മകുടി – കഥ – സേതു. ആർ

0
212

എന്റെ കഥ..

വലിയപറമ്പിൽ സാറാമ്മ പാമ്പു പിടുത്തക്കാരൻ ആണ്ടിവേലായുധനെ ‘മൈരേ ‘ എന്നു വിളിച്ചു. കപ്യാരുടെ മകൻ ഇട്ട്യാസുവും സംഘവും ദൃക്സാക്ഷികളാണ്.
ഇട്ട്യാസുവിനും സംഘത്തിനും അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല. കാരണം നാവു പൊന്തിച്ചാൽ വികടസരസ്വതി മാത്രം വിളയാടിയിരുന്ന ഒരു അറുവലയാണ് വലിയപറമ്പിൽ സാറാമ്മ. വീട്ടു പേരുപോലെ തന്നെ വീടു നിൽക്കുന്നിടം ഒഴിച്ചാലും, ചുറ്റോട് ചുറ്റം വലിയ പറമ്പുകളുടെ ഉടമസ്ഥയാണ് വലിയപറമ്പിൽ സാറാമ്മ.കെട്ടിയോൻ പറമ്പേൽ മത്തായി. എക്സ് മിലട്ടറി.’ഗർജ്ജിത സിംഹം’ എന്നൊരു വിളിപേരുണ്ടായിരുന്നു മത്തായിക്ക് പട്ടാളക്കാർക്കിടയിൽ.1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിനിടയിൽ ഗ്രനേഡിന്റെ ചീളു തൊണ്ടക്കുഴിൽ തറച്ച്, ഉള്ള ജോലിയും കൂലിയും എഴുതി വാങ്ങി നാട്ടിലേയ്ക്ക് വണ്ടി കയറി.അതിൽ പിന്നെ വലിയ ഗർജ്ജനം ആരും കേട്ടട്ടില്ല.
പട്ടാളത്തിന്ന് പിരിഞ്ഞു കിട്ടിയ കാശും, മക്കളുടെ കുവൈത്ത് പണവും കൂടി ചേർത്ത്, ഏക്കറിന് വിലയിട്ട് തെങ്ങുംപറമ്പുകളും, വെളിംപറമ്പുകളും വാങ്ങിക്കൂട്ടി മുള്ളുവേലി കെട്ടി തിരിച്ച് അതിന് ഒത്ത നടുവിൽ നിന്നു കൊണ്ട് വലിയപറമ്പിൽ സാറാമ്മ അലറി കൊണ്ടേയിരുന്നു. അതിൽ ഏറെ കുറെയും
ഇട്ട്യാസുവിനും സംഘത്തിനും നേരെ ആയിരുന്നു.പുരയും, പുരിയിടവും തികഞ്ഞ് മതിലിനു പുറത്തെ ചെങ്കുത്തായ ഇറക്കത്തിലേയ്ക്ക് കൂപ്പുകുത്തി കിടന്ന കശുമാവിൽ നിന്ന് കശുവണ്ടി പറിച്ചെടുത്തതിനായിരുന്നു തെറി വിളി ഏറെയും. കശുവണ്ടി ഒന്ന് കാൽഅണ നിരക്കിൽ എട്ടെണ്ണം രണ്ടു രൂപ വിലയിൽ ഒഴിവു ദിവസത്തെ നേരം പോക്കിന് വകയിരുത്തിയിരുന്നത് ആ കശുമാവിൽ നിന്നുമായിരുന്നു. ഈ അവസരത്തിൽ കശുമാവിനെ നന്ദിയോടെ സ്മരിക്കുന്നു.
മറുനാട്ടുക്കാരൻ ആണെങ്കിലും ആണ്ടിവേലായുധനെ വലിയപറമ്പിൽ സാറാമ്മ മൈരേ ന്നു വിളിച്ചതിനു പിന്നിലെ ചേതോവികാരം കാര്യകാരണസഹിതം ബോധിപ്പിക്കേണ്ടിയിരിക്കുന്നു.

മുത്തുച്ചിപ്പി.
മുത്തുച്ചിപ്പി എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമല്ല. കൗമാര മനസ്സുകളുടെ പ്രാരംഭ ഘട്ടത്തിൽ, ഇക്കിളിയിട്ട് കോരിത്തരിപ്പിച്ചു കൊണ്ട് നാട്ടിലെ ഏറുമാടകടളിൽ, ബാലപംക്തികൾക്കിടയിൽ ഒളിഞ്ഞും, തെളിഞ്ഞും അർദ്ധനഗ്നതകളുടെ മുഖചിത്രം അണിഞ്ഞു കിടന്ന ഒരു മഹത്തായ സമാഹാരമായിരുന്നു മുത്തുച്ചിപ്പി.കാലത്തിന്റെ ഉഴുതുമറിച്ചിലിൽ, കാലഹരണം ചെയ്യപ്പെട്ടുവെങ്കിലും സർഗ്ഗാത്മക ശക്തികൾ പടച്ചുവിട്ട രതിക്രീഡകളുടെ ആഖ്യാന ശൈലിയിൽ കോൾമയ് കൊണ്ട് രതിയുടെ നിശാവസ്ത്രമണിഞ്ഞ ശലഭങ്ങൾ തലയ്ക്കു ചുറ്റും പാറിനടന്ന രാവുകളും കുറവല്ല.
ലക്കം കുറച്ചു പഴകിയതാണെങ്കിലും, വളരെ ആയാസപ്പെട്ട് സംഘടിപ്പിച്ച്, അഞ്ച് പേരടങ്ങുന്ന സംഘടനാശക്തിയ്ക്കു നടുവിലിരുന്നു കൊണ്ട് ഉള്ളടക്കത്തിലെ ഭാവുകത്വവും, മാദകത്വവും, വർണ്ണനചാരുതയും ലവലേശം ചോർന്നു പോകാതെ ഇട്ട്യാസു കടിഞ്ഞൂൽ വായന ആരംഭിച്ചു. കൗമാര മനസ്സുകളിൽ വികാര വിസ്ഫോടനങ്ങളുടെ വേലിയേറ്റം; പെരുവിരൽ മുതൽ തലനാരു വരെ നുരച്ചു പൊന്തി.ഇട്ട്യാസുവിന് ചുറ്റം വട്ടം കൂട്ടിയ ശിരസ്സുകൾ ശ്വാസം മടക്കി കാതുകൂർപ്പിച്ചു.
ഇട്ട്യാസുവിന്റെ മൂക്ക് വ്യജംഭിച്ചു.ഹൃദയമിടിപ്പിന്റെ കാലൊച്ച കേൾക്കാതെയായി. സ്വരം പതിയെ.. പതിയെ താഴ്ന്ന് അണഞ്ഞു തുടങ്ങി. പണയകണ്ടത്തിൽ ജോണി ഇട്ട്യാസുവിന്റെ കഴുത്തിനു പിടിച്ചു.
“ഇട്ട്യാസു.മര്യാദയക്ക് ഉറക്കെ വായിച്ചോ.. ഇല്ലേൽ നിന്റെ കൊരവള്ളി ഞാൻ പൊട്ടിക്കും.”
ഇട്ട്യാസുവിന്റെ കൈപടങ്ങൾ വിയർപ്പിൽ അലിഞ്ഞു തുടങ്ങിയിരുന്നു. ചുണ്ടുകൾ വിറയാർന്നു.
“എന്തോന്നാടാ തലയും കുനിച്ചിട്ടിരുന്ന് എല്ലാവൻമാരു അവിടെ ച്ചെയുന്നേ?”
മുളചില്ലകൾക്കിടയിലൂടെ ഒരു ഉൾക്ക പോലെയാണ് വലിയപറമ്പിൽ സാറാമ്മയുടെ ചോദ്യം അവർക്കിടയിലേയ്ക്ക് വന്നു വീണത്.
സംഘടനാശക്തി ആകമാനംമൊന്നു പതറി വെളറി വെളുത്തു. ചോദ്യകർത്താവിനെ കണ്ടപ്പോൾ രസക്കയറു പൊട്ടിയ അമർഷത്തിൽ, തൊഴുത്തിലെ ഒന്നാംപടിയിൽ നിലയുറപ്പിച്ച വലിയപറമ്പിൽ സാറാമ്മയെ നോക്കി
ഇട്ട്യാസു അമറി.
“എന്നാചെയ്താലും സാറാമ്മച്ചിക്കെന്നാ?സാറാമ്മച്ചിയുടെ പറമ്പേലൊന്നും അല്ലല്ലോ? ഈ വഴിവക്കിലെ തണലേലല്ലയോ ഇരിക്കുന്നേ?”
“ഓ… അവന്റെയൊരു കൊണവതികാരം.”
പറമ്പിൽസാറാമ്മ അടക്കോഴി കീറും പോലെ കീറി കൊണ്ട് പറഞ്ഞു. വാഴകൾക്കിടയിൽ മേഞ്ഞുനടന്ന മണിക്കാള തലയുർത്തി കണ്ഠമിളക്കി.
” ഇന്ന് ജീവശാസ്ത്രം പരീക്ഷയാ. ഞങ്ങളു പഠിക്കുവാരുന്ന് അമ്മച്ചി.” കൂട്ടത്തിൽ ജോണി അവഥ പറഞ്ഞു.
“നീയാ റെയ്ച്ചലിന്റെ മോനല്ലയോടാ?”
” ആന്നേ. ”
“എനിക്ക് അറിയാമെടാ നിന്റെയൊക്കെ പറിപ്പ്.വീട്ടുകാരെ വലിപ്പിക്കാൻ നേരം പുലരുമ്പോ കെട്ടുംതൂക്കി എറങ്ങിക്കോളും. ത്ഥു…..” വലിയപറമ്പിൽ സാറാമ്മ അവർക്കു നേരെ നീട്ടിയൊരു തുപ്പു തുപ്പി. മുഖത്ത് പതിച്ചില്ലന്നെയുള്ളു. അതിന്റെ ചുളുവകൾ മുഖത്ത് പ്രകടമായ്.
പാറക്കെട്ടിന് മുകളിലേയ്ക്കു വളർന്നു കിടന്ന മുളചില്ലകളെ കാറ്റ് വിളിച്ചു. അധിനിവേശത്തിന്റെ വളളിപടർപ്പുകൾ മൂടി കിടന്ന ഒട്ടുമാവിൽ കിളികൾ ചിലച്ചു.
പാമ്പുപിടുത്തം.

പാമ്പാട്ടികളെല്ലാം ആണ്ടിവേലായുധനെ പോലെയാണോ എന്നതിൽ നിശ്ചയം ഇല്ല. കാരണം ആണ്ടിയ്ക്ക് മുൻപും പിൻപും ശാസ്ത്രിയമായി പാമ്പുപിടുത്തം കാണുകയോ പാമ്പാട്ടികളെ പരിചയിക്കുകയോ കഥാകൃത്ത് ചെയ്തട്ടില്ല. ആയതിനാൽ ആണ്ടിവേലായുധനെ ഓർത്തെടുക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് ഒരു നാടോടി നർത്തകന്റെ വേഷപകർച്ചയോടെ വഴി നീളെ പാട്ടുംപാടി നടന്ന ആ കുറിയനായ മനുഷ്യനെയാണ്.
” പാമ്പുപിടിക്കലാം
പാമ്പിനെ ആട്ടലാം
മൂർഖൻ പാമ്പിനെ
തോളിലെയേറ്റലാം. ”
രതിനിർവ്വേദത്തിന്റെ രസക്കയറുപൊട്ടി
ഇട്ട്യാസുവും സംഘവും മാനം നോക്കി കണ്ണിൽ തെളിഞ്ഞ കുളിർനക്ഷത്രം എണ്ണികിടന്ന ദുർഗട സന്ധിയിലായിരുന്നു ആണ്ടിവേലായുധന്റെ രംഗപ്രവേശം.

“പാമ്പുപിടിക്കലാം
പാമ്പിനെ ആട്ടലാം
മൂർഖൻ പാമ്പിനെ
തോളിലെയേറ്റലാം. ”
തുലാമഴ ചാലുകീറി ഒഴുകി പോയ വഴിയിറങ്ങി, കശുമാവിന്റെ നിഴലു കടന്നു ആണ്ടിവേലായുധൻ പുളിമരച്ചോട്ടിലെത്തി.
തോളിൽ, നീണ്ടയൊരു ദണ്ഡിൽ തുലാസു പോലെ രണ്ടറ്റത്ത് തൂക്കിയിട്ട രണ്ടു ഭാണ്ഡങ്ങൾ.
അതിൽ രണ്ടു കൂടകൾ. മുട്ടിനു കീഴെ ഇറങ്ങിക്കിടന്ന അടിവസ്ത്രത്തിനു മുകളിലായി മാടികുത്തിയ ലുങ്കി. മുഷിഞ്ഞ് നിറം മങ്ങിയ തോർത്തു കൊണ്ടു ചുറ്റിയ തലപ്പാക്കെട്ട്. അതിൽ തിരുകിയ ബീഡിക്കെട്ട്. തുറന്ന മൂക്ക് കുഴിഞ്ഞകണ്ണുകൾ, ചുരണ്ട മുടി. കൂടെ ഒരു കൈയ്യാളൻ ചെക്കനും.
കീറാമുട്ടിയായി ആണ്ടിയ്ക്കു മുന്നിൽ വീണ്ടുമൊരു കയറ്റം.
കയറ്റത്തിനും ഇറക്കത്തിനുംമിടയിലെ സമപ്രതലം.ഇടതുവശം പാറക്കെട്ട്.പാറക്കെട്ടിന് മുകളിലേയ്ക്ക് വളർന്നുകിടക്കുന്ന മുളകൂട്ടവും, ഒട്ടുമാവും. അതിന്റെ അതിരിൽ വലിയപറമ്പിൽ സാറാമ്മയുടെ ഒന്നര ഏക്കർ തെങ്ങിൻ പുരിയിടം.വലതുവശം തേക്കും, തുമ്പയും, മുക്കുറ്റിയും, പ്ലാവും, കൈതയും, ഏത്തനും, ചൊവ്വാഴയും, ഈർച്ചപുല്ലും വളർന്നു കിടക്കുന്ന വെളിംപറമ്പ്. പറമ്പിന് അതിരിലൂടെ പോകുന്ന വഴിതീരുന്നത് പരന്ന വയലിലാണ്.പണ്ട് വെള്ളം പൊങ്ങിയപ്പോ അതിരിടിഞ്ഞു വയലിലേയ്ക്ക് ഒഴുകിയ വഴിയാണ്.വഴിക്കരികിലെ കൈതപൊന്തകളിൽ കാട്ടുകോഴികൾ കൂട്ഉണ്ടാക്കി.ഇഴജന്തുക്കൾ മാളങ്ങളിൽ ഒളിച്ചു. ഇടിവെട്ടേറ്റ് വിണ്ടുകീറിയ പോലെ പോകുന്ന വഴിയിലെവിടെയോ എന്നും പൂക്കന്ന ഗന്ധർവ്വ പാലയുണ്ടെന്നും, യക്ഷഗന്ധർവ്വ കിന്നരങ്ങളുടെ സംഗമസ്ഥാനമാണെന്നും ഒരു പഴങ്കഥയുണ്ട്. ഉണങ്ങി അസ്ഥിപഞ്ജരം തെളിഞ്ഞ തേക്കിലകളിൽ ചവുട്ടി ഒച്ചയുണ്ടാക്കി കരിമ്പടം പുതച്ച രൂപങ്ങൾ അതു വഴി നടക്കാറുണ്ടെന്ന് ഒരു ഭീതി പരന്നിരുന്നു.അതു കൊണ്ട് ആരും അതു വഴി അധികം പോകാറില്ല.
വഴി തീരുന്നിടം ചിറയാണ്. ചിറയ്ക്കക്കരെ വിളഞ്ഞ നെൽപാടങ്ങൾ ഭൂപടത്തിൽ നരച്ചു കിടന്നു.
കൃത്യവിലോപം.
ഇറക്കം ഇറങ്ങി പാട്ടുംപാടി വന്ന ആണ്ടിവേലായുധൻ
ഇട്ട്യാസുവിനെയും സംഘത്തെയും കണ്ടപ്പോൾ പാട്ടിന്റെ ഒച്ചയൊന്നടക്കി, അശ്ലീല ചുവയിൽ ചുണ്ടുകൾക്കിടയിലെ മൂളൽ മാത്രമായി ചുരുക്കി. പനയക്കണ്ടത്തിൽ ജോണി ഒത്ത ഒരു ഉരുണ്ട കല്ല് കൈയ്യിലെടുത്തു പിടിച്ചു.
“വാങ്ക പോകലാം. “കൈയ്യാളൻ ചെക്കൻ ആണ്ടിയെ വിളിച്ചു.
“പോകലാം…… ”
ആണ്ടി പുളിമരചോട്ടിലൊന്നു പരതി, ജോണി കൈവെള്ളയിലെ കല്ല് ഇറുക്കെ പിടിച്ചു.
അടർന്നു വീണ പുളിയൊരണ്ണം എടുത്ത് തോട് പൊളിച്ചു വായിലാക്കി വീണ്ടും പാട്ട് ഉച്ചത്തിൽ പാടി ആണ്ടി പോകാനൊരുങ്ങി.

” പാമ്പു പുടിക്കലാം
പാമ്പിനെ ആട്ടലാം
മൂർഖൻ പാമ്പിനെ
തോളിലെയേറ്റലാം”
“നീ പാമ്പിനെ പിടിക്കുമോടാ?”
തൊഴുത്തിന്റെ രണ്ടാംപടിയിൽ കയറി നിന്ന് പശുവിനൊപ്പം തല പുറത്തേയ്ക്കിട്ട് വലിയപറമ്പിൽ സാറാമ്മ ആണ്ടിയോട് ചോദിച്ചു.ചെറുവിരലോളം വണ്ണമുള്ള സ്വർണ്ണമാല കൊന്തയിൽ ചുറ്റി ഒരു മീറ്ററോളം ഞാന്നു കിടന്നിരുന്നു വലിയപറമ്പിൽ സാറാമ്മയുടെ കഴുത്തിൽ.
“ങാ…പുടിക്കും. അത് താൻ ഏൻ തൊഴിൽ. ”
” എന്നാ ഇങ്ങു കയറി വാ..” അത്രയും പറഞ്ഞ് സാറാമ്മ തല വലിച്ചു.
ആണ്ടിയ്ക്കു സന്തോഷമായി.ഇട്ട്യാസുവിനെയും സംഘത്തെയും നോക്കി ആണ്ടിവേലായുധൻ ഒരു വക്രിച്ച ചിരി ചിരിച്ചു.
“ചെല്ല് ഇപ്പോ കിട്ടും കോഴി തീട്ടം.”പനയ കണ്ടത്തിൽ ജോണി ആണ്ടിയെ നോക്കി പിറുപിറുത്തു.
വലിയപറമ്പിലെ വലിയ ഇരുമ്പു ഗെയ്റ്റ് കരഞ്ഞുകൊണ്ട് തുറന്നു. ആണ്ടി അകത്തു കടന്ന് തോളിലെ ദണ്ഡും, ഭാണ്ഡം താഴെവെച്ചു.
വലിയപറമ്പിൽ സാറാമ്മ ഏണിനു കൈയ്യും കൊടുത്തു തിണ്ണയിൽ നിന്ന് ആണ്ടിയെ ആകമാനം ഒന്നു നോക്കി.
“എന്താടാ നിന്റെ പേര്?”
” ആണ്ടി…ആണ്ടിവേലായുധൻ.” തലയൊന്നു ചെരിച്ച് വിനയത്വം ഭാവിച്ച് ആണ്ടി പറഞ്ഞു.
“എവിടൊ നിന്റെ നാട്?”
” തമിഴ്നാട് കോയിൽപട്ടി പക്കം. ”
“ങും. നിനക്ക് പാമ്പിനെ പിടുത്തംഒക്കെ അറിയോ?”
” തെരിയും. നിറയെ പുടിച്ചിറുക്ക്.” ആണ്ടി ആവേശത്തോടെ പറഞ്ഞു.
കൂടെയുള്ള കൈയാളൻ ചെക്കൻ കൈയ്യിലെ സഞ്ചിയുമായി നിശ്ശബദ്ധനായി നിന്നു.
പുറത്ത്, വഴിയിൽ ഇട്ട്യാസുവും സംഘവും നിലയുറപ്പിച്ചു.
“നീ യാ.. പൊത്താൻ പെരലോട്ടൊന്നു കേറി നോക്ക്. വല്ല പാമ്പോ, ചേരയോ ഉണ്ടോന്ന്.”
തൊഴുത്തിനോട് ചേർന്നുള്ള വലിയ വിറകുപെര ചൂണ്ടി കാണിച്ച് സാറാമ്മ പറഞ്ഞു.
ആണ്ടി സഞ്ചിയിൽ നിന്ന് മകുടിയെടുത്ത് കൈയ്യാളൻ ചെക്കനോട് പറഞ്ഞു.
“അന്ത കൂടെയും തൂക്കീട്ട് വാ..”
ഭാണ്ഡത്തിൽ നിന്ന് ഒരു കൂടയും എടുത്ത്, ഭാണ്ഡം ഭദ്രമായി മൂടികെട്ടി ചെക്കൻ ആണ്ടിയ്ക്കു പിന്നാലെ ചെന്നു.
തിണ്ണയിൽ കിടന്ന കറുമ്പൻ പട്ടിയെ മറികടന്നപ്പോൾ പട്ടി ഒന്നു മുരണ്ടു.
” ഡിങ്കാ.. അടങ്ങടാ.. “സാറാമ്മ ഡിങ്കനെ ശാസിച്ചു.
ആണ്ടിവേലായുധൻ വിറകുപുരയിൽ കടന്ന് മകുടി ഊതി തുടങ്ങി.അതിന്റെ ശ്രുതിക്കുഴലിൽ നിന്ന് ഇഴഞ്ഞു നീങ്ങിയ അപശ്രുതി എവിടെയൊക്കെയോ ചെന്നു പതിച്ചു. പെട്ടെന്ന് ശ്രുതി നിലച്ചു. വിറകുപുരയിൽ ഛടപടാന്നുള്ള ഒച്ചയും, ആണ്ടിയുടെ അലർച്ചയും.
“കെടച്ചാച്ച്….കെടച്ചാച്ച്..മൂർഖനെ
കെടച്ചാച്ച്..!!”
പത്തിവിടർത്തി നിന്ന മൂർഖന്റെ പത്തിയ്ക്കു താഴെ പിടിച്ചു കൊണ്ട് ആണ്ടി പുറത്തേയ്ക്ക് വന്നു. വലിയപറമ്പിൽ സാറാമ്മ ഭയന്ന് പിന്നോക്കം മാറി. ആണ്ടി അട്ടഹസിച്ചു.
“ഹൊയ്യട.. ഹൊയ്യ്.. മൂർഖനെ പിടിക്കലാം..
മൂർഖനെ ആട്ടലാം.. രാജവെമ്പാലയെ.. തോളിലേയേറ്റലാം..”
വലിയപറമ്പിൽ സാറാമ്മ ആവേശത്തോടെ ജനലഴികളിലൂടെ അകത്തേയ്ക്ക് നോക്കി ആരോടോ വിളിച്ചു പറഞ്ഞു.
” ദേ- നിങ്ങള് ഇങ്ങോട്ടൊന്ന് എറങ്ങേ.. ”

ആണ്ടി വേലായുധന്റെ ധീര കൃതത്തിൽ അത്ഭുതം കൂറി ഇട്ട്യാസുവും സംഘവും ഏന്തി വലിഞ്ഞ് തല മതിലിനു പുറത്തേയ്ക്കിട്ടു നോക്കി നിന്നു.
“എന്റെ കർത്താവേ.. ദ് മൂർഖൻ തന്നെയാന്നോടാ ആണ്ടി?”പരിഭ്രമം മാറാതെ വലിയപറമ്പിൽ സാറാമ്മ നെഞ്ചത്ത് കൈയ്യുവെച്ച് ആണ്ടിയോട് ചോദിച്ചു.
“നെഞ്ചമാ, ഇത് മൂർഖൻ താൻ.”
” ന്റെ പുണ്യാളാ… ഇതിനെയും അകത്തു വെച്ചേച്ചായിരുന്നോ? ഞാൻ ഇ കണ്ട കാലമത്രയും ഇതിനകത്തു കേറി അളിച്ചത്.
എടാ.. ആണ്ടിയേ… സാറാമ്മ നീട്ടി വിളിച്ചു.
“എന്നാ അമ്മ.”
“നിന്നെ കർത്താവാടാ ഇങ്ങോട്ട് അയിച്ചത്. ഇല്ലാരുന്നേൽ, ഈ സ്വർഗ്ഗരാജ്യം വിട്ട് ഞാൻ പള്ളി സെമിത്തേരയിൽ കിടന്നേനേ. ”
“നെജ്മ അമ്മ.”
” നീയാ പറമ്പേലോട്ട് കേറി ഒന്നു ഊതി നോക്കടാ..” സാറാമ്മ പറഞ്ഞു.
കിട്ടിയ മൂർഖനെ കൂടയിലാക്കി ആണ്ടി ആവേശത്തോടെ പറമ്പേലോട്ട് ചാടി.സുഗമമായ
കാഴ്ച്ചയ്ക്ക് ഇട്ട്യാസുവും സംഘവും പാറക്കെട്ടിനു മേൽ വലിഞ്ഞുകയറി.
ആണ്ടി മകുടിയും ഊതി ഒന്നര ഏക്കർ പറമ്പിൽ ചുറ്റിനടന്നു.കൂടെ പാമ്പുംകൂടയുമായി ചെക്കനും. കുറച്ചു കഴിഞ്ഞപ്പോൾ ആണ്ടി പിന്നെയു വിളിച്ചുകൂവി. “കെടച്ചാച്ച്….കെടച്ചാച്ച്..”വലിയപറമ്പിൽ സാറാമ്മ വേലിയ്ക്കപ്പുറം നിന്ന് തുള്ളിച്ചാടി.
ഏറെ താമസിയാതെ ആണ്ടി മൂന്നാമതും വിളിച്ചു കൂവി. ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന് ഇട്ട്യാസുവിന് തോന്നി. പിടിച്ച പാമ്പുകളെല്ലാം ഒരേമാതിരി… ഇട്ട്യാസുവും സംഘവും ജാഗരൂകരായി.അധികം വൈകാതെ ആണ്ടിവേലായുധന്റെ കൃത്യവിലോപം കണ്ടുപിടിക്കപ്പെട്ടു.ഇക്കുറി
ഇട്ട്യാസുവാണ് തുള്ളിച്ചാടിയത്.
” കെടച്ചാച്ച്…. കെടച്ചാച്ച്… ആണ്ടിയെ പുടിച്ചാച്ച്.ഇട്ട്യാസുവും സംഘവും കാലും പിഴുത് പറമ്പേലോട്ട് എടുത്ത്ചാടി.
“ടേയ്, കള്ളത്തിരുമാലി ആണ്ടി..കാട്ടുകള്ളാ..”
പനയകണ്ടത്തിൽ ജോണി കൂകി വിളിച്ചു.
പറമ്പേലെ അലർച്ചകേട്ട് സാറാമ്മയും മുള്ളു വേലി എടുത്ത് ചാടി.
“ഫ…! എറങ്ങടാ കഴുവേറി മക്കളെ എന്റെ പറമ്പേന്ന്. വന്നപാടേ വലിയപറമ്പിൽ സാറാമ വലിയ വായിൽ ചീത്ത പറഞ്ഞു.
“സാറാമ്മച്ചി ഇന്ത ആണ്ടി പൊയ്… പൊയ്… തിരുടൻ.സാറാമ്മച്ചിയെ ഏമാത്തിട്ടാങ്കേ. ”
കുന്തക്കാലേ നിന്നു കൊണ്ട് ഇട്ട്യാസു പറഞ്ഞു.
“എന്തുവാടാ നീ കൊണ കൊണ പറയുന്നേ..?
ഒന്നു മനസ്സിലാവാതെ സാറാമ്മ നിന്നു കിതച്ചു.
” All these snakes are well trained snakes.
ആണ്ടിയെ കൈയോടെ പിടിച്ച ആവേശത്തിൽ ജോണി ഇംഗ്ലീഷ് പറഞ്ഞു.
” ഓ… അവന്റെയൊരു ഇഗ്ലീഷ്.മനസ്സിലാവുന്ന ഭാഷേ പറയടാ.. “സാറാമ്മ നിന്നു വിറച്ചു.
” ഇത് ആണ്ടിയുടെ സ്വന്തം പാമ്പ്.” ജോണി പറഞ്ഞു.
“അതെന്താടാ?ഇവന്റെ പെമ്പെറന്നോത്തി പെറ്റതെല്ലാം പാമ്പിനെയാണോ?”
“അതല്ല അമ്മച്ചി. ഇവൻ തിരുടൻ.ഇത് ഇവൻ വളർത്തുന്നപാമ്പ്.ആണ്ടി പാമ്പിനെ പിടിച്ചട്ടില്ല. ആരും കാണാതെ തുറന്നു വിട്ടിട്ട്. മകുടി ഊതി പാമ്പിനെ പിടിക്കുംമ്പോലെ കാണിച്ചതാ. ഇത് കൊത്തിയാലു ചാകില്ല. ഇതിന് വിഷപല്ല് ഇല്ല. ഇത് മകുടി ഊതിയാൽ ആടുന്ന പാമ്പ്.ഹയ്യട… ഹയ്യ്.. ആണ്ടിയെ പിടിച്ചാച്ചേ…. “ഇട്ട്യാസുവിന്റെ അട്ടഹാസം ഒന്നരഏക്കർ പറമ്പിൽ ചുഴലി പോലെ ചുറ്റി. വലിയപറമ്പിൽ സാറാമ്മയുടെ മുഖം തുടുത്തു. കണ്ണു ചുവന്നു.പുരികം വില്ലുപോലെ വളഞ്ഞു.മൂക്കിനു താഴെ വെളുമ്പൻ തരി മീശ വിറച്ചു.
കുത്തിയിരുന്ന ഇരുപ്പിൽ ആണ്ടിവേലായുധൻ ഒരു വക്രചിരിയോടെ വിക്കി വിക്കി പറഞ്ഞു.
“ഇന്ത പൈത്യക്കാരൻ–” പറഞ്ഞു തീർന്നില്ല.
“ഫ!.. പന്ന ‘മൈരേ ‘ എറങ്ങടാ എന്റെ പറമ്പേന്ന്.”
ഒന്നരഏക്കർ;വലിയപറമ്പിൽ സാറാമ്മയുടെ തെറി വിളിയിൽ പ്രകമ്പനം കൊണ്ടു. മേഞ്ഞു കൊണ്ടു നിന്ന മണിക്കാള നാലുകുതിപ്പിന് അര സെന്റ് മണ്ണു കിളച്ചു.ഇട്ട്യാസുവിന്റെയും സംഘത്തിന്റെയും കണ്ണു പുളിച്ചു.
സംഗതി വശപെശകാന്നു തോന്നിയപ്പോൾ കൈയാളൻ ചെക്കൻ കെട്ടും മുറുക്കി ഓടാൻ തയ്യാറായി നിന്നു. പോകാൻ നേരം സമാശ്വാസം എന്നോണം ആണ്ടിവേലായുധൻ സാറാമ്മയോട് ചോദിച്ചു.
” അമ്മ; ഒരു അമ്പതു രൂപാ കാശ് തരില്ലായാ. ?
“ഫ..!കൊട്ടേകിടന്ന പാമ്പിനെ കാണിച്ച് എന്നെ ഊമ്പിച്ചതു പോരാഞ്ഞ്, ഇനി ഞാൻ കാശും തരണം അല്ലേടാ? ഇപ്പോ എറങ്ങിക്കോണം. ഇല്ലേൽ പട്ടിയെ തുറന്നു വിടും ഞാൻ. ങഹ..”
വലിയപറമ്പിൽ സാറാമ്മ ആക്രോശിച്ചു.
ഊഴം കാത്തു കിടന്ന ഡിങ്കൻ ചാടിയെണീറ് ശറപറാന്ന് കുരച്ചു.
ഇത്രയുമൊക്കെ നടന്നു കഴിഞ്ഞാണ് പറമ്പേൽ മത്തായി ( ഗർജ്ജിത സിംഹം ) വേലിയ്ക്കരികിൽ വന്നു നിന്ന് വിളിച്ചു ചോദിച്ചത്.
“എന്നതാടി സാറാമ്മേ.. അവിടെ ഒച്ചയു ബഹളവും.?
“വാഴക്ക..!മുട്ടിനെടെ തലയും കേറ്റിവെച്ച് ഇതിയാൻ എന്തോടുക്കുവാരന്നു? അങ്ങ് പെരലോട്ട് പോയാട്ടേ. ഈ പിള്ളേര് ഒണ്ടായോണ്ട് മടീലെ കാശ് പോയില്ല.”
ആണ്ടിവേലായുധനും, ചെക്കനും വേലിയിറങ്ങും വരെ സാറാമ്മ പറമ്പിൽ തന്നെ നിന്നു.കൂടെ ഇട്ട്യാസുവുംസംഘവും.
വേലിയിറങ്ങികഴിഞ്ഞപ്പോൾ
ആണ്ടിവേലായുധന്റെ പാട്ട് പിന്നെയും കേട്ടു തുടങ്ങി.

” പാമ്പു പുടിക്കലാം
പാമ്പിനെ ആട്ടലാം
മൂർഖൻ പാമ്പിനെ
തോളിലെയേറ്റലാം. ”
തങ്ങളുടെ ധീര പ്രവൃത്തിയിൽ ഊറ്റം കൊണ്ട് ഇട്ട്യാസുവും സംഘവും തലയുർത്തി തന്നെ നിന്നു. അങ്കകലി പൂണ്ട വലിയ പറമ്പിൽ സാറാമ്മ ഏണിന് കൈയ്യുംതാങ്ങി അതേ നിൽപ്പാണ്. തെല്ലിട വീണുപോയ നിശ്ശബദ്ധത.
കുന്നിൻപുറത്തെ ഓത്തുപള്ളിയിൽ ബാങ്ക് വിളിച്ചു.
പിന്നീടൊന്നു ചോദിക്കാനോ, പറയാനോ. നിൽക്കാതെ ഇട്ട്യാസുവും സംഘവും സഞ്ചിയും തൂക്കി പരീക്ഷ ഹാളിലേയ്ക്ക് നടന്നു.
” ദേ… പിന്നെ, ഇതിന്റെ പേരും പറഞ്ഞ് എന്റെ പറമ്പേലേ കശുമാവേലെഞാണം കൈവെച്ചാലുണ്ടല്ലോ? ദേ..അറിയാല്ലോ? എന്നെ.. ”ഒന്നര ഏക്കർ തെങ്ങിൻ പുരിയിടത്തിനു നടുവിൽ നിന്ന് സാറാമ്മ അലറി.
പോന്ന പോക്കിൽ അകാലത്തിൽ പൊലിഞ്ഞൂ പോയ രതിദേവതയെ തുണ്ടു തുണ്ടുകളാക്കി കീറി,യക്ഷഗന്ധർവ്വൻമാർക്ക് കാഴ്ച്ചയെറിഞ്ഞു കൊണ്ട് അവർ നടന്നകന്നു.
പരീക്ഷ ഹാളിൽ, മലയാളം രണ്ടാം പേപ്പറിന്റെ ചോദ്യക്കടലാസിനു മുന്നിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല ഇട്ട്യാസുവിന്.
ഇട്ട്യാസുവിന്റെ പേനയിൽ നിന്ന് ഉത്തരങ്ങൾ ശരം പോലെ പാഞ്ഞു.
രണ്ടു മണിക്കൂറിനുള്ളിൽ ഉത്തരങ്ങൾ എല്ലാം ഖണ്ഡികകളായ് ഉത്തരക്കടലാസുകളിൽ നിറച്ച്,ഒടുവിലത്തെ ഉപന്യാസത്തോടെ എഴുതി കൂട്ടിയ പേപ്പറുകൾ വാരികൂട്ടി നൂലിൽ കോർത്ത് കൃതകൃത്യനായി ഇട്ട്യാസു വീട്ടിലേയ്ക്ക് മടങ്ങി.
കൃതജ്ഞത ഇട്ട്യാസു.
വിണ്ണിൽ ഉദിച്ച നക്ഷത്രങ്ങളും, മണ്ണിലിറങ്ങിയ മാലാഖമാരും, സാൻറക്ലോസും, നക്ഷത്ര വിളക്കുകളും, രാവിന്റെ അന്ത്യയാമങ്ങളിൽ ആടിപാടി നടന്ന കരോൾസംഘങ്ങളുമായി പുതുവർഷ പിറവിയിൽ അവസാനിച്ചു
ഇട്ട്യാസുവിന്റെ ക്രിസ്തുമസ് അവധികൾ.
പുതുവർഷ പുതുമയിൽ അവധി കഴിഞ്ഞെത്തിയ ഇട്ട്യാസു ഏവരെയും ഞെട്ടിച്ചു.
മലയാളം രണ്ടാം പേപ്പറിന്റെ ഉത്തരക്കടലാസു വിതരണ വേളയിൽ, ഇട്ട്യാസുവിന്റെ അപ്പൻ പള്ളികപ്യാര് ഇലഞ്ഞിത്തറയിൽ മാത്തച്ച നടക്കം, മറ്റു അദ്ധ്യാപകവിദ്യാർത്ഥി സമക്ഷത്തിൽ, ഇട്ട്യാസു ഒടുവിൽ എഴുതിയ ഉപന്യാസത്തിലെ,അദ്ധ്യാപകൻ ചുവപ്പു മഷി കൊണ്ട് അടയാള പെടുത്തിയ അതി ബഹൃത്തായ നാല് വരികൾ..
ചുവടെ ചേർക്കുന്നു.
സർഗാത്മകത കൊണ്ടും,വർണ്ണനാവൈഭവം കൊണ്ട്, ഭാവുകത്വം തുളുമ്പി നിന്ന ആ നാലു വരികൾ ഇട്ട്യാസു ഉറക്കെ… ഉറക്കെ ചൊല്ലി.

” പാമ്പു പുടിക്കലാം
പാമ്പിനെ ആട്ടലാം
മൂർഖൻ പാമ്പിനെ
തോളിലെയേറ്റലാം. ”
അപ്പൻ ഇലഞ്ഞിത്തറയിൽ മാത്തച്ചൻ കുരിശു വരച്ചു.ഇട്ട്യാസുവിന്റെ അപശ്രുതി ഇടനാഴികളിലൂടെ ഇഴഞ്ഞ്എവിടെയൊക്കെയോ
പതുങ്ങി നിൽക്കുന്നു.
മകുടി.
ഇട്ട്യാസു.
കടപ്പാട്

വലിയപറമ്പിൽ സാറാമ്മ, ആണ്ടിവേലായുധൻ.

LEAVE A REPLY

Please enter your comment!
Please enter your name here