പഴമയുടെ പുതുമ – കഥ – സാമുവേൽ ജോർജ്‌

0
974

“നിങ്ങട വാപ്പ ഒരു മര്‍ക്കടമുഷ്ടിയാണ്…അങ്ങേരോട് എത്ര പറഞ്ഞാലും തലേല്‍ കേറില്ല..ദേ ഇക്കാ എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ”

മണലാരണ്യത്തിലെ വിശ്രമ സങ്കേതത്തില്‍ നിന്നും പ്രിയതമയുമായി കൊതിതീരും വരെ പ്രേമസല്ലാപം നടത്താനായി വിളിച്ച കബീര്‍ ഭാര്യ സുല്‍ഫത്തിന്റെ പരിഭവം കേട്ട് പരിഭ്രാന്തനായി. അവള്‍ക്കൊരു ചെറിയ പരിഭവം പോലും ഉണ്ടാകാന്‍ പാടില്ല എന്നുള്ളത് അവന് നിര്‍ബന്ധമാണ്‌. ഇപ്പോള്‍ എന്ത് പുകിലാണോ ഉണ്ടായിരിക്കുന്നത് എന്നാര്‍ക്കറിയാം? വാപ്പ എന്തോ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്; പഴയ സ്വഭാവമല്ലേ; പട്ടിയുടെ വാലുപോലെ ആണത്. എത്ര പറഞ്ഞാലും മാറാന്‍ പോകുന്നില്ല; അസ്വസ്ഥതയോടെ അവന്‍ സ്വയം പറഞ്ഞു. എങ്കിലും എന്തായിരിക്കും പ്രശ്നം?

“എന്ത് പറ്റി മോളെ..വാപ്പ നിന്നെ വഴക്കോ മറ്റോ പറഞ്ഞോ?” കബീര്‍ ആശങ്കയോടെ ചോദിച്ചു.

“വഴക്ക് പറയാന്‍ ഞാനാരാ..അങ്ങേരുടെ മോളും പൊണ്ടാട്ടിയും ഒന്നുമല്ലല്ലോ. എന്നെ വല്ലതും പറഞ്ഞാല്‍ എനിക്കുമറിയാം തിരിച്ചു പറയാന്‍.”

സുല്‍ഫത്ത് പുലിയെപ്പോലെ ചീറി.
അപ്പൊ മറ്റെന്തോ ആണ് പ്രശ്നം. പെണ്ണ് കോപത്തിലാണ്. കോപിക്കുമ്പോള്‍ അവളെ അടുത്തു നിന്നാണ് കാണേണ്ടത്. കോപം കയറിയാല്‍ ആ തുടുത്ത മുഖം റോസാപ്പൂവ് പോലെ ചുവക്കും. അപ്പോഴാണ് തന്റെ സുല്‍ഫിക്ക് സൌന്ദര്യം കൂടുന്നത്. ഹും.അതൊന്നും കാണാനും അവളുടെ സാമീപ്യം അനുഭവിക്കാനും ഒന്നും തനിക്ക് യോഗമില്ല. നിക്കാഹ് കഴിഞ്ഞു കൃതം മുപ്പത് ദിവസങ്ങള്‍ ആയപ്പോള്‍ ഇവിടേക്ക് വണ്ടി കയറിയതാണ്. ഇനിയും എട്ടുമാസങ്ങള്‍ കൂടി കാത്തിരിക്കണം അവധി ലഭിക്കണമെങ്കില്‍. തന്നെ പിരിഞ്ഞു നില്‍ക്കുന്ന അവള്‍ക്കും കാണില്ലേ ഇതേപോലെ വിരഹവേദന? അതിനിടയില്‍ വീട്ടുകാരുണ്ടാക്കുന്ന ഓരോരോ പൊല്ലാപ്പുകള്‍ വേറെയും.

“ഇക്കാ…നിങ്ങളെന്താ ഒന്നും പറയാത്തത്..ഫോണ്‍ പിടിച്ചോണ്ട് ഉറങ്ങിപ്പോയോ..”

അവളുടെ ശബ്ദം കാതില്‍ പതിഞ്ഞപ്പോള്‍ ചിതറിപ്പോയ ചിന്തകളില്‍ നിന്നും ഉണര്‍ന്ന കബീര്‍ തിരികെയത്തി.

“പിന്നെന്താ എന്റെ മുത്തെ പ്രശ്നം..നീ കാര്യം പറഞ്ഞില്ലല്ലോ” അവന്‍ ചോദിച്ചു.

“ഇക്കാ..വാപ്പ ഇപ്പോഴും മീന്‍ കച്ചവടത്തിന് പോകുന്നുണ്ട്. എന്ത് മാനക്കേട് ആണ് അതുമൂലം എനിക്കെന്ന് ഇക്കയ്ക്ക് അറിയാമോ? മീന്‍കാരന്‍ മൊയ്തീന്റെ മരുമകള്‍ എന്ന പേരിലാണ് എന്നെ എല്ലാവരും വിളിക്കുന്നത്. ഗള്‍ഫില്‍ ജോലിയുള്ള കബീറിന്റെ ഭാര്യ എന്ന് ആളുകള്‍ വിളിക്കുന്നത് കേള്‍ക്കാനാ എനിക്കിഷ്ടം..പക്ഷെ നിങ്ങളുടെ വാപ്പ കാരണം പുറത്തോട്ട് ഇറങ്ങാന്‍ തന്നെ എനിക്ക് മടിയാ..നശിച്ച ജീവിതം…” അവള്‍ പരിഭവങ്ങളുടെ കെട്ടഴിച്ചു വിട്ടു.

ഓഹോ..അപ്പൊ വാപ്പ പിന്നേം തുടങ്ങി. നിക്കാഹ് ആലോചിക്കുന്ന സമയത്ത് തന്നെ സുല്‍ഫത്തും വീട്ടുകാരും പറഞ്ഞിരുന്നതാണ് നിക്കാഹിനു ശേഷം വാപ്പ മീന്‍ കച്ചോടം ചെയ്യാന്‍ പോകരുതെന്ന്. ഇനി ആ തൊഴില്‍ ചെയ്യരുത് എന്ന് അവരുടെ താല്പര്യപ്രകാരം താന്‍ വാപ്പയോട് പറയുകയും വാപ്പ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പോകാതിരിക്കാന്‍ വേണ്ടി മാസാമാസം വീട്ടുചിലവിനുള്ള പണം താനാണ് അയച്ചുകൊടുക്കുന്നത്. പക്ഷെ ദേ ഇപ്പോള്‍ ആ വാക്ക് തെറ്റിച്ച് വാപ്പ വീണ്ടും കച്ചവടത്തിന് പോയി തുടങ്ങിയത്രേ! കബീറിന് കോപം ഇരച്ചു കയറി.

“എത്ര ദിവസമായി പോകാന്‍ തുടങ്ങിയിട്ട്?” അവന്‍ ചോദിച്ചു.

“ഒരാഴ്ച..പോയിട്ട് മീനും നാറ്റിച്ച് ഒരു വരവുണ്ട്..ഞാനും ഉമ്മയും എത്ര പറഞ്ഞിട്ടും അങ്ങേരു കേള്‍ക്കണ്ടേ..ഇക്ക ഇങ്ങനാണെങ്കില്‍ ഞാനെന്റെ വീട്ടില്‍ പോകും. ഇക്ക അവധിക്ക് വരുമ്പോള്‍ അങ്ങോട്ട്‌ വന്നാല്‍ മതി..എനിക്ക് വയ്യ ഇങ്ങനെ നാണംകെടാന്‍” സുല്‍ഫത്ത് കരയാന്‍ തുടങ്ങിയിരുന്നു.

“നീ വിഷമിക്കാതെ..ഞാന്‍ വാപ്പയെ വിളിച്ചു സംസാരിക്കാം..രണ്ടില്‍ ഒന്നറിഞ്ഞിട്ടു തന്നെ കാര്യം” കബീര്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. സുല്‍ഫത്ത് മൂളിയിട്ട് ഫോണ്‍ വച്ചു.

ഒരാഴ്ചയ്ക്ക് ശേഷമുള്ള ഒരു ദിനം.

“ഹാവൂ..ഇപ്പോള്‍ പോക്ക് നിര്‍ത്തി ഇക്കാ..ഇക്ക ശരിക്കും കൊടുത്താരുന്നു അല്ലെ” സുല്‍ഫത്തിന്റെ കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെയുള്ള ചിരിയുടെ അകമ്പടിയോടെ കാതിലേക്ക് വന്ന അവളുടെ കിളിനാദം കബീറിനെ ഹരം കൊള്ളിച്ചു.

“ങാ..കുറച്ച് മോശമായി സംസാരിക്കേണ്ടി വന്നു..വാപ്പയ്ക്ക് വിഷമമായോ എന്തോ”

“വിഷമിച്ചാലും ഒന്നുമില്ല. പറഞ്ഞാല്‍ മനസിലാകണ്ടേ? ഗള്‍ഫില്‍ ജോലിയുള്ള മോന്‍ ഉണ്ടായിട്ടും നാടുമുഴുവന്‍ കൂവി വിളിച്ചു മീന്‍ വില്‍ക്കാന്‍ നടക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ കുറച്ചില്‍ ഇക്കയ്ക്കാണ്‌ എന്ന് അങ്ങേര്‍ക്കും ചിന്തിക്കാവുന്നതല്ലേ?..മീന്‍ കുട്ട ആര്‍ക്കോ വിറ്റിട്ടാണ് ഇന്നലെ വന്നത്. ഇനി ആ പഴയ സൈക്കിളും ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറയണം. ഇല്ലെങ്കില്‍ അതവിടെ ഇരിക്കുന്നത് കണ്ടാല്‍ പിന്നേം പോകാന്‍ തോന്നിയേക്കും…”

“ഹും..അത് നന്നായി. കുട്ട വിറ്റെങ്കില്‍ ഇനി പോകില്ല…”

“ഇക്ക പറഞ്ഞതിന് പുറമേ ഉമ്മയും കുറെ പറഞ്ഞാരുന്നു..അതുകൊണ്ടാണെന്ന് തോന്നുന്നു കുട്ട വിറ്റത്”

“പോട്ടെ, നിന്റെ പ്രശ്നം പരിഹരിച്ചല്ലോ. അതിന് ഇക്കയ്ക്ക് എന്ത് സമ്മാനമാണ് നീ തരാന്‍ പോകുന്നത്?.” അവര്‍ മെല്ലെ തങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു.

മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷമുള്ള മറ്റൊരു ദിവസം.

വീടിന്റെ മുറ്റത്ത് കുന്തിച്ച് ഇരിക്കുകയായിരുന്ന മൊയ്തീന്റെ മുഖത്തേക്ക് നിസ്സഹായതയോടെ കബീര്‍ നോക്കി. അവന്റെ പിന്നില്‍ സുല്‍ഫത്തും അവളുടെ പിന്നില്‍ അവന്റെ ഉമ്മയും ഉണ്ടായിരുന്നു. മൂവരുടെയും മുഖത്തെ ഭാവം കുരങ്ങന്‍ ചത്ത കുറവന് സമമായിരുന്നു.

“ഇനീപ്പോ എന്താ അന്റെ പരിപാടി?” മൊയ്തീന്‍ ചോദിച്ചു.

“വേറെ എവിടേലും ഒരു ജോലി കണ്ടുപിടിക്കണം” കബീര്‍ അയാളെ നോക്കാതെ പറഞ്ഞു.

“കൈയില്‍ എത്ര കായ് ഒണ്ട്?”

“ഒന്നൂല്ല വാപ്പ. ഉള്ളതൊക്കെ മാസാമാസം ഞാന്‍ ഇങ്ങോട്ട് അയയ്ക്കുകയയിരുന്നില്ലേ”

കുറെ നേരത്തേക്ക് ആരും മിണ്ടിയില്ല.

“ഒരു മാസം വീട് കയിഞ്ഞു പോകാന്‍ കൊറഞ്ഞത് പതിനയ്യായിരം രൂപ വേണം. ഞമ്മട കൈയിലും കായൊന്നും ഇല്ല. സീനത്തിന്റെ നിക്കാഹിനും അന്റെ ഗള്‍ഫ് വിസയ്ക്കും കൈയില്‍ ഒണ്ടാരുന്ന കായ് മൊത്തം ഞമ്മള് ചെലവാക്കിയില്ലേ..ഇനീപ്പം എങ്ങനാ ചെലവ് കഴിയുക…”

മൊയ്തീന്‍ മൂവരെയും മാറിമാറി നോക്കി. സുല്‍ഫത്ത് മുഖം വീര്‍പ്പിച്ച് അനന്തതയിലേക്ക് നോക്കി നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ അയാള്‍ക്ക് ഉള്ളില്‍ ചിരിപൊട്ടി.

“അന്റെ ബീടര്‍ക്ക് ഞമ്മള് മീന്‍ കച്ചോടം ചെയ്യുന്നത് പുടിച്ചില്ല..ഇനീം ഞമ്മള് അയിന് പോയാല്‍ ഓള് സൊന്തം വീട്ടീ പോകുമെന്ന് പറഞ്ഞോണ്ടല്ലേ നീ അന്ന് ഞമ്മളോട് മോസമായി സംസാരിച്ചത്..അന്റെ സമ്പളം എടുത്ത് ഉമ്മേം മോളും കൂടി ധൂര്‍ത്തല്ലാരുന്നോ..ഓര് പറേമ്പം പറേമ്പം അയച്ചുകൊടുക്കാന്‍ നീയും..അതൊക്കെ കണ്ടോണ്ടാ ഞമ്മള് പിന്നേം കച്ചോടം ചെയ്യാന്‍ പോയത്..അപ്പൊ നിങ്ങക്കെല്ലാര്‍ക്കും മാനക്കേട്..ഇപ്പൊ ജോലീമില്ല..കൈയില്‍ കായുമില്ല…മൂന്നാളും കൂടി ബീട്ടുചിലവ് എങ്ങനേം നടത്തിക്കോണം…ഗള്‍ഫുകാരനും ഭാര്യേം അമ്മായമ്മേം കൂടി ആലോചിച്ച് ബേണ്ടത് ചെയ്യ്‌”

നിലത്ത് നിന്നും എഴുന്നേറ്റ് മൊയ്തീന്‍ തോളില്‍ കിടന്ന തോര്‍ത്ത് ഒന്ന് കുടഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി. ഉമ്മയും മോനും മരുമകളും മുഖാമുഖം നോക്കിയശേഷം അയാളുടെ പോക്ക് നോക്കി ഇതികര്‍ത്തവ്യഥാമൂഢരായി അങ്ങനെ നിന്നുപോയി.

രണ്ടു മാസങ്ങള്‍ക്ക് ശേഷം ഒരു ഉച്ച നേരത്ത് മൊയ്തീന്‍ ഊണ് കഴിഞ്ഞ് പതിവുപോലെ വരാന്തയിലെ ചാരുകസേരയില്‍ വിശ്രമത്തിക്കുകയാണ്. അന്നത്തെ കച്ചവടം തീര്‍ന്ന് സൈക്കിളില്‍ കബീര്‍ പൊരിവെയിലില്‍ തിരികെ വരുന്നത് കണ്ട് അയാള്‍ നോക്കി. അവന്‍ നന്നേ വിയര്‍ത്ത് കുളിച്ചിട്ടുണ്ട്. സൈക്കിളില്‍ ലോഡ് വച്ചു ചവിട്ടുന്നതല്ലേ? കബീര്‍ എത്തിയതറിഞ്ഞ് പുറത്തേക്ക് വന്ന സുല്‍ഫത്ത് സൈക്കിളിന്റെ പിന്നില്‍ നിന്നും ഒഴിഞ്ഞ മീന്‍കുട്ട എടുത്ത് വീടിന്റെ പിന്നിലേക്ക് നടന്നു.

“ഒന്ന്‍ നിക്കടി” മൊയ്തീന്‍ അവളെ വിളിച്ചു. അവള്‍ തിരിഞ്ഞു നിന്ന് അയാളെ നോക്കി.

“അനക്ക് മീന്‍കാരന്‍ കബീറിന്റെ ഭാര്യ എന്ന ബിളിപ്പേര് പെരുത്ത് പുടിച്ചാ?”

സുല്‍ഫത്ത് അടുത്തു നിന്നിരുന്ന കബീറിനെ ദൈന്യതയോടെ നോക്കി; പിന്നെ കുറ്റബോധത്തോടെ ഒന്നും മിണ്ടാതെ തല കുനിച്ചു.

“എന്താ അനക്ക് മിണ്ടാട്ടം മുട്ടിയോ? എങ്കീ നാളെ മുതല്‍ മീന്‍കാരന്‍ മൊയ്തീന്റെ മരുമോള്‍ എന്ന പയേ പേര് ബീണ്ടും അനക്ക് കിട്ടാന്‍ പോവാണ്..”

ഒരു ചിരിയോടെ മൊയ്തീന്‍ അത് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് തല ഉയര്‍ത്തി. അവളുടെയും കബീറിന്റെയും കണ്ണുകള്‍ വിടര്‍ന്നു.

“വാപ്പ എന്താണ് ഉദ്ദേശിക്കുന്നത്?” കബീര്‍ ചോദിച്ചു.

“നാളെ മുതല്‍ നീയല്ല, ഞമ്മള് പോകും കച്ചോടത്തിന്..മീന്‍കാരന്‍ കബീറിന്റെ ഭാര്യ എന്ന പേരിലും നല്ലത് മീന്‍കാരന്‍ മൊയ്തീന്റെ മരുമോള്‍ എന്ന ബിളി തന്നാ..അനക്ക് ബേറെ ഒരു ജോലി ഞമ്മള് സരിയാക്കി..നാളെ മൊതല് നീ അതിനു പോയാ മതി. പച്ചേങ്കി, രണ്ടീസം കയീമ്പം നിന്റെ ബീടര് ബീണ്ടും പയേ പോലെ ബല്ലോം പറഞ്ഞാ..ങ്ഹാ….”

സുല്‍ഫത്തിന്റെ കണ്ണുകളില്‍ നിന്നും അവളുടെ അനുമതി കൂടാതെ നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങി. അവളുടെ മനസ് കൃതജ്ഞത കൊണ്ടും സ്നേഹം കൊണ്ടും ആദരവ് കൊണ്ടും നിറഞ്ഞു വീര്‍പ്പുമുട്ടുകയായിരുന്നു. കബീര്‍ അത്ഭുതത്തോടെയോ ആരാധനയോടെയോ ഒക്കെ വാപ്പച്ചിയെ നോക്കി നിന്നുപോയി..സ്വന്തമായി ഒരു ജോലി തേടി കണ്ടുപിടിക്കാന്‍ കഴിവില്ലാത്ത താനാണ് വാപ്പച്ചിയെ ഉപദേശിച്ച് നന്നാക്കാന്‍ നോക്കിയ വിഡ്ഢി..ജീവിക്കാന്‍ അറിയാത്ത മണ്ടന്‍.. അവന്‍ സ്വയം പറഞ്ഞു.
Image may contain: one or more people, people sitting and bicycle

LEAVE A REPLY

Please enter your comment!
Please enter your name here