കടലിലുംകരയിലുമായി യുദ്ധവുംനൃത്തവും ചിത്രീകരിച്ച പടയോട്ടം 70MM സിനിമയുടെ ഓർമ്മകൾ

0
158

പടയോട്ടം എന്ന 70 എം എം. സിനിമയുടെ സൂപ്പർ വൈസിങ്ങ് ഡയറക്ടർ ആയി പ്രവർത്തിക്കാൻ നവോദയാ അപ്പച്ചൻ എന്നെ വിളിച്ചത് മുൻപരിചയം ഇല്ലാതെ തന്നെ ഞാൻ അത് ചെയ്യും എന്ന പൂർണ്ണ വിശ്വാസത്താൽ ആയിരുന്നു. അക്കാദമിക് സ്‌ക്രീൻ, സിനിമാ സ്കോപ്പ്, വൈഡോ സ്കോപ്പ്, 70 എം എം., എന്നിവ തമ്മിലുള്ള ഫോര്മാറ്റിന്റെ വ്യത്യാസം ശരിക്കും ഞാൻ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.
രണ്ടാമതായി പ്രാധാന്യം അർഹിക്കുന്നത് സിക്സ് ട്രാക്ക് സ്റ്റീരിയോ ഫോണിക് സൗണ്ട് റിക്കോർഡിങ്ങ് എന്നതാണ്. റിക്കോർഡിസ്റ്റ് എത്ര സമർത്ഥൻ ആണെങ്കിൽ പോലും ഞങ്ങൾ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത് നൽകുന്ന കഥാഗതിയ്ക്കും ദൃശ്യങ്ങൾക്കും സഹായകമാം വിധം ശബ്ദവിന്യാസം ചെയ്യാൻ തക്ക കലാബോധവും സാങ്കേതിക ജ്ഞാനവും ഒത്തിണങ്ങിയ സൗണ്ട് എൻജിനീയറെ ആണ് വേണ്ടത്. അങ്ങനെ നമുക്ക് ആരെങ്കിലും ഉണ്ടോ?

ഇന്ത്യയിൽ പ്രോസസ് ചെയ്യുന്ന ആദ്യത്തെ 70 MM സിനിമയാണ് പടയോട്ടം. അതിനാൽ മറ്റൊരു 70 MM സിനിമയ്ക്ക് ശബ്ദലേഖനം നൽകിയ പരിചിതനായ ഒരാൾ നമുക്കില്ല. ഷോലെ എന്ന സെവന്റി എംഎം സിനിമയുടെ പ്രോസസ്സിങ്ങ് പൂർണ്ണമായും ഇംഗ്ലണ്ടിൽ ആയിരുന്നു. അന്വേഷണം തുടർന്നപ്പോൾ അറിയാൻ കഴിഞ്ഞു തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൗണ്ട് റിക്കോർഡിസ്റ്റ് ആയി പ്രവർത്തിക്കുന്ന ദേവദാസ് ജർമ്മനിയിൽ നിന്ന് സൗണ്ട് എഞ്ചിനീയറിങ്ങ് പാസ്സായി വന്ന അതിസമർത്ഥനായ റിക്കോർഡിസ്റ്റ് ആണെന്ന്. അങ്ങനെ ആ ചുമതല ധൈര്യപൂർവ്വം അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു.
പ്രിയദർശൻ ആദ്യമായി തിരക്കഥ എഴുതിയ സിനിമ പടയോട്ടം തന്നെ ആകണം. അതിന് നിമിത്തമായത് മറ്റൊരു സംഭവം ആണ്.
തച്ചോളി അമ്പു, തീക്കടൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നിവയ്ക്ക് വേണ്ടി ഞാൻ അർപ്പിച്ച കലാപരവും സാങ്കേതികവും ആത്മാർത്ഥവും ആയ സഹകരണത്തിന് ഒരു പ്രതിഫലം എന്ന മട്ടിൽ എന്റെ സംവിധാനത്തിൻ കീഴിൽ ഒരു കൊമേഴ്‌സ്യൽ സിനിമ നിർമ്മിക്കണമെന്ന് നവോദയ പദ്ധതി ഇട്ടിരുന്നു.
ഒട്ടേറേ കഥകളും തിരക്കഥകളും വായിച്ച് ചർച്ച നടത്തിയെങ്കിലും അംഗീകരിക്കാവുന്ന ഒരു സബ്ജെക്ട് കണ്ടെത്താൻ കഴിഞ്ഞില്ല. ഞങ്ങളോടോത്ത് സഹകരിച്ചിരുന്ന എല്ലാവരും തന്നെ ഈ അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പ്രദർശന വിജയം കൊണ്ടാടുന്ന കാലഘട്ടവും.
ഞാനും ജിജോയും സിബി മലയിലും ഫാസിലും അമാനും കഥകൾ ചർച്ച ചെയ്ത് നവോദയായിലെ ഒരു മുറിയിൽ ഒരു ഞായറാഴ്ച സമ്മേളിക്കുകയാണ്. പെട്ടെന്ന് വാതിലിൽ നോക്ക് ചെയ്തിട്ട് മോഹൻലാൽ കയറിവന്നു. സാധാരണപോലെ കടും നീല പാൻറ്സും കടും നീല സലാക് ഷർട്ടും. പിന്നാലെ കണ്ണടവെച്ച കൃശഗാത്രനായ ഒരു യുവാവും ഉണ്ട്. വൈറ്റ് ആൻറ് വൈറ്റ് വേഷം ലാൽ പറഞ്ഞു ഇവൻ എന്റെ സ്നേഹിതൻ ആണ്. റേഡിയോ നിലയത്തതിൽ മാസത്തിൽ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്. പേര് പ്രിയദർശൻ. ഇവൻ നല്ലപോലെ കഥപറയും
അങ്ങനെ കുറെ നേരം കൊണ്ട് പ്രിയ ദർശൻ ഒട്ടേറേ കഥാകൾ പറഞ്ഞു. എല്ലാം തന്നെ ഇംഗ്ലീഷ് ഹിന്ദി തമിഴ് തെലുങ്ക് സിനിമകളുടെ കഥകൾ കെട്ടഴിച്ച് റീ എഡിറ്റ് ചെയ്തവ എങ്കിലും അവ തങ്ങളിൽ സമ്മേളിപ്പിക്കുന്നതിൽ ഒരു പ്രത്യേക വൈദഗ്ധ്യം പ്രകടമായിരുന്നു.
വൈകുന്നേരത്തെ ചായ കുടിക്കാനായി ഞങ്ങൾ ഒരുമിച്ച് എഴുന്നേറ്റപ്പോൾ എന്നോട് ജിജോ ചോദിച്ചു “പ്രിയദർശന്റെ കഥകളെ പറ്റി സ്റ്റാൻലി ആശാന് എന്ത് തോന്നുന്നു.”
ഞാൻ പറഞ്ഞു, “ഒന്നിൽ നിന്ന് മാത്രം എടുത്താൽ മോഷണം എന്നും പലതിൽ നിന്നും എടുക്കുമ്പോൾ ഗവേഷണം എന്നും ആണ് പറയുക” ഇത് കേട്ട് എല്ലാവരും ചിരിച്ച് ചെന്ന് ചായ കുടിച്ചു. അങ്ങനെ എനിക്ക് സംവിധാനം ചെയ്യാനായി പ്രിയദർശനിൽ നിന്നും ഉരുത്തിരിഞ്ഞ കഥയ്ക്ക് ‘തടി’ എന്ന് പേരിട്ടു. തടിവ്യവസായത്തിന്റെ കേന്ദ്രമായ കല്ലായിയിൽ ചിത്രീകരണവും തീരുമാനിച്ചു.
രണ്ട് നായകന്മാർ കമലഹാസനും ജയനും ഒരു ദോസ്തിനെ രക്ഷിക്കാൻ വേണ്ടി രണ്ടാമത്തെ ദോസ്ത് സ്വയം ബലി അർപ്പിക്കപ്പെടുന്ന ദാരുണ അന്ത്യം.
കമലഹാസന്റെ കോൾ ഷീറ്റ് വാങ്ങി തുടർന്ന് പ്രേംനസീറിന്റെ കോൾ ഷീറ്റ് വാങ്ങാൻ ചെന്നപ്പോൾ കഥയും കഥാപാത്രവും മനസിലാക്കിയ ശേഷം അദ്ദേഹം പറഞ്ഞു ഹരിഹരന്റെ ‘അങ്കൂരം’ എന്ന സിനിമയിൽ ഇതേ റോൾ ഞാൻ അഭിനയിക്കുകയാണല്ലോ, എന്ന്. അങ്ങനെ തടി എന്ന സിനിമ നടക്കാതെ പോയി. കമലഹാസന്റെ എഗ്രിമെന്റ് നടന്നിരുന്നതിനാൽ മറ്റൊരു കോൾഷീറ്റിൽ നവോദയായുടെ തന്നെ ചാണക്യൻ എന്ന സിനിമയിൽ അഭിനയിച്ചു.എന്തായാലും തടി എന്ന സിനിമ മുടങ്ങി എങ്കിലും പ്രിയദർശന്റെ കഥ മെനയാനുള്ള കഴിവിനെ പ്രയോജനപ്പെടുത്താൻ നവോദയ തീരുമാനിച്ചു. പ്രസാദ് 70 mm ലാബ് പണിയുമ്പോൾ ആദ്യത്തെ സിനിമ നവോദയായുടേത് ആയിരിക്കണമെന്ന ധാരണയിൽ എത്തിയതായി കേട്ടിട്ടുണ്ട്. അങ്ങനെ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ന ഇൻഗ്ലീഷ് നോവലിനെ അധീകരിച്ച് പ്രിയദർശനെ കൊണ്ട് പടയോട്ടത്തിന്റെ തിരക്കഥയും എഴുതിച്ചു.എന്നാൽ ഇതിന് വടക്കൻ ഛായ നൽകണമെങ്കിൽ അത് വശമുള്ള ഒരാളുടെ തിരുത്തലുകൾ ആവശ്യമാണ്. അതിനായി എൻ ഗോവിന്ദന്കുട്ടിയെ ഏൽപ്പിച്ചു. അദ്ദേഹം അതിസമർത്ഥമായി അത് നിർവഹിച്ചതോടൊപ്പം മറ്റൊന്നുകൂടെ ചെയ്യുകയുണ്ടായി.
ഗോവിന്ദൻകുട്ടി അഭനയിക്കുന്ന കഥാപാത്രം കുതിരപ്പുറത്ത് കയറി ഓടിച്ചുവരുന്ന ഏതാനും അവസരങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഗോവിന്ദൻകുട്ടിയ്ക്ക് കുതിരപ്പുറത്ത് കയറാൻ ഭയമായിരുന്നത് കൊണ്ട് കടിഞ്ഞാണിൽ പിടിച്ച് കുതിരയോടൊപ്പം നടന്നു വരുന്നതാക്കി എല്ലായിടത്തും തിരുത്തി എഴുതുകയും അപ്രകാരം ചിത്രീകരിക്കുകയും ചെയ്‌തെങ്കിലും അത് ഒരു പോരായ്മയായി സിനിമയെ ബാധിച്ചില്ല.
മാസത്തിൽ പതിനഞ്ചോ ഇരുപതോ ദിവസം വീതം എട്ടുമാസം തുടർച്ചയായി ചിത്രീകരണം നടത്തേണ്ടിവന്നത് മലയാളത്തെയും ഒരു പക്ഷെ ഇന്ത്യൻ സിനിമയെയും സംബന്ധിച്ച് അക്കാലത്തെ റിക്കോർഡ് ആയിരുന്നു.
എന്തിനും ഏതിനും പരമാവധി പൂർണ്ണത നേടുക എന്ന സംവിധായകൻ ജിജോയുടെ കർശനമായ ആഗ്രഹം ആ കലാസൃഷ്ടിയുടെ വിശ്വസനീയതയ്ക്ക് അൽപ്പം ഒന്നും അല്ല ഉപകരിച്ചത്. ഒരു സാധാരണ രംഗം പോലും കുറ്റമറ്റതാക്കാൻ വേണ്ടി എന്ത് കഠിന പ്രയത്നത്തിനും തയ്യാറായ ആത്മാർത്ഥത നിറഞ്ഞ ഒരു വലിയ ക്രൂവിനെയും ജിജോ ഒരുക്കി നിർത്തിയിരുന്നു.
ആയിരക്കണക്കിന് കുതിരകളുമായി കുതിരക്കാരും കാളവണ്ടികളും പടയാളി വേഷക്കാരും സ്ത്രീകളും കുട്ടികളും മെയ്ക്കപ്പ് ചെയ്ത് വേഷമിട്ട് മൃഷ്ടാന്നം ഭക്ഷണവും കഴിച്ച് ഒരുങ്ങി നിൽക്കുമ്പോൾ എന്തെങ്കിലും നിസ്സാരകാരണത്തിന്റെ പേരിൽ ഷൂട്ടിങ്ങ് മുടങ്ങി നേരിടുന്ന സമയനഷ്ടവും സാമ്പത്തിക നഷ്ടവും വേദനയോടെ തരണം ചെയ്യേണ്ടി വന്ന അവസരങ്ങൾ ഒട്ടേറെ വന്നിട്ടുണ്ട്.
അടിമച്ചങ്ങാടത്തിന്റെ ചിത്രീകരണത്തിനായി ബേപ്പൂരിലെ നടുക്കടലിൽ വെയിലത്തും മഴയത്തും രണ്ടാഴ്ചത്തെ തുടർച്ചയായ ഷൂട്ടിങ്ങ് എന്ന വെല്ലുവിളി ഞങ്ങൾ ധീരമായി തരണം ചെയ്തു.

പത്തേമാരിയിലെ ജോലിക്കാരൊഴികെ ഞങ്ങളെല്ലാവരും തന്നെ ആദ്യമായാണ് കടൽ യാത്ര ചെയ്യുന്നത്. ഒന്നാം ദിവസം നടുക്കടലിൽ ചെന്ന് അൽപ്പം കഴിഞ്ഞപ്പോൾ കടൽച്ചൊരുക്ക് ബാധിച്ച ആളുകൾ തുറന്നുകിടന്ന പത്തേമാരിയുടെ മുകൾത്തട്ടിൽ പൊള്ളുന്ന വെയിലത്ത് ബോധമറ്റ് വീണവരെ ഞാൻ എണ്ണി നോക്കി. മുപ്പത്തഞ്ച് പേരുണ്ടായിരുന്നു.
ഉത്തരവാദിത്വ ബോധം കൊണ്ടായിരിക്കാം പ്രധാന ടെക്‌നീഷ്യന്മാരായ ഞങ്ങൾക്കും നടീനടന്മാർക്കും കടൽ ചൊരുക്കിന്റെ അസ്വസ്ഥതകൾ സഹിക്കാവുന്നതിനപ്പുറമായി തോന്നിയില്ല.
ഒന്നൊന്നായി നാലഞ്ച് യുദ്ധരംഗങ്ങൾ ചിത്രീകരിച്ചപ്പോഴെല്ലാം വാളും കുന്തവും കൊണ്ട് മുറിവേറ്റവരെയും കുതിരയോട്ടത്തിൽ തെറിച്ച് വീണ് പരിക്കേറ്റവരെയും പീരങ്കി വെടിപൊട്ടി പൊള്ളലേറ്റവരെയും ഉടനുടൻ ആശുപത്രിയിൽ എത്തിക്കാനുള്ള വാഹനങ്ങൾ ഇപ്പോഴും ഒരുങ്ങി കിടന്നിരുന്നു. ഓരോ പ്രാവശ്യവും ആശുപത്രികൾ നിറയുകയും ചെയ്തു.
ഒരു തുടക്കക്കാരനായ പയ്യൻ എന്ന നിലയിലായിരുന്നു തച്ചോളി അമ്പുവിൽ ജിജോ എന്നോടൊപ്പം കൂടിയത്. സിനിമയുടെ പൂർണ്ണതയ്ക്കായി എന്ത് കഠിനാദ്ധ്വാനവും ചെയ്യാനുമുള്ള ജിജോയുടെ അർപ്പണ സ്വഭാവം മറ്റാരിലും ഞാൻ കണ്ടിട്ടില്ല.
ഓരോ ഷോട്ട് കഴിയുമ്പോഴും ഉണ്ടാകുന്ന സാങ്കേതികമായ സംശയങ്ങൾ ഒരു വിദ്യാർഥിയെപോലെ എന്നോട് ചോദിച്ച് പഠിച്ചിരുന്നു. ഷോട്ട് മാർക്ക് ചെയ്ത സീൻസ് ബഹുമാന പൂർവ്വം വാങ്ങി മുറിയിൽ കൊണ്ട്ചെന്ന് പഠിക്കുകയും പതിവായിരുന്നു.
യാത്ര ചെയ്യുമ്പോൾ പോലും ചിത്രീകരിക്കാനുള്ള മുഹൂർത്തങ്ങൾ മുൻകൂട്ടി ഭാവനയിൽ കണ്ട് ഉചിതമായ ഷോട്ടുകൾ എങ്ങനെയാണ് തീർച്ചപ്പെടുത്തുന്നതെന്നും ആക്ടിങ്ങ് മെറ്റീരിയൽ ഉള്ള കഥാഭാഗങ്ങൾ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടതെന്നും മറ്റുമുള്ള അതീവഗഹനമായ കാര്യങ്ങൾ മനസിലാക്കിയെടുക്കാൻ ജിജ്ഞാസു ആയിരുന്നു. തീക്കടലിലും മഞ്ഞിൽവിരിഞ്ഞ പൂക്കളിലും ഇത്തരം മുഹൂർത്തങ്ങൾ ഞാൻ കൈകാര്യം ചെയ്തിരുന്നത് ഉടനുടൻ അന്വേഷണ ത്വരതയോടെ മനസിലാക്കിയിരുന്നു. പടയോട്ടത്തിലെ ട്രോളിയും ക്രൈനും ആൾക്കൂട്ടവും എല്ലാമുള്ള വൈഡ് ഷോട്ടുകളിൽ അബദ്ധം പറ്റിയപ്പോഴെല്ലാം ഞാൻ ഇടപെട്ട് നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അന്ന് തിരക്കില്ലാതിരുന്ന നടനായിരുന്ന മോഹൻലാൽ ആണ് എന്തെങ്കിലും ചർച്ച ചെയ്യാൻ എന്റെ കൂടെ ഉണ്ടായിരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ വൻ വിജയം കാരണം മോഹൻലാൽ ശങ്കർ പൂർണ്ണിമ എന്നിവരെ പടയോട്ടത്തിന്റെ കഥയിൽ കൃത്രിമമായി കുത്തിചേടുക ആയിരുന്നു.

മിക്കവാറും വൈകുന്നേരങ്ങളിൽ എന്നോടൊത്ത് നടക്കാൻ വന്നിരുന്നത് മമ്മൂട്ടിയായിരുന്നു. മലമ്പുഴ ഡാം സൈറ്റിൽ ഏതെങ്കിലും കുടക്കീഴിൽ ചെന്നിരുന്ന് ചായയും ചൈനീസ് സ്‌നാക്‌സും ഞങ്ങൾ കഴിക്കും.
മേളയ്ക്ക് ശേഷമുള്ള രണ്ടാമത്തെ സിനിമയായ പടയോട്ടത്തിൽ മമ്മൂട്ടിയ്ക്ക് വില്ലൻ വേഷമായിരുന്നു. ആ റോളിന് ഉള്ള ആളെ ജിജോ തിരയുന്ന സമയത്ത് നവോദയ മാനേജർ ആയിരുന്ന എസ്എൽ പുരം ആനന്ദ് വിശ്വംഭരന്റെ സ്ഫോടനത്തിന്റെ സെറ്റിൽ വച്ച് പരിചയപ്പെട്ടതിന്റെ പേരിൽ മമ്മൂട്ടിയെ ജിജോയ്ക്ക് ഇൻട്രോഡ്യുസ് ചെയ്യുകയായിരുന്നു.
ഞങ്ങൾ ചായ കഴിച്ച് ഇറങ്ങുമ്പോൾ ഒരു വലിയ കാര്യം പോലെ മമ്മൂട്ടി പറഞ്ഞു “ആശാനേ മേള ഒന്നര ലക്ഷം കളക്റ്റ് ചെയ്‌തെന്നാണ് കേൾക്കുന്നത്”.
ആർക്കും തന്നെ അറിയില്ലാത്ത ഒരു കാര്യം പടയോട്ടത്തിൽ ലക്ഷ്മി അഭിനയിച്ച റോളിനായി മേക്കപ്പും വേഷവും നൽകി ആദ്യം ചിത്രീകരിച്ചത് ഹിന്ദി നടി വിദ്യാസിൻഹയെ ആയിരുന്നു. പക്ഷെ പടയോട്ടത്തിന്റെ സാംസ്കാരികഭാവവും വസ്ത്രവും ആഭരണവും മറ്റുമായി പൊരുത്തപ്പെടാൻ ആവില്ലെന്ന് മനസിലാക്കി അവർ പിന്മാറുകയായിരുന്നു.
അങ്ങനെയാണ് ലക്ഷ്മിയെ കാസ്റ്റ് ചെയ്തത്. അതേ ശരീരപ്രകൃതിയും ഉയരവും ഉള്ള ലക്ഷ്മി വന്നപ്പോൾ വസ്ത്രാഭരങ്ങൾ നൽകി ക്ളോസപ്പ് എടുത്തു. പറവൂർ ഭരതനും മീനയും മറ്റുമുള്ള ആ സീനിൽ ലോങ്ങ് ഷോട്ടിൽ മീനയോടൊപ്പം നിൽക്കുന്നത് വിദ്യാ സിംഹത്തന്നെയാണെന്ന് ആർക്കും അറിയില്ല.
ഒരു ഞായറാഴ്ച പതിനൊന്ന് മണിയോടെ ഫിലിം തീർന്നുപോയി. സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിൽ ചൊവ്വാഴ്ച തോറും നടക്കുന്ന മീറ്റിങ്ങിൽ അപേക്ഷ കൊടുത്താൽ ചോദിക്കുന്നതിന്റെ പകുതിയോ മൂന്നിലൊന്നോ മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ. അതും കൊണ്ട് ചെന്ന് ഫിലിം വാങ്ങി ലൊക്കേഷനിൽ എത്തിക്കുമ്പോൾ മൂന്നാല് ദിവസമാകും. മദ്രാസിൽ അറിയിച്ചിട്ട് ബ്ളാക്കിൽ ഫിലിം വാങ്ങി ഫ്‌ളൈറ്റിൽ കൊണ്ട് വന്നാൽ മലമ്പുഴയിൽ എത്തുമ്പോൾ രാത്രിയാകും.
അങ്ങനെ നവോദയ അപ്പച്ചനും കാമറാമാൻ രാമചന്ദ്രബാബുവും ഞാനും ചേർന്ന് ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിന്റെ ചിത്രീകരണം നടക്കുന്ന ലൊക്കേഷനിലേക്ക് പോയി. 1964 മുതൽ ശ്രീകുമാരൻ തമ്പി എൻറെ സുഹൃത്തായിരുന്നു. ലൊക്കേഷനിൽ ചെന്നപ്പോൾ ഉദയായിൽ ഉണ്ടായിരുന്നയാളും എന്റെ അമ്മയും മകളും സിനിമയുടെ ക്യാമറ മാനും ആയിരുന്ന രാമചന്ദ്രമേനോനാണ് ഗാനത്തിന്റെയും ഛായാഗ്രഹണം.
ഫിലിം എക്സ്ചേഞ്ച് ചെയ്യേണ്ടത് പ്രൊഡ്യൂസറും പ്രൊഡ്യൂസറും തമ്മിലാണ്. ഒരു റോൾ ഫുജി ഫിലിം വാങ്ങി. പടയോട്ടം ചിത്രീകരിച്ചിരുന്നത് ഈസ്റ്റ്മാനിലും. അങ്ങനെ പ്രേംനസീറും ജലജയും ഒരു വള്ളത്തിൽ ഇരുന്ന് സംഭാഷണം ചെയ്യുന്ന സീൻ മാത്രം ഫുജി ഫിലിമിൽ ചിത്രീകരിക്കേണ്ടി വന്നു.
കലാ സംവിധായകൻ എസ്. കോന്നനാട്ടിന്റെ എഞ്ചിനീയറിങ്ങ് സാമർഥ്യം എടുത്ത് പറഞ്ഞേ മതിയാകൂ. ഒരു മണൽത്തരിപോലും ഇല്ലാത്ത പരുക്കൻ പാറപ്പുറത്ത് നിർമ്മിച്ചിരിക്കുന്ന കൊട്ടാര സമുച്ചയം മുഴുവൻ തൂണുകൾ കുഴിച്ചിടാൻ കഴിയാതെ കുത്തനെ നിർത്തി കമ്പികൾ വലിച്ച് കെട്ടി കുറ്റിയടിച്ച് നിർത്തിയത് ഏത് കൊടുംകാറ്റിനേയും ചെറുത്ത് നിന്നിരുന്നു.
ആറേക്കാട്ട് ആമ്പാടി തമ്പാന്റെ ചലിക്കുന്ന കൊട്ടാരം ജലാശയത്തിൽ കൂടെ ഒഴുകി വരുന്നതിനായി ഇരുന്നൂറു ഡ്രമ്മുകൾ വെൽഡ് ചെയ്ത് അടച്ച് അവയുടെ മുകളിൽ ആണ് സെറ്റിട്ടിരിക്കുന്നത്. ഹെലികോപ്റ്ററിൽ കാമറ വെച്ച് മലയാളത്തിൽ ആദ്യമായി ചിത്രീകരിച്ച ദൃശ്യവും ഈ ചലിക്കുന്ന കൊട്ടാരത്തിന്റെത് തന്നെ.
ഹോളിവുഡിൽ നിന്ന് ഡിസൈൻ വരുത്തി ഏത് വഴിക്കും എങ്ങനെയും രണ്ട് ആൽക്കത്തീൻ ഹോസുകൾ സമാന്തരമായ് ഇട്ട് കൊടുത്താൽ അത് വഴി വളഞ്ഞോ പുളഞ്ഞോ എങ്ങോട്ടും ഓടിനടക്കാവുന്ന ക്രാബ് ട്രോളി പാതിരപ്പള്ളിയിലെ പപ്പുണ്ണിയുടെ വർക്ക്‌ഷോപ്പിൽ ജിജോ ചെയ്യിച്ചതാണ് ഓമനപ്പുഴ കടപ്പുറത്ത് ബാലൻ കെ നായരുടെ ടെന്റിൽ പ്രവേശിക്കുന്ന ദൃശ്യം കാഴ്ച വെച്ചത്.
ആലപ്പുഴ ബോട്ട് റൈസിന്റെ സ്റ്റാർട്ടിങ്ങ് പോയിന്റിൽ പീരങ്കി വള്ളങ്ങൾ തകർക്കുന്നതും ഒരു ചെറിയ കപ്പൽ അഗ്നിയ്ക്ക് ഇരയാക്കുന്നതും സ്റ്റണ്ടും വാൾപ്പയറ്റും എല്ലാം ചിത്രീകരിച്ചത് ഒറ്റ ടെക്‌നീഷ്യൻ പോലും വെള്ളത്തിൽ ഇറങ്ങാതെ കരയിൽ നിന്ന് കൊണ്ടാണ് എന്നത് പ്ലാനിങ്ങിന്റെ പ്രത്യേകത കൊണ്ട് മാത്രം സാധ്യമാക്കിയതാണ്. കംപ്യുട്ടറിന്റെ സഹായം വന്നിട്ടില്ലാത്ത അക്കാലത്ത് എന്തിനും എതിനും മാനുഷികമായ ശരീരപ്രയത്നം അത്യന്താപേക്ഷിതമായിരുന്നു.

ഇന്ന് വായനക്കാരെല്ലാം എഴുത്തുകാരും പുസ്തകപ്രകാശനം ചെയ്യുന്നവരുമായി മാറിയപ്പോൾ വായിക്കാൻ ആളില്ലാതെ ആയി.
അത് പോലെ പ്രേക്ഷകരെല്ലാം സിനിമാ നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും ആയി തീർന്നപ്പോൾ സിനിമാ കാണാനും ആളില്ലാതെ ആയി.
ഫ്രീ കാമറ എന്ന പേരിൽ എല്ലാവരും ഒരോ കാമറയും എടുത്ത് നാട്ടിൻ പുറത്തേക്ക് ഇറങ്ങിയ ഇത്തരം അനുഭവം ഫ്രാൻസിലും ഒരുകാലത്ത് ഉണ്ടായി. കാര്യമായി ആരും ഒന്നും നേടിയില്ല അതിന് ശേഷമാണ് നവോദ്ധാനം ഉണ്ടായത്. ഇവിടെയും ഇതിന് മാറ്റം വന്നാൽ മാത്രമേ ഭാഷയിലും സിനിമയിലും ക്ലാസിക്കുകൾ ഉണ്ടാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here