രണ്ടു വേശ്യകള്‍ – കഥ – സാമുവേൽ ജോർജ്ജ്

0
1947

“അവരെ വിളിക്കെടോ”
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെഞ്ചമിന്‍ ഉള്ളിലേക്കെത്തിയ പോലീസുകാരനോട്‌ ആജ്ഞാപിച്ചു.

“സര്‍”
അയാള്‍ വെളിയിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ വനിതാ പോലീസിന്റെ അകമ്പടിയോടെ രണ്ടു യുവതികളെ ഉള്ളിലേക്ക് കൊണ്ടുവന്നു. അവരില്‍ ഒരാള്‍ ചുരിദാറിന്റെ മേലാട കൊണ്ട് തലയും മുഖവും മറച്ചിരുന്നു. പക്ഷെ മറ്റേവള്‍ യാതൊരു കൂസലും ഇല്ലാതെയാണ് ഉള്ളിലേക്ക് വന്നത്. രണ്ടുപേരുടെയും ശരീരഭാഷ സി ഐ ശ്രദ്ധിച്ചു.

“മുഖത്ത് നിന്ന് തുണി മാറ്റടി..നിന്നെ ഇവിടെ പെണ്ണുകാണാന്‍ വിളിപ്പിച്ചതല്ല”
മുഖം മറച്ചിരുന്ന യുവതിയോട് സി ഐ കോപത്തോടെ പറഞ്ഞു. അവള്‍ മെല്ലെ മുഖം മറച്ചിരുന്ന തുണി നീക്കിയിട്ട്‌ തല കുനിച്ചു തന്നെ നിന്നു.

“ഇവളുമാരുടെ കൂടെ ഉണ്ടായിരുന്നവന്മാരെ കിട്ടിയൊ?” സി ഐ ചോദിച്ചു.

“ഒരുത്തനെ കിട്ടി സര്‍; മറ്റവന്‍ ഓടിക്കളഞ്ഞു. അവനെ തിരയുന്നുണ്ട്” ഒരു പോലീസുകാരി പറഞ്ഞു. സി ഐ മൂളി.

“എന്താടീ നിന്റെ പേര്?” തല ഉയര്‍ത്തി നിന്ന, കൂസലില്ലാത്ത പെണ്ണിനോട് സി ഐ ചോദിച്ചു.

“റാണി”

“ആരായിരുന്നു നിന്റെ ഒപ്പം ഉണ്ടായിരുന്നവന്‍?”

“എന്റെ കസ്റ്റമര്‍” അവള്‍ ലാഘവത്തോടെ പറഞ്ഞു.

“വേശ്യാവൃത്തി നിയമവിരുദ്ധമാണ് എന്നറിഞ്ഞുകൊണ്ട് ധിക്കാരം പറയുന്നോടി?”

“സത്യം എങ്ങനെയാണ് സര്‍ ധിക്കാരം ആകുന്നത്?”

സി ഐയ്ക്ക് ഒരു നിമിഷം ഉത്തരം മുട്ടി. അദ്ദേഹം അവളെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് പോലീസുകാരെ നോക്കി.

“ഇവളെ പിന്നെ വിളിപ്പിക്കാം. നീ ഇങ്ങോട്ട് മാറി നില്‍ക്കടി”

അദ്ദേഹം പറഞ്ഞു. അവളെ ഒരു പോലീസുകാരി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ മറ്റേ യുവതി സി ഐയുടെ മുന്‍പിലേക്ക് നീങ്ങി നിന്നു. അവള്‍ അപമാനം മൂലം തല ഉയര്‍ത്താതെ മുഖം കുനിച്ചാണ് അപ്പോഴും നിന്നിരുന്നത്.

“നിന്റെ പേര്?”

അവള്‍ എന്തോ പറഞ്ഞു എങ്കിലും അത് സ്പഷ്ടമയിരുന്നില്ല. സി ഐയുടെ മുഖത്തേക്ക് കോപം ഇരച്ചുകയറി.

“വാ തുറന്ന് സംസാരിക്കെടി ചൂലേ..” അദ്ദേഹം അലറി.

“സീത…” അവള്‍ ഭയത്തോടെ, പെട്ടെന്ന് പറഞ്ഞു.

“ഹും..നല്ല ബെസ്റ്റ് പേരുകള്‍..ഒരുത്തി റാണി, അടുത്തവള്‍ സീത..”

പരിഹാസച്ചിരിയോടെ സ്വയമെന്ന പോലെ അങ്ങനെ പറഞ്ഞിട്ട് സി ഐ തുടര്‍ന്നു:

“ആരായിരുന്നു നിന്റെ ഒപ്പം ഉണ്ടായിരുന്നവന്‍?”

അവള്‍ വിരലുകള്‍ പരസ്പരം ഞെരിച്ചുകൊണ്ട് അസ്വസ്ഥതയോടെ ചുണ്ട് കടിച്ചു.

“ചോദിച്ചതിനു മറുപടി പറയടി…” സി യുടെ സ്വരമുയര്‍ന്നു.

“അ..അത്..എ…എന്റെ….എന്റെ ല…ലവര്‍….” അവള്‍ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

“ലവറും ലിവറും..അപ്പൊ ഇത് നിന്റെ ബിസിനസ് അല്ല?”

അവള്‍ അല്ലെന്ന ഭാവത്തില്‍ ശിരസ്സനക്കി.

“നീ അവനെ വിവാഹം ചെയ്യുമോ? അതോ നിന്റെയൊക്കെ കുത്തിക്കഴപ്പ് തീര്‍ക്കാന്‍ മാത്രമുള്ള ബന്ധം മാത്രമോ ഇത്?”

അവള്‍ മിണ്ടിയില്ല. സി ഐ അടുത്ത് നിന്നിരുന്ന വനിതാ പോലീസിനെ കണ്ണ് കാണിച്ചു.

“ചോദിച്ചതിനു മറുപടി നല്‍കടീ..നീ കൈയ്ക്ക് ജോലി ഉണ്ടാക്കരുത്” അവര്‍ മുരണ്ടു.

“ഇ..ഇല്ല..” അവള്‍ വേഗം മറുപടി നല്‍കി.

“എന്തില്ല?’ സി ഐ ചോദിച്ചു.

“ക..കല്യാണം കഴിക്കില്ല…”

“അപ്പൊ ഞാന്‍ ഊഹിച്ചത് പോലെ തന്നെ..”

അങ്ങനെ പറഞ്ഞിട്ട് സി ഐ മുറിയിലുണ്ടായിരുന്ന സീനിയര്‍ പോലീസുകാരനെ നോക്കി.

“ഇവളുടെ വീട് എവിടെയാണെന്ന് അറിഞ്ഞോ?”

“അറിഞ്ഞു സര്‍. ഇവള്‍ വിവാഹിതയാണ്. ഭര്‍ത്താവിനു ബിസിനസ്; നല്ല കാശ് ടീമാണ്. അയാള്‍ ടൂറിനു പോകുമ്പോള്‍ ഇവളും ഇതേപോലെ ഓരോ ടൂറുകള്‍ക്ക് പോകും” അയാള്‍ പരിഹാസത്തോടെ പറഞ്ഞു.

“അത് ശരി..അപ്പോള്‍ കല്യാണം കഴിച്ച് ഭര്‍ത്താവ് ഉണ്ടായിട്ടും അവനെ വഞ്ചിക്കുന്ന പതിവ്രത ആണ് നീ അല്ലെ?”

അവള്‍ അപമാനഭാരത്തോടെ തല കുനിച്ചു.

“എന്താടി നിന്റെ ഭര്‍ത്താവിന്റെ പേര്?”

“ചന്ദ്രഭാനു”

“അവന്‍ എന്ത് ചെയ്യുന്നു?”

“ബിസിനസ്..”

“എന്ത് ബിസിനസ്? അതിനു പ്രത്യേകിച്ച് പേരൊന്നും ഇല്ലേ?” സി ഐയുടെ സ്വരം വീണ്ടും ഉയര്‍ന്നു.

“സീതാസ് ജൂവലറി, ചന്ദ്രാ ട്രാന്‍സ്പോര്‍ട്ട്, പിന്നെ ചന്ദ്രാ ഫിനാന്‍സ്…” അവള്‍ ഭയത്തോടെ വേഗം പറഞ്ഞു.

“ഉം..ഇവളെ സെല്ലില്‍ ഇട്. എന്നിട്ട് മറ്റവളെ വിളിപ്പിക്ക്..” സി ഐ പറഞ്ഞു.

അവളെ പോലീസുകാര്‍ കൊണ്ടുപോയി അല്‍പ്പം കഴിഞ്ഞപ്പോള്‍ റാണിയെ പോലീസുകാര്‍ എത്തിച്ചു. പഴയത് പോലെ തന്നെ യാതൊരു കൂസലുമില്ലാതെ അവള്‍ സി ഐയെ നോക്കി.

“കാണാന്‍ സുന്ദരി. ചെറുപ്പം; നിനക്ക് ഇതല്ലാതെ വേറെ ഒരു തൊഴിലും കിട്ടിയില്ലേടി ചെയ്യാന്‍? നിന്റെ വീട്ടില്‍ ചോദിക്കാനും തിരക്കാനും ആരുമില്ലേ?” സി ഐ ചോദിച്ചു.

“എനിക്ക് അമ്മ മാത്രമേ ഉള്ളു..” അവള്‍ പറഞ്ഞു.

“അവര്‍ക്കറിയാമോ നിന്റെ തലതിരിഞ്ഞ ഈ പോക്ക്”

“അറിയാം”

“ഹത് ശരി..അപ്പോള്‍ അമ്മയും മോളും അറിഞ്ഞുകൊണ്ടുള്ള ബിസിനസ്സ് ആണ് അല്ലെ?”

“അമ്മയോട് ഞാന്‍ പറഞ്ഞതാണ്‌..അല്ലാതെ അമ്മ പറഞ്ഞിട്ടല്ല ഞാനിത് ചെയ്യുന്നത്”

“പിന്നെ? പണം ഉണ്ടാക്കാനുള്ള ഏറ്റവും സുഖകരമായ തൊഴില്‍ ഇത് മാത്രം ആയതുകൊണ്ട്..അല്ലെ?”

“അല്ല..എന്നെ..എന്നെ ഒരു വേശ്യയാക്കിയത് എന്നെ ചതിച്ച ഒരു മൃഗം ആണ് സര്‍..ഞാനൊരിക്കലും ഇത്തരമൊരു ജീവിതം ആഗ്രഹിച്ചതല്ല..” അവളുടെ കണ്ണുകളില്‍ പൊടുന്നനെ നനവ് പടര്‍ന്നത് സി ഐ കണ്ടു.

“നിന്നെ ആര് ചതിച്ചു..വിശദമായി പറ..?”

“അച്ഛന്‍ മരിച്ച എനിക്ക് അമ്മ മാത്രമേ ഉള്ളു. അമ്മ വീട്ടുജോലി ചെയ്താണ് എന്നെ ഡിഗ്രി വരെ പഠിപ്പിച്ചത്. അമ്മ ജോലി ചെയ്തിരുന്ന വീട്ടുടമയുടെ മകന്‍ എന്നെ ഒരിക്കല്‍ കണ്ടു, അമ്മയുടെ ഒപ്പം. പിന്നെ അയാള്‍ എന്നോട് അടുക്കാന്‍ ശ്രമം ആരംഭിച്ചു. നാട്ടിന്‍ പുറത്തുകരിയായ ഞാന്‍ അന്ന് ചതിയും വഞ്ചനയും ഒന്നും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു സാധാരണ പെണ്ണായിരുന്നു. എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അയാള്‍ പറഞ്ഞപ്പോള്‍ പാവപ്പെട്ടവളായ ഞാന്‍ വിശ്വസിച്ചുപോയി. ആ വിശ്വാസം മുതലെടുത്ത്‌ എന്നെ ഒരിക്കല്‍ അയാള്‍ ഒരു ദിവസം സിനിമ കാണാന്‍ ക്ഷണിച്ചു സര്‍. സിനിമ കണ്ടുകൊണ്ടിരിക്കെ അയാള്‍ രണ്ടു ജ്യൂസുകള്‍ കൊണ്ടുവന്ന് ഒന്നെനിക്കു നല്‍കി, മറ്റേത് അയാളും കുടിച്ചു. പിന്നെ എനിക്ക് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ അയാളുടെ ഒപ്പം അവരുടെ വേറെ ഒരു വീട്ടിലെ മുറിയില്‍ ആയിരുന്നു. വിവസ്ത്രയായി കട്ടിലില്‍ കിടന്ന ഞാന്‍ പുറത്ത് ആരൊക്കെയോ മദ്യപിച്ചു ചിരിക്കുന്ന സംസാരം കേട്ടു..കണ്ണാടിയില്‍ കണ്ട എന്റെ രൂപത്തില്‍ നിന്നും എന്റെ എല്ലാം നഷ്ടപ്പെട്ടു എന്നെനിക്ക് മനസിലായി.”
സി ഐയുടെ കണ്ണുകളിലെ കോപം സഹതാപത്തിനും അത്ഭുതത്തിനും വഴി മാറുന്നത് നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു:

“അവിടെ അയാളും അയാളുടെ കുറെ കൂട്ടുകാരും ഉണ്ടായിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഞാന്‍ കരഞ്ഞുകൊണ്ട് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു, നിയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോ എന്റെ പക്കലുണ്ട്. നീ പോലീസില്‍ പോയാലും അവരെന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ല; പക്ഷെ അതിനു ഞാന്‍ ശ്രമിച്ചാല്‍ അയാള്‍ അത് ലോകത്തെ കാണിക്കും എന്ന്. എനിക്കറിയില്ലായിരുന്നു സര്‍ എന്ത് ചെയ്യണമെന്ന്. ഞാന്‍ അവിടെ നിന്നും ഓടി എന്റെ വീട്ടിലെത്തി അമ്മയോട് എല്ലാം പറഞ്ഞു. അതുകേട്ട അമ്മ അന്ന് തളര്‍ന്നു വീണതാണ്..ഇന്ന് എന്റെ അമ്മയെ ചികിത്സിക്കാന്‍ വേണ്ടി, വേറെ ഗത്യന്തരമില്ലാതെ ഞാന്‍ ചെയ്യുന്നതാണ്‌ ഈ നശിച്ച തൊഴില്‍..നാശത്തിന്റെ പാതയിലൂടെ തന്നെയാണ് ജീവിക്കുന്നത് എന്ന് അമ്മയോട് ഞാന്‍ തന്നെയാണ് പറഞ്ഞത്..വേറെന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടായിരുന്നെങ്കില്‍, ഞാനിത് ചെയ്യുമായിരുന്നില്ല സര്‍” അവള്‍ പറഞ്ഞു നിര്‍ത്തി.

സി ഐ സീറ്റില്‍ പിന്നോക്കം ചാരി; പിന്നെ ഇങ്ങനെ പറഞ്ഞു:

“ഒരുത്തി ഭര്‍ത്താവില്‍ നിന്നും കിട്ടുന്ന സുഖം തികയാതെ പരപുരുഷന്മാരെ തേടുമ്പോള്‍, ഇവള്‍ ആരോ ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കുന്നു. ഉം..നിന്നെ ചതിച്ചവന്‍ ആരാണ്? അവന്‍ ആരായാലും അവനെതിരെ ഞാന്‍ കേസ് എടുക്കും..നിന്റെ മൊഴി മാത്രം മതി എനിക്കതിന്”

“അവന്റെ പേര് ചന്ദ്രഭാനു എന്നാണ് സര്‍..അയാളൊരു കോടീശ്വരന്‍ ആണ്”

സി ഐയ്ക്ക് മാത്രമല്ല, ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കും ആ പേര് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല.

“അവന്‍ എന്ത് ചെയ്യുന്നു?” സി ഐ കൌതുകത്തോടെ ചോദിച്ചു.

“ബിസിനസ് ആണ് സര്‍..ചന്ദ്രാ ഫിനാന്‍സ്, ചന്ദ്രാ ട്രാന്‍സ്പോര്‍ട്ട്..പിന്നെ ഒരു ജൂവലറിയുമുണ്ട്….” അവള്‍ പറഞ്ഞു.

സി ഐ റാണിയെ പുറത്തേക്ക് വിട്ട ശേഷം പോലീസുകാരനെ നോക്കി.

“എടൊ അവള് പറഞ്ഞ ചന്ദ്രഭാനു തന്നെയാണോ ഇവളും പറയുന്നത്? രണ്ടും ഒരാള്‍ തന്നെയോ?”

‘അറിയില്ല സര്‍”

“അവളെ വിളിക്ക്”

അല്‍പ്പം കഴിഞ്ഞപ്പോള്‍ സീതയെ അവിടെത്തി.

“നിന്റെ ഭര്‍ത്താവിന്റെ ഫോട്ടോയോ മറ്റോ കൈയില്‍ ഉണ്ടോടി?” സി ഐ ചോദിച്ചു.

അവള്‍ തലയട്ടിയ ശേഷം ബാഗില്‍ നിന്നും പേഴ്സ് എടുത്ത് അതില്‍ നിന്നും ഭര്‍ത്താവിന്റെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സി ഐയ്ക്ക് നല്‍കി. സി ഐ അത് വാങ്ങി നോക്കിയ ശേഷം അവളെ പുറത്തേക്ക് പറഞ്ഞു വിട്ടിട്ട് റാണിയെ വീണ്ടും വിളിപ്പിച്ച് അത് കാണിച്ചു.

“ഇവനാണോ അത്?” അയാള്‍ ചോദിച്ചു.

“ത്ഫൂ..അതെ സര്‍..ഈ പട്ടിയാണ് എന്നെ ചതിച്ചവന്‍” അവള്‍ വെറുപ്പോടെ പറഞ്ഞു. സി ഐ മൂളി.

“സാറിന് ഈ ഫോട്ടോ എങ്ങനെ കിട്ടി” അവള്‍ അത്ഭുതം മറയ്ക്കാതെ ചോദിച്ചു.

“ഇത് പോലീസ് സ്റ്റേഷന്‍ ആണ്..ഇതൊക്കെയാണ് ഞങ്ങളുടെ പണി…”

അങ്ങനെ പറഞ്ഞിട്ട് സി ഐ തിരികെ സീറ്റില്‍ വന്നിരുന്നിട്ട് ഫോട്ടോ മേശപ്പുറത്ത് വച്ചു. അല്‍പ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.

“യാദൃശ്ചികമെന്ന് പറയാന്‍ സാധിക്കാത്ത അത്ഭുതം; മുകളില്‍ ഒരാളുണ്ട് എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല.. ഉം.. നിങ്ങള്‍ എല്ലാവരും പുറത്ത് പോ. എന്നിട്ട് സീതയെ മാത്രം ഇങ്ങോട്ട് പറഞ്ഞു വിട്..ഒപ്പം ആരും വരണ്ട”

സി ഐ പോലീസുകാരെ നോക്കി പറഞ്ഞു. എല്ലാവരും പോയി അല്‍പ്പം കഴിഞ്ഞപ്പോള്‍ സീത ഉള്ളിലെത്തി. അവള്‍ തല കുമ്പിട്ട്‌ സി ഐയെ നോക്കാതെ നിന്നപ്പോള്‍ റാണിക്ക് ആ പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടത് പോലെ തോന്നിച്ചു.

“സീത..നിന്നെ പിടികൂടിയ വിവരം ഞാന്‍ നിന്റെ ഭര്‍ത്താവിനെ അറിയിച്ചാല്‍ എന്തായിരിക്കും അവന്റെ പ്രതികരണം?” സി ഐ ശാന്തനായി ചോദിച്ചു.

“അയാളെന്നെ കൊല്ലും സര്‍” അല്പം പോലും ആലോചിക്കാതെ അവള്‍ പറഞ്ഞു.

“അതറിഞ്ഞുകൊണ്ടാണോ ഇതിനിറങ്ങിത്തിരിച്ചത്?”

അവള്‍ മിണ്ടിയില്ല.

“നിന്റെ ഒപ്പം നില്‍ക്കുന്ന ഈ പെണ്ണ് ജീവിക്കാന്‍ വേണ്ടി, സുഖമില്ലാത്ത അമ്മയെ ചികിത്സിക്കാന്‍ വേണ്ടി ശരീരം വില്‍ക്കുന്നവള്‍ ആണ്. നീ പുരുഷ സുഖത്തിനു വേണ്ടി ചെയ്യുന്നവളും. നിന്നെ വേണമെങ്കില്‍ എനിക്ക് അപമാനിക്കാം; നിന്റെ വീട്ടുകാരെ വിവരം അറിയിച്ച് നിന്റെ ജീവിതം നശിപ്പിക്കാം; പക്ഷെ ഞാനത് ചെയ്യുന്നില്ല. കേസ് ഒന്നും ചാര്‍ജ്ജ് ചെയ്യാതെ നിന്നെ വെറുതെ വിടാനാണ് എന്റെ തീരുമാനം”

സി ഐ പറഞ്ഞത് കേട്ട് സീത മെല്ലെ മുഖമുയര്‍ത്തി. അവളുടെ കണ്ണുകളില്‍ അവിശ്വസനീയത നിഴലിച്ചിരുന്നു.

“നിനക്ക് സ്വയമായി ഒരു തൊഴില്‍ ചെയ്ത് ജീവിക്കാന്‍ എത്ര പണം വേണം?” സി ഐ റാണിയോട് ചോദിച്ചു.

“എനിക്ക് തയ്യല്‍ അറിയാം സര്‍. കുറച്ചു മെഷീനുകള്‍ വാങ്ങാനും ഒരു കട വാടകയ്ക്ക് എടുക്കാനും കഴിഞ്ഞാല്‍ ജീവിച്ചു പോകാനുള്ള പണം ഞാന്‍ ഉണ്ടാക്കും. പക്ഷെ അതുകൊണ്ടൊന്നും എന്റെ അമ്മയുടെ ചികിത്സയ്ക്ക് മതിയാകില്ല” അവള്‍ പറഞ്ഞു. സി ഐ തലയാട്ടിയിട്ട് സീതയെ നോക്കി.

“സീത; നിനക്ക് പണമുണ്ട്. അതില്‍ നിന്നും നീ കുറെ പണം ഇവള്‍ക്ക് നല്‍കണം. ഒരുമിച്ചോ അതല്ലെങ്കില്‍ കുറേശ്ശെയൊ; അതാണ്‌ നിനക്ക് ഞാന്‍ നല്‍കുന്ന ശിക്ഷ. ഒരു കട തുടങ്ങാനും അമ്മയെ ചികിത്സിക്കനുമുള്ള പണം നീ നല്‍കണം; നല്‍കും. എന്താ സമ്മതമല്ലേ?”

അവള്‍ ഒട്ടും ആലോചിക്കാതെ, സന്തോഷത്തോടെ അനുകൂലഭാവത്തില്‍ തലയാട്ടി.

“അപ്പോള്‍ രണ്ടുപേരെയും ഞാന്‍ വെറുതെ വിടുന്നു. റാണി ഇനിമേല്‍ വേശ്യാവൃത്തി ചെയ്യരുത്. പറ്റുമെങ്കില്‍ ആരെയെങ്കിലും നീ വിവാഹം ചെയ്ത് മാന്യമായി ജീവിക്കുക. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് നീ സ്വയം വിശ്വസിക്കുക. കാരണം നീ തെറ്റ് ചെയ്തിട്ടില്ല. മനസിലായല്ലോ?”

റാണി കണ്ണുകള്‍ തുടച്ചുകൊണ്ട് തലയാട്ടി. സി ഐ സീതയുടെ നേരെ തിരിഞ്ഞു.

“നീ ഇവള്‍ക്കുള്ള പണം ഇവിടെ എത്തിച്ചാല്‍ മതി. നിന്റെ മുന്‍പില്‍ വച്ച് ഞാനത് ഇവള്‍ക്ക് കൈമാറും. പിന്നെ നീ, നീ ചെയ്തുകൊണ്ടിരുന്നതും തെറ്റല്ല; അത് നീ തുടരുക തന്നെ വേണം. ഇഷ്ടമുള്ള പുരുഷന്റെ കൂടെ നീ ഇഷ്ടമുള്ളത് പോലെ ജീവിക്കുക; ഭര്‍ത്താവിനെ പരമാവധി വഞ്ചിക്കുക. കാരണം അതില്‍ ഒരു വലിയ ശരിയുണ്ട്”

സീതയ്ക്കോ റാണിക്കോ അദ്ദേഹം പറഞ്ഞത് ഒന്നും മനസിലായില്ല എങ്കിലും, അവളും ആശ്വാസത്തോടെ കൈകള്‍ കൂപ്പി.

“ഉം പൊയ്ക്കോ; അടുത്ത തിങ്കളാഴ്ച രണ്ടാളും ഇവിടെ എത്തുക. രാവിലെ പത്തുമണിക്ക്. ഇവള്‍ക്ക് നല്‍കാനുള്ള ആദ്യ ഗഡു അന്ന് നീ കൊണ്ടുവരണം”

സീത തലയാട്ടി.

“നന്ദി സര്‍..വളരെ നന്ദി” റാണി കൈകള്‍ കൂപ്പി. പിന്നെ രണ്ടാളും പുറത്തേക്കിറങ്ങി.

‘അവനെതിരെ ഞാന്‍ കേസ് എടുക്കുന്നില്ല..അതിലും മികച്ച ശിക്ഷ ദൈവം അവന് നല്‍കിക്കൊണ്ടിരിക്കുകയല്ലേ?’
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ സി ഐ ഒരു മന്ദസ്മിതത്തോടെ സ്വയം പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here