1964മുതൽ 1966വരെയുള്ള മെരിലാന്റ്‌ സ്റ്റുഡിയോയിലെ അനുഭവങ്ങൾ

0
691

തിരുവനന്തപുരത്തെ മെരിലാന്റിൽ ശ്രീ പി സുബ്രഹ്മണ്യവുമൊത്ത് ഞാൻ സഹസംവിധായകനായി പ്രവർത്തിച്ച സിനിമകൾ.
1, ആറ്റം ബോംബ് . (1964) ശ്രീ മോഹൻലാലിന്റെ ഭാര്യാ പിതാവായ ശ്രീ ബാലാജി ആയിരുന്നു ഈ സിനിമയിലെ നായകൻ, നായിക രാഗിണിയും.

പ്രേംനസീറിന്റെ അനുജനായ ശ്രീ പ്രേം നവാസുമൊത്ത് ഈ സിനിമയിൽ സഹകരിക്കാൻ സാധിച്ചു. ഇത് മലയാളത്തിലെ രണ്ടാമത്തെ ഹാസ്യ സിനിമ ആയിരുന്നു. ആദ്യത്തേത് ഷീല യുടെ പ്രഥമ ചിത്രമായ ഭാഗ്യ ജാതകം ആയിരുന്നു. ഹാസ്യ നാടകത്തിന്റെ സിനിമാ ആവിഷ്ക്കാരം പോലെ തോന്നിയതിനാൽ പ്രേക്ഷകർ ഇവ രണ്ടും സ്വീകരിച്ചില്ല. അന്നത്തെ വിഘ്യാത നാടക കൃത്തായ എൻ പി ചെല്ലപ്പൻ നായരുടെ നാടകത്തിന്റെ സിനിമാ ആവിഷ്കാരം ആയിരുന്നു ആറ്റം ബോംബ്. അദ്ദേഹവും ഇതിൽ ഒരു വേഷം അഭിനയിക്കുകയുണ്ടായി. ഡബ്ബിങ് തീയേറ്ററിലും ആംഗ്യങ്ങൾ കാണിച്ച് അഭിനയിച്ചാണ് ഡയലോഗ് പറഞ്ഞത്. അത് ഒഴിവാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അന്ന് അദ്ദേഹത്തിന്റെ നാടകങ്ങൾ എം എ യ്ക്ക് വരെ പാഠ്യ വിഷയമായിരുന്നു.

2. കറുത്തകൈ (1964) പ്രേം നസീറും ഷീല ജോഡികൾ അഭിനയിച്ച ഈ സിനിമയിൽ നവരസങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയ അവതരണം ആയിരുന്നതിനാൽ സിനിമാ വൻ വിജയം ആയിരുന്നു. ഈ ചിത്രത്തിലെ എസ് പി പിള്ളയും അടൂർ ഭാസിയും ചേർന്ന് ‘കള്ളനെ വഴിയിൽ മുട്ടും, കണ്ടാലുടനെ തട്ടും’ എന്ന സൈക്കിളിൽ പാടി വരുന്ന ഗാന ചിത്രീകരണം നടക്കുമ്പോൾ ശ്രീ ജവഹർലാൽ നെഹ്രുവിന്റെ നിര്യാണം അറിഞ്ഞു ഞങ്ങൾ അന്നത്തെ ചിത്രീകരണം നിർത്തുകയായിരുന്നു. പ്രശസ്ത സാഹിത്യകാരൻ ആയിരുന്ന ശ്രീ നാഗവള്ളി ആർ എസ് കുറുപ്പിന്റെതായിരുന്നു ഈ സിനിമയുടെ കഥയും തിരക്കഥയും. ഔദ്യോഗിക തടസ്സം മൂലം ശ്രീ എന്ന തൂലികാ നാമമാണ് ടൈറ്റിലിൽ കൊടുത്തത്.
3. അൾത്താര (1964) അത് വരെ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ ഈ സിനിമയിൽ നന്മയുടെ പ്രതീകമായ ഒരു ക്രിസ്തീയ പുരോഹിതനായി അഭിനയിച്ചത് സിനിമാ ലോകത്ത് വിജയകരമായ പരീക്ഷണം ആയിരുന്നു. ആൽഫ്രഡ് ഹിച് കോക്കിന്റെ ‘ഐ കൺഫസ്’ എന്ന ഹോളിവുഡ് സിനിമയെ അനുകരിച്ച് ശ്രീ പൊൻകുന്നം വർക്കി എഴുതിയ ഈ നാടക ത്തിന്റെ പ്രദർശന വിജയത്തെ തുടർന്നാണ് സിനിമയാക്കിയത്.
4. കളിയോടം (1965) ശ്രീ മധുവും ശ്രീമതി ശാന്തി യും നായികാനായന്മാരായി അഭിനയിച്ച ഒരു പ്രണയകഥ ആയിരുന്നു ഇത്. പ്രശസ്ത നാടക, നോവൽ രചയിതാവായ ശ്രീ കാനം ഈ ജെ ആയിരുന്നു ഇതിന്റെ കഥയും തിരക്കഥയും എഴുതിയത്.
5. പട്ടു തൂവാല (1965) വായനക്കാരെ വളരെ ആകർഷിച്ച മുട്ടത്ത് വർക്കിയുടെ നോവലിനെ ആസ്പദമാക്കി എടുത്ത സിനിമ. മധുവും ഷീലയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പ്രണയ കഥ.
6. പുത്രി. (1966)
നമ്മുടെ കുടുംബ ബന്ധങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്ത കഥയായിരുന്നതിനാൽ ഈ ചിത്രം വിജയിച്ചില്ല. ശ്രീ കാനം ഈ ജെ. ആയിരുന്നു രചന.
7. കാട്ടുമല്ലിക (1966) ആദ്യന്തം വനത്തിൽ മാത്രം രാപകൽ ചിത്രീകരിച്ച സിനിമ. ശ്രീകുമാരൻ തമ്പി ഈ സിനിമയിലൂടെ ആണ് ആദ്യമായി ചലച്ചിത്ര ഗാനരചയിതാവായത്. സംഗീതം എം എസ് ബാബുരാജ് ആയിരുന്നു. അഭിനേതാക്കൾ ആനന്ദനും പ്രസിദ്ധ നാടക നടൻ കൂടെ ആയിരുന്ന വൈക്കം മണിയും കൽപ്പന യും മറ്റും ആയിരുന്നു.

സിനിമയുടെ സാങ്കേതികവും കലാപരവുമായ അറിവുകൾ ഒരു ഇനിസ്റ്റിട്യൂട്ടിൽ നിന്നും ലഭിക്കാവുന്നതിലും ഉപരി ശ്രീ പി. സുബ്രഹ്മണ്യത്തിൽ നിന്നും എനിക്ക് നേടാൻ കഴിഞ്ഞു. സിനിമാ തീയേറ്റർ ഉടമ കൂടെ ആയ അദ്ദേഹത്തിന്റെ നാല് തീയേറ്ററുകളിലും പ്രദർശിപ്പിക്കുന്ന ഉത്തമമായ സിനിമകൾ പ്രത്യേകിച്ചും ഹോളിവുഡ് നിർമ്മിതികൾ ഷൂട്ടിങ് നിർത്തി സ്റ്റുഡിയോയിലെ തീയേറ്ററിൽ പ്രദർശിപ്പിച്ച് ചർച്ചകൾ നടത്തുക പതിവായിരുന്നു. സാങ്കേതിക വിദഗ്ധരോട് അവയൊക്കെ പഠന വിഷയമാക്കാൻ അദ്ദേഹം ഓർമ്മ പ്പെടുത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്മാരായിരുന്നു അന്നത്തെ തിരക്കഥ രചയിതാക്കൾ.

മറ്റൊരു സ്റുഡിയോയെ ആശ്രയിക്കാതെ ആദ്യന്തം ഒരു സിനിമയുടെ മുഴുവൻ പ്രവർത്തനങ്ങളും തയ്യാറാക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ മെരിലാന്റ് സ്റ്റുഡിയോ എന്ന നാലു മതിൽക്കെട്ടിനുള്ളിൽ ഉണ്ടായിരുന്നു.

ഇവിടെ നിന്നും ആലുവ അജന്താ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട്, കൃത്രിമ സെറ്റുകൾ ഇല്ലാതെ യഥാർത്ഥ പശ്ചാത്തലങ്ങളിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആയ,ശ്രീ പി എൻ മേനോന്റെ ‘ഓളവും തീരവും’ എന്ന സിനിമയുടെ അസോസിയേറ് സംവിധായകനായി പ്രവർത്തിച്ചതിന്റെ വിലപ്പെട്ട ഓർമ്മകൾ തുടർന്ന് എഴുതുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here