രാത്രിമഴയില്‍ നനഞ്ഞ്…….

0
755

1984 മഹാരാജാസ് കോളേജിലെ ഒരു സായാഹ്നം. എം.തോമസ് മാത്യു സാറിന്‍റെ ക്ലാസ്. വിഷയം സുഗതകുമാരി ടീച്ചറുടെ കവിത-രാത്രിമഴ. സാര്‍ പറഞ്ഞുതുടങ്ങി. ഒരു കവിതയെ കുറിച്ച് പൂര്‍ണ്ണമായും അറിയണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ കവിയുടെ ചുറ്റുപ്പാടുകളെകുറിച്ചും കവിയുടെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ചും ആ കാലഘട്ടത്തെകുറിച്ചും പഠിക്കണം. ആ കവിതയുടെ എല്ലാ വശങ്ങളും സാര്‍ ഞങ്ങള്‍ക്ക് വിസ്തരിച്ചു പറഞ്ഞുതന്നു. ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ടീച്ചറെ ഒന്ന് നേരിട്ട് കാണണമെന്നു തോന്നി. പെട്ടെന്നാണ് ആ രൂപം ഞങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞത്. ഫൗണ്ടനടുത്ത് അതാ ടീച്ചര്‍, കൂടെ സഹോദരിയും. (സുഗതകുമാരി ടീച്ചറുടെ സഹോദരി മഹാരാജാസ് കോളേജിലെ ഫ്രൊഫസറാണ്). സഹോദരിയെ കാണാന്‍ സുഗതകുമാരി ടീച്ചര്‍ ഇടക്കിടെ വരാറുണ്ടെന്ന് പലരും പറയാറുണ്ടായിരുന്നു. ഞങ്ങള്‍ അടുത്തുചെന്നു. ടീച്ചറുടെ മിഴിയോരത്ത്‌ രാത്രിമഴയുടെ നനവുള്ളതായി എനിക്ക് തോന്നി. ഒരമ്മയുടെ വാത്സല്യത്തോടെ കുഞ്ഞുങ്ങളെ എന്നാണ് ടീച്ചര്‍ ഞങ്ങളെ വിളിച്ചത്. പല വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. കൂടുതല്‍ സമയവും പരിസ്ഥിതി സംരക്ഷിക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ചായിരുന്നു. ജീവനുള്ളിടത്തോളംകാലം പ്രകൃതിക്കും പാരിസ്ഥിക്കും എതിരായ ചൂഷണങ്ങള്‍ക്കെതിരെ പോരാടും. ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. ടീച്ചറെ നേരിട്ട് കാണുവാനും അല്‍പസമയം സംസാരിക്കാനും സാധിച്ചതില്‍ ഞാന്‍ അതീവ സന്തോഷവാനായിരുന്നു. അമൂല്യമായ ആ നിമിഷങ്ങള്‍ എന്‍റെ ഓര്‍മ്മച്ചെപ്പില്‍ ഒരു മയില്‍പ്പീലിയെപോലെ സൂക്ഷിച്ചുവച്ചു. (2) ഡയറിയുടെ മാറില്‍ ഈ വരികള്‍ കോറിവരക്കുമ്പോള്‍ “രാത്രിമഴ” എന്നെ വല്ലാതെ അലോസരപ്പെടുത്തികൊണ്ടിരുന്നു. ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപോലെ രാത്രിമഴ എന്‍റെ മനസ്സിലൂടെ പെയ്യ്തിറങ്ങി. ആ മഴയില്‍ നനഞ്ഞങ്ങനെ ഞാന്‍ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here