മഞ്ഞിൽവിരിഞ്ഞ പൂക്കൾ – ചില അണിയറ വിശേഷങ്ങൾ

0
463

സൂപ്പർവൈസിങ്ങ് ഡയറക്ടർ ആയി ഞാൻ വർക്ക് ചെയ്ത ആദ്യ സിനിമ
‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ ആണ്. ഇതിന് ശേഷം ‘പടയോട്ടം 70MM’, ‘പൊന്നുരുക്കും പക്ഷി’, ‘മക്കൾ മാഹാത്മ്യം’ എന്നീ സിനിമകൾക്കും സൂപ്പർ വൈസറി ഡയറക്ടർ ആയി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ഫാസിൽ, ജിജോ, അടൂർ വൈശാഖൻ, പോൾസൺ എന്നിവരുടെ ആദ്യ സിനിമകൾ ആയിരുന്നു ഇവ.
സിനിമയിൽ സംവിധായകർ പൊതുവെ നാല് ഗ്രെയ്‌ഡ്‌കളാണ്. അസിസ്റ്റൻറ് ഡയറക്ടർ, അസ്സോസിയേറ്റ് ഡയറക്ടർ, ഡയറക്ടർ, സൂപ്പർവൈസിങ്ങ് ഡയറക്ടർ. മലയാള സിനിയിൽ എന്റെ അറിവിൽ എന്നെക്കൂടാതെ സൂപ്പർ വൈസിങ്ങ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ളവർ രണ്ട് പേരാണ്.

1. എ. വിൻസന്റ് മാസ്റ്റർ
ജെ. സി. ഡാനിയേൽ അവാർഡിന് അർഹനായ, ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷാ ചിത്രങ്ങളിൽ സംവിധായകനായും ഛായാഗ്രാഹകനായും ആയി പ്രവർത്തിച്ച അതുല്യ പ്രതിഭാശാലി ആയിരുന്ന എ. വിൻസന്റ് മാസ്റ്റർ. ഭാർഗവീനിലയം, മുറപ്പെണ്ണ്, തുലാഭാരം, ജയലളിതയുടെ നൂറാമത്തെ ചിത്രമായ തിരുമാഗല്യം, രാജേഷ് ഖന്ന അഭിനയിച്ച പ്രേംനഗർ, തുടങ്ങിയ അനേകം സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹം വിവിധഭാഷകളിലായി സംവിധാനം ചെയ്തിട്ടുണ്ട്.


2. കെ എസ് സേതുമാധവൻ മാസ്റ്റർ
എ. വിൻസൻറ് മാസ്റ്ററെ പോലെ തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ സംവിധായകനായും തിരക്കഥാകൃത്തായും പ്രവർത്തിച്ച് ജനപ്രീതിയും അവാർഡുകളും ഒരു പോലെ ലഭിച്ച നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ കെ എസ് സേതുമാധവൻ മാസ്റ്ററും ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഓടയിൽ നിന്ന്, അച്ഛനും ബാപ്പയും, ഓപ്പോൾ, ചട്ടക്കാരി, ജൂലി (ഹിന്ദി) ,കമലഹാസൻ ആദ്യമായി മലയാളത്തിൽ അഭിനയിച്ച കണ്ണും കരളും തുടങ്ങിയ ധാരാളം സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനകളായിട്ടുണ്ട്.

ഇന്നത്തെ പുതുമുഖ സംവിധായകർ സിനിമയുടെ സാങ്കേതികവും കലാപരവും ആയ കാര്യങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാത്തതിനാൽ അവർ ഗുരുസ്ഥാനീയരുടെ ഉപദേശം അത്യന്താപേക്ഷിതമായി കരുതുന്നില്ല. സിനിമയുടെ ഇപ്പോഴത്തെ മൂല്യച്യുതിയ്‌ക്ക് പ്രധാന കാരണം ഇതായിരിക്കാം.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ ടൈറ്റിൽ കാർഡിൽ നിന്ന്…
മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ശാന്ത പ്രകൃതമായ കഥയും അതിന് ചേർന്ന അവതരണ ശൈലിയും ആണ് അതിന്റെ രചയിതാവും സംവിധായകനും ആയ ഫാസിൽ സങ്കല്പിച്ചിരുന്നത്. ആ സ്ഥിതിയ്ക്ക് ഏറ്റവും അനുയോജ്യമായ കാമറ ചലനവും ഷോട്ടുകളുടെ വിന്യാസവും തുടക്കം മുതൽ ഒടുക്കം വരെ ഫാസിലിന്റെ സങ്കൽപ്പത്തിനൊത്ത് കാത്ത് സൂക്ഷിക്കുക എന്നത് സൂപ്പർവൈസിങ്ങ് ഡയറക്ടർ എന്ന നിലയിൽ എന്റെ ചുമതലയായിരുന്നു.
പ്രണയ ജോഡികൾക്കൊപ്പം കൊടൈക്കനാലിലെ ഭൂപ്രകൃതിയും ദൃശ്യ വിസ്മയങ്ങളും ഉചിതമായ താളത്തിൽ ചിത്രീകരിച്ചപ്പോൾ ആ കഥയ്ക്ക് ചേർന്ന ഊഷ്മളമായ കരുണ രസം ആദ്യന്തം ലയിച്ച് ചേരുകയായിരുന്നു.
സംവിധായകനായ ഫാസിൽ തിരക്കഥാകൃത്തും കൂടെ ആയതിനാൽ മറ്റാരെക്കാളും ഉപരി അതിന്റെ ഭാവം ഉൾക്കൊണ്ടിരുന്നത് ചിത്രീകരണത്തിന് സഹായമായി. കാമറാമാൻ അശോക്‌കുമാറിന്റെ മാതൃഭാഷ ഹിന്ദിയാണെങ്കിലും മലയാളത്തിൽ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ സംവിധാനം ചെയ്ത പരിചയത്താൽ അദ്ദേഹത്തിന് ഒരിടത്തും സമയം പാഴാക്കേണ്ടി വന്നില്ല.
പ്രമുഖരെല്ലാം നടീ നടന്മാർ ഉൾപ്പടെ പുതുമുഖങ്ങൾ ആയതിനാൽ സാങ്കേതിക കാര്യങ്ങളിൽ സൂപ്പർ വൈസിങ്ങ് ഡയറക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറായത് കൊണ്ട് ഒരു കൂട്ടായ്മയുടെ ഒത്തോരുമയോടെ എല്ലാം ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞു.
‘ഒരു തലൈ രാഗം’ എന്ന തമിഴ് സിനിമയുടെ അഭൂതപൂർവ്വമായ വിജയവും നായക വേഷമണിഞ്ഞ ശങ്കറിന്റെ ശരീരഭാഷയും ആയിരുന്നു പാലക്കാടൻ മലയാളി ആയ ഇദ്ദേഹത്തെ തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം.
തമിഴ് സിനിമാ ലോകത്ത് നിന്ന് കൊടൈകനാലിലെ ക്യാംപിൽ ശങ്കർ വന്ന് ചേർന്നത് ഭാഗവതരുടെ മട്ടിൽ വല്ലാതെ നീട്ടി വളർത്തിയ മുടിയുമായിട്ടായിരുന്നു. മേക്കപ്പ് മാൻ വേലപ്പന്റെ നേതൃത്വത്തിൽ ഞങ്ങളെല്ലാം ചുറ്റും കൂടിനിന്ന് ശങ്കറിന്റെ മുടി വെട്ടിച്ചു.
സിനിമയിൽ ഉടനീളം ജീപ്പ് ഡ്രൈവ് ചെയ്ത് വരുന്ന ഒട്ടേറെ അവസരങ്ങൾ ഉള്ളതിനാൽ ചിത്രീകരണ ത്തിനായി കൊണ്ട് വന്ന ജീപ്പ് ഓടിച്ച് പഠിക്കുന്നതിനായി ശങ്കറിന് ഒരാഴ്ചത്തെ ട്രെയിനിങ്ങ് കൊടുത്തു
മോഹൻലാൽ എത്തി ഞങ്ങളുടെ കെട്ടിടത്തിലെ ചെറിയ ഹാളിൽ ഉണ്ടായിരുന്ന കൈക്കസേരയിൽ ഇരുന്ന് ഒരു തകർപ്പൻ ക്ലാസിക് ഗാനം ആലപിച്ചു. തുടർന്ന് തമാശകൾ പറഞ്ഞും എല്ലാവരുമായും പെട്ടെന്ന് തന്നെ സൗഹൃദം പങ്കുവെച്ചു.
സബർജിൽ തോട്ടങ്ങളുടെ നടുവിൽ രണ്ട് ബെഡ്‌റൂം മാത്രം ഉണ്ടായിരുന്ന കോട്ടേജിലെ ഒരു മുറിയിൽ ഞാനും ഫാസിലും അടുത്ത മുറിയിൽ ജിജോയും സിബി മലയിലും അന്തിയുറങ്ങി. അടുത്ത ദിവസം വെളുക്കാറായപ്പോൾ ആറേഴ് വയസുള്ള ഒരു ബാലൻ കട്ടിലിന് സമീപത്ത് കൂടെ പോകുന്ന തായി കണ്ടെന്ന് ഫാസിൽ പറയുന്നു. തോന്നിയതാകാം അല്ലെങ്കിൽ പ്രേതബാധയുള്ള വീട് എന്ന സ്ഥിതിയ്ക്ക് സംഭവിച്ചതും ആകാം.
ഏതായാലും അടുത്ത രാത്രിയിൽ ഞങ്ങളുടെ മുറിയിൽ ഞാൻ തനിച്ചായി. ഫാസിലിനെ കാണാഞ്ഞ് അടുത്ത മുറിയിലേക്ക് ചെല്ലുമ്പോൾ ജിജോയുടെയും സിബി മലയിലിന്റെയും ഇടയിൽ പുതച്ചുമൂടി കിടന്നു കൊണ്ട് ഫാസിൽ ചിരിച്ച് ടാറ്റ പറയും പോലെ കൈവീശി. “ആശാനേ ഞാൻ ഇനി അങ്ങോട്ടില്ല ” തുടർന്നാണ് പ്രേതകഥ ഞാൻ അറിയുന്നത്.
സാധാരണ മനുഷ്യനായതിനാൽ തനിച്ച് കിടക്കാൻ എനിക്കും പേടിയുണ്ടായി. എന്നിട്ടും അവിടെത്തന്നെ കഴിച്ചു കൂട്ടി. മുറി ചൂടാക്കാനായി ഘടിപ്പിച്ചിരുന്ന രണ്ട് ഇലക്ട്രിക് ഹീറ്ററിന്റെയും കോയിലുകൾ ചുട്ട് പഴുത്ത് ആ മുറി മുഴുവൻ ഭയം തോന്നിക്കുന്ന ഒരുതരം ചുവന്ന അരണ്ട വെളിച്ചത്തെ കൊണ്ട് നിറഞ്ഞു. ഇടയ്ക്കിടെ കണ്ണ് തുറന്നും ഭയന്നും ബ്ലാങ്കറ്റിനുള്ളിൽ ഒളിച്ച് കിടന്നും ഒരു വിധം നേരം വെളുപ്പിച്ചു.
പുതുമുഖമായി വന്ന മോഹൻലാലിൻറെ താമസത്തിന് പ്രത്യക പരിഗണന ഒന്നും നിർമാതാക്കൾ നൽകിയില്ല ആലപ്പുഴക്കാരായ ഏതാനും യുവാക്കളോടൊപ്പം വേണ്ടത്ര സൗകര്യം ഇല്ലാതെ ലാൽ കഴിയുകയാണെന്നും എനിക്കറിയാമായിരുന്നു.
അടുത്ത ദിവസം ലൊക്കേഷനിൽ വച്ച് കണ്ടപ്പോൾ ഞാൻ പറഞ്ഞു, “ലാലേ എന്റെ മുറിയിൽ ഒരു കട്ടിൽ ഒഴിഞ്ഞ് കിടപ്പുണ്ട്” പറഞ്ഞ് തീരാത്ത താമസം പെട്ടിയും ബാഗും എല്ലാം എടുത്ത് കയറിവന്ന മോഹൻലാൽ ഇരുപത്തി രണ്ട് ദിവസത്തേക്ക് എന്റെ റൂം മേറ്റ് ആയി തീർന്നിരുന്നു, നല്ല സുഹൃത്തും.
ഒന്നാം ദിവസം ഷൂട്ടിങ്ങ് നടക്കുമ്പോൾ ലൊക്കേഷനിൽ എത്തിയ തമിഴരായ ടൂറിസ്റ്റുകൾ ഓട്ടോഗ്രാഫുമായി ശങ്കറിനെ പൊതിഞ്ഞ് ഒപ്പ് ശേഖരിക്കുന്ന തിരക്കും ബഹളവും നിർവികാരനായി ഞങ്ങളോടൊപ്പം കണ്ട് നിന്നിരുന്ന മോഹൻലാൽ ഒരുപക്ഷെ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല അതിനെല്ലാം ഉപരി ആയിരമായിരം ഫാൻസുകളുടെ ആരാധനയ്ക്ക് പിൽക്കാലത്ത് താൻ അർഹനായി തീരുമെന്ന്.
ഒരു ദിവസം രാത്രി പന്ത്രണ്ട് മണി മുതൽ രണ്ട് മണിവരെ ഒരു ഷോട്ടിന് വേണ്ടി വന്ന നെടുനീളൻ സംഭാഷണം പഠിക്കുകയും സംവിധായകൻ ഫാസിൽ പഠിപ്പിക്കുകയും ചെയ്തപ്പോൾ ഷൂട്ടിങ്ങ് ക്രൂ മുഴുവൻ ക്ഷമയോടെ കൊടൈക്കനാലിലെ കൊടും തണുപ്പ് സഹിച്ച് കാത്തിരുന്നത് സിനിമാ ചരിത്രത്തിലെ അപ്പൂർവ്വസംഭവം തന്നെ ആകാം.
മറ്റൊരു ദിവസത്തെ ഷൂട്ടിങ്ങിനിടയിൽ രാത്രിയിൽ സമയം മൂന്ന് മണി കഴിഞ്ഞിട്ടുണ്ടാവും ഷവർ തുറന്ന് വസ്ത്രങ്ങൾ ഏലാം നനഞ്ഞ് മാനസിക വിഭ്രാന്തിയോടെ (എക്സ്റ്റസി) ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന ഷോട്ടിന് വേണ്ടി വെട്ടിവിറയ്ക്കുന്ന കൊടും തണുപ്പിൽ ഒരു ബക്കറ്റ് തണുത്തുറഞ്ഞ വെള്ളം തലവഴി ഒഴിക്കാൻ സമ്മതിച്ച പൂർണ്ണിമ ജയറാമിന്റെ അർപ്പണ മനോഭാവം മറ്റൊരു നടിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതല്ല.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ കാണുന്ന പൂർണ്ണിമയുടെ വീട് കൊടൈക്കനാലിലും വീടിന്റെ ഗെയിറ്റ് മദ്രാസിലും ആണ് ചിത്രീകരിച്ചത്. വിശ്വസനീയമായ വിധം ആ കെട്ടിടത്തിന് ചേർന്ന ഗേറ്റ് കണ്ട് പിടിക്കാൻ ഒരാഴ്ചയിലേറെ സമയം തിരഞ്ഞ് നടക്കേണ്ടതായി വന്നു. ഞങ്ങൾ കണ്ടെത്തിയ ഗേറ്റ് ഒരു കപ്പൽ ബിസിനസ്സ് കാരന്റേതായിരുന്നു.
നവോദയായുടെ വലിയ ജീപ്പിൽ നവോദയാ അപ്പച്ചനും മകൻ ജിജോയും ഞാനും ഫാസിലും മാനേജർ എം കെ ആനന്ദും ബഹുമുഖ പ്രതിഭയായ അമാനും ഉണ്ടെന്നാണ് ഓർമ്മ. കപ്പൽ ഉടമയുടെ ഓഫീസ് അന്യോഷിച്ച് മറീനാ ബീച്ചിൽ ഞങ്ങൾ യാത്ര ചെയ്യുന്ന സമയം ജീപ്പിന്റെ പിന്നാലെ ഒരു സ്നേഹിതനെ പിന്നിലിരുത്തി ഒരു ബുള്ളറ്റിൽ മോഹൻലാൽ ഞങ്ങളെ പിന്തുടർന്നിരുന്നു.
ഓഫിസ് കണ്ടു പിടിച്ച് ഞങ്ങൾ ജീപ്പ് നിർത്തിയതും ഇടത് വശത്തെത്തിയ മോഹൻലാൽ ബ്രെയിക്ക് പിടിച്ചെങ്കിലും ബൈക്ക് പൂർണ്ണമായി നിൽക്കാതെ മുൻപോട്ട് ഇഴഞ്ഞപ്പോൾ ജീപ്പിന്റെ ഫുട് റെസ്റ്റിലേക്ക് വെച്ച ലാലിന്റെ വലതുകാൽ വിരലുകൾക്കിടയിലൂടെ ഒരു മുറിവുണ്ടാകുകയും രക്തം ഒലിക്കുകയും ചെയ്തു. സൈഡിൽ ഇരുന്ന് കാണാൻ ഇടയായ എന്റെ മനസ്സിൽ ഇന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്. ലാലിനെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ച് വേണ്ട ശിശ്രുഷകൾ നൽകി.
തമിഴ് മലയാളം സിനിമകളിൽ കോട്ട കാവൽക്കാരനായി ഗദ തോളിൽ ഏറ്റി യും ഫലിത കഥാപാത്രമായി ചിരിപ്പിക്കുകയും മറ്റും ചെയ്യാറുള്ള ഉസലൈമണി ഉദയായുടെ കാലം തൊട്ടേ ഞങ്ങളുടെ സ്നേഹിതനാണ്. കോടമ്പാക്കം ബ്രിഡ്ജിന് സമീപമുള്ള ഇദ്ദേഹത്തിന്റെ റെസ്റ്റോറന്റ് മലയാളികളുടെ വിഹാര രംഗവും ആണ്.
പതിവ് പോലെ ഒരു ദിവസം ഞങ്ങൾ അവിടെ ചെന്നപ്പോൾ മേശമേൽ തുറന്നു കിടന്നിരുന്ന ഒരു മലയാളം സിനിമാ വാരികയുടെ സെന്റർ സ്‌പ്രെഡ്‌ഡിൽ ഒന്നാം തരം ഒരു ലൊക്കേഷന്റെ ചിത്രവും അവിടെ ചിത്രീകരിക്കുന്ന മലയാള സിനിമയുടെ കഥയും വിവരിച്ചിരുന്നു വായിച്ചപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സമാനമായ കഥ. ഈ അവസ്ഥയിൽ ആ സിനിമയ്ക്ക് മുൻപ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തേ മതിയാകൂ എന്നായി. സംവിധായകനായ ഫാസിൽ തന്റെ തിരക്കഥയിൽ മാറ്റം വരുത്തി. ലാലിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ മുറിവ് ഉണങ്ങാൻ കാത്ത് നിൽക്കാതെ സത്യാ സ്റ്റുഡിയോയിൽ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്ന ഫൈറ്റിനുള്ള സെറ്റിട്ടു. ശങ്കറും മോഹൻലാലും പരസ്പരം ഏറ്റുമുട്ടുന്ന ഒരു തകർപ്പൻ സ്റ്റണ്ടായിരുന്നു ഭാവന ചെയ്തത്. എന്നാൽ മുറിവേറ്റ കാൽ വലിച്ച് വച്ച് വാൽക്കിങ്ങ് സ്റ്റിക്കും കുത്തി ലാൽ നടന്നു വരികയും ഗുണ്ടകളെ കൊണ്ട് ശങ്കറെ തല്ലിക്കുന്ന വിധം പെട്ടെന്ന് ചിത്രീകരിച്ച് ഒരു വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്തു.
അടുത്ത ഞായറാഴ്ച ഞാൻ നവോദയായിൽ എത്തി. ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ അവിടെ ഉത്സവ പ്രതീതിയാണ്. എന്നാൽ ഞാൻ ചെന്നപ്പോൾ ജിജോയും അമാനും മാത്രമേയുള്ളു. ഞാൻ ചോദിച്ചു, “എന്താ ഇത്?” മരണവീട് പോലെയുണ്ടല്ലോ?”
ജിജോ പറഞ്ഞു, “എറണാകുളത്തും കോട്ടയത്തും കോഴിക്കോടും എല്ലാം പടം വീണു. കൊല്ലത്തും തിരുവനന്തപുരത്തും നാളെ ചുരുട്ടും.” വിഷമത്തോടെ എന്നോട് ചോദിച്ചു, “നമ്മൾ ഇനി എന്ത് ചെയ്യണം?”
ഞാൻ പറഞ്ഞു, “പബ്ലിസിറ്റി ബൂസ്റ്റപ്പ് ചെയ്യാം” മൂന്ന് ഉപാധികളും പറഞ്ഞു കൊടുത്തു. ഒന്നാമത് പേപ്പർ പബ്ലിസിറ്റി തന്നെ. ചിത്രകാരനായ അമൻ ഉടൻ തന്നെ ഡ്രോയിങ്ങ് പേപ്പർ എടുത്ത് നാളത്തെ പത്രങ്ങളിൽ ഫുൾ പേജ് വരുത്താനുള്ള ലേ ഔട്ട് ഇന്ത്യൻ ഇങ്കിൽ വരച്ച് തുടങ്ങി.
പാട്ടുകൾ ഒന്നാം തരമായ നിയലയ്ക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം അന്നത്തെ മാധ്യമങ്ങൾ ഉപയോഗിച്ച് എവിടെയും പാട്ട് കേൾപ്പിക്കാനുള്ള ഉപാധികൾ കൈക്കൊള്ളുക.
അടുത്തത് ചിത്രം ഒരു പ്രണയ കാവ്യമായതിനാൽ കോളേജ് വിദ്യാർത്ഥികളെ തീയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള പബ്ലിസിറ്റി തന്ത്രങ്ങൾ.
ഒറ്റയടിയ്ക്ക് വിജയം കണ്ടെത്തി കളക്ഷൻ കുതിച്ചുയർന്ന് മൊത്തം മൂന്ന് കോടി കവിഞ്ഞതായി അറിഞ്ഞു.
സിനിമ പ്രദര്ശന വിജയം തുടരുമ്പോൾ ആലപ്പുഴ ചക്കരക്കട പള്ളിയുടെ മുന്നിലുള്ള കൊത്തുവാൾചാവടി പാലത്തിന്റെ തെക്കേ ജംക്ഷനിൽ ഞാൻ നടന്നെത്തുമ്പോൾ ഒരു ബുള്ളെറ്റ് ഓടിച്ച് അങ്ങോട്ട് എത്തിയ മോഹൻലാൽ എന്നെ കണ്ട് ബൈക്ക് നിർത്തി ഒരു ജൗളി കടയുടെ ഇറയത്ത് നിന്ന് പത്ത് മിനിറ്റോളം ഞങ്ങൾ സംസാരിച്ചു. ഒരാളും ലാലിനെ തിരിച്ചറിഞ്ഞില്ല. ഇന്നാണെങ്കിലോ?!!
ഫോൺ സൗകര്യം കുറവായിരുന്ന അക്കാലത്ത് ഞാനും ലാലും ഇൻലന്റിൽ ആണ് കത്തുകൾ എഴുതിയിരുന്നത്. ലാലിൻറെ അമ്മയുടെ ഓപ്പറേഷന്റെ കാര്യം ഇങ്ങനെ ഒരു കത്ത് മുഖേന ആണ് അറിഞ്ഞത്.
****
1977 ൽ ഞാൻ സംവിധാനം ചെയ്ത വേഴാമ്പൽ എന്ന സിനിമയിൽ ഹിന്ദി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ കൂട്ടുകാരിയായി അഭിനയിച്ച ഒരു നടിയുമായി പിൽക്കാലത്ത് തിരുവനന്തപുരത്ത് കണ്ടു മുട്ടിയപ്പോൾ ഞാൻ പരിചയം പുതുക്കാൻ ശ്രമിച്ചു. എന്നാൽ എന്നെ ഇതിന് മുൻപ് കണ്ടിട്ടില്ല എന്നും ആ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നും എന്റെ മുഖത്ത് നോക്കി തറപ്പിച്ച് പറഞ്ഞു.
പടയോട്ടത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന കാലം നസീർ ഫാൻസിന് വേണ്ടി ഒരു സിനിമ ചെയ്യാൻ അതിന്റെ സംഘാടകർ എന്നെ സമീപിച്ചു. പടയോട്ടത്തിൽ പ്രേംനസീറിനോടൊപ്പം അഭിനയിച്ച ഒരു നടിയെ നായിക ആക്കാമെന്ന് ആലോചിച്ച് ഞാനും നിർമ്മാതാവും മദ്രാസ്സിൽ അവരുടെ വീട്ടിൽ ചെന്നു. ഒരാഴ്ച മുൻപ് മലമ്പുഴയിലെ ലൊക്കേഷനിൽ സംവിധായകൻ ജിജോയുടെയും എന്റെയും നിർദ്ദേശങ്ങൾ കേട്ട് അനുസരിച്ച ആ നടി ഒരു കൂസലും ഇല്ലാതെ പറഞ്ഞു, മലമ്പുഴയിലെ സെറ്റിൽ എന്നെ കണ്ടതേ ഇല്ലെന്ന്.
ദൂരദർശനു വേണ്ടി ‘പ്രണയം’ എന്ന ഒരു സീരിയൽ ഞാൻ സംവിധാനം ചെയ്ത് രണ്ട് വർഷത്തോളം ടെലികാസ്റ്റ് ചെയ്യുകയുണ്ടായി. അതിൽ നിരന്തരം അഭിനയിച്ചിരുന്ന ഒരു നടിയെ ഏതാനും വര്ഷം മുൻപ് വല്ലാർപാടത്തമ്മ എന്ന സീരിയലിന്റെ സ്വിച്ച് ഓൺ കർമ്മത്തിന് എന്നോടൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്ന ആ നടിയും എന്നെ അറിയില്ല എന്ന് തട്ടിവിട്ടത് അത്ഭുതകരമായി അനുഭവപ്പെട്ടു.

എന്റെ സംവിധാനത്തിൽ നിർമ്മിച്ച ‘അന്തക്കുയിൽ നീ താനാ’ എന്ന തമിഴ് സിനിമയുടെ ഓഡിയോ റിലീസിങ്ങിന് ക്ഷണിക്കാനായി ഒന്നര വര്ഷം മുൻപ് പൂർണ്ണിമാ ജയറാമിന്റെ വീട്ടിൽ ഞാനും നിർമ്മാതാവായ നായക നടൻ ശ്രീ സാഗറും ചെന്നിരുന്നു. അവരുടെ ഭർത്താവ് ഭാഗ്യരാജ് യാത്രയ്ക്കായി പുറത്തേക്ക് ഇറങ്ങുന്ന സമയം ഞാൻ എന്നെ പരിചയപ്പെടുത്തി. പൂർണ്ണിമ ഉടനെ വരുമെന്ന് പറഞ്ഞ് ഞങ്ങളെ സ്വാഗതം ചെയ്തിട്ട് അദ്ദേഹം പോയി.
പറഞ്ഞ പോലെ പൂർണ്ണിമയും ഉടനെ വന്നെത്തി. മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം നേരിൽ കാണാൻ പോകുകയാണ്. അന്നെല്ലാം മദ്രാസിൽ വരുമ്പോൾ ഫോൺ വിളിക്കുമായിരുന്നു. ഒരു മുന്നറിയിപ്പും കൂടാതെ ഇപ്പോൾ കണ്ട് മുട്ടുകയാണ്. കാറിൽ നിന്നിറങ്ങിയതും എന്നെ കണ്ട് പുഞ്ചിരിച്ച് “ഫേസ് ഞാപകം വരുത്”
അതിനാൽ ഞാൻ ആരെന്ന് വെളിപ്പെടുത്താൻ സമയം വേണ്ടിവന്നില്ല. ഓഡിയോ റിലീസിന്റെ കാര്യം സമ്മതിക്കുകയും ചെയ്തു.
ആദ്യം പറഞ്ഞ മൂന്ന് നടികളെക്കാളും മാന്യതയുള്ള സ്ത്രീയാണല്ലോ പൂർണ്ണിമ എന്ന് ഒരു ബഹുമാനം അവരുടെ നേർക്ക് എന്നിലുദിക്കുകയുണ്ടായി.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇന്നും മലയാളികളുടെ മനസ്സിൽ വാടാതെ സൗരഭ്യം പരത്തിനിൽക്കുന്ന ഒരു കലാ സൃഷ്ടി ആണെന്ന കാര്യത്തിൽ അതിന്റെ പ്രവർത്തകരായ ഞങ്ങളെല്ലാം സംതൃപ്തരാണ്.
പടയോട്ടം, പൊന്നുരുക്കും പക്ഷി, മക്കൾ മാഹാത്മ്യം എന്നീ സിനിമകളെക്കുറിച്ച് അടുത്ത ബ്ലോഗ് പോസ്റ്റിൽ എഴുതുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here