ഇരകൾ അവസാനിക്കുന്നില്ല – കവിത – ബീനാ റോയ്

0
682

ഇരകളുടെ ജീവിതചക്രം
അവസാനിക്കുന്നതേയില്ല…
പുഴുവായും പുഷ്പമായും
ആണായും പെണ്ണായും
ജീവജാലങ്ങളുടെ എണ്ണമറ്റ
വകഭേദങ്ങളായും
ഇരകൾ ജനിച്ചുകൊണ്ടേയിരിക്കുന്നു!

മൗനമെന്ന കോപ്പയിൽനിന്ന്
അവർ ചവർപ്പുനീർ കുടിച്ചിറക്കുന്നു.
ഭയത്തിന്റെ ചങ്ങലക്കൂട്ടങ്ങളാൽ
സ്വയമേവ ബന്ധിതരാകുന്നു.
നിസ്സഹായതയുടെ മേശവലിപ്പിൽ
സ്വപ്നങ്ങളെ പൂട്ടിവയ്ക്കുന്നു.
സഹനത്തിന്റെ കനൽച്ചൂളകളിൽ
എരിഞ്ഞെരിഞ്ഞ് പതംവരിക്കുന്നു.
വാക്ശരങ്ങളേറ്റ് പിടയുമ്പോഴും
പ്രതീക്ഷയെ ഉയിരോടുചേർക്കുന്നു.
വ്യഥകളുടെ നോവടയാളങ്ങളിൽ
അതിജീവനമെന്ന് പച്ചകുത്തുന്നു.
യാതനാവരിശകളിൽനിന്ന്
ആത്മധൈര്യത്തെ മുളപ്പിക്കുന്നു.
മുറിവുകളുടെ തുഷാഗ്നിയിലെരിച്ച്
നേരുകളെ വേർതിരിക്കുന്നു.
പോരാട്ടത്തിന്റെ ജ്വാലാമുഖികളെ
ഇടനെഞ്ചിൽ തിളപ്പിച്ചെടുക്കുന്നു.

ഇരകളുടെ സമരം
അവസാനിക്കുന്നതേയില്ല…
തിരിച്ചറിവിന്റെ പതാകയേന്തി
നീതിയുടെ രാജവീഥിയിലേക്ക്
അവർ പ്രയാണം
തുടർന്നുകൊണ്ടേയിരിക്കുന്നു.

ബീനാ റോയ്

LEAVE A REPLY

Please enter your comment!
Please enter your name here