വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകൾ – കഥ – ജോര്‍ജ് അറങ്ങാശ്ശേരി

0
1162

ക്ലോക്ക് ശബദിച്ചു. പന്ത്രണ്ടു തവണ.
മങ്ങിയ ഓര്‍മ്മകളില്‍ മയങ്ങികിടന്ന അയാള്‍ ഉണര്‍ന്നു.
ഡോര്‍മെട്രിയില്‍ എല്ലാവരും ഉറങ്ങിയിരിക്കുന്നു. അയാളൊഴിച്ച്. ഓര്‍മ്മകളുടെ കയങ്ങളില്‍ മുങ്ങിയും താണും അയാള്‍ അങ്ങിനെ കിടന്നു. ഉറക്കം വരാതെ.
പെട്ടെന്ന് രണ്ടു കാലടിശബദങ്ങള്‍ ഡോര്‍മെട്രിയിലേക്ക് കടന്നുവന്നു. അല്പസമയത്തിനുശേഷം നാലു കാലടിശബദങ്ങളായി തിരിച്ചുപോയി.
നീണ്ട ഒരു ബല്ലടിശബദം കേട്ടാണ് അയാള്‍ ഉണര്‍ന്നത്. പുലര്‍ച്ച അഞ്ചുമണിയായിരിക്കുന്നു.
ഡോര്‍മെട്രിയില്‍ ഉറങ്ങി കിടന്നവരെല്ലാം ശടപടാന്നെണീറ്റു. പ്രഭാത കര്‍മ്മങ്ങള്‍ക്ക് അര മണിക്കൂര്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അഞ്ചരക്ക് ചാപ്പലില്‍ ഹാജരാകണം. പ്രാര്‍ത്ഥനക്കായി.
ഇതൊരു സെമിനാരിയാണ്. ഒരു കുന്നിന്‍റെ മുകളില്‍ സ്ഥിതിചെയ്യുന്നൊരു സെമിനാരി. ഞങ്ങള്‍ പതിനഞ്ചു പേരടങ്ങിയ പുതിയ ബാച്ചാണ് ഇവിടെയുള്ളത്. പുരോഹിതരാവുകയാണ് ജങ്ങളുടെ ലക്ഷ്യം.
“ഇതുവരെ എണീറ്റില്ലെ. സമയത്തിന് ചാപ്പലില്‍ എത്തിയില്ലെങ്കില്‍ അറിയാലൊ. സുപ്പീരിയറച്ചന്‍റെ വഴക്ക് കേള്‍ക്കണോ”. ബ്രദര്‍ ഷാജു ഓര്‍മ്മിപ്പിച്ചു.
തലേ ദിവസത്തെ പണി ഇത്തിരി കട്ടിയായിരുന്നു. ഈ കുന്ന് മുഴുവനും റബ്ബര്‍ മരങ്ങളായിരുന്നു. പഴയ മരങ്ങളെല്ലാം വെട്ടികളഞ്ഞ് പുതിയ മരങ്ങള്‍ നടുന്ന തിരക്കിലാണിവിടെ. ചുമന്ന മണ്ണ് കുന്നിന്‍റെ താഴെനിന്നും തലച്ചുമടായി മുകളിലേക്ക് കൊണ്ടുവന്ന്, ആ മണ്ണും ചാരവും ചാണകാവും ചേര്‍ത്ത് നന്നായി കലര്‍ത്തി പോളിത്തീന്‍ കവറിലാക്കി അതില്‍ വേണം റബ്ബര്‍ തയ്യ് ആദ്യം നടാന്‍.

ശരീരമാസകാലം വല്ലാത്തൊരു വേദന. എങ്കിലും എണീറ്റു.
ചാപ്പലില്‍ ഞാനെത്തുമ്പോള്‍ പ്രാര്‍ത്ഥന തുടങ്ങിയിരുന്നു. സുപ്പീരിയറച്ചന്‍ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. വൈകിവന്നത് ഇഷ്ടപ്പെട്ടീട്ടില്ല. കാണാത്ത ഭാവത്തില്‍ ഞാന്‍ മുട്ടുകുത്തി. ആ പ്രാര്‍ത്ഥന അര മണിക്കൂര്‍ നീളും.
ആറു മണിക്ക് കുറുബാന. എട്ടു മണിക്ക് പ്രഭാത ഭക്ഷണം. ഒന്‍പതു മണിക്ക് പഠനം. ഇങ്ങനെ ചിട്ടയോടും സമയ കൃത്യതയും പാലിച്ചാണ് എല്ലാ കാര്യങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യത്തെ ക്ലാസ്സ് സുപ്പീരിയറച്ചന്‍റെതാണ്‌. ഇംഗ്ലീഷാണ് വിഷയം. ഞാനുമൊരു വിഷയം എടുക്കുന്നുണ്ട്. മലയാളം. മലയാളത്തില്‍ ഡിഗ്രിയുള്ള എനിക്കൊരു അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷിച്ചു.
ഒരു ദിവസം ക്ലാസ്സില്‍‍—
കേരളത്തിന്‍റെ നവോത്ഥാനത്തെകുറിച്ചും നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും പറയേണ്ടി വന്നു. വി.ടി.യും ഇ.എം.സും. 1956-ലെ മന്ത്രിസഭയും വിഷയമായി. ഭൂപരിഷ്കരണ ബില്ലിനെകുറിച്ചും മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസ ബില്ലിനെകുറിച്ചും പറയേണ്ടിവന്നു. കലിപൂണ്ട മതമേധാവികള്‍ നടത്തിയ വിമോചന സമരത്തെ കുറിച്ചും പറയേണ്ടിവന്നു.

ക്ലാസ്സ് കഴിഞ്ഞുടന്‍ സുപ്പീരിയറച്ചന്‍റെ മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. പകല്‍പോലും അച്ഛന്‍റെ മുറിയില്‍ ഇരുട്ടാണ്‌. വാതിലുകളും ജനാലകളും സ്വയം അടച്ചിട്ട് സൃഷ്ടിച്ചെടുത്ത ഇരുട്ട്. ആ മുറിയിലേക്ക് ആരെങ്കിലും കയറിവരുമ്പോള്‍മാത്രം മേശപ്പുറത്തു വച്ചിരിക്കുന്ന ലാംബ് മങ്ങിയ വെളിച്ചത്തില്‍ പ്രകാശിക്കും. കൈ കാണിച്ചീട്ട് എന്നോടിരിക്കാന്‍ പറഞ്ഞു. മനസ്സില്ലാമനസ്സോടെ ഞാനിരുന്നു. എന്‍റെ കണ്ണുകളിലെക്ക് അതിശക്തവും രൂക്ഷവുമായി നോക്കിയീട്ട് അച്ഛന്‍ ചോദിച്ചു:
“ജോസഫ്- പുരോഹിതനാവാന്‍ വന്നതോ?”
ഞാനൊന്നും പറയാതെ മൌനമായിരുന്നു. മുറിവിട്ട് പോരുന്നതിനു മുമ്പ് അച്ഛന്‍ ഉപദേശിച്ചു: “പ്രത്യേകം പ്രാര്‍ത്ഥിക്കുക. തന്‍റെ വഴി വ്യക്തമാക്കി തരുവാന്‍.”

എല്ലാ പ്രാര്‍ത്ഥനകളും രാത്രി ഒന്‍പതു മണിക്ക് തീരും. പിന്നെ മൂന്ന് ഗ്രൂപ്പകളായി തിരിഞ്ഞ് പള്ളി പരിസരങ്ങളില്‍ ഞങ്ങള്‍ ചുറ്റിനടക്കും. ആ സമയത്ത് പരസ്പരം ഇംഗ്ലീഷ് മാത്രമെ സംസാരിക്കാവു എന്നാണ് കല്പന.
ഞാനും ബ്രദര്‍ ഷാജുവും ഒന്നും സംസാരിക്കാതെ വെറുതെ നടന്നു. മൌനത്തിന്‍റെ തടവറയില്‍ ഞങ്ങളെയാരോ തളച്ചിട്ടിരുന്നു.
ആകാശം മേഘാവൃതമായിരുന്നു. ഒരിലപൊലും അനങ്ങുന്നില്ല. ഇരുട്ടിന്‍റെ കംബളം പുതച്ച് പേടിപ്പെടുത്തുന്ന ഒരു ഭീകര സത്വമായി കുന്ന് പമ്മി പതുങ്ങി നിന്നു.
എനിക്കിവിടെ മാനസ്സികമായി ഏറ്റവും അടുപ്പം തോന്നിയത് ഒരു തമിഴനോടാണ്. സെമിനാരിയിലെ പശുക്കളെ പരിപ്പാലിക്കുന്ന ഒരു തമിഴന്‍. അണ്ണാച്ചിയെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നത്. മൊട്ട തലയും കുടവയറും കുട്ടിപാന്‍റെും കയ്യിലൊരു വടിയും അതാണയാളുടെ രൂപം.
കാലത്ത് ആവശ്യത്തിന് തീറ്റി കൊടുത്ത്പശുക്കളെ മേയാന്‍ വിടും. കുന്നിനു ചുറ്റും അവ പുല്‍കൊടികളും നാമ്പുകളും തിന്നങ്ങനെ നടക്കും. സന്ധ്യയാകുമ്പോള്‍ ഒരു വടിയെടുത്ത് എവിടെയെങ്കിലും അടിച്ച് അണ്ണാച്ചി ശബ്ദമുണ്ടാക്കിയാലുടന്‍ പശുക്കളെല്ലാം അണ്ണാച്ചിയുടെ അടുത്തേക്ക് ഓടിയെത്തും. അത്രക്ക് ആത്മബന്ധമാണ് അവര്‍ തമ്മില്‍.
രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് അണ്ണാച്ചിയുടെ ഒരു പാട്ടും ഇവിടെ പതിവാണ്. തമിഴും മലയാളവും ഇണചേര്‍ന്നൊരു മധുരഗീതം.
അതാ…………………
ആ പാട്ടോഴുകിവരുന്നു. വ്യഥയുടെ,വിരഹത്തിന്‍റെ,ഗൃഹാതുരതയുടെ ഈണങ്ങള്‍ അലിഞ്ഞുചേര്‍ന്നൊരു ദുഃഖഗാനം.

എല്ലാവരും ഉറങ്ങാനായി ഡോര്‍മെട്രിയിലേക്ക് പോയി. ഞാന്‍ മെല്ലെ ചാപ്പലിലേക്ക് കയറി. ഏകാന്തത തളംകെട്ടി കിടന്ന ചാപ്പലിലെ അള്‍ത്താരയില്‍, മെഴുതിരിവെട്ടം ഹൃദയമിടിപ്പുകള്‍പോലെ മിന്നിമിന്നി നിന്നു.

ഞാന്‍ മുട്ടുകുത്തി രണ്ടു കൈകളുയര്‍ത്തിപിടിച്ച് ദുഃഖം മനസ്സിലൊതുക്കി ക്രൂശിത രൂപത്തിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
“ഞാന്‍ ചെയ്യ്ത തെറ്റെന്താണ്. ഒരു ചരിത്ര സത്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തതോ”.
എന്‍റെ പിന്നിലെ ഇരുട്ടില്‍ മറഞ്ഞിരുന്ന് ളോഹയിട്ട ചിലര്‍ വിളിച്ചുപറയുന്നതായി എനിക്ക് തോന്നി.
ഇവനെ ക്രൂശിക്കുക….ക്രൂശിക്കുക……ക്രൂശിക്കുക.
ശിരസ്സ് മുതല്‍ കണങ്കാല്‍വരെ ചോര വാര്‍ന്നോലിച്ച് ക്രൂശിതരൂപം മരകുരിശില്‍ തൂങ്ങി നിന്നു.

ഡോര്‍മെട്രിയില്‍ ഞാനെത്തുമ്പോള്‍ എല്ലാവരും ഉറങ്ങികഴിഞ്ഞിരുന്നു. പൊള്ളുന്ന കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ക്ഷണിക്കാതെ വരുന്ന അതിഥികളെപോലെ അവളുടെ സ്മരണകള്‍ എന്‍റെ മനസ്സില്‍ നീറി നിന്നു.

മരുന്നിന്‍റെ മടുപ്പിക്കുന്ന ഗന്ധം തളംകെട്ടികിടന്നിരുന്ന ഒരാശുപത്രിയില്‍വച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്. ഒരാളെ പരിചയപ്പെടുത്തിതരാം എന്നുപറഞ്ഞ് അനുജത്തി ആശുപത്രിയിലെ ഒരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി. ആ മുറിയിലെ കട്ടിലില്‍ ഒരു പെണ്‍ക്കുട്ടി ഇരിപ്പുണ്ടായിരുന്നു. വിടര്‍ന്ന മിഴികളും വെളുത്ത് തുടുത്ത കവിളുകളുമുള്ള അവളുടെ നെറ്റിയിലേക്ക് ചുരുള്‍മുടികള്‍ വീണു കിടന്നിരുന്നു. അവളെ കണ്ടമാത്രയില്‍ പ്രേമത്തിന്‍റെ ഒരായിരം ചെമ്പനീര്‍പൂക്കള്‍ എന്‍റെ ഹൃദയ താഴ്വാരത്ത് വിടര്‍ന്നു നിന്നു. അവ വാരിയെടുത്ത് അവള്‍ക്ക്നേരെ നിട്ടിയീട്ട് ഞാന്‍ പറഞ്ഞു.
“നിനക്കായി ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. എങ്കിലും പൊടുന്നനെ നിയെനരികിലെത്തിയപ്പോള്‍ എന്നിലെ ആനന്ദം

പറഞ്ഞറിയിക്കുകവയ്യ. സ്വീകരിച്ചാലും പ്രിയേ—– പ്രേമത്തിന്‍റെയീ ചെമ്പനീര്‍പൂക്കള്‍.”
ഏട്ടനെന്താ സ്വപ്നം കാണുകയാണൊ. തോളത്ത് തട്ടിയീട്ട് അനുജത്തി ചോദിക്കുന്നു.
അനുജത്തി പരിചയപ്പെടുത്തി. ഇത് കതീജ കഥയും കവിതയും ഇഷ്ടമുള്ള കുട്ടിയ. ഇതെന്‍റെ ഏട്ടന്‍ കഥയും കവിതയും എഴുതാറുള്ള അല്‍പ്പം വട്ടുള്ള എന്‍റെ ഏട്ടന്‍. അവളെന്തൊക്കെയോ എന്നോട് ചോദിച്ചു. മുക്കിയും മൂളിയും അവ്യക്തമായി എന്തൊക്കെയോ ഞാന്‍ മറുപടി പറഞ്ഞു. എന്‍റെ സ്നേഹം എങ്ങിനെ അവളെ അറിയിക്കും എന്ന വിചാരത്തിലായിരുന്നു ഞാന്‍.
അടുത്ത മുറിയില്‍ അപ്പന്‍ മരണത്തോട് മല്ലിട്ട് കഴിയുകയാണ്. അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു. മരണം ഒരു കള്ളനെപോലെ ആശുപത്രിയുടെ ഇടനാഴികയിലെവിടെയൊ പതിയിരിപ്പുണ്ട്. ഏതു നിമിഷവും ആ ദുരന്തം സംഭവിക്കാം. ഈ സങ്കട കടലില്‍ നിന്നുകൊണ്ട് ഞാനെങ്ങിനയാണ് എന്‍റെ മനസ്സില്‍ വിരിഞ്ഞ ആദ്യാനുരാഗത്തെക്കുറിച്ച് അവളോട്‌ പറയുക.
പെട്ടെന്ന്, അടുത്ത മുറിയില്‍നിന്നും ഒരു കൂട്ടനിലവിളി കേട്ടു. ഞങ്ങളെത്തിയപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.
അപ്പന്‍ മരിച്ചു.
ആശുപത്രിയിലെ പേപ്പര്‍ വര്‍ക്കെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി. അപ്പന്‍റെ ചലനമറ്റ ശരീരം ആംബുലന്‍സില്‍ കയറ്റി, ആംബുലന്‍സിന്‍റെ മുന്‍സീറ്റില്‍ ഞാനിരുന്നു. വണ്ടി മുന്നോട്ടു കുതിച്ചു. സ്മരണകളില്‍ മായാതെ കിടന്ന അപ്പന്‍റെ ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു.
ആകാശം ഘനീഭവിച്ച് വിങ്ങിപ്പൊട്ടിനിന്നു. ഏതു നിമിഷവും ആര്‍ത്തനാദംപോലെ ഒരു മഴ ഭൂമിയിലേക്ക് പെയ്യ്‌തിറങ്ങിയേക്കാം. മിഴിയോരം കണ്ണീര്‍ തടാകമായി. പിന്നെയത് നീര്‍ച്ചാലു കീറി താഴേക്ക് ഒലിച്ചിറങ്ങി. ഞാന്‍ കരയുകയായിരുന്നു. ഞാനറിയാതെ.
അവസാന കാലങ്ങളില്‍ അപ്പന്‍ ഒരു പരിഹാസ കഥാപാത്രമായിരുന്നു. മക്കള്‍ക്ക് ഒന്നും സമ്പാദിച്ചുവെച്ചില്ല എന്ന പരാതിയും കുറ്റപ്പെടുത്തലുകളും അപ്പനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാകാം. സമ്പാദ്യങ്ങള്‍ കൂട്ടിവയ്ക്കാന്‍

അപ്പനറിയില്ലെന്നത് സത്യമാണ്. നെഞ്ചോട്ചേര്‍ത്ത് ഞങ്ങള്‍ക്കുതന്ന സ്നേഹത്തിന്‍റെ കണക്കുകളും അപ്പനു സുക്ഷിക്കാനറിയില്ലായിരുന്നു.
പുരയുടെ മേല്‍കൂര മേഞ്ഞീട്ട് രണ്ടു വര്‍ഷമായി, വീട്ടില്‍ തീ പുകഞ്ഞീട്ട് കുറച്ചു ദിവസമായി, മകളുടെ വിവാഹത്തിനുള്ള സഹായം ഇങ്ങനെ സങ്കടങ്ങള്‍പറഞ്ഞ് ആരുവന്നാലും അപ്പന്‍ അകമഴിഞ്ഞു സഹായിക്കുമായിരുന്നു. മറ്റുള്ളവരെ സഹായിച്ച് സഹായിച്ച് സമ്പാദിക്കാന്‍ മറന്നുപോയ ഒരു മനുഷ്യന്‍.
രണ്ടു വര്‍ഷത്തിനുശേഷമാണ് ഞാനറിയുന്നത് കതീജയുടെ വിലാസം അനുജത്തിയുടെ കയ്യിലുണ്ടെന്ന്. ഒരു ദിവസം ഞാനവളെ തേടി പോയി.
ഒരു റബ്ബര്‍ തോട്ടത്തിന്‍റെ താഴ്വാരത്താണ് അവളുടെ വീട്. വീട്ടില്‍ അവള്‍ ഉണ്ടായിരുന്നില്ല. ഒരു കപ്പ്‌ ചായ എനിക്ക് പകര്‍ന്നു തന്നീട്ട് അവളുടെ അമ്മ പറഞ്ഞു. “ഒരു വിശേഷമുണ്ട്—കതീജയുടെ വിവാഹം ഉറപ്പിച്ചു.”
അവളുടെ അമ്മ എയ്യ്തുവിട്ട ആ കൂരമ്പ് എന്‍റെ ഹൃദയത്തില്‍ ആഞ്ഞുതറച്ചു. വേണമെങ്കില്‍ ആ നിമിഷംതന്നെ എന്‍റെ ഇഷ്ടത്തെകുറിച്ച് പറയാമായിരുന്നു. പക്ഷേ ഞാനൊന്നും പറഞ്ഞില്ല. എനിക്ക് കാണാമായിരുന്നു ആ അമ്മയുടെ കഷ്ടപ്പാടുകളും വേദനകളും. ഭര്‍ത്താവ്‌ മരിച്ച ആ സ്ത്രീ തന്‍റെ മക്കളെ ഒരു കരയടുപ്പിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. എന്‍റെ മനസാക്ഷിയുടെ തുലാസില്‍ എന്‍റെ ആഗ്രഹങ്ങളുടെ തട്ട് താണുതന്നെയിരുന്നു. പാവങ്ങളെ സഹായിക്കുമ്പോള്‍ അപ്പന്‍ പറഞ്ഞുതരാറുള്ളത് മനസ്സിലേക്ക് ഓടിയെത്തി. “വിട്ടുകൊടുക്കുന്നതിലാണ് യഥാര്‍ത്ഥ സ്നേഹമുള്ളത്”.
മനസ്സിനെ ആശ്വസിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ തേടിയെങ്കിലും ദുഃഖവും നിരാശയും എന്നെ വിടാതെ പിന്‍തുടര്‍ന്നുക്കൊണ്ടേയിരുന്നു. അവസാനം സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് ഞാനീ സെമിനാരിയിലെത്തിയത്.

പെട്ടെന്ന്-
എന്‍റെ ഓര്‍മ്മകളുടെ അനുസ്യൂത പ്രയാണത്തെ തടസ്സപ്പെടുത്തികൊണ്ട് ഒരു ദുശകുനംപോലെ ആ രണ്ട് കാലടിശബ്ദങ്ങള്‍ ഡോര്‍മെട്രിയിലേക്ക് കടന്നുവന്നു. അല്‍പസമയത്തിനുശേഷം നാലു കാലടിസബ്ദങ്ങളായി തിരിച്ചുപോയി. ആ കാലടികളെ ഞാന്‍ പിന്തുടര്‍ന്നു. ആ കാലടിശബ്ദങ്ങള്‍ ഒരു മുറിയില്‍ കയറി വാതിലടച്ചു. ആ മുറിയുടെ വാതിലില്‍ ചാരിനിന്ന് ഞാന്‍ കാതോര്‍ത്തു. ഒരു കൊടുംകാറ്റ് ആ മുറിയില്‍ ചുറ്റിയടിക്കുന്നതായി എനിക്ക് തോന്നി. അടക്കം പറച്ചിലിന്‍റേയും ചുംബനങ്ങളുടേയും ശീലക്കാരങ്ങളുടേയും ഇരമ്പല്‍ കാതിലേക്ക് തുളച്ചുകയറി. കൊടുംകാറ്റിന്‍റെ വേഗത കൂടിവന്നു. പെട്ടെന്ന് ഏല്ലാം ശാന്തമായി. ഒരു സ്വവര്‍ഗ്ഗരതിക്കുശേഷമുള്ള ശാന്തത.

ദുരൂഹതകള്‍ പതിയിരിക്കുന്ന ഈ സെമിനാരിലെ പല പ്രവര്‍ത്തനങ്ങളോടും എനിക്ക് യോജിക്കാനാവാതെ പിറ്റേന്ന് അതിരാവിലെ ആരോടും പറയാതെ ഞാനാ കുന്നിറങ്ങി.

എങ്ങോട്ടെന്നില്ലാതെ അലസനായി ഞാന്‍ നടന്നു. അവസാനം എത്തിചേര്‍ന്നത് റയില്‍വേ സ്റ്റേഷനില്‍. നാട് വിടാന്‍തന്നെ തീരുമാനിച്ചു. ഒരു പരാജിതന്‍റെ ദുഃഖഭാരവുംപേറി അടുത്ത തീവണ്ടിയുടെ വരവുംകാത്ത് ഞാനിരുന്നു.

അങ്ങകലെ— തന്‍റെ ജോലികളെല്ലാം മതിയാക്കി കനല്‍ക്കട്ടകള്‍ ഒരു വൃത്താകൃതിയില്‍ മാറിലേക്ക് കോരിയെടുത്ത് മറുകരയിലേക്ക് സൂര്യന്‍ പയ്യെ പയ്യെ നടന്നുനീങ്ങി.

ജോര്‍ജ് അറങ്ങാശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here