ഒരു വട്ടം കൂടി ഊട്ടിയിലേക്ക്

0
901

തെറ്റിദ്ധരിക്കണ്ട. ഈ ഊട്ടി നിങ്ങള്‍ വിചാരിക്കുന്ന സ്ഥലമല്ല. മരങ്ങള്‍ കുട നിവര്‍ത്തി, തണല്‍വിരിച്ച് നില്‍ക്കുന്ന ഒരിടം. എത്ര കഠിനമായ വേനലിലും തണുപ്പ് നിലനിര്‍ത്തുന്ന പ്രകൃതിയിലെ സുന്ദരമായൊരിടം. പക്ഷിക്കൂട്ടം ചേക്കേറുന്നൊരിടം. പ്രണയത്തിന്‍റെ പനീര്‍പ്പൂക്കള്‍ വിടരുകയും കൊഴിയുകയും, സുഹൃത്തുക്കള്‍ സമ്മേളിക്കുകയും, വിദ്യര്‍ത്ഥി യൂണിയനുകള്‍ യോഗങ്ങള്‍ ചേരുകയും ചെയ്യുന്നോരിടം. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യര്‍ത്ഥികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. അതാണ്‌ എന്‍റെ ഊട്ടി. ആ ഊട്ടിയിലെ നിത്യ സന്ദര്‍ശകനായിരുന്നു ഞാനും.
പത്താംതരം കഴിഞ്ഞ് എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ചേച്ചിയും ചേട്ടനും കൂടി നിര്‍ബന്ധിച്ച് എന്നെ പ്രീഡിഗ്രിക്ക്(1st Group) തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ചേര്‍ത്തു. കൂട്ടത്തില്‍ തോമാസ് സാറിന്‍റെ (St. Thomas College Professor).ടൂഷനും ഏര്‍പ്പെടുത്തി. സാറിന്‍റെ നോട്ട്സ് കാണാപാഠം പഠിച്ച് പരീക്ഷ എഴുതിയാല്‍ മിനിമം ഒരു സെക്കന്‍റ് ക്ലാസെങ്കിലും അടിച്ചെടുക്കാമെന്ന് വിദ്യര്‍ത്ഥികളുടെ ഇടയില്‍ സംസാരം.
Entrance Exam ഇല്ലാത്ത ഒരു കാലമായിരുന്നു അത്. പ്രീഡിഗ്രിക്ക് ഫസ്റ്റ്ഗ്രൂപ്പ് എടുത്താല്‍ പഠനത്തിന്‍റെ ഏതു മേഖലകളിലേക്കും ഭാവിയില്‍ തിരിയാമെന്നുള്ളതുകൊണ്ട് മാതാപിതാക്കള്‍ ഫസ്റ്റ് ഗ്രൂപ്പ് എടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക പതിവായിരുന്നു.
ഫസ്റ്റ് ഗ്രൂപ്പിലെ ഏററവും പ്രധാനപ്പെട്ട വിഷയങ്ങളായിരുന്നു Physics,Chemistry,Maths. Lectures ഉം തോമാസ് സാറും ഗോരഗോരം പ്രസംഗിച്ചീട്ടും എന്‍റെ തലയിലേക്ക് ഒന്നും കയറിയില്ല. കാണാപാഠവും പഠിക്കാനായില്ല.
ഞാന്‍ വല്ലാതെ അസ്വസ്ഥനായി. ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ക്ലാസ് കട്ട് ചെയ്യ്ത് ഊട്ടിയില്‍ ചെന്നിരിക്കുമായിരുന്നു. അവിടെയിരിക്കുമ്പോള്‍ ഞാനറിയാതെ എന്‍റെ മനസ്സ് ശാന്തമാകുമായിരുന്നു.
ആ ഊട്ടിയില്‍വച്ചാണ്, ഒരു സ്ഥാപനത്തില്‍ ആളെ എടുക്കുന്ന വിവരം എന്‍റെ സുഹൃത്ത് പറയുന്നത്. ഞാനും പോയി ഇന്റര്‍വ്യൂന്. ഭാഗ്യത്തിന് എനിക്കും കിട്ടി ജോലി. കോഴിക്കോടുള്ള ഒരു സ്ഥാപനത്തില്‍. അടുത്ത ദിവസംതന്നെ കോഴിക്കോട്ടേക്ക് ഞാന്‍ യാത്രയായി പുതിയ അനുഭവങ്ങള്‍ തേടി.
കാണാപാഠം പഠിക്കുന്നതില്‍നിന്നും രക്ഷപ്പെട്ടതില്‍ സന്തോഷിച്ചെങ്കിലും ഊട്ടി വിട്ടുപോരുവാന്‍ എനിക്കൊട്ടും മനസ്സില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here