ദുരന്തം – കവിത – ജോർജ്ജ് അറങ്ങാശ്ശേരി

0
935

ഒരു ദുരന്തം
എവിടെയോ
പതിയിരിപ്പുണ്ട്.

എന്തും
എപ്പോള്‍ വേണമെങ്കിലും
എവിടേയും സംഭവിക്കാം.
ചെറിയൊരു
ഭൂമികുലുക്കത്തില്‍
തീപ്പെട്ടി കൂടുപോലുള്ള
ഈ കൂരകള്‍
നിലംപരിശായേക്കാം.

നഗരത്തിലെ
മാലിന്യ കൂമ്പാരങ്ങള്‍
നമ്മളെ വിഴുങ്ങിയേക്കാം.

അതിശക്തമായ കാറ്റ്
നമ്മളെ ചുഴറ്റിയെടുത്ത്
വേറൊരു ഭൂഖണ്ഡത്തില്‍
കൊണ്ടുചെന്നു വെച്ചേക്കാം.

മഞ്ഞുരുകി
ഭൂഖണ്ടങ്ങള്‍ ഒലിച്ചുപോകാം
ഒരു സ്പോടനത്തില്‍

ഭൂമിതന്നെ നശ്വരമാകാം.

എന്തും
എപ്പോള്‍ വേണമെങ്കിലും
എവിടെയും സംഭവിക്കാം.

കളിപ്പാട്ടങ്ങള്‍ കിട്ടാതെ
കരഞ്ഞ് തളര്‍ന്നുറങ്ങുന്ന
നമ്മുടെ കുട്ടികള്‍.

പച്ചയും മഞ്ഞയും ചുവപ്പും
നിറഭേദങ്ങളുള്ള പന്തുകള്‍
കടലിനക്കരെ
നിര്‍മ്മിക്കുന്നുണ്ട്
നമ്മുടെ കുട്ടികള്‍ക്കായി.

എല്ലാവര്‍ക്കും വേണ്ടത്
വിദേശ നിര്‍മ്മിതം മാത്രം.

ആഗോളവല്ലക്കരണ കാലമല്ലെ
ഇറക്കുമതിചെയ്യെട്ടെ
എല്ലാമെല്ലാം.
മദ്യവും മധുരാക്ഷിയും
പാശ്ചാത്യ സംസ്കാരം തന്നെയും.
ഇറക്കുമതി ചെയ്യെട്ടെ
വര്‍ണ്ണ പന്തുകളും.
കുട്ടികള്‍
ആ പന്തുകള്‍ തട്ടികളിക്കട്ടെ
വീണുടയുമ്പോള്‍
ആ സ്പോടനത്തിന്‍റെ
ദുരന്തമധുരം നുണഞ്ഞ്
ഉറങ്ങട്ടെ
നമ്മുടെ പാവം കുട്ടികള്‍.

പൂക്കാരിയുടെ പരിഭവങ്ങള്‍
എങ്ങിനെ കേള്‍ക്കാതിരിക്കും
ചോര ചിതറിയ
ഈ പൂക്കളാരുവാങ്ങും
ഇനിയീ പൂക്കളാരുവാങ്ങും.

മേഘങ്ങക്ക് ഭ്രാന്തുപിടിച്ചുവോ
ഇടിവെട്ടി
കൊള്ളിയാന്‍ മിന്നിയോ.

എവിടെയോ
ഒരു ദുരന്തം
പതിയിരിപ്പുണ്ട്.
എന്തും
എപ്പോള്‍ വേണമെങ്കിലും
എവിടേയും സംഭവിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here