ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

0
91

താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ആറ്റുകാലമ്മ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലക്ഷ്മി രാജീവ് അഴിമുഖം പ്രതിനിധിയോട് വെളിപ്പെടുത്തി. ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്. ശബരിമലയിലെ പല മേല്‍ശാന്തികള്‍ക്കും അത് അറിയുകയും ചെയ്യാം. എല്ലാ കാലത്തും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ വെറുതെ പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി കാണിക്കുന്ന വിഷം നിറച്ച ബലൂണാണ് ഈ പ്രതിഷേധം. വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനായി പോയി ഇനി അവിടെ പുതിയതായി കാണാന്‍ എനിക്കൊന്നുമില്ല. എപ്പോഴും പോകാന്‍ അത് കോവളം ബീച്ചൊന്നുമല്ലല്ലോ. തന്ത്രി കുടുംബത്തിലെ പത്ത് വയസിനു മുകളിലുള്ള പെണ്‍കുട്ടി അവിടെ പോയപ്പോള്‍ അന്ന് തന്ത്രി ക്ഷേത്രമടച്ച് ഇറങ്ങിപ്പോയില്ല. അപ്പോള്‍ ഇതൊരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനുള്ള, ശബരിമല കൈവിട്ട് പോകുമോ എന്ന പേടിയില്‍ ചെയ്യുന്ന ഒരു വിഷലിപ്തമായ അജണ്ടയാണ്. സ്ത്രീകള്‍ കയറിയാല്‍ അവിടെ സര്‍വസൗകര്യങ്ങളും പുരോഗമനങ്ങളും ഉണ്ടാകും. യുക്തിപൂര്‍വം ആലോചിക്കുമ്പോള്‍ അങ്ങനെയാണ് ഇതിനെ കാണാന്‍ കഴിയുക. വിശപ്പും ദാഹവും ചാരായത്തിനുള്ള കാശും കിട്ടാതെയാകുമ്പോള്‍ ഈ പ്രതിഷേധക്കാരൊക്കെ പൊയ്‌ക്കോളും.

മുമ്പ് താനൊരു ഭക്തയാണെന്നും തനിക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയാല്‍ ശബരിമലയില്‍ വരാന്‍ താല്‍പര്യമുണ്ടെന്നും ലക്ഷ്മി മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ‘പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും.ഞാന്‍ കടുത്ത ഭക്തയാണ്. ഞാന്‍ വരട്ടെ കടകംപള്ളി”? എന്നാല്‍ ലക്ഷ്മിയുടെ ചോദ്യത്തിന്‌ ‘ലക്ഷ്മിക്ക്‌ ഇപ്പോള്‍ പോകണോ അന്തസായി പോകണോ’ എന്നായിരുന്നു ദേവസ്വം മന്ത്രിയുടെ മറുചോദ്യം. ആക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ച സാഹചര്യത്തിലാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും, ഞാന്‍ കടുത്ത ഭക്തയാണ്, ഞാന്‍ വരട്ടെയെന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയവുമായി സംബന്ധിച്ച് മന്ത്രിയോട് സംസാരിച്ചുവെന്നും മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം അന്തസോടെ വന്നാല്‍ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ലക്ഷ്മി രാജീവ് പറഞ്ഞു.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം :

“ലോകോത്തരമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടെ മതിയായ സെക്യൂരിറ്റി ചെക്കിങ് ഒന്നുമില്ല. അവിടെ ഇരിക്കുന്നവരുടെ കൈയില്‍ ബോംബുണ്ടോ എന്നൊന്നും അറിയില്ല. ഞാന്‍ അവിടെ ചെല്ലുക എന്നതാണ് അവരുടെയൊക്കെ ലക്ഷ്യം. എന്നെ കൊന്നുകളയില്ലെന്ന് ആരു കണ്ടു? ശബരിമലയില്‍ ഇപ്പോള്‍ ഉള്ള പരാജയമെന്ന് പറയുന്നത് വേണ്ട സുരക്ഷ ഇല്ലെന്നുള്ളതാണ്. തിരുപ്പതി മോഡലില്‍ ഒരു ചെക്കിങ് നടപ്പാക്കട്ടെ. സര്‍ക്കാര്‍ അത് കൊണ്ടുവരും വിശ്വാസികള്‍ ശബരിമലയില്‍ കയറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനുള്ള സാവകാശം എനിക്ക് സര്‍ക്കാരിന് കൊടുത്തേ പറ്റൂ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്നെ അവര്‍ കൊല്ലുമെന്ന കാര്യം ഉറപ്പാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഒരു മരണം നടന്നാല്‍ നമ്മള്‍ പരാജയപ്പെടും.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ സുരക്ഷാകാര്യത്തില്‍ അങ്ങനെയൊരു ഉറപ്പ് കിട്ടിയിട്ടില്ല. അവിടെ നില്‍ക്കുന്ന പോലീസുകാരുടെ സ്ഥിതി കൂടി നമ്മള്‍ ആലോചിക്കണം. അവരും മനുഷ്യരാണ്. മൂന്ന് നാല് കിലോമീറ്റര്‍ നടന്ന് തളര്‍ന്ന് ഭക്ഷണമൊന്നും കിട്ടാതെയാണ് അവരുള്ളത്. സേഫ് സോണുകളിലിരുന്ന് വര്‍ത്തമാനം പറയുന്ന പോലെയല്ല കാര്യങ്ങള്‍. ഭക്തയായ യുവതി ചെന്നാല്‍ കയറ്റുമെങ്കില്‍ ഞാന്‍ 47 വയസുള്ള സ്ത്രീയാണ്. കൂടാതെ ഞാനൊരു എസ്റ്റാബ്ലിഷ്ഡ് ഭക്തയാണ്. എനിക്ക് യാതൊരുവിധ ആക്ടിവിസവുമില്ല. സന്യാസം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ആളാണ് ഞാന്‍. എന്റെ ഒരു ആക്ഷനും ഹിന്ദു സനാതന മൂല്യങ്ങള്‍ക്കൊന്നും എതിരല്ല. അതുകൊണ്ട് തന്നെ എന്നെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. അതുകൊണ്ട് ശബരിമലയില്‍ ഇപ്പോള്‍ മന്ത്രി പറഞ്ഞതനുസരിച്ച് എനിക്ക് പ്രവേശിക്കാന്‍ യാതൊരു പ്രശ്‌നമില്ല. പക്ഷേ എനിക്ക് മതിയായ സുരക്ഷ വേണം. അതല്ലാതെ അവിടെ കലാപമുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. തിരുപ്പതിയിലൊക്കെ ശക്തമായ സെക്യൂരിറ്റി ചെക്കപ്പുകളുണ്ട്. അതിനുള്ള ഉറപ്പ് സര്‍ക്കാര്‍ വരുത്തുമെന്നാണ് എന്റെ വിശ്വാസം അത് തന്നെയാണ് കടകംപള്ളി പറഞ്ഞതും”.

LEAVE A REPLY

Please enter your comment!
Please enter your name here