“വര്‍മയെ മാറ്റിയത് റാഫേലില്‍ കുരുങ്ങുമെന്ന് പേടിച്ച്” സിബിഐ ഡയറക്ടറെ മാറ്റിയതിനെതിരെ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയിലേയ്ക്ക്

0
51

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. സ്പഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. അസ്താനയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലോക് വര്‍മയെ നീക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും അഴിമതി കേസുകളില്‍ പ്രതിയായ രാകേഷ് അസ്താനയെ രക്ഷിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു. താനും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് ഫയല്‍ ചെയ്ത റാഫേല്‍ കരാര്‍ പരാതി വര്‍മ്മയുടെ പരിഗണനയിലാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

സിബിഐ ഡയറക്ടറെ നീക്കിയ നടപടി പൂര്‍ണമായും നിയമവിരുദ്ധമാണ്. ഞങ്ങള്‍ ഇത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും – പ്രശാന്ത് ഭൂഷണ്‍ ഇന്ത്യ ടുഡേ ചാനലിനോട് പറഞ്ഞു. സിബിഐ ഡയറക്ടര്‍ക്ക് ഒരു നിശ്ചിത കാലാവധിയുണ്ട്. ഡയറക്ടറെ നിയമിച്ച കമ്മിറ്റിക്ക് മാത്രമേ സ്ഥാനത്ത് നീക്കാന്‍ അധികാരമുള്ളൂ – അതും അച്ചടക്ക ലംഘനം കണ്ടെത്തിയാല്‍ മാത്രം. സിബിഐ ഡയറക്ടറുടെ പദവി, സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതിനായാണ് ഈ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അലോക് വര്‍മയെ നീക്കാന്‍ സിവിസിക്ക് (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍) അധികാരമില്ല. അസ്താന അഴിമതിക്കാരനാണ്. ഇപ്പോള്‍ ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ടിരിക്കുന്ന നാഗേശ്വര്‍ റാവുവും അഴിമതിക്കാരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here