‘ഓളവും തീരവും’ സിനിമയുടെ വെളിപ്പെടാത്ത കാര്യങ്ങൾ

0
786

ഇന്ത്യയിലെ എണ്ണപ്പെട്ട നൂറു സിനിമകളുടെ കൂട്ടത്തിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടാൻ കഴിഞ്ഞ ഒരേ ഒരു മലയാള ചിത്രമാണ് ഓളവും തീരവും. ആർട്ട് സിനിമയെന്നാൽ മിണ്ടാപ്പടമാണെന്നും ഇഴഞ്ഞ് നീളുന്നതാണെന്നും ദുരൂഹതകൾ നിറഞ്ഞ് ഒന്നും മനസിലാകാത്തതാണെന്നും മറ്റും ഉള്ള ധാരണകളെയെല്ലാം തകിടം മറിച്ച് തിരുത്തി എഴുതി പുരസ്കാരങ്ങളും പ്രദർശന വിജയവും നേടാൻ കഴിഞ്ഞു എന്നത് അത്ര നിസ്സാര കാര്യമല്ല.

ആലുവയിലെ തൊട്ടുമുഖം എന്ന ഗ്രാമത്തിലെ അജന്താ സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രീകരണം. സഹകരണ സംഘം രൂപീകരിച്ച് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അയ്യായിരം രൂപവീതം ഷെയർ വാങ്ങിയാണ് ഈ സ്റ്റുഡിയോ സ്ഥാപിച്ചത്.

മലയാളത്തിലെ പ്രഥമ ശബ്ദ ചിത്രമായ ബാലനിലെ ഉപ നായകനും ഈ നിർമ്മാണ കമ്പനിയുടെ സംഘാടകനും ഉദയാ സ്റ്റുഡിയോയുടെ സംഘാടകനും ആലപ്പുഴ മുനിസിപ്പൽ കൗൺസിലറും തുമ്പോളി കാഞ്ഞിരംചിറ പൊള്ളയിൽ സെബാസ്റ്റിയൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഇളയ സഹോദരനും ആയ ആലപ്പി വിൻസെന്റ് എന്ന് അറിയപ്പെട്ടിരുന്ന സേവ്യർ വിൻസെന്റ് ആയിരുന്നു അജന്താ സ്റുഡിയോയുടെയും സംഘാടകനും സാരഥിയും എന്ന് വേണ്ട എല്ലാമെല്ലാമും. ഗായികയായ പി. ലീലയും സ്റ്റുഡിയോയുടെ പ്രാരംഭ കാല നടത്തിപ്പിന് മുൻകൈ എടുത്തവരിൽ പ്രധാനി ആയിരുന്നു.

പൂങ്കാവ് നിവാസി ആയ പി എൽ ജെ റൂമീസ് എന്ന പ്രസിദ്ധ ചിത്രകാരന്റെ മേൽനോട്ടത്തിൽ ആയിരുന്നു അജന്തയയുടെ പനോരമിക് ബാക്ക്ഗ്രൗണ്ട് ഒരുക്കിയതും ഷൂട്ടിങ്ങ് ഫ്ലോറും സെറ്റുകളുമെല്ലാം നിർമ്മിക്കപ്പെട്ടതും.

സെറ്റുകളെ പൂർണ്ണമായും ഒഴിവാക്കി യഥാർത്ഥ പശ്ചാത്തലത്തിൽ മാത്രം ചിത്രീകരണം നടത്തി വിജയം കൈവരിച്ച ഓളവും തീരവും സിനിമാ വെരീ റ്റെ എന്ന പേരിൽ ഫ്രാൻസിലെ സിനിമാ പ്രവർത്തകർ സെറ്റുകളെ ഉപേക്ഷിച്ച് നാട്ടിൻ പുറങ്ങളിലേക്കും വീടുകളുടെ അകത്തളങ്ങളിലേക്കും കാമറയും കൊണ്ട് ഓടിക്കയറി ഇറങ്ങിയതിന്റെ ഒരു പ്രതിഫലനമായിരുന്നു കേരളത്തിൽ ആലുവയിലെ തൊട്ടുമുഖം എന്ന ഗ്രാമത്തിലും സംഭവിച്ചത്.


ചെമ്മീൻ എന്ന വിശ്വപ്രസിദ്ധ സിനിമയുടെ അഞ്ച് പ്രൊഡക്ഷൻ കട്രോളറുകളിൽ ഒരാളായ പി എ ബക്കർ എന്ന മിടുമിടുക്കനായ യുവാവ് ആയിരുന്നു ചാരുചിത്രയുടെ ബാനറിൽ സിനിമ നിർമ്മിക്കാൻ ഒരുമ്പെട്ടത്. അദ്ദേഹം തിരഞ്ഞെടുത്ത സംവിധായകനോ ചിത്രകാരനും സഹൃദയനും ആയ പി എൻ മേനോനും.

മലയാള സിനിമാ ലോകത്ത് അസോസിയേറ്റ് ഡയറക്ടേഴ്സ് അങ്ങേയറ്റം പരിമിതമായിരുന്ന ആ കാലഘട്ടം. ഹരിഹരനും പിജി വിശ്വംഭരനും കെ രഘുനാഥും പിന്നെ സ്റ്റാൻലി ജോസ് എന്ന ഞാനും മാത്രം ഉണ്ടായിരുന്ന ഒരു സമയം. ആദ്യം പറഞ്ഞ മൂന്നുപേരും എം കൃഷ്ണൻ നായർ, ശശികുമാർ, പുട്ടണ്ണ തുടങ്ങി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സംവിധായകരുടെ സ്ഥിരം അസോസിയേറ്റുകളായി തിരക്കോട് തിരക്കും മദ്രാസ്സിൽ സ്ഥിര താമസവും അതിനാൽ ആലുവയിൽ അവർക്ക് ആശ്രയിക്കാൻ കഴിഞ്ഞത് കേരളത്തിൽ ഉണ്ടായിരുന്ന എന്നെ മാത്രം ആയിരുന്നു.

എന്റെ ശൈശവ കാലത്ത് കാഞ്ഞിരം ചിറയിൽ പൊള്ളയിൽ സേവ്യർ വിന്സന്റിന്റെ പുരയിടത്തിൽ പിൽക്കാലത്ത് കേരള മന്ത്രി സ്ഥാനം വരെ അലങ്കരിച്ച അന്നത്തെ യുവാക്കളായ ടിവി തോമസ് എന്ന രാഷ്ട്രീയ നേതാവും ഡോക്ടർ ആന്റണി ജോസ് എന്ന സുപ്രസിദ്ധ ചിത്രകാരനായിരുന്ന എന്റെ മൂത്ത സഹോദരനും പൊള്ളയിൽ കുടുംബം പണാപറമ്പ് പള്ളിക്കതൈയ്യിൽ തെക്കേപാലയ്ക്കൽ കളത്തിൽ തുടങ്ങിയ കൊച്ചീക്കാരൻ വീട്ടുകാരിലെയും വിദ്യാഭ്യാസം നേടിയ പ്രമുഖരായ ചെറുപ്പക്കാർ ഒത്തുകൂടാനും ഉല്ലസിക്കാനും ബാറ്റ് മിന്റണ് കളിക്കാനും സാഹിത്യചർച്ചകൾ നടത്താനും മറ്റുമായി ഒരു ക്ലബ്ബ് രൂപീകരിക്കുമായുണ്ടായി. എല്ലാവരും ചേർന്ന് വൃത്തകൃതിയിൽ കസേരകൾ നിരത്തി യോഗം ആരംഭിച്ചപ്പോൾ ആണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. വൃത്തത്തിന്റെ ഒരു വശത്തിന് നീളം കൂടി ഒരു മുട്ടയുടെ ആകൃതി രൂപപ്പെട്ടിരിക്കുന്നു എന്ന് അങ്ങനെ ഫലിത പ്രിയരായ ആ സംഘാംഗങ്ങൾ എല്ലാം ചേർന്ന് മുട്ടയുടെ രൂപത്തെ അനുസ്മരിച്ച് അവരുടെ ക്ലബ്ബിന് അണ്‍ഡാകൃതി എന്ന് നാമകരണം ചെയ്യുകയുണ്ടായി .

സേവ്യർ വിന്സന്റിന് ക്ലബ്ബ് സംബന്ധമായ ബന്ധവും കുടുംബ സുഹൃത്ത് എന്ന ബന്ധവും കാരണം ഞാൻ മെരിലാന്റിൽ പി സുബ്രഹ്മണ്യത്തിന്റെ അസോസിയേറ്റ് ഡയറ്കടർ ആയിരുന്നു എന്നും തത്സമയം ജികെ രാമു എന്ന ക്യാമറാമാൻ മെരിലാന്റിലെ ഏതോ സിനിമ സംവിധാനം ചെയ്യുന്നു എന്ന കാരണത്താൽ അതുമായി ബന്ധപ്പെടാതെ ഞാൻ തറവാട്ടിൽ ഉണ്ടെന്നും അറിഞ്ഞ് എന്റെ സഹോദരൻ ആന്റണി ജോസിന് പി എൻ മേനോന്റെ അസോസിയേറ്റഡ് ആയി പ്രവർത്തിക്കുന്നതിന് വേണ്ടി കത്തിടുകയുണ്ടായി. ഇതിന്റെ ഫലമായി ഓളവും തീരവും എന്ന കലാസൃഷ്ടിയിൽ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യവും അവസരവും ലഭിച്ചു.

ഇദ്ദേഹം പ്രഥമമായും ചിത്രകാരനാണ് തിരക്കഥ അഭിനയം ഗാനചിത്രീകരണം എന്നതിനെ എല്ലാം സംബന്ധിച്ച് തനതായ ദൃശ്യ ശബ്ദ സ്വപനങ്ങളും ആശയങ്ങളും ഉൾക്കൊണ്ടിരുന്നു. എംടി രചിച്ച തിരക്കഥയുടെ വടക്കൻ പശ്ചാത്തലം ജീവിച്ചറിഞ്ഞ് ഉൾക്കൊണ്ടവരായിരുന്നു മേനോനും ബക്കറും പി ഭാസ്കരനും മങ്കട രവിവർമ്മയും പദ്മനാഭനും (മേക്കപ്പ്) രാമചന്ദ്രനും (വേഷം) നെല്ലിക്കോട് ഭാസ്കരൻ പതിയാനം പറ്റ നിലമ്പൂർ ആയിഷ ഫിലോമിന പറവൂർ ഭരതൻ തുടങ്ങിയവർ. എന്നാൽ മധു ജോസ് പ്രകാശ് ഉഷാ നന്ദിനി മീന സുജാത എന്നീ നടീനടന്മാരും ഞാനും മാത്രമേ വടക്കൻ ഗ്രാമസംസ്കാരവും ഭാഷാ പ്രയോഗവും നിത്യ ജീവിതത്തിൽ വസമായ്ക്കാത്തവരായി ഉണ്ടായിരുന്നുള്ളു.
മേനോനും ഞാനും ഒരുമിച്ച് രണ്ട് മാസക്കാലം പേപ്പർ വർക്ക് നടത്തുകയുണ്ടായി. സമ്പൂർണ്ണമായി എഴുതിക്കഴിഞ്ഞ ഒരു തിരക്കഥയെ സംബന്ധിച്ച് ഷോർട്ട് മാർക്കിങ്ങ്, ബ്രെക്ക് ഡൌൺ ചാർട്ടിങ്ങ്, സെറ്റ്, ലൊക്കേഷൻ, കണ്ടിന്യൂയിറ്റി എന്നിവയുടെ ലിസ്റ്റിങ്ങ് മുതലായവയ്ക്ക് മലയാള സിനിമയുടെ രീതിയ്ക്കനുസരിച്ച് അറുപത് ദിവസത്തെ പേപ്പർ വർക്ക് തന്നെ ധാരാളം മതി. ആലുവാ പുഴയുടെ തീരത്തുള്ള ഒരു രണ്ട് നില വീട്ടിൽ താമസിച്ച് കൊണ്ട് അവിടുത്തെ ഒരു കുളിക്കടവിന്റെ സ്റ്റെപ്പിൽ ഇരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ആണ് കടലാസ് ജോലികൾ നിർവഹിച്ചിരുന്നത്.

ഇതിന് മുൻപായി റോസി എന്ന സിനിമ എങ്ങനെയോ സംവിധാനം ചെയ്തു എന്നല്ലാതെ സിനിമയുടെ ടെക്നിക്കൽ നോ ഹൌ ഒന്നും തന്നെ മേനോന് വശം ഇല്ലായിരുന്നു. ചിത്രീകരണം തുടങ്ങി വ്യത്യസ്തമായ കോമ്പോസിഷനും ദൃശ്യ പ്രാധാന്യവും ഉള്ള ഏതാനും ഫ്രേമുകൾ മനസ്സിൽ കൊണ്ട് നടന്നത് പ്രയോഗിക്കാൻ കഴിഞ്ഞു എന്നല്ലാതെ എഡിറ്റിംഗിന്റെ ബാലപാഠം പോലും അറിയാത്തത് കൊണ്ട് സിനിമാറ്റിക് ആയി ചിത്രീകരണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഷൂട്ടിങ്ങ് നിർത്തേണ്ടി വന്നു. ആവശ്യമില്ലാത്തത് എന്തെല്ലാമോ എടുത്ത് കൂട്ടുന്നുണ്ടെന്ന് എനിക്കും തോന്നുകയുണ്ടായി.
ആലുവയിലെ ഒരു തീയേറ്ററിൽ അടുത്തടുത്ത കസേരകളിൽ ഇരുന്ന് റഷസ് കണ്ട് കഴിഞ്ഞപ്പോൾ മേനോൻ നിരാശയോടെ എന്റെ ചെവിയിൽ മന്ത്രിച്ചു “സ്റ്റാൻലി , ഞാൻ മനസ്സിൽ കണ്ടതൊന്നും സ്‌ക്രീനിൽ വന്നിട്ടില്ല”.
രണ്ട് കസേരകൾക്കപ്പുറം വലത് വശത്ത് ഇരിക്കുകയായിരുന്ന മങ്കട രവിവർമ്മ അർഥം വച്ച് എന്നെ ഒന്ന് നോക്കുകയും ചെയ്തു.

റോസി എന്ന സിനിമ മേനോൻ എങ്ങനെ സംവിധാനം ചെയ്തു എന്ന സംശയത്തിന് എന്റെ ഓർമ്മകളിൽ നിന്ന് ഉത്തരം സാവധാനം ഉരുത്തിരിയുകയുണ്ടായി. അങ്ങനെ പലതും മനസ്സിൽ വന്നെത്തി. ഇ എൻ ബാലകൃഷ്ണൻ എന്ന അത്ഭുത പ്രതിഭയായ കാമറാ മാൻ ആയിരുന്നു റോസി യുടെ ചിത്രീകരണം നടത്തിയത്. ഞങ്ങൾ ഒന്നിച്ച് ഒന്നര മണിക്കൂർ ദൈർഘ്യം ഉള്ള ഒരു ഡോക്കുമെന്ററി, ഫിലിം ഡിവിഷന് വേണ്ടി ചെയ്തതിൽ നിന്നും അദ്ദേഹത്തിന്റെ സംവിധാന പ്രതിഭയും കാമറ കൈകാര്യം ചെയ്യുന്നതിലെ അത്യഗാധമായ പ്രാവീണ്യവും ഞാൻ മനസിലാക്കുകയുണ്ടായി ഇംഗ്ലീഷ് സിനിമകളിൽ വരെ കാമറ ചലിപ്പിച്ചിരുന്ന ഇ എൻ ബാലകൃഷ്ണൻ തന്നെ ആയിരുന്നു യഥാര്ഥത്തില് മണിയുടെ പേരിൽ ക്രോസ്‌ബെൽറ്റും രാമുകാര്യാട്ടിന്റെ പേരിൽ അഭയവും ഒരുക്കിയത് . ഈ രണ്ട് സിനിമകളിലെയും ദൃശ്യ വിരുന്നുകൾ കണ്ട് ആസ്വദിക്കണമെന്ന് ഇത് വായിക്കുന്നവരോട് ഞാൻ ശുപാർശ ചെയ്യുന്നു.
ക്രോസ്ബെൽറ്റ് നാടകം കണ്ട് ബോറടിച്ച് ഉറങ്ങിപ്പോയ ഞാൻ, അത് സിനിമ ആക്കിയപ്പോൾ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ചിത്രീകരിച്ച ലാത്തിച്ചാർജിന് വേണ്ടി കാമറ ചലിപ്പിച്ച് കാണിച്ച ഊർജ്ജസ്വലതയും ചിത്രീകരണ വൈദഗ്ധ്യവും കണ്ട് അത്ഭുതപ്പെട്ട് പോയി. പുന്നപ്രവയലാർ എന്ന സിനിമയിൽ കുഞ്ചാക്കോയ്ക്ക് വേണ്ടി ഞാൻ ചിത്രീകരിച്ച വയലാറിലെ വെടിവെയ്പ്പ് ക്രോസ്സ് ബെൽറ്റിലെ ലാത്തിച്ചാർജിനു മുന്നിൽ ഒന്നുമല്ലായിരുന്നു എന്ന് ഞാൻ തുറന്ന് സമ്മതിക്കുന്നു. റോസിയുടെ കാമറാ മാനായി ഇ എൻ ബാലകൃഷ്ണൻ പ്രവർത്തിച്ച സാഹചര്യത്തിൽ പി എൻ മേനോന് തുടക്കക്കാരൻ എന്ന നിലയിൽ ഒന്നും ചെയ്യേണ്ടി വന്നിരിക്കില്ല.
തീക്ഷ്ണമായ സഹകരണം
ഒറിജിനാലിറ്റിയ്ക്ക് വേണ്ടി കണ്ട് വെച്ചിരുന്ന ഓലമേഞ്ഞ പഴയ മുസ്ലിം ഗൃഹം ഒരു വർഷക്കാലം പുതുക്കാതെയും കേടുപാടുകൾ ശരിയാക്കാതെയും കഥാന്തരീക്ഷത്തിന്റെ വിശ്വസ്ഥതയ്ക്ക് ഇണങ്ങും വിധം പ്രത്യേകം കാത്ത് സൂക്ഷിക്ക പെട്ടിരുന്നു. ചിത്രീകരണ ദിവസങ്ങളിൽ വീട്ടുടമസ്ഥർ ശ്രദ്ധാ പൂർവ്വം ഒഴിഞ്ഞു മാറി പരമാവധി സഹകരിക്കുകയും ചെയ്തു. അവർ ഉപയോഗിച്ചിരുന്ന പഴകിയ വീട്ടുപകരണങ്ങളും പാത്രങ്ങളും തകര പെട്ടികൾ പിന്നിക്കീറിയ പായകൾ കരിമെഴുകിയ നിലം. കോഴിയും കോഴിക്കുഞ്ഞുങ്ങളും കോഴിക്കൂടും എല്ലാം തന്നെ കഥാഗതിയ്ക്ക് അനുസരിച്ച് പ്രയോജനപ്പെടുത്തിയതിയനാൽ അവതരണത്തിൽ തനിമയും സത്യസന്ധതയും സ്വയം വന്നുചേരുകയുണ്ടായി.
പ്രധാന നടന്മാർ ഒഴികെ ഉള്ളവരും നടികളും സാങ്കേതിക വിദഗ്ധരും നിർമ്മാതാവും എല്ലാം ഒരൊറ്റ മാളിക കെട്ടിടത്തിൽ തങ്ങുകയായിരുന്നു. പുരുഷന്മാർ പലപ്പോഴും വരാന്തയിൽ തഴപ്പായ വിരിച്ച് കിടന്നുറങ്ങുകയും. ഒരു ആർട്ട് സിനിമ ചെയ്യാനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറുള്ള ഞങ്ങൾക്ക് കട്ടിലും സ്പോഞ്ച് മെത്തയും ഫാനും ഇല്ലാ എന്നത് ഒരു പ്രശ്നമായിരുന്നില്ല. ഉച്ചയ്ക്ക് ഉണ്ണാൻ വെറും ചോറുമായി ഇരുന്ന പല സന്ദർഭങ്ങളിലും പ്രൊഡ്യുസർ ബക്കർ നേരിട്ട് വന്ന് പാത്രത്തിൽ സബോള അറിഞ്ഞിട്ട് തന്നതും മലയാള സിനിമാ ലോകത്ത് ഒരു പക്ഷെ ഞാൻ അല്ലാതെ മറ്റാരും തുറന്ന് പറഞ്ഞിട്ടില്ലാത്ത ഓരു മഹാ രഹസ്യമായിരിക്കാം.
ബഡ്ജറ്റ് കഷ്ടിച്ച് രണ്ടായിരം രൂപ കൈവശം ഉള്ള ഒരു ചെറുപ്പകാരനെയും സംഘടിപ്പിച്ച് ബക്കർ തൊട്ടുമുഖത്ത് എത്തും. ഒരു റോൾ ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം വാങ്ങാൻ ഇരുന്നൂറു രൂപയും കൊടുത്ത് ഡ്രൈവർ പാച്ചുവിനെ മദ്രാസിൽ അയക്കും. അന്ന് കൊച്ചി ടെർമിനലിൽ നിന്നും മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ എത്തുന്നതിന് ടിക്കറ്റ് ഫെയർ ഇരുപത്തി എട്ട് രൂപ
ഇങ്ങനെ കൊണ്ട് വരുന്ന ഫിലിം കൊണ്ട് നാല് ദിവസത്തെ ഒരു ഷെഡ്യുൾ ഷൂട്ടിങ്ങ് നടക്കും. അത് കഴിഞ്ഞ് പലപ്പോഴും സ്വന്തം ചിലവിൽ അവരവർ വീടുകളിലേക്ക് തിരിക്കും. പിന്നെ ഏതാനും മാസങ്ങൾ കഴിഞ്ഞാവാം ബക്കറിന്റെ കത്ത് പോസ്റ്റ്മാൻ കൊണ്ട് വരുന്നത് ഒരു പക്ഷെ വീണ്ടും നാല് ദിവസത്തെ ഒരു ഷെഡ്യുൾ ഇപ്രകാരം മൂന്നു വര്ഷം എടുത്തു ചിത്രീകരണം പൂർത്തിയാക്കാൻ.

പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളിൽ എന്ത് കൊണ്ടും പ്രമുഖൻ ആയിരുന്നു കാമറാമാൻ മങ്കട രവിവർമ്മ. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു അത്ഭുത പ്രവർത്തകൻ സ്റ്റഡി കാമും ഹെലികാമും ജിമ്മി ജിബ്ബും കിട്ടാവുന്നതിൽ ഏറ്റവും വിലകൂടിയ കാമറയും മറ്റു സുഖസൗകര്യങ്ങളും ജാഡ കളും ഇല്ലെങ്കിൽ എന്ത് സിനിമാ ഷൂട്ടിങ്ങ് എന്ന് പുഛിക്കപ്പെടുന്ന ഒരു കാലത്താണ് നാം കഴിയുന്നത്.
എന്നാൽ ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്ര വര്ഷത്തേതെന്ന് നിര്ണയിക്കാനാവാത്ത വിധം പഴക്കം ചെന്ന ആക്രിക്കടക്കാരൻ പോലും തൊടാൻ മടിക്കുന്ന ഒരു ആറു പഴഞ്ചൻ Arriflex camera യാണ് പ്രോഡ്യുസറുടെ കോക്കിൽ ഒതുങ്ങും വിധം തട്ടിക്കൂട്ടാൻ കഴിഞ്ഞത്.

ചിത്രീകരണത്തിന് 50 എന്ന ഒരൊറ്റ ലെൻസും മാത്രം. ടൈറ്റ് ക്ളോസപ്പ് ചിത്രീകരിക്കാൻ ശ്രമിച്ച പല സന്ദര്ഭങ്ങളിലും ഫോക്കസ് കിട്ടാനായി ലെൻസ് മുന്നോട്ട് തിരിച്ചപ്പോൾ കാമറയിൽ നിന്ന് ഊരിപ്പോന്ന് കാമറാമാന്റെ കൈക്കുള്ളിൽ വീണിരുന്നു. അതിനാൽ നൂലുകൊണ്ട് കെട്ടിവലിച്ച് നിർത്തിയാണ് ടൈറ്റ് ക്ളോസപ്പുകൾ എടുത്തിരുന്നത്. വല്ലഭന് പുല്ലും ആയുധം എന്ന് തെളിയിക്കാൻ മങ്കട രവിവർമ്മയ്ക്ക് ഇപ്രകാരം കഴിഞ്ഞു.
പിൽക്കാലത്ത് തിരുവനന്തപുരം ചിത്രലേഖ സ്റ്റുഡിയോ ഞാൻ സന്ദർശിച്ചപ്പോൾ അവിടുത്തെ കാമറാ റൂമിൽ മറ്റു കാമറകളോടൊപ്പം ഇത് ഉണ്ടായിരുന്നു. അവർക്ക് എന്നെ അറിയാമായിരുന്നതിനാൽ ഓളവും തീരവും ചിത്രീകരിച്ച കാമറ എന്ന് പറഞ്ഞ് പ്രത്യേകം ഇത് കാണിച്ച് തന്നു.
ഫസ്റ്റ് ഷെഡ്യുൾ കഴിഞ്ഞുള്ള ഇടവേളയിൽ അർത്തുങ്കൽ പെരുന്നാളിന്റെ അന്ന് ഉച്ചയ്ക്ക് ഗോപുരത്തിന്റെ മുകളിൽ കാമറ വെച്ച് ഒരു ഡോക്കുമെന്ററി ചിത്രീകരിക്കുകയാണ് മങ്കട രവിവർമ്മ അതിനിടയിൽ സൂമ് ചെയ്തപ്പോൾ ആൾക്കൂട്ടത്തിനിടയിൽ എന്നെ തിരിച്ചറിഞ്ഞ് അദ്ദേഹം ഇറങ്ങി ഓടി വന്ന് കടന്ന് പിടിച്ച് ആശ്ലേഷിച്ചു. “സ്റ്റാൻലിയെ കണ്ടതും കാമറ ബേബിയെ ഏല്പിച്ചിട്ട് ഓടിവരുകയാണ്” ഇത് പറയുമ്പോൾ അദ്ദേഹം ചിരിക്കുകയും കിതക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സ്നേഹിക്കുന്ന ഒരു മഹാ മനസ്സും അദ്ദേഹത്തിന് ഉണ്ടെന്ന് ഇപ്രകാരം എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

സുജാത എന്ന നടി തൃപ്പൂണിത്തുറക്കാരനായ ആലുവ യു സി കോളേജിലെ പ്രൊഫസറുടെ മകളായിരുന്നു സുജാത എന്ന നടി. വളർന്നതും പഠിച്ചതുമെല്ലാം ശ്രീലങ്കയിൽ ആയിരുന്നതിനാൽ നന്നായി സംസാരിച്ചിരുന്നത് സിംഗള ഭാഷ ആയിരുന്നു. അതേസമയം മലയാളവും തമിഴും ഒട്ടും മോശമല്ലാതെ വസമാക്കുകയുമുണ്ടായി. ഓളവും തീരവും എന്ന സിനിമയിൽ നായിക ഉഷാനന്ദിനിയുടെ കൂട്ടുകാരിയായി ഒരു പാട്ടിലും ഏതാനും സീനുകളിലും അഭിനയിക്കുകയും ചെയ്തു. പുതുമുഖമാണെന്ന് സംശയം നൽകാത്ത വിധമായിരുന്നു പ്രകടനം.എന്റെ കെയർ ഓഫിലാണ് ഉദയാ സ്റുഡിയോയുമായി സുജാത ബന്ധപ്പെട്ടത്. പേൾ വ്യൂ വിലെ സുപ്രസിദ്ധ ഗാനമായ യവന സുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക എന്നതിന് വേണ്ടി പ്രേം നസീറിനൊപ്പം നൃത്തം ചെയ്യാൻ സുജാതയ്ക്ക് ഒരു ദിവസം മുഴുവൻ റിഹേഴ്സൽ നൽകിയ ശേഷം സമയമായപ്പോൾ മറ്റൊരു സൈഡ് റോൾ കൊടുക്കുകയും ഒരു തെലുങ്ക് നർത്തകിയെ കൊണ്ട് വന്ന് ചിത്രീകരണം നടത്തുകയും ചെയ്തു.
നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി എന്ന സിനിമയ്ക്കായി സുജാതയെ ഉദയായിൽ വീണ്ടും വിളിപ്പിച്ചെങ്കിലും “കൊതുമ്പുവളളം തുഴഞ്ഞു വരും കൊച്ചു പുലക്കള്ളി, നിന്റെ കൊയ്ത്തരിവാൾ തീർത്തതേതൊരു കൊല്ലപ്പണിക്കത്തി” എന്ന പാട്ടിൽ രണ്ട് വരി പാടി അഭിനയിക്കാൻ മാത്രമേ അവസരം കൊടുത്തുള്ളൂ. ശരീരവടിവിലും അഭിനയ ശൈലിയിലും ശാരദയെ ഓർമ്മപ്പെടുത്തിയിരുന്ന അഭിനേത്രി ആയിരുന്നു സുജാത.
അടുത്ത സിനിമയ്ക്കും ഉദയ വിളിപ്പിച്ചു. കയറി വന്നതും എന്നെയാണ് കണ്ടത്. മദ്രാസിന് പോകാൻ ഉപദേശിച്ച് വേണ്ടുന്ന നിർദ്ദേശങ്ങളും നൽകി ഞാൻ തിരിച്ചയച്ചു.
മൂന്നു മാസം കഴിഞ്ഞ് എവിഎം ലെ എഡിറ്റിംഗ് റൂമിലിരിക്കുമ്പോൾ ആരോ കൊണ്ടുവന്ന് മേശമേൽ ഇട്ട കുമുദം വാരികയുടെ മുഖചിത്രം നോക്കിയപ്പോൾ സുജാതയുടെ ഒന്നാംതരം ഫോട്ടോ. അങ്ങനെ സുജാത രക്ഷപെട്ടെന്ന് മനസിലാക്കിയശേഷം എനിക്കയച്ച ഒറ്റ കത്തിനും ഞാൻ മറുപടി അയച്ചിട്ടില്ല. കാരണം എന്നെ കൊണ്ടുള്ള അവരുടെ ആവശ്യം കഴിഞ്ഞെന്ന് ഞാൻ മനസിലാക്കണമല്ലോ.
മലയാളം തമിഴ് തെലുങ്ക് മേഖലകളിലേക്ക് സുജാത വളർന്നതും അമേരിക്കൻ കോൺസലേറ്റിലെ ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത് മദ്രാസിൽ കൊട്ടാരസദൃശ്യമായ ബംഗ്ളാവിൽ കഴിയുന്നതും എല്ലാം ആദ്യകാല ലോക്കൽ ഗാർഡിയൻ എന്ന നിലയിൽ ഞാൻ അറിയുകയുണ്ടായി.
സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആലപ്പുഴ കായൽ പ്രദേശങ്ങളിൽ ആയിരുന്നു. ഇതിൽ സുജാത പാക്കപ്പിന്റെ അന്ന് വൈകിയ വേളയിൽ ആയിരുന്നു സിബിയുടെ അസോസിയേറ്റ് ആയ പ്രിൻസ് അശോക് എന്റെ മകൻ ആണെന്ന് അറിയുന്നത്. അപ്പോൾ എന്നെ കണ്ടെ മതിയാകൂ എന്ന മട്ടിൽ “അവർ എങ്കേ എങ്കേ… എനിക്കവരെ പാക്കണം..” എന്ന് വെമ്പൽ പൂണ്ടെങ്കിലും സമയക്കുറവിനാൽ തമ്മിൽ കാണാതെ പോകേണ്ടി വന്നു. ഏതാനും വര്ഷം മുൻപ് സുജാത മരിക്കുകയും ചെയ്തു.
1986 ൽ ഞങ്ങൾ വീടുമാറുന്ന സമയം നിർമ്മാതാക്കളുടെയും ടെക്ക്നിഷ്യൻസിന്റെയും നടീനടന്മാരുടെയും കത്തുകൾ ഫയലിൽ നിന്നെടുത്ത് തീയിട്ടപ്പോൾ പണ്ട് അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ വിവരം എഴുതി മോഹൻലാൽ അയച്ച ഇൻലന്റും വെള്ളക്കടലാസിൽ ഉള്ള സുജാതയുടെ കത്തുകളും കത്തി അമരുന്നത് ഇപ്പോഴും കണ്മുന്നിൽ ഉണ്ട്.

രാത്രിമുഴുവൻ സിനിമാ നടിയോടൊപ്പം ഒരു മുറിയിൽ കഴിഞ്ഞു എന്ന് കേട്ടാൽ ആരുടെയും ചിന്തയിൽ എത്താവുന്നത് മോശമായ ഒരു ഭാവന ആയിരിക്കും എന്നാൽ മറ്റൊരു തരത്തിൽ എനിക്ക് അത് സംഭവിച്ചു.
ഫിലോമിന ഓളവും തീരവും എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനായി മദ്രാസിൽ മാമ്പലത്തുള്ള ഹോട്ടൽ സുധാരയിലെ ഒരു ഡബിൾ റൂമിൽ ഞാൻ താമസിക്കുന്ന സന്ദർഭം ജോസ് പ്രകാശ്, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങി പല നടന്മാരും വന്ന് എന്നോടൊത്ത് ആ മുറിയിൽ താമസിച്ച് ഡബ്ബിങ്ങ് കഴിച്ച് പോവുകയുണ്ടായി.
പിന്നീട് എത്തിയത് ഫിലോമിന ചേച്ചി ആയിരുന്നു. സുധാര ലോഡ്ജിൽ മറ്റൊരു മുറിയും അന്ന് ഒഴിവില്ല. വേറൊരു ലോഡ്ജിൽ ചേച്ചിയെ തനിച്ച് താമസിപ്പിക്കുന്നതും സുരക്ഷിതമാകണമെന്നില്ല. അതിനാൽ വളരെ നയത്തോടും സ്നേഹത്തോടും കൂടെ പ്രൊഡ്യൂസർ ബക്കർ സാഹചര്യം എന്നെ ധരിപ്പിച്ച് അന്നൊരു രാത്രി ഫിലോമിന ചേച്ചിയെ എന്റെ മുറിയിൽ താമസിപ്പിക്കാൻ അനുവാദം വാങ്ങി.ഡബിൾ ബെഡ്ഡ് അല്ലാതെ എതിർ ഭാഗങ്ങളിൽ നോക്കി കിട്ടാക്കത്തക്കവിധം രണ്ട് കട്ടിലുകൾ തലഭാഗം തമ്മിൽ അടുപ്പിച്ച് നെടുനീളത്തിൽ ഇട്ടിരുന്നതിനാൽ എനിക്കും പ്രയാസം ഒന്നും തോന്നിയില്ല.
പ്രൊഫഷണൽ കാര്യങ്ങൾ അല്ലാതെ നടികളുമായി മറ്റൊന്നും സംസാരിക്കാത്തതിനാൽ ഇവരുമായി ചാറ്റിങ്ങിന് എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. എങ്കിലും സഹപ്രവർത്തകർ എന്ന നിലയിൽ സൗഹൃദം പുലർത്തുകയും ചെയ്തു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു എന്നല്ലാതെ കൂടുതൽ സമയവും ഞാൻ വരാന്തയിൽ ചുറ്റിനടക്കുകയായിരുന്നു.

സ്വയംവരത്തിന്റെ ചിത്രീകരണകാലം അടുത്ത മുറിയിൽ താമസിക്കുന്നവർ ആ ചിത്രത്തിലെ രണ്ട് ടെക്‌നീഷ്യൻ മാരായിരുന്നു. മനസ്സിലുള്ള ശരീര ഭാഷ വച്ച് ചിന്തിച്ചാൽ ഒരാൾ ഗോപാല കൃഷ്ണൻ ആകാനാണ് സാധ്യത ഇവരെ പരിചയപ്പെടാനും ചർച്ചയ്ക്കും അവസരം ലഭിച്ചതിനാൽ എന്റെ മുറിയിൽ നിന്ന് മാറിനിൽക്കാൻ എനിക്ക് സാഹചര്യം ലഭിച്ചു. ഉറക്കം വന്നപ്പോൾ വൈകി മുറിയിൽ എത്തി ഞാൻ കിടന്നുറങ്ങി. അടുത്ത ദിവസം ഡബ്ബിങ്ങ് കഴിച്ച് ചേച്ചി പോവുകയും ചെയ്തു. ലൊക്കേഷനിൽ കണ്ട് പരിചയിച്ചത് മുതൽ ഇവർ എന്നെ മോനെ എന്നാണ് വിളിച്ചിരുന്നത് എന്നതിനാൽ ആദ്യം മുതൽക്കേ ഒരു ‘അമ്മ മനസ്സ് അവരിൽ കാണാൻ എനിക്ക് കഴിഞ്ഞത് സ്വാഭാവികം മാത്രം.
വർഷങ്ങൾക്ക് ശേഷം ഉദയാസ്റ്റുഡിയോയിൽ പത്തോളം സിനിമകൾക്ക് ഞാൻ പ്രവർത്തിച്ച് കഴിഞ്ഞ കാലഘട്ടം ഒരു രാത്രിയിൽ സമയം എട്ടു മണി ആയി കാണും വടക്കേ വലിയ ഫ്ലോറിൽ ഒട്ടേറേ നടീനടന്മാരുള്ള ഒരു സീനിന്റെ ഷൂട്ടിങ്ങ് നടക്കുന്നു. റിഹേഴ്സലും ലൈറ്റിങ്ങും എല്ലാം ചേർന്ന് ആകെ ശബ്ദ ബാഹുല്യം ഞാൻ നോക്കുമ്പോൾ ഫിലോമിന ചേച്ചി സകലരുടെയും നടുക്ക് നിന്ന് സൗഹൃദ സംഭാഷണം നടത്തുന്നതിന്റെ വലിയ അരങ്ങ്. കുഞ്ചാക്കോ ശാരംഗപാണി, പ്രേംനസീർ, അടൂർ ഭാസി, ഉമ്മർ, ആലുമ്മൂടൻ, വിജയ നിർമ്മല, അടൂർ പങ്കജം പിന്നെ സെറ്റിലെ ജോലിക്കാർ എന്ന് വേണ്ട എല്ലാവരും ചേർന്ന് ജോലി ചെയ്യുന്നതിന്റെയും ഒക്കെ ആയ ഒരു ശബ്ദ പ്രപഞ്ചം. അടുത്ത ഷോട്ടിന്റെ സംഭാഷണ രചനയിൽ തിരുത്തൽ വേണ്ടതുണ്ടോ എന്ന് വിശകലനം ചെയ്ത് നോക്കുകയായിരുന്നു ഞാൻ. മാത്രമല്ല ഇത്രയും നാൾക്ക് ശേഷം എന്നെ കണ്ടാൽ ഫിലോമിന ചേച്ചിയ്ക്ക് ഓർമ്മിച്ചെടുക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാൽ കയറിച്ചെന്ന് പരിചയം പുതുക്കാൻ ഞാൻ തുനിഞ്ഞതുമില്ല.
ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ അഭിനയിച്ച പലനടികളെയും വീണ്ടും കണ്ടുമുട്ടിയ അവസരങ്ങളിൽ എന്നെ അറിയില്ലെന്നും ഇതിനു മുൻപ് കണ്ടിട്ടില്ലെന്നും മുഖത്ത് നോക്കി പറഞ്ഞിട്ടുള്ള രണ്ട് അനുഭവങ്ങൾ ഉണ്ടായതിൽ പിന്നെ നടികളെ ശ്രദ്ധിക്കുന്ന ഏർപ്പാട് ഞാൻ പാടെ മതിയാക്കിയിരുന്നു.നർമ്മ സംഭാഷണം കഴിഞ്ഞ് ഫിലോമിന ചേച്ചി പോയി. പൊടുന്നനെ സെറ്റിൽ ഷൂട്ടിങ്ങ് സജീവമായി. വീണ്ടും കാതടപ്പിക്കുന്ന ശബ്ദവും ബഹളവും. ഉദ്ദേശം പത്ത് മിനിറ്റോളം സമയം കടന്നു പോയി. “മോനേ സ്‌റ്റാൻലീ ” എന്ന അത്യുച്ചത്തിലെ സ്ത്രീ ശബ്ദം കേട്ട് ഫ്ലോർ അകെ സ്തം ഭിച്ചു. എങ്ങും നിശബ്ദത ആരും ആനങ്ങുന്നില്ല. രാതി ആയതിനാൽ ഫ്ലോറിന്റെ വലിയ വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഒത്ത മധ്യത്തിൽ ഫിലോമിന ചേച്ചി തനിച്ച് നിൽക്കുന്നു.
ഫയലും കൈയ്യിൽ വച്ച് തുറിച്ച് നോക്കി നിൽക്കുന്ന എന്റെ നേർക്ക് അവർ സാവധാനം നടന്നെത്തി.
“പോകാൻ തുടങ്ങുമ്പോഴാണ് മോൻ ഇവിടെ ഉണ്ടെന്ന് അറിയുന്നത്. ” അവരുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ടു.
“നിന്നെ കാണാതെ എനിക്ക് പോകാൻ കഴിയില്ല”
എന്റെ വിരലിൽ പതുക്കെ തൊട്ടെന്ന് തോന്നി. സന്തോഷവും സ്നേഹവും ദുഖവും മാറി മാറി ആമുഖത്ത് പ്രതിഫലിക്കുന്നത് കണ്ടു .
“മോൻ നന്നായി വരും..”
അവർ വേഗം തിരിച്ച് നടന്ന് ഫ്ലോറിന് വെളിയിൽ മറഞ്ഞു. ഒന്നും മനസിലാകാതെ പോയവഴിയെ ഞാൻ നോക്കി നിന്നു. ഈ ചേച്ചിയുടെ മനസ്സിനുള്ളിൽ എനിക്കായി ഒരിടം സൂക്ഷിച്ചിരുന്നെന്നോ ? ഇത്രയധികം എന്നെ സ്നേഹിക്കാൻ എന്തുണ്ടായി ? എന്നെ പറ്റി അവരുടെ സങ്കല്പം എന്താകാം? പിറക്കാതെ പോയ മകനെന്നോ?
വെളിയിൽ നടക്കുന്ന ചേച്ചി വിങ്ങിപൊട്ടുകയാണോ? അതോ തേങ്ങി കരയുകയാണോ?
എന്റെ കണ്ണുകളും ഈറനണിഞ്ഞു.
ഓരോരുത്തരും എന്തെല്ലാം എന്തെല്ലാം സ്വകാര്യ ദുഖങ്ങളാവാം ഒളിച്ചു കൊണ്ട് നടക്കുന്നത്.
ആ ഫിലോമിന ചേച്ചി ഇന്നില്ല.

ഓളവും തീരവും എന്ന സിനിമയിൽ സഹകരിച്ചപ്പോൾ ലഭിച്ച അനുഭവങ്ങളിൽ നിന്ന് യുവാക്കളുടെ അറിവിലേക്കായി എഴുതുകയാണ്.
ഏതെങ്കിലും ഒരു കലയോ സാങ്കേതിക വിദ്യയോ പഠിക്കാൻ ഒരുമ്പെടു ന്നതിന് മുൻപ് അത് ആർജ്ജിച്ചാൽ പ്രകടിപ്പിക്കാനുള്ള ജന്മവാസന എനിക്കുണ്ടോ? പഠിക്കുന്നത് പ്രയോഗിച്ച് വിജയിപ്പിക്കാനുള്ള കഴിവ് എന്നിൽ നിക്ഷിപ്തമാണോ? എന്ന് സ്വയം വിലയിരുത്തി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. എന്നിട്ട് വേണമെന്നാണ് ഉത്തരം ലഭിക്കുന്നതെങ്കിൽ ധൈര്യമായി ഇറങ്ങുക.

സൂപ്പർസ്റ്റാറുകളെ ആരാധിച്ച് അവരെപ്പോലെ ആകാൻ വ്യഗ്രത പൂണ്ടും സാങ്കേതിക വിദഗ്ധരെ ബഹുമാനിച്ച് അവരെ പോലെ ആകാൻ മോഹിച്ചും കഴിയുന്ന ലക്ഷക്കണക്കിന് യുവാക്കളുണ്ട്. ഇവരിൽ പണമുള്ളവർ അർഹതയില്ലാത്ത സ്ഥാനമാനങ്ങൾ വിലയ്‌ക്കെടുക്കുന്നു. അവരോടാണ് പിടിപാടുകളില്ലാത്ത കഴിവുള്ളവർക്ക് മത്സരിക്കേണ്ടി വരുന്നത്. എങ്കിലും അവസരങ്ങൾ ലഭിക്കുക ഭാഗ്യം കൈവരിക്കുക എന്നിവ സ്വാഭാവികമായും സ്വയമായും വന്നു ചേരുന്നതാണ്. അത്യുൽക്കടമായി ആഗ്രഹിക്കുന്നവർക്കും കുറച്ചെങ്കിലും കഴിവുള്ളവർക്കും പ്രയത്നിക്കുന്നവർക്കും മാത്രമേ ഇപ്രകാരം സംഭവിക്കുകയുള്ളൂ. പണം കൊണ്ടും സ്വാധീനം കൊണ്ടും എന്തെല്ലാം നേടിയെടുത്താലും ഒടുവിൽ ഭയാനകമാകും വിധം ശൂന്യത അവരെ ഗ്രസിക്കുന്നതായി എത്രയോ അനുഭവങ്ങൾ കണ്ടിരിക്കുന്നു.
ഓളവും തീരവും എന്ന സിനിമയുടെ സെറ്റിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്കളിൽ നിന്ന് അഭിനയത്തിലും സാങ്കേതിക വിദ്യയിലും ഡിപ്ലോമ കരസ്ഥമാക്കിയ രണ്ട് പേര് ഉണ്ടായിരുന്നു. ആദ്യന്തം എന്താണ് വേണ്ടതെന്ന് അറിയാതെ നോക്കുകുത്തികളായി അവർക്ക് നിൽക്കേണ്ടി വന്നു. ഫിലിം ഫീൽഡിൽ പിന്നീട് അവരെ കണ്ടിട്ടും ഇല്ല. പറയാൻ കാരണം രണ്ട് മനുഷ്യ ജന്മങ്ങൾ പാഴായത് നേരിൽ അനുഭവപ്പെട്ടത് കൊണ്ടാണ്. അതിനാൽ അനുഷ്ഠിക്കേണ്ടത് എന്തെന്നാൽ ജീവിത മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതാതിന് ചേർന്ന ജന്മവാസനയുണ്ടോ എന്ന് സ്വയം വിശകലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
കാളിദാസന്റെ പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്.
‘ വിജയ പാപ ഫലാനി യഥേശ്ചയാ
ശിരസി മാലിഖ ഹേ ! കമലാസനാ
അരസികേഷു കവിത്വ നിവേദനം
ശിരസി മാലിഖ ! മാലിഖ ! മാലിഖ !
കമലാസനനായ ബ്രഹ്‌മാവിനോടുള്ള കാളിദാസന്റെ അപേക്ഷയാണ്. എന്നെ സൃഷ്ടിക്കുമ്പോൾ വിജയപാപ ഫലങ്ങൾ അങ്ങയുടെ ഇഷ്ടപ്രകാരം തലയിൽ എഴുതരുതേ !
അരസികനായവനെ (ഇന്നത്തെ ഭാഷയിൽ മന്ദബുദ്ധിയെ – ഇവിടെ ജന്മവാസന ഇല്ലാത്തവൻ എന്നും അർത്ഥമാകാം) കവിത (കല, സാങ്കേതികത്വം) പഠിപ്പിക്ക എന്നത് തലയിൽ എഴുതരുതേ, ഏഴുതരുതേ, ഏഴുതരുതേ ! എന്നാണ്.
കേരളാ ഫിലിം അക്കാഡമിയിൽ ഞാൻ സംവിധാനം പഠിപ്പിച്ചിരുന്ന അവസരത്തിൽ ഇന്റർവ്യൂ വഴി അരിച്ചെടുക്കുന്ന പതിനഞ്ച് വിദ്യാർത്ഥികളിൽ കഷ്ടിച്ച് ഒരാളിൽ മാത്രമേ സംവിധായകൻ ആകാനുള്ള യോഗ്യത കണ്ടെത്തിയിരുന്നുള്ളു. എന്നാൽ ഒരു ബാച്ചിൽ പ്രാപ്തനായ ഒരാൾ പോലും ഇല്ലാതെ വന്നപ്പോൾ പരീക്ഷ നടത്തുകയോ ഡിപ്ലോമ ഫിലിം എടുപ്പിക്കുകയോ ചെയ്യാതെ എല്ലാവർക്കും കോഴ്സ് സർട്ടിഫിക്കറ്റ് മാത്രം കൊടുത്ത് വിടേണ്ട സാഹചര്യവും ഉണ്ടായി.

ഓളവും തീരവും എന്ന സിനിമയെ പറ്റി ഓർമ്മിച്ചപ്പോൾ ഇത്രയും കാര്യങ്ങൾ ഒന്നൊന്നായി വന്നുചേരുകയായിരുന്നു. മലയാള സിനിമാ ചരിത്രം പഠിക്കുന്നവർക്കും അറിയാൻ ആഗ്രഹിക്കുന്നവർക്കും ഇതോരു മുതൽക്കൂട്ടായിരിക്കും എന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here