‘ചെറിയ മനുഷ്യരും വലിയ ലോകവും’ (അരവിന്ദൻ)

0
57

‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ജി.അരവിന്ദന്‍റെ കാര്‍ട്ടൂണ്‍ പരമ്പര ഒന്നരപ്പതിറ്റാണ്ടുകാലം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൻ്റെ അവസാന താളിൽ, ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചു. ഈ പരമ്പരയില്‍ പ്രസ്തുതകാലത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളും ചിഹ്നങ്ങളും മുദ്രകളും വ്യതിരിക്തതകളും നന്മതിന്മകളുംആശയാദര്‍ശ ഗതികളും പ്രബല സാന്നിദ്ധ്യമായി പതിഞ്ഞിരുന്നു.

വെറും ‘കോമിക്സ് സ്‌ട്രിപ്പ്‌’ /’കാർട്ടൂൺ’ അല്ല; മലയാളത്തിലെ ആദ്യ ‘ഗ്രാഫിക് നോവൽ’ തന്നെ!

അരവിന്ദന്‍റെ സര്‍ഗമേഖലകള്‍ വൈവിധ്യമാർന്നതാണ്. പക്ഷെ, അദ്ദേഹത്തെഒരു ചലച്ചിത്രകാരനായേ ബഹുഭൂരിപക്ഷത്തിനും പരിചയമുള്ളൂ. എന്നാല്‍ അരവിന്ദന്‍റെ സര്‍ഗപ്രതിഭയുടെ ആശയസംവാദവൈവിദ്ധ്യം ഉള്‍ക്കൊള്ളുന്നത് ‘ചെറിയ മനുഷ്യരും വലിയ ലോകവു’മാണ്‌. ആശയസംവാദ സമ്പന്നത ആദ്യന്തം മുറ്റിനില്‍ക്കുന്ന ‘കൃതി’യാണ്‌ ചെറിയമനുഷ്യരും വലിയ ലോകവും. അദ്ദേഹത്തിന്‍റെ ധൈഷണികമായ ഉള്‍ക്കാഴ്ചകള്‍, നിലപാടുകള്‍, സാംസ്കാരികവിമര്‍ശന തന്‍റേടം എന്നിവയൊക്കെ പൂര്‍ണ്ണമായും ചിറകുവിടുര്‍ത്തുന്നതും ചര്‍ച്ചയ്ക്കെടുത്തതും കാര്‍ട്ടൂണിലാണ്‌.

“മലയാളത്തിലെന്നല്ല, ഇതര ഇന്ത്യന്‍ ഭാഷകളില്‍ തന്നെ അപൂര്‍വ്വമായ ഒരു രചനയാണ് ജി. അരവിന്ദന്‍റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’. അറുപതുകളിലും എഴുപതുകളിലുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി അരവിന്ദന്‍ വരച്ചുകൊണ്ടിരുന്ന ഈ പരമ്പര 1978 ലാണ്‌ ആദ്യമായി പുസ്തക രൂപത്തില്‍ പുറത്തുവരുന്നത്. തിരുവനന്തപുരത്തുള്ള ബീസ് ബുക്സ് പ്രസിദ്ധീകരിച്ച ഇതിന്‍റെ അവതാരികയില്‍ എം.വി. ദേവന്‍ ഈ കൃതിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്‌: “കുഞ്ചനും തോലനും ഈവിയും സഞ്ചയനും കേരളീയ പാരമ്പര്യത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. അത്രതന്നെ പ്രധാനമല്ലെങ്കിലും അഭ്യസ്തവിദ്യരായ കേരളീയര്‍ക്ക് തര്‍ബറും ഫെര്‍ഗാസും സ്റ്റെന്‍ബര്‍ഗും സ്റ്റീര്‍ലിയും രസികത്വത്തിന്‍റെ പുതിയ ഭൂമികകള്‍ വിരിയിച്ചവരത്രെ! ഇതില്‍ ആദ്യത്തെ പാരമ്പര്യം സാഹിത്യത്തിന്‍റെ വഴിയ്ക്കും രണ്ടാമത്തേത് ചിത്രങ്ങളിലൂടെയും പ്രകാശനം സാധിച്ചിരിക്കുന്നു. അരവിന്ദന്‍ ഈ രണ്ട് ധാരകളെ കൂട്ടിയിണക്കുന്നു എന്ന് പറയാം. അദ്ദേഹത്തിന്‍റെ ചെറിയ മനുഷ്യരും വലിയ ലോകവും ഈ അര്‍ത്ഥത്തില്‍ ഒരു ചിത്രകാവ്യമാകുന്നു”.

ഇത്തരം സ്ട്രിപ്പ് കാര്‍ട്ടൂണുകളില്‍ പൊതുവെ വ്യക്തമായ ഒരു കഥയോ കഥാപാത്രങ്ങള്‍ക്ക് അനുക്രമമായ വളര്‍ച്ചയോ വികാസമോ കാണാറില്ല. എന്നാല്‍ അരവിന്ദനാകട്ടെ രാമുവിനെ കേന്ദ്ര കഥാപാത്രമാക്കി, ഒരു കഥ വികസിപ്പിച്ചെടുക്കുകയും അതിന്‌ ആദിമദ്ധ്യാന്തപൊരുത്തം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഇതിലൂടെ ഒരു കാലഘട്ടത്തിന്‍റെ ഉള്‍ത്തുടിപ്പുകള്‍ വളരെ വിദഗ്ദ്ധമായി, ഒരു തരം ‘കാര്‍ട്ടൂണിക് ദൃഷ്ടി’യിലൂടെ നോക്കിക്കാണാന്‍ അരവിന്ദന്‍ കഴിഞ്ഞിട്ടുണ്ട് അങ്ങനെ ഒരു അരവിന്ദന്‍ സിനിമ പോലെ ഒതുക്കവും ആഴവും അര്‍ത്ഥ തലങ്ങളുമുള്ള ഒരു ഉല്‍കൃഷ്ട കലാസൃഷ്ടിയായി മാറിയിരിക്കുന്നു ‘ചെറിയ മനുഷ്യരും വലിയലോകവും’.

അരവിന്ദന്‍ ‘ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പംക്തി ‘മാതൃഭൂമി ആഴ്ചപ്പതിപ്പില് വരച്ചുതുടങ്ങിയത് 1961 ജനുവരി ഇരുപത്തിയാറിനായിരുന്നു. 1978-ല്‍ ബീസ് ബുക്സ് സമാഹരിച്ചതും 1996-ല്‍ ഡി.സി.ബുക്സ് സമാഹരിച്ചതും/പുനഃപ്രസിദ്ധീകരിച്ചതുമായ രണ്ട് പുസ്തകങ്ങളാണ്‌; അരവിന്ദന്‍ വരച്ചതില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.

‘ചെറിയ മനുഷ്യനും വലിയ ലോകവും’ പാരമ്പര്യ രീതിയിലുള്ള ഒരു കാര്‍ട്ടൂണ്‍ പംക്തിയല്ല. വരകളിലൂടെ രൂപം കൊണ്ട കാവ്യമെന്നോ ഒരു നോവലെന്നോ വിശേഷിപ്പിക്കാവുന്ന സൃഷ്ടി. നമ്മുടെ കാലഘട്ടത്തിലെ നെറികേടുകള്‍, പൊങ്ങച്ചങ്ങള്‍, അസത്യങ്ങള്‍, മൂല്യച്ചുതികള്‍ എല്ലാം ഈ പരമ്പരയിലെ ജീവിത സന്ധികളില്‍ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയവും സാഹിത്യവും സിനിമയും കലയും ആസ്വാദന നിലവാരവും പ്രകടനപരതയും എല്ലാം വിഷയങ്ങളായി. രാമുവിന്‍റെ ഇടത്തരം കുടുംബത്തിന്‍റെ വിഹ്വലതകളിലൂടെ പ്രതീക്ഷകളിലൂടെ ഒരു കാലഘട്ടത്തിന്‍റെയും സമൂഹത്തിന്‍റെയും സത്യസന്ധമായ ചിത്രങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു.

ഈ ‘ഗ്രാഫിക് നോവൽ’ / കാര്‍ട്ടൂണ്‍ പരമ്പര രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തില്‍ പ്രകടമാകുന്ന ഗുരുജിയും സ്വാമിയും അബുവും നാഗന്പിള്ളയും ഒക്കെ രാമുവിന്‍റെ ലോകത്തിലെ അവിസ്മരണീയരായ ചെറിയ മനുഷ്യരാണ്‌. അടര്‍ന്ന്‍ വീഴാറായി നില്‍ക്കുന്ന ഒരു കണ്ണീര്‍ത്തുള്ളി പോലുള്ള ആ അനിയത്തി രാധയെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മ്മിക്കുന്നു.

_______
Text Courtesy: Anoop M R

LEAVE A REPLY

Please enter your comment!
Please enter your name here