ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം; ചരിത്രവിധിയുമായി സുപ്രീംകോടതി

0
132

ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അഞ്ചിൽ നാല് പേരുടെ പിന്തുണയാടെയാണ് പുറത്തുവന്നത്. ഭരണഘടനാബഞ്ചിൽ അംഗമായ ഇന്ദു മൽഹോത്രയാണ് വിയോജിപ്പ് പ്രകടിപ്പിച്ച് വിധിയെഴുതിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർഎഫ് നരിമാൻ, ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധിയെഴുതി.

ശബരിമല അയ്യപ്പക്ഷേത്രത്തിന് ഒരു ‘മത ഉപശാഖ’യെന്ന പദവിക്ക് അർഹതയുണ്ടെന്ന വാദത്തെ തള്ളുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായം പ്രധാനമായും ചെയ്തത്. ഒരു നിയമപരമായി സ്ഥാപിതമായ ഒരു ബോർഡിനാൽ ഭരിക്കപ്പെടുകയും, ഭരണഘടനയുടെ 290-എ വകുപ്പു പ്രകാരം സർക്കാർ ഫണ്ട് വാങ്ങുകയും ചെയ്യുന്ന സ്ഥാപനമാണ് ശബരിമല ക്ഷേത്രം. ഇത്തരമൊരു സ്ഥാപനത്തിന് ഭരണഘടനാതത്വങ്ങളും, വകുപ്പ് 14, 15(3), 39(a) എന്നിവ മുമ്പോട്ടുവെക്കുന്ന മൂല്യങ്ങളും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടാനാകുമോ എന്ന നിർണായകമായ ചോദ്യമാണ് ഈ വാദത്തെപ്രതി ഉയർന്നി വന്നിരുന്നത്. ഇതിന് അസന്ദിഗ്ധമായ ഉത്തരം ചീഫ് ജസ്റ്റിസ്സിന്റെ വിധിന്യായത്തിലുണ്ട്. ശബരമല ക്ഷേത്രത്തിന് പ്രത്യക മത ഉപവിഭാഗമെന്ന പദവി അവകാശപ്പെടാനാകില്ല എന്നതാണത്.

1965ലെ കേരള ക്ഷേത്രപ്രവേശന നിയമത്തിന്റെ 3(b) ചട്ടം റദ്ദാക്കി

1965ലെ കേരള ക്ഷേത്രപ്രവേശന നിയമം [Kerala Hindu Places of Public Worship (Authorisation of Entry)] അനുശാസിക്കുന്ന 3(b) ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ്സിന്റെ വിധി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരം മതാചാരം പാലിക്കാനുള്ള ഹിന്ദുസ്ത്രീയുടെ അവകാശം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്നതാണ് കേരള സർക്കാർ പാസ്സാക്കിയ പ്രസ്തുത നിയമം.

പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ വിലക്കുന്നത് മതത്തിന്റെ അവിഭാജ്യഘടകമല്ലെന്നും അദ്ദേഹത്തിന്റെ വിധിന്യായം പറഞ്ഞു.

ജസ്റ്റിസ് റോഹിന്‍റ്റൺ നരിമാനും ക്ഷേത്രപ്രവേശന വിലക്ക് ഭരണഘടനയുടെ 25(1) ആർട്ടിക്കിളിന്റെ ലംഘനമാണെന്ന് നരിമാന്റെ വിധിന്യായം പറഞ്ഞു. കേരള ക്ഷേത്രപ്രവേശന നിയമ (1965)ത്തിലെ 3(b) വകുപ്പ് നരിമാൻ റദ്ദ് ചെയ്ത് വിധിയെഴുതി.

ഭരണഘടനയുടെ പതിനേഴാം വകുപ്പിന് പുതിയ മാനം

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഭരണഘടനയുടെ 25ാം വകുപ്പ് ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. ഈ വകുപ്പ് എല്ലാ വ്യക്തികളെയും സംരക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ സ്ത്രീകളും ഉൾപ്പെടും. സ്ത്രീയുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്ന് വിധിന്യായം പറഞ്ഞു. സ്ത്രീകളെ കുറഞ്ഞവരായിക്കാണുന്നത് ഭരണഘടനാപരമായ സദാചാരത്തിന് നിരക്കാത്തതാണ്. ശരീരപരമായ സവിശേഷതകൾ അവകാശങ്ങളെ ഹനിക്കാനുള്ള മാർഗമാകരുത്. ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന വാദമുന്നയിച്ച് പ്രസ്തുത വകുപ്പിന്റെ വ്യാഖ്യാനത്തിന് പുതിയ മാനം നൽകുകയും ചെയ്തു അദ്ദേഹം.

ഇന്ദു മൽഹോത്രയുടെ വിയോജനം

ഭൂരിപക്ഷവിധിക്ക് വിയോജനക്കുറിപ്പെഴുതിയ വിധി ഇന്ദു മൽഹോത്രയുടേതായിരുന്നു. ഇത് ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ പതിന്നാലാം വകുപ്പിനെ എല്ലാ മതാചാരങ്ങളെയും വിലയിരുത്താൻ ഉപയോഗിക്കരുതെന്ന് അവർ പറഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന് പറയുന്ന വകുപ്പാണ് ആർട്ടിക്കിൾ പതിന്നാല്. ജാതിയോ മതമോ ലിംഗമോ ജനനസ്ഥലമോ വംശമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടില്ലെന്ന് ഭരണഘടനയുടെ ഈ വകുപ്പ് അനുശാസിക്കുന്നു.

മതപരമായ കാര്യങ്ങളിൽ കോടതിയല്ല മതത്തെ പാലിക്കുന്ന സമുദായമാണ് തീർപ്പ് കൽപ്പിക്കേണ്ടതെന്ന് ഇന്ദു മൽഹോത്ര പറഞ്ഞു. മതത്തിന്റെ കാര്യത്തിൽ യുക്തിപരമായ ആലോചനകളെ കൊണ്ടുവരരുത്. അയ്യപ്പക്ഷേത്രം ഒരു മത ഉപവിഭാഗമാണെന്നതിന് ശക്തമായ വാദഗതികൾ ഉന്നയിക്കപ്പെട്ടതായും അവർ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here