂന്നാം വയസ്സിൽ സന്നിയിളകി പാറുക്കുട്ടി മരിച്ചത് അവർക്ക് തീരാവേദനയായി.

ആ കുഞ്ഞ് മരിച്ചതോടെ വീണ്ടും ഒരു കുട്ടി കൂടി വേണമെന്ന് ലീലാമണി ആഗ്രഹിച്ചു.
ഒരു പെൺകുഞ്ഞ്.
അകാലത്തിൽ വിട്ടു പോയ മകൾ വീണ്ടും തന്റെ ഗർഭപാത്രത്തിൽ വന്നു പിറക്കുമെന്ന് അവർ മോഹിച്ചു.
ഒരിക്കൽ സ്വകാര്യമായി തന്റെ ഏറ്റവും വലിയ ആഗ്രഹം അവർ ഭർത്താവിനോട് സൂചിപ്പിച്ചു.
പ്രവീണിന് ഏഴു വയസ് കഴിഞ്ഞ സമയമാണ്.
പ്രഭാകരന്റെ മനസ്സിലൂടെ പക്ഷേ മറ്റ് ചില കണക്കുകൂട്ടലുകളാണ് കടന്നു പോയത്. വീണ്ടുമൊരു ഗർഭകാലം.
ശുശ്രൂക്ഷകൾ.
മുടങ്ങിപ്പോകുന്ന പല സൗകര്യങ്ങൾ. അതൊന്നും സഹിക്കാൻ വയ്യ.

‘ വേണ്ട. ഒരാൺകുട്ടിയല്ലേയുള്ളത്. തറവാട് അന്യം നിന്ന് പോവാതിരിക്കാൻ അവൻ മതി.’

ലീലാമണി, നെഞ്ചിലൊരു വാൾമുനക്കുത്തേറ്റ പിടച്ചിലോടെയാണ് തന്നെ നോക്കിയത് എന്നയാൾ ഓർത്തു. അവരുടെ കണ്ണുകളിൽ ഈറൻ പൊടിഞ്ഞു വന്നു.

‘തലയ്ക്കും കാല്ക്കലും പിടിക്കാനാണെങ്കിലും ഒരാൾ കൂടി വേണ്ടേ.. അപ്പൂന് കൂട്ടിന് ഒരാൾ.. പാറൂട്ടി തന്നെ ഇനീം പിറക്കും ന്ന് എന്റെ മനസ്സ് പറയുന്നുണ്ട്.’

‘വേണ്ട. പോയത് പോയീന്ന് കരുത്. അത്രേ വിധിച്ചിട്ടൊള്ളു.’

തീർപ്പു കല്പിക്കും പോലെ അയാൾ പറഞ്ഞു.
ഒരു നിമിഷം കഴിഞ്ഞപ്പോൾ തളത്തിലെ തണുത്ത വായുവിലേക്ക് പൊള്ളുന്ന ഒരു നിശ്വാസം അടർന്നു വീണു. അത്രേയുണ്ടായിരുന്നൊള്ളു പ്രതിഷേധം.
ആ വേദന പക്ഷെ ലീലാമണി അവസാനകാലം വരെ കൊണ്ടു നടന്നിരുന്നു.
പാറൂട്ടിയുടെ കുഴിമാടത്തിൽ വച്ച തെങ്ങിന് അവൾ എന്നും വെള്ളമൊഴിച്ചിരുന്നു.
സായാഹ്നങ്ങളിൽ അതിന്റെ തായ്‌ത്തടിയിൽ ചാരി, ചക്രവാള സീമകളിലേക്ക് നോക്കി നിന്ന് നിശ്വാസങ്ങൾ പൊഴിച്ചിരുന്നു.

ജീവിച്ചിരിക്കെ, ഒരിക്കൽ പോലും, പ്രഭാകരൻ മാഷിന്റെ ഒരു കാര്യത്തിലും ലീലാമണി വീഴ്ച വരുത്തിയിരുന്നില്ല. രാവിലെ അഞ്ചു മണിക്ക് ഒരു നുള്ള് ചുക്കുപൊടി ചേർത്ത കടുംകാപ്പി, ആറരയ്ക്ക് കുളിക്കാൻ ചൂടുവെള്ളം, ഏഴരയ്ക്ക് ആവിയിൽ വേവിച്ച പ്രാതൽ, സ്കൂളിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ സമൃദ്ധമായ വിഭവങ്ങൾ നിറച്ച തൂക്കുപാത്രവും തൂശനിലയും, നാലുമണിക്ക് ഇലയടയോ, കൊഴുക്കട്ടയൊ സമൃദ്ധമായി പാലൊഴിച്ച കാപ്പിക്കൊപ്പം, ഏഴരയ്ക്ക് അത്താഴം. ഭാര്യാധർമ്മം ഇത്തരത്തിൽ കൃത്യമായി അനുഷ്ഠിക്കപ്പെട്ടു.

ആഴ്ചയിൽ ഒരിക്കലോ, രണ്ടുവട്ടമോ ആചരിക്കുന്ന ദാമ്പത്യം.
ഓണത്തിനും വിഷുവിനും പുതിയ കോടി. വർഷത്തിൽ ഒരിക്കൽ – മിക്കവാറും മധ്യവേനൽ അവധിക്കാലത്ത് ചിങ്ങവനത്തെ ഭാര്യാഗൃഹത്തിലേക്ക് രണ്ടുദിവസത്തെ സന്ദർശനം. ഭർത്തൃധർമ്മവും കൃത്യമായി ആചരിക്കപ്പെട്ടു.
മുറതെറ്റാതെ, ചിട്ടതെറ്റാതെ ജീവിതക്രമം നടന്നു പോയത് തന്റെ മിടുക്കു കൊണ്ടാണെന്ന് അഹന്ത പൂണ്ടിരുന്നു. അനുഭവിച്ചു പോന്നിരുന്നതെല്ലാം അവകാശങ്ങളായേ ഗണിച്ചിരുന്നൊള്ളു.

ആശുപത്രിമുറിയിൽ, അവസാന കാഴ്ചയ്ക്കായി ലീലാമണിയെ സമീപിക്കുമ്പോൾ തനിക്ക് അല്പം അസ്വസ്ഥത തോന്നിയിരുന്നു എന്ന് പ്രഭാകരൻ മാഷ് അന്യമനസ്കനായി ചിന്തിച്ചു.
ഉച്ചയ്ക്ക് ചോറു വിളമ്പാൻ പാത്രവുമായി വരുമ്പോഴായിരുന്നു ലീലാമണി കുഴഞ്ഞ് വീണത്.
ഇലയിൽ വിളമ്പേണ്ട തുമ്പപ്പൂച്ചോറ് തറയിൽ ചിതറിത്തെറിച്ചു.
അച്ചാറിൽ നിന്ന് നീണ്ട ഒരു വെള്ളുള്ളി കഷണം നാവിൽ വെച്ച് നുണഞ്ഞ് ഊണു കഴിയ്ക്കാൻ തയ്യാറായിരുന്ന മാഷ് വെപ്രാളപ്പെട്ട് എഴുന്നേറ്റു വന്നു.
വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചതേ ഐ.സി.യുവിലേക്ക് കയറ്റി.
ഒരു മണിക്കൂറിനുള്ളിൽ ലീലാമണി മരിച്ചു. അവസാന കാഴ്ചയാണെന്ന് അറിയാതെ പ്രഭാകരൻ ഊണു മുടങ്ങിയ ഈർഷ്യയോടെയാണ് ഭാര്യയെ നോക്കിയത്.
ഊണു മുടക്കിയ കുറ്റബോധത്തോടെ ഭാര്യ ഭർത്താവിനെയും നോക്കി. ലീലാമണി വിറയ്ക്കുന്ന കൈത്തലമുയർത്തി ഭർത്താവിനെ ഒന്നു തൊട്ടു.
ജീവിതത്തിൽ ആദ്യമായാണ് സ്വന്തം ഇഷ്ടപ്രകാരം അവർ അയാളെ സ്പർശിക്കുന്നത് എന്ന് തോന്നി.

‘ഇനി.. ഞാനില്ല. ക്ഷമിക്കണം, സഹിക്കണം, ശീലായ്മകളോട് ഇണങ്ങണം.’

അവസാന വാക്കുകൾ!
അപ്പോൾ അതിന്റെ അർത്ഥം പ്രഭാകരന് മനസ്സിലായില്ല.
ഇപ്പോൾ മറ്റാരേക്കാളും അയാൾ അത് മനസ്സിലാക്കുന്നു.
താനാണ് ആദ്യം മരിക്കുന്നതെങ്കിൽ ഭാര്യ നരകം അനുഭവിച്ചേക്കുമെന്ന് അയാൾ അഹങ്കാരത്തോടെ ചിന്തിച്ചിരുന്നു. ലീലാമണിയെന്ന അസ്തിത്വത്തിന് പ്രത്യേകതകളൊന്നുമില്ല.
അവരുടെ ചിത കത്തുമ്പോൾ മഴ പെയ്തു.
രാത്രിയിൽ ഇടിവാൾ വീണ് ചുടല തെങ്ങിന്റെ മണ്ട കരിഞ്ഞു പോയി.

ലീലാമണി എന്നൊരു സ്ത്രീ മാഞ്ഞു പോയപ്പോൾ വേറൊന്നും സംഭവിച്ചില്ല. പക്ഷേ.. ഒരാൾ ജന്മം വച്ചൊഴിയുമ്പോഴും ചിലതൊക്കെ ബാക്കി നില്ക്കുമെന്ന് ക്രമേണ മനസ്സിലായി.
പിന്നീട് വന്ന ചില തണുത്ത രാത്രികളിൽ
പ്രഭാകരന് ഭാര്യയെ ഒരിക്കൽ കൂടി കാണണം എന്ന് തോന്നി.
അവളുടെ അരികിലേക്ക് ചെല്ലണം. പറയാതെ പോയ എല്ലാ വർത്തമാനങ്ങളും പറഞ്ഞു തീർക്കണം. മനസ്സുകൊണ്ടെങ്കിലും മാപ്പ് പറയണം. ഈ ജന്മം അത് സാദ്ധ്യമാകില്ല എന്ന തിരിച്ചറിവിൽ അയാൾ തലയിണയിൽ മുഖമമർത്തി തേങ്ങി.

‘സ്നേഹം കൊടുക്കുന്നിടത്തേ അവകാശപ്പെടാൻ അർഹതയുള്ളു. അവൾ എനിക്കു തന്നതൊന്നും എന്റെ അവകാശമായിരുന്നില്ല. അവളുടെ – നിന്റെ അമ്മയുടെ ഔദാര്യമായിരുന്നു. അവൾ പോയതോടെ ആ ഔദാര്യങ്ങളും അവസാനിച്ചു..’

പ്രഭാകരൻ മാഷ് തണുത്ത ശബ്ദത്തിൽ പറയുമ്പോൾ പ്രവീൺ വാച്ചിലേക്ക് നോക്കി.
അഞ്ചു മണിക്ക് മുൻപ് മടങ്ങി എത്തണമെന്നാണ് ശ്രുതി പറഞ്ഞേല്പിച്ചിരിക്കുന്നത്.
അവൾക്ക് പുറത്തു പോകേണ്ടതാണ്.
പ്രഭാകരൻ പക്ഷേ ഓർമ്മകളുടെ തടവിലായിരുന്നു.
ഒരുതരം പ്രവചന സ്വഭാവമുള്ള സ്വരത്തിൽ അയാൾ പറഞ്ഞു.

‘വിതച്ചത് കൊയ്തെടുക്കണം. അതാണ് ലോകനിയമം. ചിട്ടകൾക്കും ടൈംടേബിളുകൾക്കുമപ്പുറം മറ്റൊന്നുമില്ല എന്ന് ഞാൻ കരുതി. എപ്പോഴും ബീ പ്രാക്ടിക്കൽ എന്ന് മനസ്സിൽ ഉരുവിട്ടു. എനിക്ക് ലാഭം നല്കുന്നതല്ലാത്ത ഒന്നിനെയും മൂല്യമുള്ളതായി കണക്കാക്കിയിട്ടില്ല. പക്ഷെ ഇന്ന് പെൻഷൻ കാശിനപ്പുറം മറ്റൊരു മൂല്യവും എനിക്കില്ലാതെയായപ്പോൾ .. അപ്പോഴെ മനസ്സിലാകുന്നുള്ളു പിന്നിൽ ഉപേക്ഷിച്ചു കളഞ്ഞ പലതിന്റെയും വില.. ‘

പ്രവീൺ അച്ഛന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

‘ഞാൻ ചെയ്തതിന്റെ ഫലം എനിക്ക്. നീ ചെയ്യുന്നതിന്റെ ഫലം നിനക്ക്. എല്ലാ പ്രവർത്തികൾക്കും തത്തുല്യമായ ഒരു പ്രതിപ്രവർത്തനം കൂടിയുണ്ടാവും – For every action there is an equal and opposite reaction…. ‘

പ്രഭാകരൻ ഉന്മാദിതനെ പോൽ ചിരിച്ചു. പ്രവീണിന്റെ തലച്ചോറിലൂടെ ഒരു മിന്നൽ പാഞ്ഞു.
ചിന്തകളുടെ സിരാധമനികളിൽ ഉഷ്ണപ്രവാഹം.
തിരിച്ചറിവിന്റെ വെളിച്ചം അവന്റെ ചേതനയെ വിറകൊളളിച്ചു.
ഒരാവേശത്തിൽ അയാൾ പ്രഭാകരന്റെ വിരലുകളെ മുറുകെ പിടിച്ചു.

‘അച്ഛൻ പോകണ്ട. പോകാൻ ഞാൻ സമ്മതിക്കില്ല.’

അച്ഛൻ മകനെ സൂക്ഷിച്ചു നോക്കി.
പിന്നെ ജീവിതത്തിൽ ആദ്യമായെന്ന പോലെ നിറഞ്ഞ സ്നേഹത്തോടെ അവന്റെ ശിരസിൽ തഴുകി.
പ്രവീണിന്റെ മുഖത്തൊരു പുനരാലോചന മിന്നി.

‘ഞാൻ ശ്രുതിയോടൊന്നു സംസാരിക്കട്ടെ. ചിലപ്പോൾ .. ചിലപ്പോൾ, എനിക്ക് അച്ഛനെ സംരക്ഷിക്കാൻ കഴിഞ്ഞേക്കും…. ‘

അവന്റെ ‘ചിലപ്പോൾ ‘ എന്ന വാക്ക് സൂചിമുനയൊടിഞ്ഞതുപോൽ പ്രഭാകരന്റെ മനസ്സിൽ ഒരുനിമിഷം കിടന്നു തിളങ്ങി.
ഇനിയൊരിക്കൽ കൂടി ഔദാര്യം പറ്റുക…!
മാഷ് കൈകൾ പിൻവലിച്ചു.
അയാൾക്ക് ലീലാമണിയുടെ അരികിലേക്ക് പോകണമെന്ന് ഒരു വെമ്പലുണ്ടായി.
പ്രവീണിന് അച്ഛനെ ശരണാലയത്തിൽ ആക്കാനോ, അവിടെ കിടന്ന് നരകിച്ച് മരിക്കാൻ അനുവദിക്കാനോ മനസ്സ് വന്നില്ല.
പക്ഷേ ശ്രുതി ഒരു ചോദ്യചിഹ്നമായി മനസ്സിൽ വന്നു.
പ്രഭാകരന് അവനെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുനനു.

പിന്നിലെ റോഡിൽ നിന്ന് ഒരു ട്രിപ്പ് ഓട്ടോറിക്ഷാക്കാരൻ ‘റെയിൽവേ സ്റ്റേഷൻ’ എന്ന് കൂവി വിളിച്ചു കൊണ്ടിരുന്നു.
പ്രഭാകരൻ മാഷ് കുറച്ച് അകലെയുള്ള സർബത്തു കടയിലേക്ക് നോട്ടമെയ്തു.

‘എനിക്കൊരു സർബത്ത് വേണം.’

അയാൾ പതുക്കെ പറഞ്ഞു.
പ്രവീൺ അച്ഛനെ നോക്കി.
പിന്നെ പതിയെ തിരിഞ്ഞ് സർബത്തു കടക്കാരനരികിലേക്ക് നടന്നു പോയി. സർബത്തുമായി മടങ്ങി വരുമ്പോൾ ചാരുബെഞ്ച് ശൂന്യമായിരുന്നു.
കടലിൽ നിന്ന് രൗദ്രഭാവത്തോടെ തിരമാലകൾ കരയിലേക്ക് കയറി വന്നു. പ്രവീണിന്റെ മനസ്സിൽ ജീവിതത്തിൽ ആദ്യമായി അച്ഛനെക്കുറിച്ച് വേവലാതി തോന്നി.
പ്രക്ഷുബ്ധമായ മനസ്സോടെ അയാൾ ചുറ്റുപാടും നോക്കി.

അച്ഛനെവിടെ…?

പ്രവീൺ ചുറ്റുപാടും നോക്കി. അസ്തമയത്തിനൊരുങ്ങിയപോൽ കടൽ ചെഞ്ചായമണിഞ്ഞു കിടക്കുന്നു.
കാലിൽ പ്ലാസ്റ്റർ ധരിച്ച ഒരാൾ ഊന്നുവടിയുമായി റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നത് കണ്ടെന്ന് ഐസ് സ്റ്റിക്കുകൾ വില്ക്കുന്ന സ്ത്രീയാണ് അവനോട് പറഞ്ഞത്.
പുറത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ അയാൾ റെയിൽവേ സ്‌റ്റേഷനിലേക്ക് പാഞ്ഞു.
പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ധൃതിയിൽ അകത്തേക്ക് കയറി.
രണ്ടു ട്രെയിനുകൾ പോവാൻ തയ്യാറായി പ്ലാറ്റ്ഫോമുകളിൽ നില്കുന്നു. തിക്കിതിരക്കുന്ന യാത്രക്കാർ. അവർക്കിടയിലൂടെ പ്രവീൺ വേപഥുപൂണ്ടു നടന്നു.
ട്രെയിനുകൾ പുറപ്പെടാനുള്ള അനൗൺസ്മെൻറുകൾ ഉയർന്നു. തീവണ്ടികളുടെ സൈറണുകൾ മുഴങ്ങി. പതിയെപ്പതിയെ ട്രെയിനുകൾ നീങ്ങിത്തുടങ്ങുകയായി.
പ്ലാറ്റ്ഫോമുകളെ വെടിഞ്ഞ് രണ്ടു ദിക്കുകളിലേക്കായി അവ വേഗത പൂണ്ട് പാഞ്ഞോടിത്തുടങ്ങിയതോടെ പ്രവീൺ ഹതാശനായി.

അച്ഛൻ വീട്ടിലേക്ക് തന്നെ പോയിരിക്കുമെന്ന പ്രതീക്ഷ മനസ്സിൽ മിന്നിയപ്പോൾ അയാൾ വേഗത്തിൽ പുറത്തേക്ക് നടന്നു.
ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരരേഖകളായി അകന്നു പോകുന്ന ട്രാക്കുകൾക്കരികിലെ വാട്ടർ പൈപ്പുകൾക്ക് ഇടയിലായി ആരോ വലിച്ചെറിഞ്ഞ നിലയിൽ ഒരു ഊന്നുവടി കുരുങ്ങി കിടന്നിരുന്നു.

– End –

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here