കവി ചെമ്മനം ചാക്കോ അന്തരിച്ചു

0
136

അക്ഷേപ ഹാസ്യ കവിതകളിലൂടെ സാമൂഹിക വിമര്‍ശനം നടത്തി മലയാളത്തെ അതിശയിപ്പിച്ച പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്ങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്ന അദ്ദേഹം കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം.

ലളിതമായ ഭാഷയിലുള്ള കവിതകളിലൂടെ അതിശക്തമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന ചെമ്മനം കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും പാതയില്‍ സഞ്ചരിച്ച വ്യക്തിയെന്ന നിലയില്‍ ശദ്ധ്രേയനായ വ്യക്തിയായിരുന്നു.

കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ വൈദികനായ യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7-നാണ് ജനനം. ഭാര്യ: ബേബി ടീച്ചര്‍ (റിട്ട. പ്രധാനാധ്യാപിക). മക്കള്‍: ഡോ. ശോഭ (അമൃത ആശുപത്രി എറണാകുളം), ഡോ. ജയ (യു.കെ.). മരുമക്കള്‍: ഡോ. ജോര്‍ജ് പോള്‍ (അമൃത ആശുപത്രി എറണാകുളം), ഡോ. ചെറിയാന്‍ വര്‍ഗീസ് (യു.കെ.)

പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ചെമ്മനം ചാക്കോയുടെ വിദ്യാഭ്യാസം. മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെയ്ന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കേരള സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

2006 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. കുഞ്ചൻ നമ്പ്യാർ കവിതാപുരസ്കാരം (2012) മഹാകവി ഉള്ളൂർ കവിതാ അവാർഡ് (2003) സഞ്ജയൻ അവാർഡ് (2004) പി. സ്മാരക പുരസ്കാരം (2004) പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ് (2004) മൂലൂർ അവാർഡ് (1993) കുട്ടമത്ത് അവാർഡ് (1992) സഹോദരൻ അയ്യപ്പൻ അവാർഡ് (1993) എ.ഡി. ഹരിശർമ്മ അവാർഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി. 1977 ൽ രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയിൽനിന്നും കവിതാ അവാർഡ് ലഭിച്ചു.

സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം മണ്ണുക്കുന്നേല്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍. യു.കെ.യില്‍നിന്ന് മകള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here