ഇങ്ങനേയും ചില പ്രണയങ്ങള്‍ – കഥ – ജോർജ്ജ് അറങ്ങാശ്ശേരി

0
1172

എന്തൊരു മഴ…..!
തിമിര്‍ത്തുപെയ്യുന്ന മഴ കാണാന്‍ നല്ല രസമാണെങ്കിലും തെരുവു- കാഴ്ചകള്‍ നഷ്ടമാകുന്നത് മഹാകഷ്ടംതന്നെ. ശക്തിയായ മഴമൂലം ബസ്സിന്‍റെ ഷട്ടറുകളിട്ടപ്പോള്‍ മങ്ങിയ തെരുവോരകാഴച്ചകളും എനിക്ക് നഷ്ടമായി.
മഴപെയ്യുന്നതിനാല്‍ ബസ്സിന്‍റെ വേഗത കുറഞ്ഞു. ഇനി അവിടെയെത്തുവാന്‍ എത്രസമയം എടുക്കുമോ ആവോ?. സമയത്തിന് എത്തിയെങ്കില്‍ മാത്രമേ അവളുടെ നാട്ടിലേക്കുള്ള ബസ്സ്‌ കിട്ടുകയുള്ളു. നാട്ടിലെത്തിയാല്‍ത്തന്നെ അവളുടെ വീട് കണ്ടുപിടിക്കാന്‍ കഴിയുമോ?. അവളെ കാണാന്‍ കഴിയുമോ?. മൂന്നാം തിയ്യതി പരീക്ഷ തീരുമെന്നാണ് എഴുതിയിരുന്നത്. ഇനി രണ്ടുമൂന്ന് ദിവസം കഴിഞ്ഞാണവള്‍ ഹോസ്റ്റലില്‍നിന്നും മടങ്ങുന്നതെങ്കിലൊ. ഈ ബസ്സിങ്ങനെ പതുക്കെപോയാല്‍ എല്ലാം താറുമാറാകും തീര്‍ച്ച. എന്‍റെ ചിന്തകള്‍ എവിടേയുമെത്താതെ ബസ്സിനുള്ളില്‍ത്തന്നെ ചിതറി വീണു.
മുക്കിയും മൂളിയും ബസ്സ്‌ ആ ചെറിയ പട്ടണത്തിലെത്തി. സമയം ഏഴര കഴിഞ്ഞിരിക്കുന്നു. മഴ ശമിച്ചു. ആരോടെങ്കിലും ചോദിക്കാം. അടുത്തുകണ്ട പെട്ടിക്കടയിലേക്ക് ഞാന്‍ നടന്നു. അറക്കലെ വീട് അറിയാമോ?… എന്‍റെ സംസാരത്തിന്‍റെ ശൈലിയിലെ വ്യത്യാസമാകാം പലരുടേയും ശ്രദ്ധ എന്നിലേക്ക്‌ തിരിഞ്ഞത്. പലരും എനിക്കു ചുറ്റുംകൂടി. കടക്കാരന്‍ കയ്യ് തലയില്‍ താങ്ങി ഓര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ വിട് അയാളുടെ ഓര്‍മ്മയിലേക്ക് പെട്ടെന്നൊന്നും ഓടിയെത്തിയില്ല. ഇതിനിടയില്‍ ചുറ്റുംകൂടിനിന്നവര്‍ അഭിപ്രായങ്ങളുടെ കെട്ടഴിച്ചു.
ഒന്നാമന്‍: അതൊരു കുഗ്രാമമാണ്.
രണ്ടാമന്‍: അവിടെ താമസിക്കാന്‍ ഹോട്ടലില്ല.
മൂന്നാമന്‍: ഇവിടെ താമസിച്ച് നാളെ പോകുന്നതാണുചിതം.

ഞാനിടക്ക് കയറി പറഞ്ഞു: അവളുടെ വാപ്പ ഒരു ലേബര്‍ ഓഫിസറായിരുന്നു. നാലു വര്‍ഷം മുന്‍പ്……………
ഓ…..സാഹിബ്, കൂട്ടത്തില്‍നിന്നും ഒരാള്‍ വിളിച്ചു പറഞ്ഞു.
ഇരുട്ടിനെ കീറിമുറിച്ച് ബസ്സ്‌ അവളുടെ ഗ്രാമത്തിലേക്ക് കുതിച്ചു. പുറത്ത് ഭയാനകമായ ഇരുട്ട് താളംകെട്ടി നിന്നിരുന്നു. അവിടവിടെ മിന്നിമറയുന്ന വെളിച്ചത്തുണ്ടുകളല്ലാതെ മറ്റൊന്നും കാണാനില്ലായിരുന്നു. “ചുറ്റും റബ്ബര്‍ കാടാണ്” അടുത്തിരുന്ന ആള്‍ പറഞ്ഞു.
ബസ്സിനു വേഗത കുറവായിരുന്നു. അവളെ കാണാനുള്ള കൊതികൊണ്ടായിരിക്കാം എനിക്കങ്ങിനെ തോന്നുന്നത്.
എന്‍റെ ചിന്തകള്‍ സാവകാശം ആശുപത്രിയിലേക്കും കീമോതെറാപ്പിക്ക് ശേഷമുള്ള അവളുടെ ശോചനീയമായ രൂപത്തിലേക്കും പാളിപ്പോയി. മെലിഞ്ഞ് കവിളൊട്ടി കണ്ണുകള്‍ അകത്തോട്ട് തള്ളി മുടിയെല്ലാം കൊഴിഞ്ഞുപോയി മൊട്ടത്തലയുമായി………………….. എന്‍റെ സാമീപ്യം നിന്നെ അല്പംപോലും സന്തോഷിപ്പിക്കുന്നില്ലെ. ഞാനവാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവളെന്‍റെ കൈകളില്‍ അമര്‍ത്തിപിടിച്ചീട്ട് പറഞ്ഞു. “വേദന സഹിക്കാനാവുന്നില്ല”. ഞാനവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
ആശുപത്രി വരാന്തയിലെവിടെയോ മരണം പതിയിരിപ്പുണ്ട് അവളുടെമേല്‍ ചാടിവീഴാന്‍ തക്കംപാര്‍ത്ത്.
അവളൊന്നും മിണ്ടാതെ അങ്ങകലേക്ക് ആശുപത്രിയുടെ ജനാലക്കപ്പുറത്തേക്ക് അംബരചുബികളായ കെട്ടിട സമുച്ചയങ്ങള്‍ക്കും അപ്പുറത്തേക്ക് വിജനമായ തെരുവുകളും പൂക്കളും പുഴകളും മലകളും മണ്ണില്‍കിടന്നുരുളുന്ന തിരമാലകളും കടന്ന് ചോര ചിതറികിടക്കുന്ന ചക്രവാളങ്ങള്‍ക്കും അപ്പുറത്തേക്ക്………. എല്ലാ വര്‍ണ്ണങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും അപ്പുറത്തേക്ക് നിര്‍വികാരതയോടെ അവള്‍ നോക്കിനിന്നു.
പെട്ടെന്ന് ബസ്സ്‌ യാത്രക്കാരെ ഊഞ്ഞാലാട്ടുന്നതുപോലെതോന്നി. അടുത്തിരുന്ന യാത്രക്കാരനോട് ഞാന്‍ ചോദിച്ചു. ഇതെന്താ ബസ്സിങ്ങിനെ…..? അവാര്‍ഡ് സിനിമയിലെ ഒരു കഥാപാത്രത്തെപോലെ സഹയാത്രികന്‍ പ്രതികരിച്ചു: റോഡ്‌ മുഴുവനും…………..കുണ്ടും കുഴിയുമാ….

ഒടുവില്‍ ആ ഗ്രാമത്തിലെത്തി. എന്‍റെ കൂടെയുണ്ടായിരുന്ന ആള്‍ ഒരു പയ്യനോട് വിളിച്ചുപറഞ്ഞു. “ഇയാളെ സാഹിബ്ബിന്‍റെ……..” വാചകം മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഇരുട്ടിനെ വകഞ്ഞുമാറ്റി ഒരു ചെമ്മണ്‍പാതയിലൂടെ ആ പയ്യന്‍ നടക്കാന്‍ തുടങ്ങി. പിന്നാലെ ഞാനും.
ചുറ്റും അന്ധകാരമാണ്. വഴിയില്‍ ഒരിത്തിരിവെട്ടംപോലുമില്ല. പെട്ടെന്ന് ആകാശത്തുനിന്ന് നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുംപോലെ എനിക്ക് തോന്നി. ആകാശാത്തിന്‍റെ അങ്ങേയറ്റത്തുനിന്നും വെളിച്ചത്തുണ്ടുകള്‍ താഴ്വരയിലേക്ക് ഒലിച്ചിറങ്ങുന്നതുപൊല……. മിന്നാമിനുങ്ങുകള്‍ ഇറങ്ങിവന്നു. അവ എനിക്കു ചുറ്റും പാറിനടന്നു. ഒന്നെന്‍റെ തോളത്ത് വന്നിരുന്ന് സ്വാഗതമോതി. ഞാനാ പയ്യനോട് ചോദിച്ചു. “ഇത് മിന്നാമിനുങ്ങുകളുടെ നാടാണോ” അവനൊന്നും മിണ്ടിയില്ല. അവന് ഒരേയൊരു ദൌത്യമെ ഉണ്ടായിരുന്നുള്ളു. എനിക്ക് വഴികാട്ടിയായി മുന്നില്‍ നടക്കുക. അതവന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരു വളവ് തിരിഞ്ഞ് പയ്യന്‍ നിന്നു. ഒരു വീട് ചൂണ്ടിക്കാട്ടിയീട്ട് പറഞ്ഞു. ഇതാണാ വീട്.
ഞാന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നു. അവള്‍ ഓടിവന്നു. അത്ഭുതത്തോടെ അവളെന്നെ തുറിച്ചുനോക്കി.
യാത്രാവിശേഷങ്ങള്‍ പങ്കുവച്ച് നേരംപോയതറിഞ്ഞില്ല. ഭക്ഷണം കഴിച്ച് കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല.
പിറ്റേന്ന് ഇരുട്ടൊഴിഞ്ഞ താഴ്വരയും കൊട്ടപോലുള്ള കുന്നുകളും ചുറ്റിനടന്ന് കാണുവാന്‍, അവളുടെ ആങ്ങളക്കും കൂട്ടുകാര്‍ക്കും ഒപ്പം ഞാനും പോയി. സായിപ്പിന്‍റെ ബംഗ്ലാവും റബ്ബര്‍ കാടും ചുറ്റിനടന്നു കണ്ടു. റബ്ബര്‍ കൃഷിയെകുറിച്ചും സംസ്ക്കരണത്തെകുറിച്ചും ചോദിച്ചറിഞ്ഞു. റബ്ബര്‍ ഒരു നാടിന്‍റെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുംപോലെ ആ നാടിന്‍റെ സൌന്ദര്യത്തെയും കാലാവസ്ഥയെയും മാറ്റിമറിക്കുന്നുണ്ട്. നട്ടുച്ചക്കുപോലും ഇരുട്ടാണ് റബ്ബര്‍ തോട്ടത്തില്‍. നല്ല തണുപ്പും. അവളും കൂടെയുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ ആശിച്ചുപോയി. ഒരു കുന്നുകയറിയിറങ്ങി ചെമ്മണ്‍പാതയിലൂടെ അവളുടെ വീട്ടിലേക്ക്……… അപ്പോഴതാ പണ്ട് അവിടെയുണ്ടായിരുന്ന ഒരു കാടിന്‍റെ കണ്ണീരുപോലെ നീര്‍ച്ചാലുകീറി വെള്ളം താഴേക്ക് ഒലിച്ചിറങ്ങി.
വിയര്‍ത്തൊലിച്ച് വീട്ടിലെത്തി കസേരയിലേക്ക് ചാഞ്ഞു. അപ്പോള്‍, അവള്‍ കുളിച്ച് കണ്ണെഴുതി പൊട്ട്തൊട്ട് സുന്ദരിയായി എതിര്‍വശത്തെ കസേരയില്‍ വന്നിരുന്നു. പാവാടയും ബ്ലൌസും ധരിച്ച അവളുടെ മുഖം പ്രകാശമുള്ളതായിരുന്നു. അവള്‍ സന്തോഷവാതിയായിരുന്നു.
ഇന്നവള്‍ക്ക് എല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. നുണകുഴി വിടരുന്ന കവിളുകളും സ്വപ്നംകാണുന്ന കണ്ണുകളും നീണ്ട കാര്‍കൂന്തലും സൌന്ദര്യവും സന്തോഷവും അങ്ങനെ എല്ലാമെല്ലാം.
ഏതോ പാട്ടിന്‍റെ വരികള്‍ അവളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു. അവളെയങ്ങനെ നോക്കിയിരിക്കെ എന്‍റെ മനസ്സില്‍ അസ്വസ്ഥതയുടെ കുമിളകള്‍ വിടര്‍ന്നു. ഇനി ഒരു നിമിഷംപോലും അവിടെ ഇരിക്കാന്‍ കഴിയാത്തത്ര തീക്ഷ്ണമായിരുന്നു എന്‍റെയുള്ളിലെ വികാരങ്ങള്‍. പറയാന്‍ ബാക്കിവച്ച ആ വാക്കുകള്‍ ഞാനറിയാതെ പറഞ്ഞു പോകുമോയെന്ന് ഭയപ്പെട്ടു.
പെട്ടെന്ന് തിരിച്ചുപോകാന്‍ ഞാന്‍ ധൃതികൂട്ടി. അവള്‍ എത്ര നിര്‍ബ്ബന്ധിച്ചീട്ടും എന്‍റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനിന്നു.
തിരിച്ചുപോരുമ്പോള്‍ വിഷാദമൂകനായി പുറത്തേക്ക് കണ്ണുംനട്ട് ഞാനിരുന്നു. വീട്ടിലെത്തുംവരെ പാറക്കെട്ടിലൂടെ ഒലിച്ചിറങ്ങുന്ന കാടിന്‍റെ കണ്ണീരും ശോകമൂഖമായ അവളുടെ മുഖവുമായിരുന്നു എന്‍റെ മനസ്സു നിറയെ.
പ്രിയേ…..
ഇനിയും അധികനേരം അവിടെ ചിലവഴിച്ചിരുന്നെങ്കില്‍ എന്‍റെ ഹൃദയം തുറന്ന് പലതും പറയുമായിരുന്നു. നിന്‍റെ അമ്മയുടേയും ആങ്ങളയുടേയും മുന്നില്‍ ഞാന്‍ പരിഹാസ്യനായേനെ. മകളുടെ കൂട്ടുകാരനെ അത്രയേറെ ഹൃദയവിശാലതയോടെ സ്വീകരിച്ച് സല്‍ക്കാരിച്ച അവരെ സങ്കടത്തിലാഴ്ത്തുവാന്‍ ഞാനിഷ്ടപ്പെട്ടതേയില്ല. നിന്‍റെ നെറ്റിയിലേക്ക് വീണുകിടന്നിരുന്ന മുടിയിഴകള്‍ വകഞ്ഞുമാറ്റി നിന്‍റെ ഇരുകൈകളും എന്‍റെ നെഞ്ചോട് ചേര്‍ത്തുവച്ച് കണ്ണില്‍നോക്കി പറയണമെന്നുണ്ടായിരുന്നു……………..
നിനക്കിഷ്ടമെങ്കില്‍ ഇനിയൊരിക്കല്‍ ഞാനവിടെ വരാം. നമ്മുക്കൊരുമ്മിച്ച് അവിടെയെല്ലാം ചുറ്റിനടക്കാം. റബ്ബര്‍ കാടിനിടയിലൂടെ നടന്നുച്ചെന്ന് നിന്‍റെ വീടിനുചുറ്റും കാവല്‍നില്‍ക്കുന്ന കുന്നിന്‍റെ നെറുകയിലേക്ക് ഓടികയറാം. അവിടെവച്ച് നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ ഉറക്കെ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here