അറിവ് തരൂ, ഞങ്ങളുടെ വിശപ്പ് മാറട്ടെ; ചോലനായ്ക്കര്‍ക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദധാരി വിനോദ് സംസാരിക്കുന്നു

0
142

രാകേഷ് സനല്‍

പത്തുപതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വിശ്വനാഥന്‍ ആ കുട്ടിയെ കാണുന്നത്. കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനവുമായാണ് കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്ന കരുളായി വനമേഖലയിലയില്‍ എത്തിയത്. അവിടെയാണ്, ഒരു ഗുഹയ്ക്കുള്ളില്‍ നിന്നും ആ കുട്ടിയെ വിശ്വനാഥന്‍ കണ്ടെത്തുന്നത്. കഴിക്കാന്‍ ഞാന്‍ പഴം വാങ്ങിത്തരാം എന്നു പറഞ്ഞു വിശ്വനാഥന്‍ അവനെ വിളിച്ചു. അവന്‍ അദ്ദേഹത്തിനൊപ്പം ചെന്നു. വിശ്വനാഥന്‍ അവന് ഭക്ഷണം വാങ്ങി നല്‍കി. പക്ഷേ, തിരികെ ഗുഹയിലേക്ക് പറഞ്ഞയച്ചില്ല, പകരം സ്‌കൂളില്‍ ചേര്‍ത്തു. ഏറ്റവും വലിയ വിശപ്പ് തോന്നേണ്ടത് വിദ്യാഭ്യാസത്തിനു വേണ്ടിയാണെന്ന് ആ കുട്ടിക്ക് അന്ന് മനസിലായിരുന്നില്ല. എന്നാല്‍ പോകെ പോകെ അവനത് തിരിച്ചറിഞ്ഞു, തിരിച്ചടികള്‍ പലതും നേരിടേണ്ടി വന്നിട്ടും, പല ഘട്ടങ്ങളിലും എല്ലാം നിര്‍ത്തി തിരിച്ച് തന്റെ ഊരിലേക്ക് പോയാല്‍ മതിയെന്ന ചിന്ത വന്നു മൂടിയിട്ടും അവന്‍ പിടിച്ചു നിന്നു…

ആ കുട്ടിക്ക് ഇന്ന് 23 വയസുണ്ട്. പേര് വിനോദ് സി. പാണപ്പുഴ മാഞ്ചേരി ഊരിലെ താമസക്കാരായ മണ്ണല ചെല്ലന്റെയും വിജയയുടെയും മകന്‍. ഭക്ഷണത്തോടുള്ള കൊതിയില്‍ ഇറങ്ങി വന്ന് ഇന്ന് ഒരു ചരിത്രനേട്ടം സ്വന്തമാക്കി നില്‍ക്കുകയാണ് വിനോദ്. ചോലനായ്ക്കര്‍ക്കിടയില്‍ നിന്നുള്ള ആദ്യ ബിരുദാനന്തര ബിരുദധാരി എന്ന ചരിത്രനേട്ടം.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കരുളായി ഉര്‍ക്കാടുകളില്‍ ഗുഹകളില്‍ താമസിച്ചു വരുന്ന ആദിവാസി പ്രാക്തന േഗാത്രവിഭാഗമായ ചോലനായ്ക്കരില്‍ ഏകദേശം 30 ഓളം കുടുംബങ്ങളില്‍ നിന്നായി 208 ഓളം അംഗങ്ങളാണ് ഉള്ളത്. കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍. പുറം ലോകത്തെ പറ്റി അധികം ചിന്തയില്ലാത്തവര്‍. ഇപ്പോള്‍ ഈ ജനതയെ മാറി ചിന്തിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് വിനോദ്.

നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തി(ഐജിഎംആര്‍എസ്എസ്)ല്‍ ആയിരുന്നു വിനോദിന്റെ പത്താം ക്ലാസ് വരെയുള്ള പഠനം. വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കി. ചോലനായ്ക്കരയില്‍ നിന്ന് ആദ്യമായി പ്ലസ്ടു ജയിച്ചതും വിനോദാണ്. പാലേമാട് വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ മാനേജര്‍ കെ.ആര്‍ ഭാസ്‌കര പിള്ള ബിഎ എക്‌ണോമിക്‌സിന് സൗജന്യ പ്രവേശനം നല്‍കി. ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് ബിരുദ പഠനം പൂര്‍ത്തിയാക്കി. ഗോത്രത്തിലെ ആദ്യ ബിരുദധാരിയായി. കുസാറ്റില്‍ എംഎ അപ്ലൈഡ് ഇക്‌ണോമിക്‌സിന് പ്രവേശനം നേടിയ വിനോദ് ഉയര്‍ന്ന മാര്‍ക്ക് നേടി തന്നെ വിജയിച്ചു. ഇപ്പോള്‍ നെറ്റ് പരീക്ഷ എഴുതി എംഫില്‍ പ്രവേശനത്തിന് തയാറെടുക്കുന്നു.

”ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു കാടും മലകളും കയറി വന്ന വിശ്വനാഥന്‍ സാര്‍, താമസിച്ചിരുന്ന ഗുഹയില്‍ നിന്ന് എന്നെ കൂട്ടികൊണ്ട് പോയത്. അന്നൊക്കെ ഭക്ഷണത്തിനോട് മാത്രമായിരുന്നു കൊതി. പുതിയതായി എന്തെങ്കിലും കഴിക്കുക, അതായിരുന്നു അന്നൊക്കെ ആവശ്യം. അതുകൊണ്ട് പഴം വാങ്ങി തരാമെന്ന് പറഞ്ഞ അദ്ദേഹത്തോടൊപ്പം കാടിറങ്ങി. വാക്ക് പാലിച്ച അദ്ദേഹം എന്നെ ട്രൈബല്‍ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. അന്ന് എന്റെ ഗോത്രത്തില്‍ നിന്നും ഞാന്‍ മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. അദ്ദേഹം തനിക്ക് ആദ്യം ഭക്ഷണവും പിന്നെ വസ്ത്രങ്ങളും നല്‍കി. ഗുഹകളില്‍ കൂട്ടമായി താമസിച്ചു വന്നിരുന്നാല്‍ ആദ്യമൊക്കെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. സ്‌കൂളില്‍ ചേര്‍ന്ന് മൂന്ന് മാസം കഴിഞ്ഞാണ് കാട്ടിലേക്ക് തിരിച്ച് പോകുന്നത്. സ്‌കൂള്‍ അവധിക്കാണ് വീട്ടില്‍ എത്തിയത്. ശീലങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പഠിക്കണം എന്ന് എങ്ങനെയൊക്കെയോ മനസില്‍ ആഗ്രഹം വളര്‍ന്നതുകൊണ്ട് അവധി കഴിഞ്ഞും തിരിച്ച് സ്‌കൂളിലേക്ക് പോയി”

ആ ആഗ്രഹമാണ് ഇപ്പോഴും വിനോദിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ യാത്രയെ കുറിച്ചും അതിനിടിയിലെ അനുഭവങ്ങളെ കുറിച്ചും വിനോദ് കൂടുതല്‍ പറയുകയാണ്, ഒപ്പം അയാളുടെ ആവശ്യങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചും

ഞങ്ങള്‍ക്ക് മാതൃകകള്‍ ഇല്ലായിരുന്നു
ആദിവാസി കുട്ടികള്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവരാണ് എന്നാണ് പൊതുവെ പറഞ്ഞുകേള്‍ക്കുന്നത്. അതെന്തുകൊണ്ടാണെന്നു മാത്രം ആരും അന്വേഷിക്കാറില്ല. ഞങ്ങളുടെ ഊരില്‍ വിദ്യാഭ്യാസം നേടിയവര്‍ ആരും ഇല്ലായിരുന്നു. കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍. ഓരോ കുട്ടിയും കാണുന്നത് അവന്റെ ചുറ്റുപാടുകള്‍ മാത്രമാണ്, അവനും അതു തന്നെ പിന്തുടരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുക, കൃഷി ചെയ്യുക, മീന്‍ പിടിക്കുക, ഇതൊക്കെയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്, താനും അതു തന്നെയാണ് ചെയ്യേണ്ടതെന്നാണ് അവന്‍ ധരിക്കുന്നത്. പഠിക്കണമെന്നോ പഠിച്ച് ജോലി നേടണമെന്നോ പറഞ്ഞു കൊടുക്കാന്‍ ആരുമില്ല. മാതാപിതാക്കള്‍ കുട്ടികളോട് പഠിക്കാന്‍ പോകാനല്ല പറയുന്നത്, പെണ്‍കുട്ടിയാണെങ്കില്‍ അമ്മയെ സഹായിക്കണം, ആണ്‍കുട്ടിയാണെങ്കില്‍ അച്ഛനെ സഹായിക്കണം. കാട് വിട്ട് പുറത്തു പോകാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. പിന്നെയങ്ങനെയാണ് ഒരു കുട്ടി വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിക്കുന്നത്. അവന് ചൂണ്ടിക്കാണിച്ച് പറയാന്‍ ഒരു മാതൃകയും അവിടെയില്ലല്ലോ! ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയും അതാണ്. എന്റെ കാര്യത്തില്‍ ഒരു വിശ്വനാഥന്‍ സാറിന്റെ ഇടപെടല്‍ ഉണ്ടായി. എന്നെ പ്രോത്സാഹിപ്പിക്കാന്‍, വേണ്ട സൗകര്യങ്ങള്‍ ചെയ്തുതരാന്‍ ഒരു ഭാസ്‌കര പിള്ള സാര്‍ ഉണ്ടായി. എനിക്ക് കിട്ടിയ ഭാഗ്യം എല്ലാവര്‍ക്കും ഒരുപോലെ കിട്ടുമോ? പത്തുവര്‍ഷമായി കാണും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളുടെ സമൂഹം മനസിലാക്കി തുടങ്ങിയിട്ട്. പഴയ സാഹചര്യങ്ങളില്‍ നിന്നും ഇപ്പോഴും ഞങ്ങള്‍ പൂര്‍ണമായി മോചിതരായിട്ടില്ല. 2018 ആകുമ്പോഴും നീ പഠിക്കണമെന്നോ പഠിച്ച് വലിയ ജോലി നേടണമെന്നോ പറയുന്ന മാതാപിതാക്കള്‍ ഞങ്ങളുടെ കുടുംബങ്ങളില്‍ അധികമില്ല.

ആഗ്രഹം ഉണ്ടായാല്‍ മാത്രം പോരല്ലോ…
പഠിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്. പക്ഷേ, അതിനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമല്ല. വീടുകളില്‍ നിന്നും പിന്തുണ കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പുറത്തിറങ്ങി പഠിക്കാനുള്ള സാമ്പത്തിക സൗകര്യവും അവര്‍ക്കില്ല. ആഗ്രഹത്തിനപ്പുറം അതിനായി ഉണ്ടാകേണ്ട മാനസിക ശക്തി ഇല്ല. ആ രീതിയില്‍ ആരും അവരെ പിന്തുണയ്ക്കുന്നുമില്ല. പലതരത്തിലുള്ള അപകര്‍ഷതാബോധത്തിന്റെ തടവിലാണ് ഞങ്ങളുടെ കുട്ടികള്‍ ഓരോരുത്തരും. പഠിക്കണമെന്ന ആഗ്രഹവുമായി ഇറങ്ങിയാല്‍ വഴിയില്‍ വീണുപോകാന്‍, എല്ലാം ഉപേക്ഷിച്ച് കാട്ടിലേക്ക് തന്നെ മടങ്ങിപ്പോരാന്‍ നിര്‍ബന്ധിക്കുന്ന പല ഘടകങ്ങളും ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. അതൊക്കെ കടന്നു പോകാന്‍ മാത്രം ശക്തി ഞങ്ങളുടെ കുട്ടികള്‍ക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here