വൈറൽ – കഥ – ജിഷ്ണു മുരളീധരൻ

0
664

“സാർ, ഇത് ക്ലോസിംഗ് ടൈമാണ്.”

ഹരിദാസ് തലയുയർത്തി നോക്കി. ബാറിലെ സപ്ലെയർ പയ്യനാണ്. അവന്റെ മുഖത്ത് അക്ഷമ പ്രകടമാണ്. സമയം 9.30 ആയിരിക്കുന്നു. ഹരിദാസ് ചുറ്റും നോക്കി. ബാറിൽ താൻ മാത്രമേ ഉള്ളൂ. ബാക്കിയുള്ള മദ്യപന്മാരെല്ലാം പൊയ്ക്കഴിഞ്ഞിരിക്കുന്നു. അയാൾ എഴുന്നേറ്റു.

“എനിക്കൊരു ബോട്ടിൽ വിസ്കി കൂടി വേണം.”

ഹരി പറഞ്ഞു. സപ്ലെയറുടെ മുഖത്ത് നിരാശ.

“സാർ, ഇപ്പൊ തന്നെ ഒരുപാടായി. ഇനിയും…”

“താൻ വിഷമിക്കണ്ട ഞാൻ വീട്ടിൽ കൊണ്ടുപോയി കഴിച്ചോളാം.”

അയാൾ അനുസരിച്ചു. പോക്കറ്റിൽ ഉണ്ടായിരുന്ന പണം സപ്ലെയറുടെ കൈയിൽ കൊടുത്ത് ഹരിദാസ് ബാറിൽ നിന്നിറങ്ങി. മദ്യലഹരിയിൽ അയാളുടെ കാലുകൾ ഇടറി. ബാറിന് പുറത്ത് ഹരിയുടെ സുഹൃത്ത് ബാലചന്ദ്രൻ അയാളെ കാത്തു നിന്നിരുന്നു. ബാലചന്ദ്രൻ ഒരു ഗൈനക്കോളജിസ്റ്റാണ്. ബാലനൊപ്പം ഹരിയുടെ അസിസ്റ്റന്റായ ബിബിൻ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

“ഹാ, ബാലനോ, നീയെന്താ ഇവിടെ?”

“വീട്ടിൽ ചെന്നപ്പോൾ കണ്ടില്ല. അപ്പൊ ബിബിനാ പറഞ്ഞേ ഇവിടെ ഉണ്ടാകുമെന്ന്.”

ഹരി ബിബിനെ ഒന്ന് തറപ്പിച്ചു നോക്കി.
ബാലചന്ദ്രൻ കാറിന്റെ ഡോർ തുറന്നു. ഹരി മുൻസീറ്റിൽ അയാൾക്കൊപ്പം ഇരുന്നു.

“നീ ഇതെന്ത് ഭാവിച്ചാ, രണ്ടു വർഷം മുമ്പ് നിർത്തിയതല്ലേ ഈ ശീലം. ഇപ്പൊ വീണ്ടും തുടങ്ങാൻ മാത്രം എന്താ ഉണ്ടായത്?”

“ഉണ്ടായതൊന്നും നീയറിഞ്ഞില്ലേ? അത് കള്ളം. രണ്ടു ദിവസമായി ഞാനല്ലേ മോനെ ഇവിടുത്തെ സൂപ്പർ സ്റ്റാർ. ”

‘കോളേജ് വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി അപമാനിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ.’ വാർത്ത നീയും കണ്ടതല്ലേ?”

ഹരിദാസ്ചിരിച്ചു. വേദന കടിച്ചമർത്തിയുള്ള ഒരു ചിരി.

“അത് കള്ളമാണെന്ന് നമുക്കറിയാമല്ലോ. പിന്നെ നീയെന്തിനാ വിഷമിക്കുന്നേ?”

“അതേ ബാലാ. ആ വാർത്ത വ്യാജമാണ്. അവർ ഈ പറയുന്ന കുട്ടിയെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. നീയെന്നെ വിശ്വസിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. പക്ഷേ, അത് കൊണ്ടായില്ലല്ലോ, എന്റെ ജീവനായി ഞാൻ കരുതുന്ന എന്റെ ഭാര്യ, അവൾക്ക് എന്റെ മേൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു.”

“നീലിമ…. അവൾ എന്ത് പറഞ്ഞൂന്നാ?”

“ഒന്നും പറഞ്ഞില്ല. ഈ സംഭവം നടന്നിട്ട് ഇപ്പൊ ദിവസം മൂന്നായി. ഈ നിമിഷം വരെ അവൾ എന്നോട് സംസാരിച്ചിട്ടില്ല. അവളുടെ മൗനം, അതാണ് എന്നെ തളർത്തുന്നത്. സങ്കടം സഹിക്കാൻ പറ്റില്ല എന്ന് വന്നപ്പോഴാ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ഞാൻ വീണ്ടും മദ്യപിച്ചത്.”

“നീ വിഷമിക്കണ്ട. നീലിമ നിന്നോട് സംസാരിക്കാത്തത് പെട്ടെന്നുണ്ടായ ഷോക്ക് കൊണ്ടാവും. കുറച്ചു ദിവസം കഴിയുമ്പോൾ അതങ്ങു ശരിയാവും. ഞാൻ സംസാരിക്കാം അവളോട്.”

ബാലചന്ദ്രൻ സുഹൃത്തിനെ ആശ്വസിപ്പിച്ചു. അയാളുടെ കാർ ഹരിയുടെ വീടിന്റെ ഗേറ്റ് കടന്നു. പോർച്ചിൽ കാർ നിർത്തി, ഡോർ തുറന്ന്, രണ്ടു പേരും കൂടി ഹരിയെ ചുമലിൽ താങ്ങി ബാലൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. നീലിമ വാതിൽ തുറന്നു. ബാലൻ ഹരിയെ അവരുടെ ബെഡ്റൂമിൽ കട്ടിലിൽ കിടത്തിയ ശേഷം തിരികെ നീലിമയുടെ അടുത്തു ചെന്നു.

“അവൻ അല്പം കഴിച്ചിട്ടുണ്ട്. താൻ അവനോടു വിരോധമൊന്നും കാണിക്കരുത്. ആ പാവത്തിന് അത് താങ്ങാൻ പറ്റില്ല. അത്രയ്ക്കിഷ്ടാ തന്നെ.”

“ഹും… ഇഷ്ടം. നിങ്ങൾ ആണുങ്ങൾക്ക് എന്തെങ്കിലും വിഷമം വന്നാൽ അത് മറക്കാനുള്ള സൂത്രപ്പണിയാ ഈ മദ്യപാനം. എന്നാ ഞങ്ങള് പെണ്ണുങ്ങൾ എന്താ വേണ്ടത്? എന്റെ കുടുംബക്കാരെ മുഴുവൻ ഉപേക്ഷിച്ച് ഹരിയേട്ടനൊപ്പം ഇറങ്ങി തിരിച്ചവളാ ഞാൻ. ആ എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു വൃത്തികേട് ചെയ്യുമോ?”

ബാലൻ ശബ്ദിച്ചില്ല.

“ഇപ്പൊ എനിക്കൊരു ഫോൺ വന്നു. ആ കുട്ടി…അവൾ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇപ്പൊ ആശുപത്രിയിൽ അഡ്മിറ്റാ. ആ പെൺകുട്ടിയെ ഹരിയേട്ടൻ വിവാഹം കഴിക്കണം എന്നതാണ് ഈ പ്രശ്നത്തിന് അവർ മുന്നോട്ടു വയ്ക്കുന്ന പരിഹാരം. ഇത്രയും ആയിട്ടും ഇനി ഇവിടെ കടിച്ചു തൂങ്ങി നിൽക്കാൻ എനിക്കിഷ്ടമല്ല. രാവിലെ അച്ഛൻ വരും.ഞാൻ നാളെ എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു കഴിഞ്ഞു.”

ബാലചന്ദ്രൻ സ്തബ്ധനായി നിന്നു.

“കൊള്ളാം നീലിമ…. നീ ചെയ്തത് തന്നെയാണ് ശരി. ഞാൻ ചെയ്ത തെറ്റിന് ഇതിനേക്കാൾ വലിയ ശിക്ഷ ഞാൻ അർഹിക്കുന്നു.”

നീലിമ ഞെട്ടി. ഹരിദാസിന്റെ ശബ്ദമാണത്. പറഞ്ഞതെല്ലാം കേട്ടു കൊണ്ട് അവരുടെ മുറിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു അയാൾ.

പിറ്റേന്ന് രാവിലെ തന്നെ നീലിമയുടെ അച്ഛൻ ശങ്കരമേനോൻ അവരുടെ വീട്ടിലെത്തി. സ്ഥലത്തെ പ്രമാണിയാണ്. നീലിമ പെട്ടിയുമായി ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ബാലനും ബിബിനും അവിടെയെത്തി. ഹരിദാസ് എല്ലാം കണ്ടു കൊണ്ട് ഒന്നും മിണ്ടാതെ കസേരയിൽ ഇരിക്കുകയാണ്.

“ഹാ, ചങ്ങാതിമാരെത്തിയല്ലോ. ഞാനും എന്റെ മോളും ഇവിടുന്ന് ഇറങ്ങുവാ. ഇനി നിങ്ങൾക്ക് നിങ്ങടെ ഇഷ്ടം പോലെ എന്താണെന്ന് വച്ചാൽ ആവാം.”

പെട്ടെന്ന് അഡ്വക്കേറ്റ് ശർമ്മ അവിടെയെത്തി. അയാൾ ശങ്കരമേനോന്റെ അടുത്ത സുഹൃത്തും, കുടുംബ വക്കീലുമാണ്.

“വക്കീൽ കൃത്യസമയത്ത് തന്നെ വന്നല്ലോ.”

“അല്ലെങ്കിലും ഞങ്ങൾ വക്കീലന്മാർ ഒരിക്കലും വൈകാറില്ലല്ലോ മേനോൻ സാറേ.”

അവർ ഇരുവരും ചിരിച്ചു. ശർമ്മ ഒരു കടലാസ് മേനോന്റെ കൈയ്യിൽ കൊടുത്തു. അയാൾ അതുമായി ഹരിയുടെ നേർക്ക് തിരിഞ്ഞു.

“മോള് എന്നോട് എല്ലാം പറഞ്ഞു. എന്തായാലും നീ ഇനി പുതിയ കല്യാണമൊക്കെ കഴിക്കാൻ പോകുവല്ലേ. അപ്പൊ ഇവൾ നിനക്കൊരു ഭാരമാവും. അത് കൊണ്ട് എല്ലാം നേരായ വഴിക്ക് തന്നെ ആവട്ടെ. ഡിവോഴ്സ് പെറ്റീഷനാ. നീ ഇതിലൊരു ഒപ്പിട്ടാൽ മാത്രം മതി. ബാക്കി ഞാൻ നോക്കിക്കോളാം.”

അച്ഛന്റെ വാക്കുകൾ നീലിമയെ ഞെട്ടിച്ചു. അത്തരമൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“ഒന്നൂടെ ഒന്നാലോചിച്ചിട്ട് പോരേ…. സ്വന്തം മകളുടെ ഭാവിയുടെ കാര്യമല്ലേ. എന്തിനാ ഈ എടുത്തു ചാട്ടം?”

ബാലചന്ദ്രൻ ചോദിച്ചു.

” എടോ ഡോക്ടറേ, ഒന്നല്ല ഒരായിരം വട്ടം ആലോചിച്ച ശേഷം തന്നെയാ ഈ തീരുമാനം. ഇത് കുറച്ചു മുൻപേ വേണ്ടിയിരുന്നു. എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും കഴിവില്ലാത്തവനല്ലേ ഇവൻ. അത് അറിഞ്ഞ അന്ന് തന്നെ ഞാൻ ഇവളോട് പറഞ്ഞതാ ഈ ബന്ധം ഉപേക്ഷിക്കാൻ. അപ്പൊ അവൾക്ക് എന്റെ വാക്കുകളെക്കാൾ വലുത് ഹരിയേട്ടന്റെ സ്നേഹമായിരുന്നു. എന്നിട്ടിപ്പൊ എന്തായി?”

അടുത്ത നിമിഷം ഡോ.ബാലചന്ദ്രൻ പൊട്ടിത്തെറിച്ചു.

“നിർത്തണം മിസ്റ്റർ. നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ….ഈ ഇരിക്കുന്ന ഹരിയുണ്ടല്ലോ അവൻ ഈ ജന്മം നിങ്ങളുടെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്.”

“ബാലാ….വേണ്ട.”

ഹരി സുഹൃത്തിനെ തടയാൻ ശ്രമിച്ചു.

“വേണം. ഇവർ അതറിയണം. അല്ലെങ്കിൽ ഇയാൾ ഇനിയും നിന്നെ കുത്തിനോവിക്കും.”

എല്ലാവരും അമ്പരന്നു നിൽക്കേ ഡോക്ടർ ബാലചന്ദ്രൻ തുടർന്നു.

” ഞാൻ ഹരിയുടെ സുഹൃത്ത് മാത്രമല്ല, ഇവരെ ചികിത്സിച്ച ഡോക്ടർ കൂടിയാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെ ഇവർക്ക് കുട്ടികൾ ഉണ്ടാവാത്തത് ഹരിയുടെ കുഴപ്പം കൊണ്ടല്ല. തകരാറ് നിങ്ങളുടെ മകൾക്കാണ്. നീലിമ ഒരിക്കലും അമ്മയാവില്ല. അതിനുള്ള ഭാഗ്യം ദൈവം അവൾക്ക് വിധിച്ചിട്ടില്ല.”

നീലിമയുടെ കൈയിൽ നിന്നും പെട്ടി താഴെ വീണു.

“കുഴപ്പം നീലിമയ്ക്കാണെന്നറിഞ്ഞാൽ ഒരു പക്ഷേ, അവൾ തന്നെ ഉപേക്ഷിച്ചു പോവുകയോ, മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയോ ചെയ്യുമെന്ന് ഭയന്നാണ് അവൻ നിങ്ങളോട് കള്ളം പറഞ്ഞത്.”

ബാലചന്ദ്രൻ, മേനോന്റെ കൈയിൽ നിന്ന് ഡിവോഴ്സ് പേപ്പർ വാങ്ങി സുഹൃത്തിന്റെ അടുത്ത് ചെന്നു.

“ഹരീ, നിന്നെ മനസ്സിലാക്കാൻ കഴിയാത്തവരെ നിനക്കെന്തിനാടാ. നീ ഇതിൽ ഒപ്പിട്ടു കൊടുത്തേക്ക്. അവർ എന്തെങ്കിലും കാണിക്കട്ടെ. നിന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഇവൾക്കില്ലടാ.”

ഹരിദാസ് വിറയ്ക്കുന്ന കൈകളോടെ പേനയെടുത്തു. അടുത്ത നിമിഷം, നിന്ന നിൽപ്പിൽ താൻ ഇല്ലാതായിരുന്നെങ്കിൽ എന്ന് നീലിമയ്ക്ക് തോന്നി. അയാൾ ഒപ്പിടാൻ തയ്യാറായി.

ഒരു നിമിഷം, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബിബിൻ ഹരിദാസിന്റെ കാൽക്കൽ വീണു.

“ഹരിയേട്ടൻ എന്നോട് പൊറുക്കണം. ആ ഫോട്ടോ….അത്….അത് മോർഫ് ചെയ്തത് ഞാനാ.”

ഹരിദാസ് കസേരയിൽ നിന്നെഴുന്നേറ്റു.

“ആ കുട്ടി, നമ്മുടെ സ്റ്റുഡിയോയിൽ ഒന്നു രണ്ടു തവണ ഫോട്ടോ എടുക്കാൻ വന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും ഹരിയേട്ടൻ അവിടെ ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാൻ ആ കുട്ടിയോട് എനിക്കിഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. നിന്നെപ്പോലൊരു കരിമാക്കാനെ എനിക്ക് വേണ്ടാ എന്നാ അവൾ പറഞ്ഞത്. ആ ദേഷ്യത്തിലാ ഞാൻ….പക്ഷേ, അത് ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ചിന്തിച്ചില്ല.”

“നിന്നെ ഞാൻ ഒരു ജോലിക്കാരനായിട്ടല്ല അനിയനായിട്ടാ കണ്ടത്. എന്നിട്ടും നീ….”

ഇത്രയും പറഞ്ഞ് ഹരി അവന്റെ കരണത്തൊന്നു പൊട്ടിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ പോലീസ് അവിടെയെത്തി. ബിബിൻ അവരുടെ മുന്നിൽ കുറ്റസമ്മതം നടത്തി.

“നിന്റെ ഒരു നിമിഷത്തെ എടുത്തു ചാട്ടം എത്ര ജീവിതങ്ങളെയാണ് ബാധിച്ചതെന്ന് കണ്ടോടാ?”

എസ്.ഐ രാജശേഖരൻ, ബിബിനോട് ചോദിച്ചു. ശേഷം, ഹരിയുടെ നേരെ തിരിഞ്ഞു.

“സോറി മിസ്റ്റർ ഹരിദാസ്, നിങ്ങൾക്ക് ഇതുവരെയുണ്ടായ എല്ലാ ബുദ്ധിമുട്ടുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു. ഇനി ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം. ഹോസ്പിറ്റലിൽ പോയി ആ കുട്ടിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് എല്ലാ സത്യങ്ങളും ഞാൻ തന്നെ അവരെ അറിയിക്കാം.”

എസ്.ഐ ഉറപ്പ് നൽകി. പൊലീസുകാർ വീട് വിട്ടു പോയപ്പോൾ നീലിമ ഹരിയുടെ അടുത്തേക്ക് ചെന്നു. അല്പനേരം അവർ നിശ്ശബ്ദരായി പരസ്പരം നോക്കി നിന്നു. ശേഷം, നിറകണ്ണുകളോടെ അവൾ ഭർത്താവിന്റെ മാറിലേക്ക് ചാഞ്ഞു. കഠിന ഹൃദയനായ ശങ്കരമേനോന്റെ കണ്ണുകളെ പോലും ഈറനണിയിച്ചു.

~ ജിഷ്ണു മുരളീധരൻ ~

LEAVE A REPLY

Please enter your comment!
Please enter your name here