വാന്മതി – കഥ – വിപിൻ വട്ടോളി.

0
196

വരിവരിയായി കുഞ്ഞു വീടുകളുള്ള തെരുവ്.ഒരേ മാതൃകകൾ.മൂന്നോ നാലോ വീടുകൾക്ക് ഒരു പൊതു ഗേറ്റ്. മുൻപിൽ ചാണകം മെഴുകി കോലം വരച്ചിട്ടുണ്ട്.തമിഴ് നാട്ടിലെ ചെറിയ ഗ്രാമം.തിരിപ്പൂർ പട്ടണത്തിന്റെ പ്രാന്ത പ്രദേശം.അരളി മരങ്ങൾ.മുല്ലപ്പൂ ചൂടിയ യുവതികൾ. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കു പിന്നിൽ പുഴുക്കുത്തിയ പല്ലുകൾ കാട്ടി ചിരിക്കുന്ന മനുഷ്യർ.ദാവണി ചുറ്റി കലപില കൂട്ടി നടക്കുന്ന പെൺകുട്ടികൾ.വെള്ളിപാദസരത്തിന്റെ താളങ്ങൾ.അരിമാവിൻ കോലം വരയ്ക്കുന്ന പെൺതുടിപ്പുകൾക്ക് നേരെ കണ്ണുകളെറിഞ്ഞു കടന്നു പോകുന്ന ഭസ്മക്കുറിതൊട്ട യുവാക്കൾ.
നഗരത്തിലെ അനേകം ഫാക്ടറികളിലൊന്നിന്റെ മുൻപിൽ ചായക്കട നടത്തുന്ന അമ്മാമനെ സഹായിക്കാൻ തിരിപ്പൂരിലെത്തിയ മലയാളിയുവാവ്‌ രമേഷ് താമസിക്കുന്നത് ഈ തെരുവിലാണ്.

വിവർണ്ണമായ മുഖകാന്തിയാണ് സെൽവിക്ക്.കറുപ്പ്‌സ്വാമിയുടെയും വിജയമ്മയുടെയും മകൾ. എതിർദിശയിലുള്ള വീട്. ആ നാട്ടിൽ വന്നതുമുതൽ രമേഷിന്റെ മനസ്സിൽ സെൽവിയുണ്ട്.വീട്ടിലുള്ള സമയങ്ങളിലെല്ലാം അവൻ സെൽവിയെ തിരക്കി എതിർ വീട്ടിലേക്ക്‌ കണ്ണുപായിക്കും.പക്ഷെ മിക്കപ്പോഴും ഇടയുക വാന്മതിയുടെ കണ്ണുകളുമായിട്ടായിരിക്കും!.അവളും ആ വീട്ടിൽ തന്നെ.വിജയമ്മയുടെ ചേച്ചിയുടെ മകൾ. കറുത്ത ഉറച്ച ശരീരമുളളവൾ.ഉച്ചത്തിൽ സംസാരിക്കും.മുല്ലപ്പൂവും തുളസിപ്പൂവും ചൂടും.കൈ നിറയെ കുപ്പിവകളൾ. വീട്ടിലും തെരുവിലും എപ്പോഴും അവളുടെ സാന്നിധ്യമുണ്ടാവും.അവൾക്കറിയാം അവൻ സെൽവിയെ നോക്കുകയാണെന്ന്‌.കണ്ണുരുട്ടും,അല്ലെങ്കിൽ പൊട്ടിച്ചിരിക്കും,അതുമല്ലെങ്കിൽ പോടായെന്നു കാണിക്കും.
സെൽവിക്കുമറിയാം അവൻ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന്.അതാണ് കഷ്ടം! എന്നിട്ടും കണ്ടാൽ മൈൻഡ് ചെയ്യില്ല!.
കറുപ്പുസ്വാമിയുടെ വീട്ടിൽ പശുവുണ്ട്.കടയിലേക്കുള്ള പാൽ അവിടെ നിന്നും വാങ്ങാറുണ്ട്.വാന്മതിയാണു പാൽ കറന്നു രമേഷിന്റെ വീട്ടിലെത്തിക്കുക.വലിയ ഒരു തൂക്കുപാത്രത്തിൽ പാൽ നിറച്ചു അതിരാവിലെ തന്നെ ഗേറ്റ് കടന്നു വരും.മിക്കപ്പോഴും ആ സമയത്തവൻ ഉറക്കമാവും.വന്നാൽ വാതിൽ തട്ടി വിളിക്കും.തട്ടുകയല്ല വാതിൽ ശക്തിയായി അടിച്ചു പൊളിക്കുകയാവും.ശബ്ദം കേട്ട് ഓടിച്ചെന്നാൽ അവൾ ഗൌരവത്തിൽ ഒന്നുനോക്കും.
“ഉങ്ക മാമൻ അങ്കേ മാമിയെ കട്ടിപിടിച്ചു പടിത്തിറുക്കാ…ഇനിയും വരവേയില്ലാ ?!..”.എന്നോ
“പ്രിത്വിരാജോടെ പുതു മലയാള പടം വന്താച്ചാ?!..”.എന്നോ
അല്ലെങ്കിൽ ആ അമ്മയും മകളും വീട്ടിലെ ജോലി മുഴുവൻ തന്നെകൊണ്ട് ചെയ്യിക്കുകയാണെന്നോ,അതുമല്ലെങ്കിൽ നീ താമസിക്കുന്ന ഈ വീട് തന്റെ അച്ഛന്റെയും അമ്മയുടെയുമായിരുന്നുവെന്നും അവരു മരിച്ചപ്പോൾ തന്നോടു ചോദിക്കാതെ മാമൻ വിറ്റു കളഞ്ഞു എന്നുമൊക്കെ പറയും!.
വാന്മതിക്ക് രമേഷിനെക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലുണ്ട്.അതുകൊണ്ട് തന്നെ ‘ശരി അക്ക’എന്നോ മറ്റോ ഒറ്റവാക്കിൽ അവൻ ആ സംഭാഷണം നിർത്തും.അല്ലെങ്കിൽ ഒരു പക്ഷെ ഉച്ചത്തിലുള്ള അവളുടെ തേങ്ങികരച്ചിലിലോ,വഴക്കിലോ, പൊട്ടിച്ചിരിയിലോ,പരിഹാസ വർഷത്തിലോ ഒക്കെയാവും അവസാനിക്കുക.
ഇടയ്ക്ക് രാത്രിയിലും വാന്മതിയുടെ സന്ദര്ശനമുണ്ടാകും.വരുമ്പോൾ കൈയിൽ എന്തെങ്കിലും ഒരു ഭക്ഷണ സാധനം ഉറപ്പാണ്‌.നുറുക്കോ,എണ്ണ പലഹാരമോ,നെല്ലിക്കയോ,ജാംമ്പക്കയോ…എന്തെങ്കിലും.അത് സ്നേഹത്തോടെ രമേഷിനു നൽകും.അവന്റെ മുഖത്ത് അപ്പോൾ പൊട്ടിവിടരുന്ന സന്തോഷം അധിക സമയം നീണ്ടുനിൽക്കില്ല.അവൾ കിച്ചണിൽ കയറി അവന്റെ രാത്രി ഭക്ഷണം മുഴുവൻ തിന്നുതീർക്കുന്നതുവരെയേ കാണൂ!.
ഇടയ്ക്ക് ചേച്ചിയും അനുജത്തിയും വലിയ സ്നേഹത്തിലായിരിക്കും.ആ സമയം കളിയും ചിരിയും ഗാനമേളയുമൊക്കെ കേള്ക്കാം ആ വീട്ടിൽ.വല്ലപ്പോഴും നല്ല വഴക്കുമുണ്ടാകും.അന്ന് വാന്മതിയുടെ തെറിയും സെൽവിയുടെ കരച്ചിലും കേൾക്കാം.

ഒരു ദിവസം കാലത്ത് സെൽവിയും വാന്മതിയും ക്ഷേത്രത്തിൽ പോയി തിരിച്ചു വരികയാണ്‌.ചിരിച്ചു കളിച്ചു രസിച്ചാണ് വരവ്. രണ്ടു തരുണീമണികളുടെ ശ്രദ്ധകിട്ടാൻ വഴിയിൽ സകല പൂവലൻമാരും നോട്ടമെറിയുന്നുണ്ട്.വെള്ളിക്കൊലുസുകളുടെ കിലുക്കം.മുല്ലപ്പൂവിന്റെ സുഗന്ധം.ദാവണിയുടെ ചേല്.
വീടിനടുത്തെത്തിയപ്പോൾ സ്വന്തം ഗേറ്റ് ചാരി നിൽക്കുന്ന രമേശ്‌ അവരുടെ അടുത്തേക്ക് ചെന്നു.രണ്ടുപേരും ആശ്ചര്യത്തോടെ അവനെ നോക്കി.
“സെൽവി…ഉങ്കളോട് എനിക്ക് ഒരു കാര്യം സൊല്ലവേണ്ടിയതിരിക്ക് !…”
അവന്റെ പൊട്ട തമിഴ് കേൾക്കുമ്പോഴേ വാന്മതിക്ക് ചിരി വരുന്നുണ്ട്.’ഉന്നോടെ തമിഴ് കേട്ട് തമിഴേ വെറുത്ത് പോച്ച്’.വാന്മതിയുടെ സ്ഥിരം ഡൈലോഗ് ആണ്.
ഉങ്കൾ പേശപോവതെട്രതെന്ന്‌ എനിക്ക് പുരിയുമെ!…എന്ന ഭാവത്തിലാണ് സെൽവിയുടെ നില്പ്.എങ്കിലും അവൾ ചെവി കൂർപ്പിച്ചു.
“സെൽവി, നീ പല്ല് തേക്കാറില്ലേ…പല്ല് തേക്കാത്തത് കൊണ്ടാണോ എന്നോട് സംസാരിക്കാത്തത്…”.മറുപടിക്ക് കാത്തു നിൽക്കാതെ അവൻ നടന്നു.സെൽവി കഴുത്തുവെട്ടിച്ചു വീട്ടിലേക്ക്‌ ഓടിപോയി.വാന്മതി നിന്നു ചിരിച്ചു മറിഞ്ഞു.
അതിനുശേഷം രമേഷിനെ വീടിന് വെളിയിൽ കണ്ടാൽ മതിലിനപ്പുറത്തു നിന്നും അകത്തു കേൾക്കേ വാന്മതി വിളിച്ചു പറയും ‘ഡാ, ഇന്ത വീട്ടിലു ഇപ്പൊ എല്ലാരും പല്ല് വെളക്കാൻ ആരംഭിച്ചച്ച് !’. പശ്ചാത്തലമായി അപ്പോൾ അകത്തു നിന്നും വല്ല സ്റ്റീൽ പാത്രങ്ങളും എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേൾക്കാം!.

കടന്നുപോയ ദിവസങ്ങൾ…

ഒരു സന്ധ്യയിൽ വാന്മതി കയറിവന്നു.അടുത്ത് അമ്മൻ കോവിലിൽ ഉത്സവദിവസം.തെരുവിൽ ആരുമില്ല.വാന്മതിയേ കണ്ടപ്പോൾ രമേഷിന് അമ്പരപ്പ്.
“എന്തേ, കോവിലിൽ പോയില്ലേ?!..”
“ഇല്ലൈ…”
“എന്തുപറ്റി അവരു കൊണ്ടുപോയില്ലേ?!…”
“അല്ല.നാൻ പോകക്കൂടാത്…”
“അതെന്താ?!”. അവന് വീണ്ടും സംശയം.
“അട മുട്ടാളെ, ലേഡിസ്ക്ക് എല്ലാനാളും കോവിൽ പോകമുടിയുമാ?!…”.അവൻ ചമ്മി.വീണ്ടും പാചക വേല തുടർന്നു.അവളവിടെ കുറച്ചു നേരം ചുറ്റി പറ്റി നടന്നു.വീണ്ടും കിച്ചണിൽ,അവനരികിലേക്കു ചെന്നു പതുക്കെ പറഞ്ഞു “എനക്ക് ഒരു കാരിയം സൊല്ലവേണ്ടിയിരിക്ക്…”.
അവന്റെ മുഖത്ത് എന്താണെന്ന ചോദ്യഭാവം.അവൾ അവന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർന്നു നിന്നു.നിശ്വാസങ്ങൾ പോലും അവനിൽ പതിയുന്നു.അസ്വസ്ഥത.
“എനിക്ക് ഒരു ആസൈ ഇരുക്ക്”.മൊഴിഞ്ഞു.
വാന്മതിയുടെ മുടിക്കെട്ടിലെ എണ്ണയുടെ ഗന്ധം.വാക്കുകളിൽ നിന്നുതിർന്നു വീണ ഉമിനീർ അവന്റെ ചുണ്ടിൽ ചുംബിച്ചു.പിടഞ്ഞു.ഉടൽ ചൂട് പിടിച്ചു.ഹൃദയമിടിച്ചു.മിഴികളിടഞ്ഞു.
“എനക്ക് ഒരു സിഗരറ്റ് കുടിക്കണം.”.അവൾ പൊട്ടിച്ചിരിച്ചു.അവൻ കണ്ണുമിഴിച്ചു നിന്നു.വാന്മതി പതുക്കെ ദാവണിയുടെ ബ്ലൌസിനകത്തു നിന്നും രണ്ടു സിഗരറ്റ് പുറത്തെടുത്തു.
“തിരുടിയതുതാൻ…മാമാവുടെത് !..”.രണ്ടുപേരും ചിരിച്ചു.ഇരുവരും അടുത്തടുത്തായി ചുമർ ചാരി ഇരുന്നു പുകവലിച്ചു.അവൾ ഇടയ്ക്കിടെ ചുമച്ചു.അപ്പോഴൊക്കെ അവൻ അതിശക്തമായി പുകവലിച്ചു തള്ളി തന്റെ പ്രാഗൽഭ്യം തെളിയിച്ചു.ഇടയ്ക്ക് ജെനലഴികളിലൂടെ പതുങ്ങി നോക്കി പിൻവഴിയിലൂടെ കടന്നു പോകുന്ന ചെറുപ്പക്കാരെ ചൂളം വിളിച്ചു പറ്റിച്ചു !.രണ്ടു പേരും ആസ്വദിച്ചു ചിരിച്ചു.
പുകവലിയുടെ ആലസ്യത്തിൽ അവൾ
“ഉന്ന പുടിക്കാത പൊണ്ണു പിന്നാലെ സുത്തറിയേ നീ…ഉനക്ക് വെക്കമേയില്ലയാ…എന്നാ, എന്നയേ കാതലിക്കകൂടാതാ ഉനക്ക് ?!..”
“ഇല്ല “.
“അതെന്നാ…നാൻ അഴകാവേ ഇല്ലയാ ?!”.അവളുടെ നർമ്മം.
“വാന്മതിയെനിക്കെന്റെ അമ്മയേപ്പോലെയാണ്‌ !…”.അവന്റെ മുഖത്ത് കള്ളച്ചിരി.വാന്മതിക്ക് അത്ഭുതം.കോപം.അവളവനെ പൊതിരെ തല്ലിക്കൊണ്ട്.
“മുട്ടാളെ…എനക്ക് ഉന്നോടെ അമ്മാ വയസ്സുവാഡാ…”
നിർദ്ദോഷമായ ആ തല്ലിനിടയിൽ പെട്ടന്ന് അവളുടെ ഇടതുകൈ തന്റെ വലതു കൈകൊണ്ട് പിടിച്ചുനിർത്തി.കൈതണ്ട തന്റെ മുഖത്തിന്‌ നേരെ കൊണ്ടുവന്നു.അവൾ അവന്റെ പിടിയിൽ നിന്നും ഊരാൻ ശ്രമിച്ചു.അവന്റെ ചുണ്ടിൽ സിഗരറ്റ് ഇപ്പോഴും എരിഞ്ഞു കത്തുന്നുണ്ട്.വാന്മതിയുടെ കൈതണ്ടയിൽ പച്ചകുത്തിയിട്ടുണ്ട് !. ‘Kanakaraj’എന്ന് ഇടതു കൈതണ്ട നിറഞ്ഞു നിൽക്കുന്നത് അവൻ സൂക്ഷിച്ചു നോക്കി.അവളുടെ മുഖത്ത് അസ്വസ്ഥത.
“ഞാൻ ഒരുപാട് കാലമായി ഈ കാര്യം ചോദിക്കണമെന്നു കരുതിയിട്ട്…അക്കയുടെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം…പിന്നെ ഈ പച്ചകുത്തിയിരിക്കുന്ന ‘കനകരാജ്’ആരാണ് ?!…”. വാന്മതിയുടെ മുഖം മങ്ങി.മിഴി നിറഞ്ഞു.കൈ വിടുവിച്ചു.ദാവണിത്തുമ്പു കൊണ്ട് കണ്ണുതുടച്ചു.
നിശബ്ദ…
അവൾ പതിയെ പറഞ്ഞു തുടങ്ങി.
“എനിക്കും അവനുക്കും ഒരേ ബനിയൻ കമ്പനിയിൽ വേല.മൂന്നു വർഷത്തുക്ക മുന്നാടി. എങ്കൾക്കുള്ളേ കാതൽ ഇരിക്ക് എന്പത് എല്ലാർക്കും തെരിയും.യാരുമേയില്ല എനക്ക് കനകരാജ് അല്ലാതെ…എന്നോട കനവുകൾ,വാഴ്കൈ…എല്ലാം അവൻ…ചില നാൾ നാഗ്ഗ പാർക്കിൽ പോയിടും…ഒരുനാൾ ഒരാൾ അങ്കേ പച്ചകുത്തിയിട്ടിരുക്കാങ്ക…അങ്ക കൊഞ്ച നേരം…എനക്ക് കനകരാജ് എന്നോട ഉയിർ…അവളോ നമ്പിക്കൈ…”
അവൾ കിതച്ചു.
“അവനുക്ക് സന്തോഷമാകട്ടും ന്നു നിനച്ചു അവനോട പേർ എൻ കൈ മേലെ പച്ചകുത്തിവെച്ചുട്ടേൻ…യവ്വളോ വലി ഇറുന്തും തെരിയുമാ…നാൻ സിരിച്ചുട്ടേ കൈ നീട്ടി കൊടുത്തേൻ…എല്ലാം പോച്ച് രമേശ്‌…എന്നെ വിട്ടു പോയിട്ടാങ്കേ അവൻ…എന്നോട അധിക പണം,അളക് എല്ലാം ഇരുന്ത ഒരു പൊണ്ണു…അവളെ പാർത്തപ്പോ എന്നെ വിട്ടിട്ടു…..”. അവൾ വല്ലാതെ തേങ്ങി.രമേശ്‌ സ്തബ്ധനായി!.
“കനകരാജ് എന്നു പച്ചകുത്തിവെച്ച ഈ കയ്യിനാലെ നാൻ മൂൻട്രു വർഷമാച്ചു…ഹാൻഡികാപ്റ്റു മാതിരി…കല്യാണമേ നടക്കമാട്ടേ…യാര്ക്കും എന്നെ പിടിക്കല ഇന്ത കയ്യാലെ…ഇത് ഇപ്പടിയേ അറുത്തു മാറ്റും താൻ നിമ്മതി…ഒരു ഹാൻഡികാപ്റ്റുക്കു കൂടെ ഇന്ത ഗതി വരാത് രമേശ്‌!…”. അവൾ പൊട്ടിക്കരഞ്ഞു.രമേശ്‌ വല്ലാതെയായി.വാന്മതി കണ്ണീരോടെ തന്നെ അവിടെ നിന്നും എഴുന്നേറ്റു പോയി.അവൻ തളർന്ന്‌ ഇരുന്നു.

രാത്രി ഏറെ വൈകിയിട്ടും അവനു ഉറക്കം വന്നില്ല.’ഇന്ത കൈ അറുത്തുപോണാ നല്ലാറുന്തത്’ ക്രൂരമായ വാക്കുകൾ അവന്റെ കാതുകളിൽ അലയടിച്ചു.എം.ടി യുടെ പ്രശസ്തമായ കഥാപാത്രം ‘കുട്ട്യേടത്തി’തന്റെ വൈധവ്യത്തിനു കാരണമായ കവിളിലെ വലിയ മറുക് സ്വയം അറുത്തു മാറ്റി രക്തം ചിന്തുന്ന ഓർമ്മകൾ ഒരു അപശകുനം പോലെ അവനിൽ തികട്ടി വന്നു;അസ്വസ്ഥനായി.പരവേശത്തോടെ വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏറെ നേരം ജാലകപാളിയിലൂടെ കറുപ്പ്‌ സ്വാമിയുടെ വീട്ടിലേക്കു കണ്ണുനട്ടു. ഇരുട്ട്. തെരുവുറങ്ങിക്കഴിഞ്ഞിരുന്നു.അവൻ പതിയെ വാതിൽ തുറന്നു.കറുപ്പ്‌സ്വാമിയുടെ വീട്ടിലേക്കു ലക്ഷ്യമാക്കി നടന്നു.പൂമുഖത്തേക്ക് കയറിയപ്പോൾ ഒരു നിമിഷം ആലോചിച്ചു.പിന്നെ വാതിൽ മുട്ടി.വീണ്ടും വീണ്ടും മുട്ടി.
പൂമുഖത്ത് വൈദ്യുതി വെളിച്ചം പതിഞ്ഞു.പതുക്കെ വാതിൽ തുറക്കപ്പെട്ടു.കറുപ്പ്സ്വാമി രമേശിനെ ആശ്ചര്യത്തോടെ നോക്കി.
“എന്ന വേണം തമ്പി?!…”.
അവൻ എന്തുപറയണമെന്നറിയാതെ കുഴങ്ങി. പരവേശത്തോടെ “തണ്ണി!..”.
കറുപ്പ്സ്വാമിയുടെ മുഖത്ത് അത്ഭുതം.കൂടെ പോണ്ടാട്ടിയും.അവർ പരസ്പരം നോക്കി.
“തമ്പി എന്നാച്ച്‌…വീട്ടുക്കുളെള തണ്ണി തീർന്തു പോയാച്ചാ ?!”.അവൻ മറുപടി പറഞ്ഞില്ല.ഇടയിൽ ഒരു മോന്തയിൽ വെള്ളവുമായി വാന്മതി കടന്നുവന്നു.അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരിയുണ്ട്.
ഭാഗ്യം കൈ അവിടെ തന്നെയുണ്ട്!.വെള്ളം വാങ്ങുമ്പോൾ അവൻ ആശ്വസിച്ചു.
അടുത്ത ദിവസം രാവിലെ പാലുമായി വാന്മതി കടന്നുവന്നപ്പോൾ മുഖത്ത് വലിയ കനം!.
“എടൈ ഉനക്ക് വെക്കമേയില്ലയാ അവളെ പാർക്കറക്ക്‌ അർദ്ധ രാത്രിയിലേ വീട്ടുക്ക്‌ വരേൻ…അതെപ്പുടീ അവളെ കനവുകണ്ടുകിട്ടുതാൻ തൂങ്കുവിയാ?!…” .കണ്ണുരുട്ടി പേടിപ്പിച്ചു അവൾ നടന്നു.എങ്കിലും ഒരു ചെറു ചിരി അവൾ ചുണ്ടിൽ ഒളിപ്പിച്ചിരുന്നു.അവൻ നിന്നു പരുങ്ങി.
വൈകിട്ട് കോളേജ് കഴിഞ്ഞു കടന്നു പോകുന്ന സെൽവിയേ കണ്ട്‌ രമേശ്‌ ഓടിച്ചെന്നു.
“ഏയ്‌ സെൽവി,ഉൻകിട്ടേ എനിക്കൊരു കാര്യം സൊല്ലവേണം…”
ഉങ്കൾ സൊൽവെൻട്രതെ എനിക്ക് പുരിയുമേ എന്ന മട്ടിൽ അവൾ വീണ്ടും!. ദാവണി ചുറ്റിയ മാറിൽ പുസ്തകങ്ങൾ അടക്കിപ്പിടിച്ചു.അലക്ഷ്യമായി നോട്ടമെറിഞ്ഞു, കാതുകൂർപ്പിച്ചു…
“ഉങ്കളുടെ വീട്ടിൽ വെട്ടുകത്തി,കൊടുവാൾ തുടങ്ങിയ വെപ്പൻസ് ഇരിക്കുമാ?!..അന്ത വെപ്പൻസ്ക്കെ സൂക്ഷിച്ചു വയ്ക്കണം!.വാന്മതി കാണാതെ നോക്കണം !”.ഗൌരവത്തിൽ അവതരിപ്പിച്ചു നടന്നു പോയി.സെൽവി ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ചു !.

രമേശ്‌ ചായ പാർന്നുകൊണ്ടിരിക്കുമ്പോഴാണ് ദൂരകാഴ്ചയിൽ ഒരു മനുഷ്യന്റെ സാഹസിക പ്രവൃത്തി ശ്രദ്ധിച്ചത്.എതിർ ദിശയിൽ ഏറെ നിലകളുള്ള വലിയ കെട്ടിടത്തിന്റെ ACP ഗ്ലാസ്‌ അയാൾ ഒരു കയറിന്റെ ബലത്തിൽ തൂങ്ങിയാടി ക്ലീൻ ചെയ്യുകയാണ്‌.അത്ഭുതത്തോടെ രമേശ്‌ ആ ജോലി നോക്കി നിന്നു.അന്നയാൾ ചായകുടിക്കാൻ കടയിലേക്ക് വന്നപ്പോൾ വലിയ താല്പര്യത്തോടെ പരിചയപ്പെട്ടു. വേലുച്ചാമി…
കരുത്തനായ യുവാവ്‌.കരിമഷിയുടെ കറുപ്പ്‌.ചിരിക്കുമ്പോൾ വെളുത്ത പല്ലുകൾ തെളിഞ്ഞുനിൽക്കും.ഹൃദ്യമായ പെരുമാറ്റം.കേരളത്തിൽ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് മലയാളം നന്നായി സംസാരിക്കും.
വേലുച്ചാമിയോടു രമേശ്‌ ഗൗരവത്തിൽ ഒരു കാര്യം ചോദിച്ചു. ACP ക്ലീനിംഗ് ന് ഉപയോഗിക്കുന്ന കെമിക്കൽ കൊണ്ട് പച്ചകുത്തിയത് മയക്കാൻ പറ്റുമോ!. ‘ഇല്ല’ എന്ന മറുപടിയിലെ രമേഷിന്റെ മുഖത്തെ കടുത്ത നിരാശ കണ്ടു വേലുച്ചാമി നിർബന്ധപൂർവ്വം കാര്യം തിരക്കി. മടിച്ചു മടിച്ചു അങ്ങനെ വാന്മതിയുടെ കഥ അയാളോട് പറഞ്ഞു.നിശബ്ദനായി ആ മനുഷ്യൻ അവളുടെ കഥ മുഴുവൻ കേട്ടു.പോകുമ്പോൾ അയാൾ ദൃണ്ഡമായി ഇങ്ങനെ മാത്രം പറഞ്ഞു. “പച്ചകുത്തു മായ്ക്ക മുടിയാത്…പശ്ശെ വാന്മതിയോട് ഉന്നുടയ ഇദയത്തിൽ എനക്ക് ഇടം തെരുവിയാ എന്നു നാൻ കേട്ടതാഹെ സോല്ല്ങ്കെ!…”
അന്ന് രാത്രി വാന്മതിയേ കണ്ടപ്പോൾ രമേശ്‌ വേലുച്ചാമിയേക്കുറിച്ച് വാചാലനായി.ഒടുക്കം ആ തമിഴന്റെ ഹൃദയവാഞ്ജന അറിയിച്ചു.’ഉന്നുടെ ഇദയത്തിൽ എനക്ക് ഇടം തരുവിയാ’ ആ വാക്കുകൾ അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു.ഹൃദയത്തിൽ ആയിരം ശലഭങ്ങൾ ചിറകടിച്ചു.

അടുത്ത ദിവസം വാന്മതി പാലുമായി നേരെ കടയിലേക്ക് ചെന്നു.പാലിന്റെ പത്രം രമേഷിനു കൈമാറി അവൾ സാവധാനം കടയുടെ പുറത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു.കൈയിൽ കരുതിയ പ്ലാസ്റ്റിക്‌ മെടഞ്ഞ ചെറിയ സഞ്ചിയിൽ നിന്നും ആദ്യം ഒരു നീല തുണി പുറത്തെടുത്തു.അത് മടിയിൽ വിരിച്ചു.ശേഷം അതിൽ നിന്നും ചെറിയ പാത്രമെടുത്തു.വീട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരങ്ങൾ!.അവളത് വളരെ പതുക്കെ ഓരോന്നായി ഭക്ഷിക്കുവാൻ തുടങ്ങി.പക്ഷെ ദൃഷ്ടി പാത്രത്തിലായിരുന്നില്ല.ദൂരെ ബിൽഡിങ്ലേക്കായിരുന്നു.അവിടെ വേലുച്ചാമി അന്നും തന്റെ കഠിനമായ ജോലി ചെയ്യുന്നുണ്ടായിരുന്നു.
അല്പസമയം കഴിഞ്ഞപ്പോൾ വേലുച്ചാമി ഒരു ബുള്ളറ്റിൽ കടയിലേക്ക് വന്നു.വാഹനം പാർക്ക് ചെയ്തു നടന്നടുക്കുമ്പോൾ ബെഞ്ചിലിരിക്കുന്ന വാന്മതിയേ കണ്ടു.അവളുടെ ഇടതുകൈയിലെ പച്ചകുത്ത് ശ്രദ്ധിച്ചു.അയാൾ അടുക്കുംതോറും വാന്മതിയുടെ നോട്ടം പലഹാരത്തിൽ മാത്രമായി.പക്ഷെ ഇടങ്കണ്ണുഅയാളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.പതിവുതെറ്റിച്ച് രമേശ്‌ കൊടുത്ത ചായ നിശബ്ദനായി വേഗത്തിൽ കുടിച്ചുതീർത്തു കൊണ്ട് അയാൾ എഴുന്നേറ്റു.പുറത്തേക്കിറങ്ങുമ്പോൾ അവളുടെ അരികിലെത്തിയപ്പോൾ ഒന്നു നിന്നു.വാന്മതി ഒന്നും ചെയ്യാതെ താഴേക്ക്‌ മാത്രം നോക്കി ഇരിക്കുന്നു.അയാളുടെ കാലുകൾ!.ശ്വാസങ്ങൾക്കിടയിൽ രണ്ടുപേരും.രമേശ്‌ അകത്തു നിന്നും ആകാംഷയോടെ നോക്കി നിന്നു.പതിയെ ഒരു നേർത്ത മന്ദഹാസത്തോടെ ഒരു വാക്കുപോലും ചോദിക്കാതെ അവളുടെ പാത്രത്തിൽ അവശേഷിച്ചിരുന്ന പകുതി കടിച്ചു വച്ച പലഹാരം കൈയിലെടുത്തു.അത് വായിലിട്ട് ചമച്ച് ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു തിരിച്ചുപോയി.
വിവർണ്ണമായ വാന്മതിയുടെ മുഖം !…
രണ്ടു പുഴകൾക്കിടയിലെ കരപോലെ രമേഷ്!…

പിന്നീടുള്ള ദിവസങ്ങളിൽ പാലുമായി വാന്മതി കടയിലേക്കുവന്നു.വേലുച്ചാമിയേ കാണുക മാത്രമായിരുന്നു ഉദ്ദേശ്യം.അതിനവൾ എന്തായിരിക്കും വീട്ടിൽ കള്ളം പറഞ്ഞിട്ടുണ്ടാവുക ?!.
വേലുച്ചാമി വിവിധ ബിൽഡിങുകളിൽ ജോലിക്കായി ആ നഗരത്തിൽ തന്നെ തുടർന്നു.തെരുവോരങ്ങളിൽ അവരുടെ പ്രണയം പൂത്തു!…

ഒരു സന്ധ്യയിൽ ദുഃഖസാന്ദ്രമായ മുഖത്തോടെ വാന്മതി രമേഷിന്റെ വീട്ടിലേക്കു ചെന്നു.
“എങ്ക കറുപ്പ്‌സ്വാമി മാമൻ എന്ന കല്യാണത്തിക്ക്‌ കട്ടായപെടുത്തിട്ടുറാങ്ക…അവങ്ക സൊൽട്രെ മാപ്പിളെ എനക്ക് പുടിക്ക മാട്ടേ…”.അവൾ തേങ്ങി.ഭാര്യ ആത്മഹത്യാ ചെയ്ത ഒരു വിഭാര്യ നെ സ്വീകരിക്കാനാണ് അവളെ നിർബന്ധിക്കുന്നത്!.അയാൾക്ക് നല്ല പ്രായവുമുണ്ട്.കറുപ്പ്‌സ്വാമിയുടെ കൂട്ടുകാരനാണ്.
“അവൻ ഒരു സാരിയാണ പൊമ്പുളപൊറുക്കി…നാൻ ഒത്തുക്കമാട്ടേൻ…എനക്ക് അപ്പവും അമ്മവും ഇല്ലതാനാളതെ ഇപ്പടീ!…”. അവളുടെ വാക്കുകൾ അവനെ വേദനിപ്പിച്ചു. എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ രമേശ്‌ വിഷണ്ണനായി.

വാന്മതിയേ കാണാതെ അവളെ അന്വേഷിച്ചു സെൽവി അവിടെക്ക് വന്നു. അവൾ സെൽവിയോടൊപ്പം ചെല്ലാൻ കൂട്ടാക്കിയില്ല.സെൽവിക്കു ദേഷ്യമായി.അവൾ വാന്മതിയേ വഴക്ക് പറഞ്ഞു.വാന്മതിയും വിട്ടില്ല!.മുടിഞ്ഞ വഴക്ക്!.രമേശ്‌ രണ്ടുപേരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു.രണ്ടു പേരും രമേഷിനെ വഴക്ക് പറഞ്ഞു!.അവനും ദേഷ്യം വന്നു.കിച്ചണിൽ പോയി ചായയുണ്ടാക്കി ഒറ്റയ്ക്ക് കുടിച്ചു പ്രതിഷേധിച്ചു!.വഴക്ക് പോർ വിളിയിലേക്ക് നീങ്ങി.രമേശ്‌ നിസ്സഹായനായി!.വഴക്ക് തീരുവാൻ അവൻ കൃഷ്ണന്റെ ഫോട്ടോയ്ക്ക് മുൻപിൽ ചെന്നു പ്രാർത്ഥിച്ചു!.
വഴക്ക് കയ്യാങ്കളിയിലേക്ക് കടന്നു.രമേഷിന്റെ വീട് ഒരു യുദ്ധക്കളമായി!.കയ്യിൽ കിട്ടുന്നതൊക്കെ എടുത്തു പരസ്പരം ഏറു തുടങ്ങിയതോടെ കൂജ,തലയണ,ക്ലോക്ക്,പ്ലാസ്ക്ക്‌,ഷഡി തുടങ്ങിയവയെല്ലാം തൊട്ടു തൊട്ടില്ല മട്ടിൽ അവനെ ചുറ്റി പറന്നു തുടങ്ങി.രമേഷിന്റെ മാമൻ പൊന്നു പോലെ സൂക്ഷിച്ച അങ്ങേരുടെ ഫ്രയിം ചെയ്തു വച്ച ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ഫോട്ടോ നിലത്തു ചളിക്കി പിളുക്കി ആയതോടെ അവൻ പിന്നെ ഒന്നും ആലോചിച്ചില്ല.ക്രമസമാധാനം തകർന്നതിൽ പ്രതിഷേധിച്ചു വീട്ടിൽ നിന്നു ഇറങ്ങിപ്പോയി.

ഏറെ സമയം കഴിഞ്ഞു രമേശ്‌ തിരിച്ചു എത്തിയപ്പോൾ വീട് ആന കരിമ്പിൻ തോട്ടത്തിൽ കയറിയിറങ്ങിയ നിലയിലാണ്!.വാന്മതി അവിടെ സോഫയിൽ മലർന്നു കിടന്നിട്ടുണ്ട്.അവനെ കണ്ടതും അവൾ പതുക്കെ എഴുന്നേറ്റു ഭവ്യതയോടെ സമീപിച്ചു.
“ഉങ്കകിട്ടേ എനക്കൊരു കാര്യം സൊല്ലണം…”.അവൻ പിണങ്ങി നിൽപ്പാണ്.
“രമേശ്‌, നീ എനക്ക് വേലുച്ചാമിയെ ഫോൺ പണ്ണിതരുവിയാ…അവറ് ഊരുക്ക് പോയിട്ടേൻ…എനക്ക് അവൻകിട്ടേ പേസവേണം…സൊൽട്രത്ക്ക് എനക്കാരുമില്ലൈ…”. അവളുടെ ഗദ്ഗദം.ദയ യാചിക്കുന്ന മുഖം.അവന്റെ മനസ്സ് നൊന്തു.അലിഞ്ഞു.വേലുച്ചാമിയുടെ നമ്പർ ഡയൽ ചെയ്തു മൊബൈൽ അവളുടെ കൈയിൽ കൊടുത്തു.കുറെ നേരം അകത്തു മുറിയിൽ പോയി ഇരുന്നു സംസാരിച്ച ശേഷം ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ഇറങ്ങി പോയി.സമയം രാത്രി ഏറെ വൈകിയിരുന്നു.

കാലത്ത് വാന്മതിയേ അവിടെയൊന്നും കണ്ടില്ല.അന്ന് വൈകുന്നേരമാണ് ആ അത്ഭുതം സംഭവിച്ചത്!.കോളേജ്ൽ നിന്നു തിരിച്ചു വരുമ്പോൾ സെൽവി നേരെ കടയിലേക്ക്‌ കയറി ചെന്നു.ആദ്യം അവൾക്കൽപം സങ്കോചമൊക്കെയുണ്ടായെങ്കിലും സംസാരിച്ചു തുടങ്ങിയതോടെ അത് മാറി.പറഞ്ഞതു മുഴുവൻ വാന്മതിയെക്കുറിച്ചായിരുന്നു.അവളെ താൻ എത്രയധികം സ്നേഹിക്കുന്നു എന്ന്.അതു പറയുമ്പോൾ സെൽവിയുടെ മിഴി നിറഞ്ഞിരുന്നു.പലതും അവളുടെ തെറ്റിധാരണകളാണ്.അച്ഛനും അമ്മയും കാമുകനുമൊക്കെ നഷ്ടപെട്ടത് അവളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചു,എന്നൊക്കെ സെൽവി വ്യക്തമാക്കി.അതുകൊണ്ട് വാന്മതിയുടെ വാക്കുകൾ മുഴുവൻ മുഖവിലയ്ക്കെടുക്കരുതെന്ന് അപേക്ഷിച്ചു.പോകുമ്പോൾ നാണത്തോടെ അവനോടു ഇങ്ങനെ പറഞ്ഞു “ഇപ്പ എനക്ക് ടൈം കിട്ടറ നേരത്ത്ക്ക് എല്ലാം നാൻ പല്ല് വെളക്കുവേൻ…ബ്രഷ് കൈയ്യലെടുക്കറപ്പോ ഉന്നുടെ നാപകം വറും…അതനാലെ!…”.സെൽവി തിരിഞ്ഞ് നോക്കാതെ വേഗത്തിൽ നടന്നു നീങ്ങി.രമേഷിന്റെ ഹൃദയമിടിച്ചു!.

സന്ധ്യയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൊബൈൽ ഇന്നലെ രാത്രി മുതൽക്കേ വാന്മതിയുടെ കൈയിലാണെന്ന കാര്യം രമേശ്‌ ഓർത്തത്!.മതിലിനപ്പുറത്തു നിന്നും അവളോട് ഫോണിനു വിളിച്ചു പറഞ്ഞു.’ഇപ്പൊ കൊണ്ടുകിട്ടു വന്തു തറേൻ…’എന്ന മറുപടിയും വന്നു.കുറച്ചു കഴിഞ്ഞു വാതിലിൽ മുട്ടുകേട്ട് രമേശ്‌ ഡോർ തുറന്ന് നോക്കുമ്പോൾ വാന്മതി മ്ലാനമായ മുഖത്തൊടെ നിൽക്കുന്നു.കൈയിൽ ഒരു കടലാസ് പൊതിയുമുണ്ട്!.അവൾ വേഗം അകത്തേക്ക് കയറി.ഏറെ ഭവ്യതയോടെ അവന്റെ നേർക്ക്‌ ആ പൊതി നീട്ടി.രമേശ്‌ ആ പൊതി വാങ്ങി തുറന്ന് നോക്കി.കുറേ ചില്ലറ തുട്ട്കൾ!!.അവൾ അത്ഭുതത്തോടെ ഇതെന്തിനാണെന്ന ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.യാചന നിർഭരമായി അവൾ!.അങ്ങനെ ഒരിക്കലും അവളെ കണ്ടിട്ടില്ല!.
“രമേശ്‌,ഇന്ത കാശ് വെച്ചിക്കിട്ട് അന്ത ഫോൺ എനക്ക് കൊടുക്ക മുടിയുമാ?!…”.
നിസ്സഹായമായ വാക്കുകൾ.അത് സ്മാർട്ട്‌ ഫോൺ ആണ്!.
“അവനെ കൂപ്പിട എനക്ക് ഒരു ഫോൺ തേവപ്പെടുത്…..അല്ലറ്റി….ഇന്ത കാശുക്കു ഒരു ഫോൺ വാങ്ങി തരുമോ?!…”.
ഗദ്ഗദം. രമേശ്‌ വല്ലതെയായി.അവന്റെ കണ്ണുകൾ നിറഞ്ഞു.
അവൻ പണം തിരിച്ചു കൊടുത്തു.ഫോൺ അവളോട് ഉപയോഗിച്ച് കൊള്ളാൻ പറഞ്ഞു.താൻ തൽക്കാലം വേറെ സംഘടിപ്പിക്കുമെന്നു ഉറപ്പ്‌ നൽകി.ആ നിമിഷം അവളുടെ മുഖത്തെ സന്തോഷം അനിർവ്വചനീയമായിരുന്നു!…

പിന്നീട് വാന്മതിയെ എപ്പോൾ കാണുമ്പോഴും അവൾ മൊബൈലിൽ സംസാരിക്കുകയാവും!.വേലുച്ചാമി ഇപ്പോൾ വേറെ ഏതോ ഒരു നഗരത്തിൽ വേറേതൊക്കെയോ ബിൽഡിങ് കളിൽ ജോലി ചെയ്യുന്നു.എങ്കിലും അവളുടെ സന്തോഷം കാണുമ്പോൾ താൻ നിമിത്തം ഒരു പ്രണയം പൂത്തുലഞ്ഞതിൽ രമേഷിനു സംതൃപ്തി തോന്നി.

മാമൻ നാട്ടിൽ നിന്നു തിരിച്ചു വന്നു.അവന് നാട്ടിൽ പോകണം.കുറച്ചു ദിവസം കഴിഞ്ഞേ മടങ്ങി വരൂ.അന്ന്,അടുത്ത ദിവസം നാട്ടിൽ പോകേണ്ട തയ്യാറെടുപ്പിലായിരുന്നു.രാത്രി പെട്ടന്ന് വാന്മതി വെപ്രാളപെട്ടു വന്നു നില്ക്കുന്നു.അവൻ എന്തുപറ്റി എന്ന് തിരക്കി.
“വേലുച്ചാമി ഇലങ്കക്കു (ശ്രീലങ്ക)പൊറാങ്ക…ബോട്ടിൽ താൻ പൊറാങ്ക…എങ്ക അപ്പാവും അമ്മാവും തണ്ണിക്കുള്ളതാൻ ഇറുന്തുപോങ്ക…തണ്ണിയേ നിനച്ചാലേ ഭയം…ഉറ്റവരെല്ലാമെ എന്ന വിട്ടു പോയാച്…പാസമാ യാര് ഇരുന്താലും എനക്ക് അവങ്ങ്ളെ വാഴ്കൈ മുളുസ കെടൈയ്ക്കാതു…ശാപം കെടച്ചവൾ നാൻ…എനക്കാക നീ സൊള്ളൂങ്ക…ബോട്ടിൽ ഇലങ്കക്കു പോകകൂടാതെട്രു…”.
അവൾ കരഞ്ഞു തുടങ്ങി.വാന്മതിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി അപ്പോൾ തന്നെ വേലുച്ചാമിയെ വിളിച്ചു നോക്കി.കിട്ടുന്നില്ല!.താൻ പിന്നെ വിളിച്ചു പറഞ്ഞു പിന്തിരിപ്പിക്കാമെന്നു പറഞ്ഞു അവളെ സമാധാനിച്ചുവിട്ടു.

രാവിലെ നാട്ടിലേക്കു പുറപ്പെടുമ്പോൾ അവളെ കണ്ടതുമില്ല.നാട്ടിലെത്തിയപ്പോൾ അവന്റെ മനസ്സിൽ വാന്മതിയും വേലുച്ചാമി തന്നെയായിരുന്നു.മൊബൈൽ പുതിയത് വാങ്ങാത്തത് കൊണ്ട് വിചാരിച്ചത് പോലെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല.അവന് അസ്വസ്ഥത തോന്നി.നാട്ടിലെ പ്രധാന പരിപാടികൾ പെട്ടന്ന് തീർത്തു ഉദ്ദേശിച്ച ദിവസങ്ങൾക്ക് മുൻപ് തന്നെ തിരിപ്പൂരിലേക്ക്‌ തിരിച്ചു.

നഗരത്തിലെത്തിയപ്പോൾ കടയിലേക്ക്‌ പോകാതെ നേരെ വീട്ടിലേക്ക്‌ ചെന്നു.വാന്മതിയുടെ വീട് പൂട്ടിയിരിക്കുന്നു!.
അടുത്ത വീട്ടിലെ സത്യാക്കവോട് കാര്യം തിരക്കിയപ്പോൾ അവൻ തകർന്നു പോയി.വാന്മതി വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു ആശുപത്രിയിലാണ്!.

അവൻ ഓടി….

ആശുപത്രി വരാന്തയിൽ കറുപ്പ്സ്വാമിയും വിജയമ്മയും ഇരിക്കുന്നു.സമീപത്ത് സെൽവിയും.ചോദിച്ചപ്പോൾ സെൽവിയാണു കാര്യങ്ങൾ വിശദീകരിച്ചത്.

ശ്രീലങ്കയിൽ പോയ വേലുച്ചാമിയെ വാന്മതി നിരന്തരം വിളിച്ചു.ഒരുനാൾ അവളുടെ ഫോൺ എടുത്തത് ഒരു സ്ത്രീയാണ്‌.ചോദിച്ചപ്പോൾ അവൾ വേലുച്ചാമിയുടെ ഭാര്യയാണെന്നു പറഞ്ഞു!.പക്ഷെ വാന്മതി വിശ്വസിച്ചില്ല.എങ്കിലും അവളാകെ തകർന്നു പോയിരുന്നു.കാര്യമറിഞ്ഞു കറുപ്പ്സ്വാമി വേലുച്ചാമിയെപ്പറ്റി അവനെ ഈ നഗരത്തിൽ പണിക്ക് കൊണ്ട് വന്നവരു മുഖാന്തരം അന്വേഷിച്ചു.അറിഞ്ഞത് സത്യമായിരുന്നു!.വാന്മതിയെ അവൻ വഞ്ചിക്കുകയായിരുന്നു.അതറിഞ്ഞതോടെ വാന്മതിയുടെ സമനില തെറ്റി.രാത്രി വിഷം കഴിച്ചു!.രണ്ടു ദിവസമായി.ഇപ്പോൾ കുഴപ്പമില്ല.അപകടനില തരണം ചെയ്തു.റൂമിലേക്ക്‌ മാറ്റി.

തകർന്ന ഹൃദയവുമായി നിൽക്കുന്ന വാന്മതിയുടെ മുഖം അവന്റെ മനസ്സിൽ നിറഞ്ഞു.സ്നേഹിച്ചവരെയൊക്കെ നഷ്ടപ്പെട്ട വാന്മതി!.

കറുപ്പ്‌സ്വാമിയെയും സെൽവിയെയും വീട്ടിലേക്ക്‌ പറഞ്ഞു വിട്ടു ആ രാത്രി ആശുപത്രിയിൽ രമേശ്‌ വാന്മതിക്ക് കൂട്ട് ഇരുന്നു.അവൾ ഉണർന്നിട്ടില്ല.സമയം ഏറെ വൈകിയിരിക്കുന്നു.അവന്റെ പ്രാർത്ഥന പോലെ പെട്ടന്ന് അവൾ കണ്ണ് തുറന്നു!.അവൻ ഓടിച്ചെന്നു.ബെഡിൽ അവളുടെ അരികിൽ ഇരുന്നു.നിർവ്വികാരമായ വാന്മതിയുടെ മുഖം.ആ മിഴികൾ നിറഞ്ഞുതുളുമ്പി.രമേശ്‌ വാന്മതിയുടെ മുഖം കൈവെള്ളയിൽ കോരിയെടുത്തു.അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു.വരണ്ടുപോയ ചുണ്ടുകൾ…
രമേശ്‌ മുഖം താഴ്ത്തി അവളുടെ ചുണ്ടുകളോടടുപ്പിച്ചു മുടിയിഴകളിൽ തഴുകി വിറയാർന്ന ശബ്ദത്തിൽ വീണ്ടും വീണ്ടും യാചിച്ചു “വാന്മതി, ഉന്നുട ഇദയത്തിൽ എനക്ക് ഇടം തരുവിയാ…”.

LEAVE A REPLY

Please enter your comment!
Please enter your name here