സ്വാതന്ത്ര്യം – കഥ – സാമുവേൽ ജോർജ്

0
728

ഈ നശിച്ച ഹോസ്റ്റല്‍ ജീവിതം എന്നെ മടുപ്പിക്കുന്നു. എന്തിനാണ് ഇവര്‍ ഇത്ര കാര്‍ക്കശ്യം പുലര്‍ത്തുന്നത്? മതിലുകള്‍ക്ക് അപ്പുറത്തുള്ള ലോകം എത്ര സുന്ദരവും സുഖകരവുമാണ്! അവിടെ അവര്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെയും വിഹരിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു. ഞാനിവിടെ, ഈ നശിച്ച മുറിയുടെ മടുപ്പിക്കുന്ന തണുപ്പില്‍ തനിച്ച്…

ഹരി എന്തെടുക്കുകയാകും? അവനെ കണ്ടൊന്നു സംസാരിക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ. അവന്റെ കൂടെ നഗരത്തില്‍ ചുറ്റിയടിക്കാന്‍ കൊതി തോന്നുകയാണ്‌. സിനിമ കണ്ട്, ഐസ് ക്രീം കഴിച്ച് ബീച്ചിലും പാര്‍ക്കിലും ഒത്തൊരുമിച്ച്..ഹും! സ്വപ്നം കാണാന്‍ മാത്രമേ ഉള്ളു എനിക്ക് വിധി. ചുറ്റിക്കറങ്ങല്‍ പോയിട്ട് മനസ്സ് തുറന്നൊന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമല്ലേ ആ നശിച്ച തള്ള ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവനിവിടെ എന്നെ കാണാന്‍ വന്നാല്‍പ്പോലും സ്വകാര്യമായി സംസാരിക്കാന്‍ സാധിക്കില്ല. ഒരാണും പെണ്ണും തമ്മില്‍ സംസാരിച്ചാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? നാശം പിടിച്ച ജീവിതം. വീട്ടിലേക്ക് പോകുമ്പോള്‍, ഇവിടെ നിന്നും ഇറങ്ങുന്ന സമയത്ത് തന്നെ അച്ഛനെ അവര്‍ വിവരം അറിയിക്കും. ഈ നഗരത്തില്‍ വേറെ ഹോസ്റ്റലുകള്‍ ഒന്നും ഇല്ലാഞ്ഞിട്ടാണോ അച്ഛന്‍ എന്നെ ഇവിടെത്തന്നെ ആക്കിയത്? അങ്ങേര്‍ക്ക് എന്നെ വിശ്വാസമില്ല; അതുതന്നെ കാര്യം. സ്വാതന്ത്ര്യം കിട്ടിയാല്‍ ഞാന്‍ കയറു പൊട്ടിച്ചു പോകുമെന്ന് അങ്ങേര് ഭയക്കുന്നു. ഛെ, താന്‍ അത്തരക്കാരിയല്ല എന്ന് അച്ഛനോട് എങ്ങനെ പറയും? ഒരു മകള്‍ക്ക് അച്ഛനോട് അങ്ങനെയൊക്കെ പറയാന്‍ പറ്റുമോ. ജയിലിനേക്കാള്‍ കഷ്ടമാണ് ഈ നശിച്ച ഹോസ്റ്റല്‍; പക്ഷെ ആരോട് പറയാന്‍.

ആ വാര്‍ഡന്‍ ചിരിക്കാന്‍ അറിയാത്ത ഒരു സ്ത്രീ ആണെന്ന് തോന്നുന്നു. ഇവിടെ വന്നു നാളിതുവരെ അവരുടെ മുഖത്ത് ഞാനൊരു ചിരി കണ്ടിട്ടില്ല. എപ്പോഴും കടിച്ചു തിന്നാന്‍ വരുന്ന ഭാവമാണ്. അവരുടെ കുറെ രഹസ്യ ചാരന്മാരുണ്ട്; ചാരന്മാര്‍ അല്ല ചാരികള്‍. പൂച്ചകളെപ്പോലെ ഇങ്ങനെ പതുങ്ങിപ്പതുങ്ങി നടക്കും; ഞങ്ങള്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍; ഒന്ന് തുമ്മിയാല്‍ പോലും അവരത് അറിഞ്ഞിരിക്കും. വൃത്തികെട്ട സ്ത്രീ. എന്തായാലും ഒരു മാസം കൂടി സഹിച്ചാല്‍ മതി എന്നതാണ് ഏക ആശ്വാസം. അതോടെ കോഴ്സ് തീരും; പിന്നെ പുറം ലോകത്തേക്ക്, കൂട്ടില്‍ നിന്നും രക്ഷപെട്ട പക്ഷിയെപ്പോലെ തനിക്ക് പാറിപ്പറന്നു നടക്കാം.

പക്ഷെ ഹോസ്റ്റല്‍ ജീവിതം തീര്‍ന്നു സ്വതന്ത്രമായ പുറം ലോകത്തെത്തിയ ഞാന്‍ എന്തുകൊണ്ടായിരുന്നു ആ വാര്‍ഡന്‍ അത്ര കാര്‍ക്കശ്യം പുലര്‍ത്തിയത് എന്ന് വളരെ വൈകാതെ തന്നെ മനസിലാക്കി. ചില ചെറിയ സംഭവങ്ങളിലൂടെ.

അന്ന് അച്ഛന്റെ കാറുമായി ടൌണില്‍ എത്തി ഒരു കടയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിട്ട് ഉള്ളിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തുകൂടി ഒരു ബൈക്ക് പോയത്.

“ഏയ്‌..എവിടെ നോക്കിയാണ് നിങ്ങള്‍ വണ്ടി ഓടിക്കുന്നത്..എന്താണിത്?”

കാറിന്റെ വശത്തുകൂടി വെട്ടിച്ചെടുത്ത ബൈക്കിന്റെ ഏതോ ഭാഗം കൊണ്ട് ഉരസിയ പാടിലേക്ക് നോക്കി ഞാന്‍ ഉറക്കെ വിളിച്ചു ചോദിച്ചു. അച്ഛന്‍ പറഞ്ഞിരുന്നതാണ് സൂക്ഷിച്ച് കൊണ്ടുപോകണമെന്ന്. പക്ഷെ ഇത് പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന വണ്ടിയില്‍ എന്റെ യാതൊരു വിധ തെറ്റും ഇല്ലാതെ സംഭവിച്ചതാണ്. അവന്‍ ബൈക്ക് നിര്‍ത്തി ഇറങ്ങി വരുന്നുണ്ട്. കണ്ടാലേ അറിയാം, ഒരു ഫ്രീക്കനാണ്.

“എന്ത് പറ്റി?” പുച്ഛം കലര്‍ന്ന അവന്റെ ചോദ്യം.

“ദാ നോക്ക്..വണ്ടിയുടെ പെയിന്റ് പോയത് കണ്ടോ..നിങ്ങളുടെ ബൈക്ക് മുട്ടിയതാണ്” അവന്റെ കൂസലില്ലാത്ത നില്‍പ്പ് കണ്ടപ്പോള്‍ കോപം ഇരച്ചു കയറുന്നുണ്ടായിരുന്നെങ്കിലും സംയമനം പാലിച്ചാണ് ചോദിച്ചത്.

“ഓ..ഇതിനായിരുന്നോ? ഞാന്‍ കരുതി…റോഡില്‍ വണ്ടി ഓടിച്ചാല്‍ അത് തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യും. അതൊക്കെ ഇഷ്ടമില്ലെങ്കില്‍ വണ്ടി വീട്ടില്‍ മൂടിപ്പുതപ്പിച്ച് ഇട്ടോണം..ഒരു ചെറിയ പോറല്‍ ഉണ്ടായതിനാണ് ഈ പുകില്‍..പോയി പണി നോക്ക് കൊച്ചെ..”

ധിക്കാരത്തോടെ അങ്ങനെ പറഞ്ഞിട്ട് അവന്‍ തിരിച്ചു പോകാന്‍ തുടങ്ങുന്നു.

“നില്‍ക്കെടാ..” കോപത്തോടെ ഞാന്‍ അലറി. അവന്‍ ചുണ്ടിലൊരു പുച്ഛം കലര്‍ന്ന ചിരിയോടെ തിരിഞ്ഞു.

“ഇതിനു സമാധാനം ഉണ്ടാക്കിയിട്ട് പോയാല്‍ മതി..ഇല്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും” ഞാന്‍ സ്വരമുയര്‍ത്തി. പ്രശ്നമാണെന്ന് കണ്ട് ചുറ്റും ആളുകള്‍ കൂടാന്‍ തുടങ്ങിയിരിക്കുന്നു.

“പേടിപ്പിക്കുകയാണോ? എങ്കില്‍ നീ പോലീസിനെ വിളിക്ക്..അവരെന്നെ മൂക്കില്‍ കേറ്റുന്നത് എനിക്കൊന്നു കാണണം”

അവന്‍ ലവലേശം മാന്യതയില്ലതെയാണ് സംസാരിക്കുന്നത്. അത് കേട്ട് ആളുകള്‍ ചിരിക്കുന്നു. അവന്‍ താരം ആകുകയാണ്. എന്റെ കോപം ആളിക്കത്തി. ഞാന്‍ ഫോണെടുത്ത് പോലീസിന്റെ നമ്പര്‍ അമര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഭാഗ്യം പോലെ ഒരു പോലീസ് പട്രോള്‍ വാഹനം അതിലെ വരുന്നു. ഞാന്‍ റോഡിലേക്ക് ചാടി കൈ കാണിച്ചപ്പോള്‍ അവര്‍ വണ്ടി വശത്തേക്ക് മാറ്റി നിര്‍ത്തിയിട്ട് ഇറങ്ങി.

“എന്താ പ്രശ്നം?” ഒരു പോലീസുകാരന്‍ എന്നെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.

“സര്‍..ഇവന്‍..ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന എന്റെ ഈ കാറില്‍ ബൈക്ക് മുട്ടിച്ച് ദാ പെയിന്റ് കളഞ്ഞു..അത് ചോദിച്ചപ്പോള്‍ അവന്‍ അപമര്യാദയായി സംസാരിക്കുന്നു..”

പോലീസുകാര്‍ കൂസലില്ലാതെ നില്‍ക്കുന്ന അവനെ നോക്കി.

“ശരിയാണോടാ”

“അല്ല സാറെ..ആ കുട്ടിക്ക് എന്തോ തെറ്റിദ്ധാരണ ആണ്. ആ പോറല്‍ നേരത്തെ തന്നെ ഉള്ളതായിരിക്കണം. ഞാന്‍ ഈ വണ്ടി കണ്ടതുപോലുമില്ല..എന്നെ വെറുതെ വിളിച്ച് നിര്‍ത്തി വായില്‍ തോന്നിയതൊക്കെ ഇവര് പറഞ്ഞു. പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല”

ഞാന്‍ ഞെട്ടി. പോലീസുകാര്‍ എന്നെ നോക്കുന്നു. അവരില്‍ ഒരാള്‍ ഞാന്‍ ചൂണ്ടിക്കാണിച്ച പോറല്‍ പരിശോധിക്കുന്നുമുണ്ട്.

“ഇവന്‍ ഈ വണ്ടിയില്‍ ബൈക്ക് ഉരസുന്നത് നിങ്ങളില്‍ ആരെങ്കിലും കണ്ടോ” പോലീസുകാരന്‍ നാട്ടുകാരോട് ചോദിക്കുന്നു. അവര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ആരും കണ്ടിട്ടില്ല. പോലീസുകാരന്റെ നോട്ടം വീണ്ടും എന്റെ നേരെയായി.

“ചെറിയ പ്രശ്നമല്ലേ..അവന്‍ ചെയ്ത കുറ്റം സമ്മതിക്കുന്നില്ല. സാക്ഷികളും ഇല്ല..” അയാള്‍ ഇനിയെന്ത് എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി.

“പക്ഷെ സര്‍ ഞാന്‍ കണ്ടതാണ്..അതല്ലേ ഞാനവനെ തടഞ്ഞത്..പുതിയ കാര്‍ ആണ് സര്‍..ഇത് ടച്ചപ്പ് ചെയ്യാന്‍ എത്ര രൂപയാകും എന്നറിയുമോ?”
പോലീസുകാരന്‍ ചിരിച്ചു.

“കുട്ടീ റോഡ്‌ അല്ലെ..ചെറിയ പ്രശ്നങ്ങള്‍ ഇങ്ങനെ വലുതാക്കണോ? ഞങ്ങളുടെ വണ്ടി കണ്ടില്ലേ..തട്ടാനും മുട്ടാനും ഇനി സ്ഥലം ബാക്കിയില്ല..തല്‍ക്കാലം പോ..സാക്ഷികളോ തെളിവോ ഇല്ലാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. തന്നെയുമല്ല ഇത്രേം നിസ്സാര കാര്യത്തിന് വെറുതെ സമയം കളയണോ” എന്തോ പറയാന്‍ വന്ന എന്നെ അവഗണിച്ച് അയാള്‍ അവനെ നോക്കി.

“ടാ സൂക്ഷിച്ച്, മര്യാദയ്ക്ക് ബൈക്ക് ഓടിക്കണം..ഉം പോ”

അവന്‍ കേട്ടപാടെ ബൈക്കിനരുകിലേക്ക് പോയി. അവന്‍ അതില്‍ കയറി എന്നെ നോക്കി ഒരു വഷളച്ചിരി പാസാക്കിയിട്ട് സ്ഥലം വിട്ടു. കോപവും നിരാശയും അതിന്റെ പാരമ്യത്തില്‍ എത്തിയ ഞാന്‍ ചുറ്റുമുള്ള കണ്ണുകളിലെ പുച്ഛവും പരിഹാസവും കണ്ട് തളര്‍ന്നു കാറില്‍ ചാരി. എന്തൊരു നശിച്ച ലോകം. പോലീസുകാര്‍ പോയിക്കഴിഞ്ഞു. ചുറ്റും കൂടിയ നാട്ടുകാരും മെല്ലെമെല്ലെ പിരിയുന്നു.

“കൊറേ കാശുകാര്..ഒരു വണ്ടി വാങ്ങിച്ചാപ്പിന്നെ അതില്‍ മണ്ണ് പോലും പറ്റരുതെന്നാ അവര്‍ക്ക്..എന്നാപ്പിന്നെ ഇവര്‍ക്ക് ആ ചെറുക്കന്‍ പറഞ്ഞപോലെ വല്ലോടത്തും മൂടി ഇട്ടാല്‍ പോരായോ”

ഒരുത്തന്‍ ഞാന്‍ കേള്‍ക്കെ പറയുന്നു. അച്ഛനോട് ഞാനെന്ത് സമാധാനം പറയും. എന്നോട് പ്രത്യേകം പറഞ്ഞിരുന്നതാണ് സൂക്ഷിച്ച് ഓടിക്കണമെന്ന്. നിരാശയോടെ ഞാന്‍ കാറില്‍ കയറി ഇരുന്നു.
ഹരിയെ വിളിച്ചാലോ? ഉടന്‍ തന്നെ ഞാന്‍ ഫോണെടുത്ത് അവനെ വിളിച്ചു കാര്യം പറഞ്ഞു.

“പേടിക്കണ്ട..എനിക്ക് പരിചയമുള്ള ഒരു വര്‍ക്ക്ഷോപ്പ്‌ ഉണ്ട്. അവരത് ടച്ച് ചെയ്ത് ശരിയാക്കി തരും..നീ ഞാന്‍ പറയുന്നിടത്തോട്ട് പോര്..ഞാനവിടെ കാത്ത് നില്‍ക്കാം”

ഹോ..മനസ്സിന് എന്താശ്വാസം. അച്ഛന്റെ കുറ്റപ്പെടുത്തല്‍ ഓര്‍ക്കാനേ പറ്റാത്ത കാര്യമാണ്. ചെറിയ ഒരു പ്രശ്നം മതി അങ്ങേര്‍ക്ക് പത്തു ദിവസത്തേക്ക് തല തിന്നാന്‍. അച്ഛന് എല്ലാം അളന്നു തൂക്കി കിറുകൃത്യം രീതിയില്‍ത്തന്നെ നടക്കണം. ഒരാള്‍ക്കും ഒരു അബദ്ധവും കുറ്റവും തെറ്റും ഉണ്ടാകാന്‍ പാടില്ല. ഉണ്ടായാല്‍ തീര്‍ന്നു. ശ്വാസം മുട്ടുന്ന ജീവിതം.

“ഹരി..ഐ ലവ് യു ഡാ..നീ ഇല്ലായിരുന്നെങ്കില്‍…”

അവന്റെ കവിളില്‍ പരിസരം മറന്നു ചുംബിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. നഗരത്തിലെ പാര്‍ക്കില്‍ ഒരു മരച്ചുവട്ടിലെ സിമന്റ് ബെഞ്ചില്‍ ആയിരുന്നു ഞാനും അവനും. വണ്ടി ഒരു മണിക്കൂറിനകം തരാം എന്ന് വര്‍ക്ക്ഷോപ്പ്‌ ഉടമ പറഞ്ഞത് കൊണ്ട് അവനും ഞാനും കൂടി കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. ഒരു കൂട്ടുകാരിയെ വഴിയില്‍ വച്ചു കണ്ടെന്നും, അവളുടെ വീട്ടിലാണ്‌ എന്നും അച്ഛനോട് ഫോണിലൂടെ കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പാര്‍ക്കിലേക്ക് വന്നത്.

“നിന്റെ അച്ഛന്‍ ഒരു കാട്ടാളന്‍ ആണ് അല്ലെ” ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.

“തനി കാട്ടാളന്‍..പക്ഷെ സ്നേഹക്കൂടുതല്‍ കൊണ്ടാടാ..”

“ഉം…ചിലരുടെ സ്നേഹം സഹിക്കാന്‍ പാടാണ്”

“വിധിയാണ് മോനെ..എല്ലാവര്‍ക്കും പഞ്ചാര അച്ഛന്മാരെ കിട്ടില്ലല്ലോ..”

ഹരി എന്റെ കൈ അവന്റെ കൈയിലെടുത്ത് തടവി. ഞാന്‍ അവനോട് ചേര്‍ന്നിരുന്നു. അവന്റെ ഒപ്പം ഇരിക്കുമ്പോള്‍ ജീവിതം എത്ര മനോഹരമാണ് എന്നെനിക്ക് തോന്നാറുണ്ട്. ഓരോ നിമിഷവും കടന്നുപോകുന്നത് ഞാന്‍ പോലും അറിയാതെയാണ്.

“ഏതാടാ ഈ പീസ്‌? നട്ടുച്ചയ്ക്ക് പാര്‍ക്കില്‍ വന്നു പോക്രിത്തരം കാണിച്ചാല്‍ ആരും അറിയില്ല എന്നാണോ നിന്റെ വിചാരം?”

ഞെട്ടിത്തരിച്ച് ഞാന്‍ നോക്കി. ചുറ്റും കുറെ വഷളന്‍മാര്‍. ഹരി പരിഭ്രാന്തനായി അവരെയും പിന്നെ എന്നെയും നോക്കി.

“ഏതാടീ നീ? ഇവനാരാ നിന്റെ?”

ഒരുത്തന്‍ ഞങ്ങള്‍ ഇരുന്ന ബെഞ്ചിലേക്ക് കാല്‍ കയറ്റി വച്ച് ചോദിക്കുന്നു. അവന്റെ ധിക്കാരപരമായ പെരുമാറ്റം എന്നില്‍ കോപാഗ്നി ആളിക്കത്തിച്ചു.

“നീ ആരാടാ അത് ചോദിക്കാന്‍? ങേ?”
എന്റെ ശൌര്യം ഉണര്‍ന്നു. ഹരി ഭയന്നിരിക്കുകയാണ്. ബെഞ്ചില്‍ കാല്‍ വച്ചവന്‍ അത് താഴെ ഇറക്കി.

“എന്താടാ നാവിറങ്ങിപ്പോയോ..പറയടാ..നീയാരാണ്‌ അത് ചോദിക്കാന്‍?” ഞാന്‍ ചാടി എഴുന്നേറ്റ് അവന്റെ കണ്ണിലേക്ക് നോക്കി വിരല്‍ ചൂണ്ടി.

“കിളമ്പാതെടി അധികം..പകല്‍ ആയിപ്പോയി..അല്ലെങ്കില്‍ കാണിച്ചു തരാമായിരുന്നു…. ഏതോ വെടിത്തള്ളയുടെ വെടി മകള്‍..കണ്ടാലേ അറിയാം..വാടാ നമുക്ക് പോകാം..”

എന്നെ പച്ചയ്ക്ക് അധിക്ഷേപിച്ചിട്ട് അവന്‍ അണികളെയും കൂട്ടി വെട്ടിത്തിരിഞ്ഞു. ഹരി ഷണ്ഡനെപ്പോലെ ഇരിക്കുകയാണ്. എനിക്ക് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. താഴെക്കിടന്ന ഒരു കല്ലെടുത്ത് ഞാന്‍ അവന്റെ പുറം ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞു. ഒരു നിലവിളിയോടെ അവന്‍ പുളഞ്ഞു വീണപ്പോള്‍ ഞാന്‍ പുറത്തേക്ക് ഓടി. ഹരി എന്റെ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു.

“ഇതുപോലെ ഒരു ദിവസമാണ് ബ്രിട്ടീഷുകാരുടെ കിരാത ഭരണത്തില്‍ നിന്നും മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികള്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്..അതുകൊണ്ട് ഇന്ന് ശ്വസിക്കുന്ന വായുവില്‍, ജീവിക്കുന്ന സാഹചര്യങ്ങളില്‍, ചുറ്റുപാടുകളില്‍, എവിടെയും നമുക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ നിര്‍ഭയം, നീതിയും ന്യായവും ആസ്വദിച്ച് ജീവിക്കാന്‍ വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ ധീര സമരങ്ങളുടെ വിജയധ്വനി അന്ന് മുഴങ്ങിയതിന്റെ ഓര്‍മ്മ പുതുക്കുന്ന ഈദിനം….”

മുകളിലെ ബാല്‍ക്കണിയില്‍ ഒരു ആംഗലേയ നോവല്‍ വായിച്ചുകൊണ്ടിരുന്ന സമയത്ത് അടുത്തുള്ള സ്കൂളില്‍ നടന്നുകൊണ്ടിരുന്ന സ്വാതന്ത്ര്യദിന അനുസ്മരണ ചടങ്ങിലെ ഏതോ പ്രാസംഗികന്റെ കണ്ഠ പ്രക്ഷാളനം അലോസരപ്പെടുത്തിയപ്പോള്‍, ഞാന്‍ മെല്ലെ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു..

LEAVE A REPLY

Please enter your comment!
Please enter your name here