ഒരു സംരംഭകന്‍റെ കഥ – എ. ഗൗതം

0
80

മെച്ചപ്പെട്ട പണിയായുധങ്ങള്‍ക്കായി ഇംഗ്ലണ്ടിനെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അമേരിക്കയ്ക്ക്. (at least some parts)

തദ്ദേശീയമായി കൈകൊണ്ടും, ചെറിയ ഫാക്ടറികളിലും നിര്‍മ്മിച്ച സാധനങ്ങളേക്കാള്‍, ഇംഗ്ലണ്ടിലെ വലിയ കമ്പനികള്‍ നിര്‍മ്മിച്ച വസ്തുക്കളോടായിരുന്നു പലര്‍ക്കും പ്രിയം. പക്ഷെ അവിടന്ന് കടല്‍ കടന്ന് എത്തുമ്പോഴേക്കും വില വാനോളം ഉയര്‍ന്നിട്ടുണ്ടാകും എന്ന് മാത്രം.

അതിനൊരു മറുപടിയെന്നോണം, അമേരിക്കയില്‍ത്തന്നെ സ്വന്തമായി ക്വാളിറ്റിയുള്ള ആയുധങ്ങളും, ഉപകരണങ്ങളും നിര്‍മ്മിച്ച് വിറ്റാണ്, ആദ്യമായി ചാള്‍സ് എന്നൊരു സംരംഭകന്‍ തന്‍റെ കഴിവ് തെളിയിക്കുന്നത്.

1800 ഡിസംബര്‍ 29ന് ജനിച്ച ചാള്‍സ്, പഠിച്ചത് പണിയായുധങ്ങള്‍ നിര്‍മ്മിക്കാനാണെങ്കിലും, അച്ഛനോടൊപ്പം, ആനക്കൊമ്പും, ലോഹവും കൊണ്ടുള്ള ബട്ടണുകള്‍ നിര്‍മ്മിച്ച്‌ വിറ്റാണ് ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നത്.

1824ല്‍, വിവാഹശേഷം ഫിലാഡെല്‍ഫിയയിലേക്ക് കുടിയേറിയ ചാള്‍സിന് മനസ്സിലായി, അവിടെ ബട്ടണുകളേക്കാള്‍ താന്‍ പഠിച്ച തൊഴിലിനാണ് സാധ്യതകള്‍ ഉള്ളത്. അങ്ങിനെ ഒരു hardware shop തുടങ്ങി, ബ്രിട്ടീഷുകാര്‍ നല്‍കുന്ന ക്വാളിറ്റിയില്‍ത്തന്നെ കൃഷിയായുധങ്ങള്‍ നിര്‍മ്മിച്ച്‌ വില്‍ക്കാന്‍ തുടങ്ങിയതോടെ, ചുരുങ്ങിയ സമയം കൊണ്ട് ചാള്‍സിന്‍റെ ബിസിനസ് ഒരു ഹിറ്റ് ആയി മാറി.

പക്ഷെ അധികകാലം ആ ഭാഗ്യം നീണ്ട് നിന്നില്ല. അസുഖബാധിതനായ ചാള്‍സിന്‍റെ ബിസിനസ്, ചുരുങ്ങിയ സമയം കൊണ്ട് ക്ഷയിച്ച് ഇല്ലാതായി. വേറെ ചില ബിസിനസുകളെ കുറിച്ച് ആലോചിച്ചെങ്കിലും, ഒന്നും തന്നെ പച്ച തൊട്ടതുമില്ല.

അപ്പോഴേക്കും വര്‍ഷം 1830 ആയിരുന്നു.

ആയിടയ്ക്കാണ് അമേരിക്കയില്‍ റബര്‍ ഒരു ട്രെന്‍ഡ് ആയി മാറുന്നത്.

ഏത് രൂപത്തിലേക്കും ഉരുക്കാനും, ചുരുട്ടാനും പറ്റുന്ന ഈ അത്ഭുത വസ്തുവിനെ, അമേരിക്കക്കാര്‍ കൌതുകത്തോടെയാണ് വരവേറ്റത്. വളരെ പെട്ടെന്ന് തന്നെ റബ്ബര്‍ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കൊച്ചു കൊച്ചു ഫാക്ടറികള്‍, അവിടാകെ ഉയര്‍ന്നു വന്നു. നഗരങ്ങളില്‍, ബ്രസീലില്‍ നിന്ന് വന്ന ഈ അത്ഭുതവസ്തുവില്ലാത്ത ഒരു വീട് പോലും ഇല്ലെന്നു തന്നെ പറയാവുന്ന ഒരവസ്ഥ.

അതിനിടെ, ചാള്‍സ്, ഒരിക്കല്‍ ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു.

അവിടെ വച്ചാണ് ഒരു പരിപാടിക്കിടെ, റോക്സ്ബറി ഇന്ത്യാ റബര്‍ കമ്പനിയുടെ ചില റബര്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍, ചാള്‍സ് കാണുന്നത്. വളരെ പെട്ടെന്ന് തന്നെ അവയില്‍ പലതിന്‍റെയും പോരായ്മകള്‍, പ്രത്യേകിച്ച് ജീവന്‍ രക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റില്‍, കാറ്റ് നിറയ്ക്കാനുള്ള ട്യൂബിന്‍റെ പ്രശ്നങ്ങള്‍ വരെ, ചാള്‍സ്, ഒറ്റനോട്ടത്തില്‍ മനസ്സിലാക്കിയെടുത്തു.

തിരികെ നാട്ടിലേക്കെത്തിയ ചാള്‍സ്, അധികം വൈകാതെ വീണ്ടും ന്യൂയോര്‍ക്കിലേക്ക് തന്നെ പോന്നു. പക്ഷെ ഇത്തവണ, ആ ലൈഫ് ജാക്കറ്റില്‍ കുറെക്കൂടെ സേഫ് ആയി വയ്ക്കാവുന്ന ഒരു റബര്‍ വാല്‍വും കണ്ടുപിടിച്ചിട്ടായിരുന്നു വരവ്.

റോക്സ്ബറി ഇന്ത്യാ റബര്‍ കമ്പനിയുടെ ഷോറൂമിലേക്ക് ചെന്ന ചാള്‍സ്, അവിടത്തെ മാനേജറുടെ മുന്നില്‍ തന്‍റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം, ഏറെ ഫലപ്രദമായ ആ കണ്ടുപിടുത്തത്തോട് അവിടത്തെ മാനേജറും, സ്റ്റാഫും മുഖം തിരിച്ച് നിന്നു. പക്ഷെ അതൊരിക്കലും ചാള്‍സിന്‍റെ കണ്ടുപിടുത്തത്തില്‍ എന്തെങ്കിലും പോരായ്മ കണ്ടിട്ടായിരുന്നില്ല. കണ്ടുപിടുത്തം അവര്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു.

നിരാശനായി നിന്ന ചാള്‍സിനെ, അവരുടെ സ്റ്റോര്‍ റൂമില്‍, വിറ്റ്‌ പോകാതെ നശിഞ്ഞ് കിടക്കുന്ന സാധനങ്ങള്‍ കാണിച്ചിട്ട് മാനേജര്‍ പറഞ്ഞു.

“തണുപ്പ് കാലത്ത് മരം പോലെ ഉറച്ചും, ചൂടുകാലത്ത് അലിഞ്ഞും ഇരിക്കുന്ന ഈ സാധനങ്ങള്‍ ഇനി ആര് വാങ്ങാനാണ്? ഇതൊക്കെ കുഴിച്ച് മൂടുക മാത്രമാണ് ഏക പ്രതിവിധി!!”

മാനേജര്‍ ആ പറഞ്ഞത് സത്യമായിരുന്നു. ഇരുപതിനായിരം ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് റോക്സ്ബറി ഇന്ത്യാ റബര്‍ കമ്പനി അതുവരെ കുഴിച്ചു മൂടിയത്. റബറിന്‍റെ പ്രശ്നം മനസ്സിലാക്കിയ ആളുകള്‍, പതുക്കെ അതില്‍ നിന്ന് അകലാന്‍ തുടങ്ങിയിരുന്നു. ഒപ്പം, എണ്ണമറ്റ റബര്‍ ഫാക്ടറികള്‍ ഓരോന്നായി പൂട്ടാനും. അതായത് തുടങ്ങി അധികകാലം കഴിയും മുന്‍പേ തന്നെ ആളുകളുടെ കൌതുകം അവസാനിച്ചു തുടങ്ങി.

“റബര്‍ കൊണ്ടുള്ള വസ്തുക്കളില്‍ പരീക്ഷണം നടത്താതെ ആരെങ്കിലും ഈ പരീക്ഷണങ്ങളൊക്കെ റബറില്‍ നടത്തിയിരുന്നെങ്കില്‍.”

ചാള്‍സുമായി പുറത്തേക്ക് നടക്കുന്ന സമയം, മാനേജര്‍ ആത്മഗതം പറഞ്ഞു.

വൈകാതെ പുതിയ ഐഡിയയുമായി ചാള്‍സ് നാട്ടിലേക്ക് തിരിച്ചു.

പക്ഷെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. അവിടന്ന് പുറപ്പെട്ട് നാട്ടിലേക്ക് എത്തിയ ചാള്‍സ്, നേരെ ജയിലിലേക്കാണ് പോയത്. പൂട്ടിപ്പോയ ഏതോ ബിസിനസിന് പണം മുടക്കിയ ഒരു ഫിനാന്‍സ്യര്‍ കൊടുത്ത കേസില്‍.

ജയിലിലേക്ക് പോകുന്ന വഴി, ചാള്‍സ്, തന്‍റെ ഭാര്യയോട്‌ പറഞ്ഞു.

“എനിക്ക് കുറെ റബര്‍ വേണം, പിന്നെ നീ അടുക്കളയില്‍ മാവ് പരത്തുന്ന വടിയും….”

അങ്ങിനെ ജയിലില്‍ വച്ചാണ്, ചാള്‍സ്, റബറിലെ തന്‍റെ പരീക്ഷണങ്ങള്‍ തുടങ്ങുന്നത്..

ആദ്യം തന്നെ ടാല്‍ക്ക് (talc) ചേര്‍ത്ത്, റബറിനെ ഘര രൂപത്തില്‍ നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. നല്ല വെള്ള നിറത്തില്‍, ഷൂവുകള്‍ നിര്‍മ്മിക്കാന്‍ പാകത്തിലുള്ള റബര്‍ അങ്ങിനെ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

ഈ വിജയത്തിന്‍റെ ബലത്തില്‍, സുഹൃത്തുക്കളില്‍ നിന്ന് ഫണ്ടുകള്‍ ശേഖരിച്ച്, ചാള്‍സ് വീട്ടില്‍ത്തന്നെ ഷൂസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതിനിടെ എങ്ങിനെയോ കേസും അവസാനിച്ചു. നൂറുകണക്കിന് റബര്‍ ഷൂവുകളാണ് തന്‍റെ അടുക്കളയില്‍ നിന്ന് ചാള്‍സ് ഉണ്ടാക്കി വിറ്റത്. പക്ഷെ ചൂടുകാലം വന്നപ്പോള്‍, റബര്‍, അതിന്‍റെ തനിരൂപം കാണിച്ചു. ചൂടില്‍ എല്ലാത്തിന്‍റെയും രൂപം മാറി. അങ്ങിനെ നാട്ടുകാരും, ബന്ധുക്കളും വരെ പരാതികളും, കുറ്റപ്പെടുത്തലുകളുമായി വന്നപ്പോള്‍, ചാള്‍സിനും, കുടുംബത്തിനും അവിടന്ന് മാറേണ്ടി വന്നു.

ന്യൂയോര്‍ക്കിലെ ഒരു സുഹൃത്ത് നല്‍കിയ വീട്ടിലേക്കാണ് ചാള്‍സ് മാറിയത്. അതും, സ്വന്തം വീടും, പാരമ്പര്യമായി കിട്ടിയ എല്ലാ സ്വത്തുക്കളും വിറ്റ ശേഷം. അവിടെയും പരീക്ഷണങ്ങള്‍ തുടര്‍ന്നെങ്കിലും, ഭാഗ്യം അദ്ദേഹത്തെ തുണച്ചിരുന്നില്ല. ജീവിതത്തില്‍ കഷ്ടപ്പാടും, ബുദ്ധിമുട്ടുകളും വന്ന് നിറയാന്‍ തുടങ്ങി. പലപ്പോഴും ഭാര്യയുടെ ആങ്ങളമാര്‍ നല്‍കിയ സഹായത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത്.

ചാള്‍സ് അവിടെ ഉണ്ടാക്കിയ ലാബ് ആയിരുന്നു ഏറ്റവും രസകരം.

കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍, പഴയ സാധനങ്ങള്‍ വച്ചിരുന്ന ഭാഗമാണ് ലാബ്. അവിടെ, വീട്ടിലെ അടുക്കളയില്‍ നിന്നെടുത്ത പാത്രങ്ങളിലാണ് മുഴുവന്‍ പരീക്ഷണവും. ചിലപ്പോഴൊക്കെ വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍, ചാള്‍സിന്‍റെ പരീക്ഷണങ്ങള്‍ തീരുന്നത് വേറെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് കാശില്ലാതാകുമ്പോള്‍, ചാള്‍സ്, വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി എടുത്ത് വില്‍ക്കും. അങ്ങിനെ കുട്ടികളുടെ ടെക്സ്റ്റ് ബുക്കുകള്‍ വരെ വിറ്റിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ഒരിക്കല്‍ ഭാര്യയുടെ മൂത്ത സഹോദരന്‍, ചാള്‍സിനോട് പറഞ്ഞു.

“റബര്‍ ഒരു കൌതുകമായിരുന്നു, പക്ഷെ ഇപ്പോള്‍ അതൊരു മരിച്ച സംഭവമാണ്. അതില്‍ ഇങ്ങനെ സമയം കളയാതെ സ്വന്തം കുട്ടികളുടെ വയറ്റിലേക്ക് ഭക്ഷണം എത്തിക്കാനുള്ള വഴി നോക്കിക്കൂടെ?”

ഒറ്റ വാചകത്തിലാണ്, ചാള്‍സ്, അതിന് മറുപടി പറഞ്ഞത്.

“ഞാന്‍ അതിനെ വീണ്ടും ജീവിപ്പിക്കാന്‍ പോവുകയാണ്…..”

അപ്പോഴേക്കും ആദ്യത്തെ വിജയം, ചാള്‍സിനെ തേടിയെത്തിയിരുന്നു. റബറിനെ, ചുണ്ണാമ്പും ചേര്‍ത്ത് പച്ചവെള്ളത്തില്‍ തിളപ്പിച്ച്‌, നന്നായി മിക്സ് ചെയ്തപ്പോള്‍, അത് ഒട്ടാതാവുകയും, സാധാരണ ചൂടില്‍ ഉരുകാതിരിക്കുകയും ചെയ്തു.

ചൂടേറ്റാല്‍ രൂപം മാറാത്ത ഈ റബര്‍, ആ വര്‍ഷത്തെ ന്യൂയോര്‍ക്ക് വ്യാപാര മേളയില്‍ അവതരിപ്പിച്ചപ്പോള്‍, ചാള്‍സിന്, അത്ര ചെറുതല്ലാത്ത തോതില്‍ അംഗീകാരവും, ഇന്ത്യന്‍ റബറിന്‍റെ പശിമ മാറ്റിയെടുത്തതിന് ഒരു മെഡലും വരെ കിട്ടി.

പക്ഷെ പെട്ടെന്ന് തന്നെ ആ വിജയവും അസ്തമിച്ചു.

അതിലേക്ക് ഒരു തുള്ളി ആസിഡ് വീണാല്‍ മാത്രം മതി. ആല്‍ക്കലിയായ ചുണ്ണാമ്പിന്‍റെ ഫലം നഷ്ടപ്പെട്ട്, റബര്‍ വീണ്ടും പഴയ റബര്‍ തന്നെയാകും. നമുക്ക് ചുറ്റുമുള്ള പല വസ്തുക്കളിലും നിറയെ പലതരം ആസിഡുകള്‍ ആണല്ലോ.

അടുത്ത പരീക്ഷണം നൈട്രിക് ആസിഡും വച്ചായിരുന്നു. നൈട്രിക് ആസിഡും, ലെഡ് ഓക്സൈഡും വച്ച് കുറെക്കൂടെ മെച്ചപ്പെട്ട രീതിയില്‍ റബറിനെ ‘കടുപ്പമാക്കി’ എടുക്കാന്‍ ചാള്‍സിന് പറ്റിയിരുന്നു. പക്ഷെ അപ്പോഴും ചൂട് ഒരു വില്ലന്‍ തന്നെയായിരുന്നു. ഒപ്പം ആസിഡുകള്‍ പുറംതള്ളുന്ന പുക കണ്ടമാനം ശ്വസിച്ച്, ചാള്‍സിന്‍റെ ആരോഗ്യം ദിനംപ്രതി ശോഷിക്കാനും തുടങ്ങി.

പതുക്കെ ചാള്‍സ് കണ്ടെത്തിയ ഈ രീതി വച്ച് ഉണ്ടാക്കുന്ന റബര്‍ കൊണ്ട്, നൂലുകളും, ലൈഫ് ജാക്കറ്റും, ഇടത്തരം ഷൂസുകളും എല്ലാം നിര്‍മ്മിക്കാന്‍ തുടങ്ങി. ഈ കണ്ടുപിടുത്തത്തിന് patent എടുത്ത ശേഷം, അത് മറ്റൊരു കമ്പനിക്ക് വിറ്റാണ്, ചാള്‍സ്, തന്‍റെ പരീക്ഷണങ്ങളിലേക്ക് മടങ്ങിയത്. ഇതിനിടെ, 1837ലെ സാമ്പത്തിക മാന്ദ്യത്തില്‍ എല്ലാം നഷ്ടപ്പെട്ട ചാള്‍സിനും കുടുംബത്തിനും, അവിടന്ന് താമസം മാറേണ്ടി വന്നിരുന്നു.

1839ലാണ് ചാള്‍സിന്‍റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. അതിനെക്കുറിച്ച് കേള്‍ക്കുന്ന ഒരു കഥ ആദ്യം പറയാം.

ചാള്‍സിന്‍റെ പരീക്ഷണങ്ങളിലും, വീട്ടിലെ ദാരിദ്ര്യത്തിലും മനംമടുത്ത ഭാര്യ, അദ്ദേഹത്തോട് മേലില്‍ പരീക്ഷണങ്ങള്‍ ഒന്നും നടത്തരുതെന്ന് താക്കീത് ചെയ്തിരുന്നു. ആസിഡ് പുക ശ്വസിച്ച് ജീവച്ചവമായി മാറിയ ആളെ, ഒരുപാട് കഷ്ടപ്പെട്ടാണ്‌ അവര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ചാള്‍സ് ആദ്യം അത് സമ്മതിച്ചെങ്കിലും, ഭാര്യയറിയാതെ വീട്ടില്‍ തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എത്ര കാലം സ്വപ്നങ്ങളെ അടക്കിവച്ച് ജീവിക്കാന്‍ പറ്റും? പക്ഷെ ഒരു ദിവസം ചാള്‍സിന്‍റെ കണക്കുകൂട്ടലുകള്‍ പാടേ തെറ്റി

അന്ന്, ചാള്‍സ്, അടുക്കളയില്‍ പരീക്ഷണത്തിലായിരുന്ന സമയം ഭാര്യ നേരത്തെ വീട്ടിലേക്ക് വന്നു.

ഭാര്യ എത്തിയെന്ന് മനസ്സിലാക്കിയ വെപ്രാളത്തില്‍, ചാള്‍സ്, തെളിവ് നശിപ്പിക്കാനായി, പരീക്ഷിച്ചു കൊണ്ടിരുന്ന റബറും, ഗന്ധകവും എടുത്ത് കത്തുന്ന അടുപ്പിലേക്കാണ് ഇട്ടത്. മിനിറ്റുകള്‍ക്കകം, റബറും, ഗന്ധകവും ചേര്‍ന്ന് ഉരുകി അടുപ്പില്‍ നിന്ന് ഒലിച്ചിറങ്ങി, ആകെ കുളമായി.

പക്ഷെ അല്പനേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് ചാള്‍സ് ആ കാഴ്ച കണ്ടത്; അടുപ്പിലെ ചൂട് ഏറ്റിട്ടും, ഉരുകി വീണ റബറിന് മാറ്റങ്ങള്‍ ഒന്നും ഇല്ല. പോരാത്തതിന് ഉരുകിയ ശേഷം അതിന്‍റെ കട്ടി വളരെയധികം കൂടിയിട്ടും ഉണ്ട്.

ചാള്‍സ് അതൊന്ന് അടിച്ചും, വലിച്ചും ഒക്കെ നോക്കി. എന്തൊക്കെ ചെയ്തിട്ടും രൂപത്തില്‍ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഇല്ല. അത്ഭുതത്തോടെ ചാള്‍സ് തിരിച്ചറിഞ്ഞു;

‘അതെ, ശരിക്കും ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്ന റിസള്‍ട്ട്…..’

ചരിത്രകാരന്മാരുടെ വാക്കുകളില്‍; വോബേണ്‍ എന്ന സ്ഥലത്തെ, ഈഗിള്‍ ഇന്ത്യാ റബര്‍ ഫാക്ടറിയില്‍ വച്ചാണ്, ചാള്‍സ്, റബറും, ഗന്ധകവും മിക്സ് ചെയ്ത് പരീക്ഷിക്കുന്നത്. ചൂട് പാത്രത്തില്‍ വച്ച് മിക്സ് ചെയ്ത ശേഷം, റബര്‍ ഉരുകിയില്ലെന്ന് മാത്രമല്ല, ചൂടാകുന്തോറും അതിന്‍റെ കടുപ്പം കൂടുകയായിരുന്നു.

പക്ഷെ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വന്നു, ആ പരീക്ഷണം പൂര്‍ണ്ണതയില്‍ എത്തിച്ച്, കെമിക്കല്‍ ഫോര്‍മുല കൃത്യമായി കണ്ടെത്തിയെടുക്കാന്‍. അങ്ങിനെ 1844ല്‍ മാത്രമാണ്, തന്‍റെ പരീക്ഷണം, ചാള്‍സിന് patentനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞത്.

ഇതിനിടെ 1842ല്‍, മറ്റൊരു കാര്യം കൂടെ ചാള്‍സ് കണ്ടെത്തിയിരുന്നു. 132 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍, നാല് മുതല്‍ ആറു മണിക്കൂര്‍ വരെ ആവിയില്‍ ചൂടാകുമ്പോഴാണ്, റബര്‍, അതിന്‍റെ മികച്ചതും, ഏറ്റവുമധികം നിലനില്‍ക്കുന്നതുമായ ഘരാവസ്ഥയില്‍ എത്തുക.

റോമന്‍ അഗ്നിദേവനായ Vulcanന്‍റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, താന്‍ കണ്ടുപിടിച്ച ഈ രീതിയെ Vulcanization എന്നാണ് ചാള്‍സ് വിളിച്ചത്. അങ്ങിനെ Naugatuck India Rubber Company എന്ന പേരില്‍ സ്വന്തമായി ഒരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചു.

പക്ഷെ വിധി എന്നൊരു സംഭവം ഉണ്ടല്ലോ.

Vulcanization പൂര്‍ണ്ണതയില്‍ എത്തും മുന്‍പേ തന്നെ, അതിന്‍റെ ബിസിനസ് സാദ്ധ്യതകള്‍ തിരഞ്ഞ്, ചാള്‍സ്, ധാരാളം സാമ്പിളുകള്‍, നിരവധി റബര്‍ കമ്പനികള്‍ക്ക് അയച്ചു കൊടുത്തിരുന്നു.

അതില്‍ ഒരു ലണ്ടന്‍ കമ്പനിയുടെ തലപ്പത്തിരുന്ന തോമസ്‌ ഹാന്‍കോക്ക്, ചാള്‍സിനെപ്പോലെ തന്നെ വര്‍ഷങ്ങളായി റബറില്‍ പരീക്ഷണം നടത്തി നിരാശനായി ഇരിക്കുമ്പോഴാണ്, കൃത്യം ചാള്‍സ് അയച്ച സാമ്പിള്‍ അങ്ങോട്ട്‌ എത്തുന്നത്.

സാമ്പിളിലെ മഞ്ഞ ശോഭ കണ്ട ഹാന്‍കോക്കിന് വേഗം തന്നെ കാര്യം കത്തി. അങ്ങിനെ ചാള്‍സിന്‍റെ രീതി മനസ്സിലാക്കിയെടുത്ത ഹാന്‍കോക്ക്, 1843ല്‍, റബറിന്‍റെ Vulcanization ‘വീണ്ടും കണ്ടുപിടിച്ചു’. ലണ്ടനില്‍ patentനായി അപേക്ഷിക്കുമ്പോള്‍ മാത്രമാണ് ചാള്‍സ് ഈ ചതി മനസ്സിലാക്കുന്നത്.

അതിനിടെ സ്റ്റീഫന്‍ മോള്‍ട്ടന്‍ എന്നൊരാളും, ഇതേ പരീക്ഷണം നടത്തി, patent അപേക്ഷയുമായി വന്നിരുന്നു. രണ്ടുപേര്‍ക്കും 1842ല്‍, ചാള്‍സ്, സാമ്പിളുകള്‍ അയച്ചു കൊടുത്തിരുന്നതാണ്.

അങ്ങിനെ കേസ് കോടതിയിലേക്ക് എത്തി.

കേസ് നടക്കുന്നതിനിടെ, ഒത്തുതീര്‍പ്പിനായി ഹാന്‍കോക്ക് വന്നെങ്കിലും ചാള്‍സ് വഴങ്ങിയില്ല. ജയിച്ചാല്‍ നഷ്ടപരിഹാരത്തോടൊപ്പം, ഹാന്‍കോക്ക് നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളില്‍ നിന്നും, ചാള്‍സിന് റോയല്‍റ്റി ലഭിക്കുമായിരുന്നു. ഇതിനിടെ Vulcanization എന്ന വാക്ക്, ഹാന്‍കോക്കിന്‍റെ ടീമിലുള്ള ഒരാളുടെ സംഭാവനയാണെന്ന് വരെ വാദങ്ങള്‍ ഉണ്ടായി (അത് സത്യമാണെന്നും പറയപ്പെടുന്നു).

പക്ഷെ കേസ് ചാള്‍സ് തോറ്റു. വെറും പഠനത്തിലൂടെ മാത്രം കോപ്പിയടിക്കാന്‍ പറ്റുന്ന ഒരു രീതിയല്ല Vulcanization, എന്ന് കോടതി നിയമിച്ച ശാസ്ത്രജ്ഞര്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ചാള്‍സിന്‍റെ കേസുകള്‍ തള്ളിപ്പോയി.

Vulcanization കണ്ടുപിടിച്ചതില്‍ നിന്നുണ്ടാക്കിയ പണത്തിന്‍റെ ഭൂരിഭാഗവും ചാള്‍സ് ചിലവിട്ടത് ഇത്തരം കേസുകള്‍ക്ക് വേണ്ടിയാണ്. കേസുകളുടെ പിറകെ പോയി പണവും, സമയവും മാത്രമല്ല, ശരിക്കും അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടെ ക്ഷയിച്ചിരുന്നു. ഒപ്പം സമാധാനവും. 1860, ജൂലൈ 1ന് ചാള്‍സ് മരിക്കുമ്പോള്‍, സമ്പാദ്യമായി ഒരു ചില്ലിക്കാശ് പോലും ഇല്ലെന്ന് മാത്രമല്ല, അന്നത്തെ രണ്ട് ലക്ഷം ഡോളര്‍ ആയിരുന്നു കടമായി ഉണ്ടായിരുന്നത്.

രോഗബാധിതയായി കിടക്കുന്ന മകളെ കാണാന്‍, അവരുടെ ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മരണം. പോകും വഴിക്ക് മകളുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഫ്രാങ്ക് സൈബര്‍ലിങ്ങ് എന്നൊരു പണക്കാരന്‍, തന്‍റെ പുതിയ റബര്‍ ഫാക്ടറി തുടങ്ങിയപ്പോള്‍, ചാള്‍സിനോടുള്ള ബഹുമാനാര്‍ത്ഥം, കമ്പനിക്ക് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയത്. ആ കമ്പനിയാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടയര്‍ കമ്പനികളില്‍ ഒന്നായി വളര്‍ന്ന Goodyear Tyre & Rubber Company.

“ജീവിതം, അതൊരിക്കലും സമ്പാദ്യം വച്ചല്ല അളക്കേണ്ടത്. ഒരിക്കലും ഞാന്‍ നട്ടുനനച്ചതിന്‍റെ ഫലങ്ങള്‍ മറ്റുള്ളവര്‍ അനുഭവിച്ചതിന്‍റെ പേരില്‍ എനിക്ക് ഒരു പരാതിയും ഇല്ല. ശരിക്കും നമ്മള്‍ വിതച്ചത് മറ്റാരും കൊയ്യാതിരിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ വിഷമിക്കേണ്ടത്.”

Charles Goodyear, അദ്ദേഹത്തിന്‍റെ അവസാന കാലത്ത് പറഞ്ഞ വാക്കുകളാണ്.

by Ares Gautham

LEAVE A REPLY

Please enter your comment!
Please enter your name here