ശങ്കരാടി

0
34

“ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ്…” എന്ന് ശങ്കരാടിയർക്കുറിച്ചു, സത്യന്‍ അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്; സത്യന്‍ അന്തികാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി എന്ന നടന്‍ .

ശങ്കരാടിയുടെ യഥാർത്ഥ പേര് ശങ്കരത്ത് ചന്ദ്രശേഖര മേനോൻ എന്നാണ്. വടക്കൻ പറവൂർ മേമന വീട്ടിൽ കണക്ക ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരത്ത് ജാനകിയമ്മയുടെയും മകനായി 1924-ൽ ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടി ബറോഡയിൽ മറൈൻ എൻജിനീയറിംഗ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തന്റെ അഭിനയ ജീ‍വിതത്തിൽ എത്തുന്നതിന് മുൻപ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

ബറോഡയിയിലെ പഠനത്തിനിടയിൽ തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഇടപഴകുകയും റെയിൽ‌വേ തൊഴിലാളികളൂടെ സമരത്തിന്റെ നേതൃ നിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തു. മറൈൻ എഞ്ചിനീറിംഗ് പഠനം പൂർത്തിയാക്കാതെ മുംബൈയിൽ പത്രപ്രവർത്തകനായി ജോലി നോക്കി. നാട്ടിലെത്തി മുഴുനീള രാഷ്ട്രീയ പ്രവർത്തകനായി. ചന്ദ്ര ശേഖരമേനോൻ എന്ന ശങ്കരാടിയുടെ രാഷ്ട്രീയത്തിന്റെ തുടക്കം സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കും തിരിഞ്ഞു. ഒരു സി. പി. ഐ. പ്രവർത്തകനായിരുന്നു ചന്ദ്രശേഖര മേനോൻ. ഒപ്പം നാടക പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിരിഞ്ഞപ്പോൾ ഹൃദയവേദനയോടേ പാർട്ടി കാർഡ് തിരിച്ചേൽ‌പ്പിച്ച് നാടകരംഗത്ത് സജീവമായി. കെ. പി. ഏ. സി. ആയിരുന്നു ചന്ദ്രശേഖര മേനോൻ സജീവമായിരുന്ന നാടക സമിതി.

പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ. പി. എ. സി. നാടകസംഘത്തിൽ‍ എത്തുന്നത്. നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിക്കാൻ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ‘ഇരുട്ടിന്റെ ആത്മാവി’ലെ അച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു.

ചന്ദ്രശേഖരമേനോൻ എന്ന പേരിൽ നിന്നും തറവാട്ടു പേരായ ‘ശങ്കരാടി’ എന്ന നാമത്തിലേയ്ക്ക് മാറപ്പെട്ടതും ഈ കാലത്താണ്. പിന്നെ അങ്ങോട്ട് 700-ൽ അധികം സിനിമകളിൽ അഭിനയിച്ചു. ശങ്കരാടിയുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്, കാര്യസ്ഥനായും, അമ്മാവനായും, അമ്മായിയഛനായും ഒക്കെ ആയിരുന്നു തുടക്കകാലത്തെ റോളുകൾ. 80കളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായ കഥാപാത്രങ്ങളുടെ റോളുകൾ ആയിരുന്നു.പിന്നീട് തന്റെ മരണം വരെ അഭിനയം തുടർന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്.

മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ആയി വിരാജിച്ച ശങ്കരാടി ഏറെ വൈകിയാണു വിവാഹിതനായത്. എറണാകുളം കടവന്ത്ര ചെറുപറമ്പത്ത് കുട്ടിപ്പാറു അമ്മയുടെയും നാരായണമേനോന്‍െറയും മകള്‍ ശാരദയാണ് ഭാര്യ. 1982 ല്‍ (52-ാം വയസ്സിൽ) വിവാഹിതനായ ശങ്കരാടിക്ക് കുട്ടികളില്ല. ‍. അതിനു ശേഷം ചെറുപറമ്പത്തുള്ള ഭാര്യവീട്ടിലായിരുന്നു താമസം.

മലയാളിയ്ക്ക് ഓർത്തെടുക്കാൻ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കി വച്ച് 2001 ഒക്ടോബർ 9 നു ശങ്കരാടി വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here