ആർ.കെ. ശേഖർ – ഗോപാൽ കൃഷ്ണൻ

0
94

42-ാം ചരമവാർഷിക ദിനം, (2018 സെപ്റ്റംബർ 30)
സ്മരണാഞ്ജലികൾ!

ഫ്ലവർസ് ടി വി ചാനൽ കഴിഞ്ഞ ജൂലൈ മാസത്തിൽ അങ്കമാലിയിൽ ‘എ. ആർ. റഹ്`മാൻ ഷോ’യിൽ അദ്ദേഹം (റഹ്`മാൻ) തന്റെ പിതാവ് മലയാള സിനിമ സംഗീതത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു എന്ന് പറയുകയുണ്ടായി.

രാജഗോപാൽ കുലശേഖർ (ആർ.കെ. ശേഖർ; 1933 ജൂൺ 21 – 1976 സെപ്റ്റംബർ 30) മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനായിരുന്നു. 23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിച്ചു. (ലോകത്തിലെ ഏറ്റവും പ്രഗല്ഭ ഇന്ത്യൻ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആർ. റഹ്`മാൻ മകനാണ്….)

ചെന്നൈക്കടുത്ത് കിഴാനൂരില് 1933 ജൂൺ 21ന് ജനിച്ചു. മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്നു ശേഖറിന്റെ പിതാവ്. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചുകൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്.

പിറന്ന നാടും ബന്ധുക്കളും വേർപെട്ടു മദ്രാസിൽ അഷ്ടിക്ക് വകകണ്ടെത്താൻ പരിശ്രമിച്ച യൗവനമായിരുന്നു അദ്ദേഹത്തിന്റേത്. സംഗീത ഭ്രാന്തും സിനിമാ ഭ്രാന്തും ചേർന്ന അപൂർവ ‘പൈത്യം’ മൂത്തു സ്വയം സംഗീതം പഠിച്ചു കോടമ്പാക്കത്തെ സ്റ്റുഡിയോകളിൽ ചുറ്റിപ്പറ്റി നിൽപ്പായി. 1960 കളുടെ തുടക്കത്തിൽ പ്രമുഖ സംഗീതസംവിധായകരുടെ പ്രീതി പിടിച്ചു പറ്റിത്തുടങ്ങി.
‘ജ്ഞാനസുന്ദരി’യിൽ (1961) ദക്ഷിണാമൂർത്തിയുടെ അസിസ്റ്റന്റായി. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായി. സംഗീത സംവിധായകൻ ‘മെലഡി’ അഥവാ വരികൾക്കുള്ള ട്യൂൺ ഒരുക്കും. പശ്ചാത്തല വാദ്യവൃന്ദത്തിൽ ‘ഹാർമണി’ കൂടി ചേർത്താലേ ഗാനം പൂർണമാകൂ. വളരെ സർഗാത്മകമാകേണ്ട ആ ഭാഗമാണ് മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ശേഖർ നിർവഹിച്ചു വന്നത്.

വാസ്തവത്തിൽ മലയാള സിനിമാഗാനങ്ങളുടെ സുവർണയുഗത്തിലെ (1960 – 75 കാലം) ഗാനങ്ങൾ നെഞ്ചോടു ചേർത്തുവെക്കുന്ന ഓരോ മലയാളിയും ആരാധിക്കേണ്ട ആളാണ് ആർ. കെ. ശേഖർ. ആ കാലത്തെ പാട്ടുകളിൽ പെട്ടന്ന് മനസ്സിൽ ഓടിയെത്തുന്ന നിത്യഹരിത ഗാനങ്ങളിൽ മിക്കതിന്റെയും ‘ഹാർമണി’ (ഗാന പശ്ചാത്തലത്തിൽ കേൾക്കുന്ന ഉപകരണ സംഗീതത്തിന്റെ ‘സ്കോർ’) തയ്യാറാക്കി അവയെ പൂർണതയിൽ എത്തിച്ചതു ഈ പ്രതിഭാധനൻ ആണ്.

ആദ്യമായി ശേഖറിന്റെ വിരൽപ്പാടുകൾ ശരിക്കും പതിഞ്ഞത് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഭാര്യ’ എന്ന ചിത്രത്തിന്റെ ഗാനങ്ങളിൽ ആണ്. ആ ചിത്രത്തിൽ സംഗീതം ദേവരാജൻ. അദ്ദേഹത്തിന്റെ മൂന്നാമത്തെ പടം.

1955 ൽ ആദ്യപടം (‘കാലം മാറുന്നു’) ചെയ്യുമ്പോൾ KPAC യിലെ അവിസ്മരണീയ നാടകഗാനങ്ങളിലൂടെ കേരള ജനതയുടെ വികാരമായി ദേവരാജൻ മാറിക്കഴിഞ്ഞിരുന്നു. 1959 ലെ രണ്ടാമത്തെ പടമായ ‘ചതുരംഗ’ത്തിലെ ഗാനങ്ങളിൽ നാടകഗാനത്തിലെ രീതിയിൽ തന്നെയായിരുന്നു; പശ്ചാത്തല വാദ്യവൃന്ദത്തിൽ ഒരു ഗരിമ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞില്ല. തന്നെയായിരുന്നു; പശ്ചാത്തല വാദ്യവൃന്ദത്തിൽ ഒരു ഗരിമ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞില്ല. ( ‘വാസന്ത രാവിന്റെ …’ ജോർജ്, ശാന്ത പി നായർ: https://www.youtube.com/watch?v=2I_OSUs7gNs)

അന്നത്തെ ഹിന്ദി ഗാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ‘സിനിമാറ്റിക്’ ആകാൻ ദേവരാജന് ഒരുപാട് മുന്നേറണമായിരുന്നു. ഏറ്റവും പ്രധാനം കർണാടക സംഗീതം പരിശീലിച്ച അദ്ദേഹത്തിന് ‘മെലഡി’ നന്നായി വഴങ്ങുമെങ്കിലും (അതായത് ലിറിക് മധുരമായ ട്യൂൺ ആക്കൽ) പാട്ടിന്റെ മൂഡ് കൊടുക്കാനുള്ള ഓർക്കസ്ട്രയുടെ ‘ഹാർമണി’ എളുപ്പം കൈയടക്കാൻ പറ്റുമായിരുന്നില്ല. കാരണം അതു ഇന്ത്യൻ സംഗീതത്തിന് അന്യമായിരുന്നു. പക്കമേളം ഒരുക്കുന്നതിനപ്പുറം ഗാനത്തിന് ‘ഹാർമണി’ ചേർക്കാൻ കൗണ്ടർ മെലഡി, കോർഡ് പ്രോഗ്രഷൻ ഇവയൊക്കെ തയ്യാറാക്കണം; ഇതൊക്കെ പാട്ടിന്റെ താളവുമായി ഇണക്കണം; വിവിധ സംഗീതോപകരണങ്ങളുടെ നാദങ്ങൾ ഒരായം ചേർപ്പിച്ചെടുക്കണം. എല്ലാറ്റിലുമുപരി, ഇതിൽ സ്ഥിരം ഫോർമുല പാടില്ല – ഓരോ ഗാനം വരുമ്പോഴും പുതിയ ഹാർമണി ഒരുക്കിക്കൊണ്ടിരിക്കണം. ദേവരാജൻ ഈ കാര്യത്തിൽ വലിയ കഴിവുള്ള ആർ കെ ശേഖറിനെ സ്ഥിരം സഹായി ആയി കൂടെ നിർത്തി! പ്രതീക്ഷിച്ച പോലെയത് ഭയങ്കരമായി വർക് ഔട്ട് ആയി . ‘ഭാര്യ’യിലെ ഗാനങ്ങൾ ബോക്സ് ഓഫീസ് ഭേദിച്ചു കൊണ്ട് സൂപ്പർ ഹിറ്റ് ആയി വർഷങ്ങളോളം മുന്നേറി…

മലയാളം കണ്ട എക്കാലത്തെയും മികച്ച ഒരു നിത്യഹരിത ഗാനമാണ് ദേവരാജൻ-ശേഖർ കൂട്ടുകെട്ടിൽ ആദ്യം പിറന്നത്: ‘ഭാര്യ’യിലെ ‘പെരിയാറേ …’ (https://www.youtube.com/watch?v=ZA65FhXEcOM ). (പശ്ചാത്തലസംഗീതം മാത്രം ശ്രദ്ധിക്കുക: ഗിറ്റാറിൽ വാൾട്സ് താളവുമായി ഓപ്പണിങ് .. വോയ്സിന് കൗണ്ടർ ആയി വൈബ്രോഫോണിൽ ടിങ് -ടിങ് ശബ്ദം .. ഇന്റർള്യുഡിൽ വയലിൻ വൃന്ദം, ഫ്ലൂട്ട് ഇവയുടെ പീസുകൾ .. എല്ലാം എന്തു ഭംഗിയായി സമന്വയിപ്പിച്ചിരിക്കുന്നു – മനോഹരം!). ‘മനസമ്മതം…’ ( https://www.youtube.com/watch?v=23riYBRWx50), ‘പഞ്ചാരപ്പാലുമിട്ടായി….’ (https://www.youtube.com/watch?v=jWadWrCfeww ). രണ്ടിന്റെയും പശ്ചാത്തല സംഗീതത്തിന്റെ ഘടനയും ചാരുതയും ശ്രദ്ധിക്കുക.

അങ്ങനെ ദേവരാജനും ദക്ഷിണാമൂർത്തി ധാരാളം സിനിമകൾ ചെയ്തു. ദേവരാജൻ കുഞ്ചാക്കോ മുതലാളിയുമായി തെറ്റിപ്പിരിഞ്ഞു. ഉദയായുടെ അടുത്ത പടം ‘റബേക്ക’ (1963) ചെയ്തത് കെ രാഘവൻ. 1964-ൽ പിന്നത്തെ സിനിമക്കായി ദക്ഷിണാമൂർത്തിയെ വിളിച്ചപ്പോൾ, ദക്ഷിണാമൂർത്തി തന്നെയാണ് ശേഖറിനെ കുഞ്ചാക്കോയെ പരിചയപ്പെടുത്തിയത്; ഒരു പരീക്ഷണമെന്നനിലയിൽ കുഞ്ചാക്കോ ശേഖറിനെക്കൊണ്ട് സംഗീതം ചെയ്യിച്ചു: അങ്ങനെ ‘പഴശ്ശിരാജ’യിൽ ആർ കെ ശേഖർ സ്വതന്ത്ര സംഗീതസംവിധായകൻ ആയി ! ‘പഴശ്ശിരാജ’യിലെ ‘ചൊട്ട മുതൽ ചുടല വരെ …’ (https://www.youtube.com/watch… ) എന്തുകൊണ്ടോ മലയാളിയുടെ മനസ്സിൽ ആഴത്തിലിറങ്ങി.

പിന്നെയും കുറെ സിനിമകളിൽ ശേഖർ സംഗീതം നൽകി; പലതും ഹിറ്റ് ആകുകയും ചെയ്തു. ഇന്ത്യയിലാകെ പ്രശസ്തനായിരുന്നിട്ടും ശേഖർ ആദ്യം ഈണമിട്ടത് മലയാളത്തിൽ. 1964ൽ ‘പഴശ്ശിരാജ’യിൽ. കുഞ്ചാക്കോയുടെ ഈ ചരിത്രസിനിമയിലെ എല്ലാ ഗാനങ്ങളും ‘സൂപ്പർ’ എന്ന പറയാനാവില്ലെങ്കിലും ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ. ഇവയിൽ ‘ആയിഷ’, ‘ടാക്സികാർ’, ‘യുദ്ധഭൂമി’, ‘തിരുവാഭരണം’; ‘താമരത്തോണി’ (1975); ‘പെണ്‍പട’; ‘അനാഥശില്പങ്ങള്‍’; ‘സുമംഗലി’; ‘ആറടി മണ്ണിന്റെ ജന്മി’; ‘മിസ് മേരി’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൾ ശേഖറിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സുമംഗലിയിലെ ‘ഉഷസ്സോ, സന്ധ്യയോ… സുന്ദരീ’ എന്ന ഗാനം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച മെലഡികളില്‍ ഒന്നാണ്.

ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തലസംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.എന്നിട്ടും എന്തുകൊണ്ടോ ശേഖർ ‘സംഗീതസംവിധായകൻ’ എന്ന ഭാരിച്ച കുപ്പായത്തേക്കാൾ ശേഖർ ഇഷ്ടപ്പെട്ടത് മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ആ റോൾ തന്നെയാണ്; അത് കൊണ്ടാകണം പഴയ അസ്സിസ്റ്റന്റിറ്റിനെ ജീവിതത്തിലേക്ക് മടങ്ങി !

1972-ൽ വർഷം മുൻപ്, ദക്ഷിണേന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് കീ ബോർഡ് (ഒരു’കോംബോ ഓർഗൻ’) കൊണ്ടുവന്നത് ആർ കെ ശേഖർ ആയിരുന്നു… റഹ്മാന്റെ ‘ചിന്ന ചിന്ന ആശൈ’ ഇന്ത്യ മുഴുവൻ ഏറ്റുപാടുന്നതിന്റെ രണ്ടു പതിറ്റാണ്ടു മുമ്പാണിത്. (അത് വാങ്ങിയ സിംഗപ്പൂർ ഷോപ്പിൽ ഇപ്പോഴും ശേഖറിന്റെ ചിത്രം ചില്ലിട്ടു വച്ചിട്ടുണ്ട് എന്നൊരു കഥയും കേട്ടിട്ടുണ്ട്; ‘ദിലീപി’ന് (റഹിമാന്റെ ആദ്യ നാമം) അന്ന് നാലു വയസ്സ്…) സംഗീത സംവിധയകനായ ശ്യാം ഒരു കാലത്തു ശേഖറിന്റെ ശിഷ്യനായിരുന്നു. ദേവരാജൻ മാസ്റ്ററുടെ അസ്സിസ്റ്റന്റുമാരായ കാലത്തുണ്ടായ സ്‌നേഹ ബന്ധം അർജ്ജുനൻ മാസ്റ്ററുമായി എക്കാലവും തുടർന്ന്. മകൻ റഹിമാൻ അർജ്ജുനൻ മാസ്റ്റരെ ഗുരു സ്ഥാനത്താണ് കാണുന്നത്.

1977-ലെ ചോറ്റാനിക്കര അമ്മയായിരുന്നു അവസാന സിനിമ. ഈ സിനിമ റിലീസായ ദിവസം തന്നെയായിരുന്നു ശേഖറിന്റെ മരണം, നാൽപ്പത്തിമൂന്നാം വയസിൽ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ഇത്. 1976-ല്‍ 43-ാം വയസ്സില്‍ സല്‍പ്പേരൊഴികെ മറ്റൊന്നും നേടാതെ അദ്ദേഹം വിടവാങ്ങി. പില്‍ക്കാലത്ത് മക്കള്‍ കൈവരിച്ച നേട്ടങ്ങള്‍പോലും കാണാന്‍ കാത്തുനില്‍ക്കാതെ… (ആകസ്മികമായ ഈ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നു.)

മുപ്പത്തൊന്നാം വയസിൽ വിവാഹം. ഭാര്യ കസ്തൂരി. മൂന്നു പെണ്മക്കളും ഭാര്യയും ദിലീപ് എന്ന മകനുമായിരുന്നു ശേഖറിന്റെ കുടുംബം.മരിക്കുമ്പോൾ ദാരിദ്ര്യം അടക്കിവാണിരുന്ന ആ കുടുംബത്തിന് ആശ്രയമായിരുന്നത് സംഗീതരംഗത്ത് പിൽക്കാലത്ത് സ്വന്തം കൈമുദ്ര പതിപ്പിച്ച മകൻ ദിലീപ് ആയിരുന്നു. പിൽക്കാലത്ത് മുസ്ലീം മതം സ്വീകരിച്ച് ദിലീപ് ഇന്ന് എ. ആർ. റഹ്‌മാൻ… റഹ്‌മാനുൾപ്പെടെ നാലു മക്കൾ. മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്.. “ജീവിതത്തിലുടനീളം ഞാന്‍ രണ്ടാം നിരക്കാരനും സഹായിയും മാത്രമായിരുന്നു. കഴിവുകള്‍ ഏറെയുണ്ടായിട്ടും ഞാന്‍ വേണ്ടത്ര അറിയപ്പെട്ടില്ല. ഒരിക്കല്‍ എന്റെ മക്കളിലൂടെ ഞാന്‍ അറിയപ്പെടുന്നവനാകും” പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ ആര്‍.കെ. ശേഖര്‍ അറിഞ്ഞിരുന്നില്ല ഈ വാക്കുകള്‍ യാഥാര്‍ഥ്യമാകുമെന്ന്…

ആര്‍.കെ. ശേഖറിന്റെ മക്കളും പേരമകനും ഇന്ന് ലോകമറിയുന്നവരാണ്. മകന്‍ ദിലീപ്കുമാര്‍ എന്ന എ.ആര്‍. റഹ്മാന്‍ മാസ്മരിക സംഗീതത്തിലൂടെ ഓസ്‌കര്‍ നേട്ടം കൈവരിച്ച മഹാസംഗീതജ്ഞന്‍. മകള്‍ റെയ്ഹാന അറിയപ്പെടുന്ന പിന്നണി ഗായിക, സംഗീതജ്ഞ. റെയ്ഹാനയുടെ മകനും ശേഖറിന്റെ പേരക്കുട്ടിയുമായ ജി.വി. പ്രകാശ് എന്ന പ്രകാശ് കുമാര്‍ ചുരുക്കം ചിത്രങ്ങളിലൂടെ വെന്നിക്കൊടിപാറിച്ചു നീങ്ങുന്ന യുവ സംഗീത സംവിധായകന്‍…

പിന്‍കുറിപ്പ്: ഈ നേട്ടങ്ങള്‍ക്കെല്ലാം മുകളിലായി സ്വന്തം സിംഹാസനം കണ്ടെത്തിയ എ.ആര്‍. റഹ്`മാന്റെ ഗാഥകളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍തന്നെ പോരാതെവരും. റഹ്`മാന്റെ പ്രതിഭ ചെറുപ്രായത്തില്‍ത്തന്നെ വെളിവാക്കിയ സംഭവത്തെക്കുറിച്ച് ആര്‍. കെ. ശേഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 1975-ല്‍ ‘പെണ്‍പട’ എന്ന മലയാളചിത്രത്തിന്റെ റെക്കോര്‍ഡിങ് വേള. ജോലി താത്കാലികമായി നിര്‍ത്തി ചായകുടിക്കാനായി ശേഖര്‍ പുറത്തിറങ്ങി. അന്ന് ദിലീപ്കുമാറായി അറിയപ്പെട്ടിരുന്ന ഒമ്പതുവയസ്സുകാരനായ എ.ആര്‍. റഹ്`മാൻ അച്ഛന്റെ ഹാര്‍മോണിയമെടുത്ത് വെറുതെ വായിച്ചപ്പോള്‍ ഒരു ഈണം പിറന്നു. മികച്ച ആ ഈണത്തെ ഓര്‍കസ്ട്ര ടീമും പ്രോത്സാഹിപ്പിച്ചു. ഈ സമയം റെക്കോര്‍ഡിങ് റൂമിലേക്ക് തിരിച്ചുവന്ന ശേഖര്‍ ഇത് കേള്‍ക്കാനിടയായി. മകന്റെ ഈണത്തില്‍ത്തന്നെ ആ ഗാനം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഗായകന്‍ ജയചന്ദ്രനാണ് ഈ ഗാനമാലപിച്ചത്. ഇതായിരിക്കും ഒരുപക്ഷേ, മലയാള സിനിമാ ചരിത്രം രേഖപ്പെടുത്താത്ത എ.ആര്‍. റഹ്`മാന്റെ ആദ്യഗാനമെന്നാണ് സിനിമാവാരികകള്‍ വിശേഷിപ്പിക്കുന്നത്.

________________
മ്യൂസിക് ടെക്നിക്കൽ ഇൻ പുട്ട്സ്: Manoj Komath

LEAVE A REPLY

Please enter your comment!
Please enter your name here