മതിലിനക്കരെ …………

0
179

ആ സ്ഥാപനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജോലിക്കാരനായിരുന്നു ഞാന്‍. പതിനേഴ്‌ വയസ്സ്. കോര്‍ട്ട് റോഡിലാണ് ആ സ്ഥാപനം സ്ഥിതിചെയ്യുന്നത്. മിഠായിത്തെരുവും രാധ തിയ്യറ്ററും റയില്‍വേ സ്റ്റേഷനും പ്രൈവറ്റ് ബസ്സ് സ്റ്റേഷനും ഇംപീരിയല്‍ ലോഡ്ജും വളരെയടുത്താണ്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ ഒന്‍പത് മുതല്‍ ആറു മണിവരെയാണ് ജോലി. ഞാറാഴ്ച ഒരു ദിവസംമാത്രം അവധി.
അവധി ദിവസങ്ങളില്‍ ഏതെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും അല്ലെങ്കില്‍ കോഴിക്കോടിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ കറങ്ങിനടക്കും. മഹാറാണി ഹോട്ടലും സെന്‍ട്രല്‍ ജയിലും ഊളംമ്പാറ ഭ്രാന്താശുപത്രിയും മാനാഞ്ചിറ മൈതാനവും നടക്കാവ് കോളേജും കടലും കല്ലായിപ്പുഴയും കണ്ടീട്ടുണ്ട്.
അതിരാവിലെ എണീറ്റ്‌ പ്രഭാതകര്‍മ്മങ്ങള്‍ക്ക്ശേഷം ചാമ്മുണ്ടേശ്വരി ഹോട്ടലിലേക്ക് നടക്കും. പൂപോലുള്ള ഇഡ്ഡലിയും സാമ്പാറും കഴിക്കാന്‍. അമ്പലക്കുളത്തിന്‍റെ അരികിലൂടെ നടക്കുമ്പോള്‍കാണാം വേശ്യകള്‍ നീരാടുന്നത്. എത്രപ്രാവശ്യം മുങ്ങി നിവര്‍ന്നാലാണ് അവര്‍ ചെയ്യുന്ന പാപങ്ങളില്‍നിന്നും മോക്ഷം ലഭിക്കുക. ഇംപീരിയല്‍ ലോഡ്ജിനടുത്തുള്ള ഓടിട്ട വീട്ടിലാണ്‌ ഞങ്ങള്‍ക്കായി ഞങ്ങള്‍ നടത്തുന്ന മെസ്സുള്ളത്. അവിടെനിന്നാണ് ഉച്ചയൂണ്. അത്താഴം മിക്കവാറും തമിഴ് ബ്രാമണര്‍ നടത്തുന്ന മദ്രാസ് കഫേയില്‍ നിന്നായിരിക്കും.
താമസിക്കുന്ന വീടിന്‍റെ പിന്‍ഭാഗത്തെ മതിലിനോട്ചേര്‍ന്ന് ഒരു രണ്ടുനില കെട്ടിടമുണ്ട്. അവിടെ കാണാന്‍ കൊള്ളാവുന്നൊരു പെണ്‍കുട്ടിയുണ്ട്. പതിനേഴോ പതിനെട്ടൊ വയസ്സ് പ്രായം തോന്നിക്കും. പഠിക്കാനെന്ന വ്യജേന അവളെപ്പോഴും രണ്ടാംനിലയില്‍ വന്നിരിക്കും. അവധി ദിവസങ്ങളില്‍ എന്‍റെ കൂടെ താമസിക്കുന്നവരെല്ലാവരും ആ മതിലിനരികില്‍കാണും അവളെ കാണുവാനും അവളോടൊന്ന് സംസാരിക്കാനും. മണിക്കൂറുകളോളം അവരങ്ങനെ സംസാരിച്ചുനില്‍ക്കും. അവരെന്താണ് ഇത്രയുംനേരം സംസാരിക്കുന്നതെന്നറിയില്ല.
ആ മതിലിനരികിലേക്ക് പോകുവാന്‍ എനിക്ക് ഭയമായിരുന്നു. പോയാല്‍തന്നെ ആ കുട്ടിയോട് എന്ത് സംസാരിക്കുമെന്ന് ഒരു നിച്ഛയവുമില്ലായിരുന്നു.
വീട്ടില്‍ ആരുമ്മില്ലാതിരുന്ന ഒരുദിവസം മതിലിനരികിലേക്ക് ഞാന്‍ ചെന്നു. ഒരു പുസ്തകം തുറന്നുപിടിച്ചുകൊണ്ട് അവള്‍ ഒരു കസേരയിലിരിപ്പുണ്ട്. ഭയത്താല്‍ എന്‍റെ ഉള്ളം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.
“പേരെന്താ? ഇതിനുമുമ്പ് കണ്ടീട്ടില്ലല്ലോ?”
ഒരുവിധം അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെങ്കിലും, എന്‍റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു. ഉള്ളിലെ ഭയവും ജാള്യതയും മറയ്ക്കാനായി അവള്‍ക്ക് നേരെ ചോദ്യശരങ്ങള്‍ തുരുതുരാ ഞാന്‍ തൊടുത്തുവിട്ടു.
“മഞ്ഞ് വായിച്ചീട്ടുണ്ടൊ? ഖസാക്കിന്‍റെ ഇതിഹാസം? മയ്യഴിപ്പുഴയുടെ തീരങ്ങളില്‍? ഒരു ദേശത്തിന്‍റെ കഥ? ഇനി ഞാനുറങ്ങട്ടെ? ബഷീറിനെ അറിയോ?”
എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ പുച്ഛഭാവത്തോടെ പുസ്തകവുമെടുത്ത് ഗോവണിപ്പടികളിറങ്ങി അവള്‍ താഴത്തെ നിലയിലേക്ക് ഇറങ്ങിപോയി.
എന്നില്‍നിന്നും ഇതൊന്നുമല്ലായിരിക്കും അവള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്.
പുള്ളി പാവാടയും ബ്ലൌസുമണിഞ്ഞ്‌ നെറ്റിയില്‍ ചന്ദനകുറിയും തൊട്ട് ഒരു ചെറുപുഞ്ചിരിയുമായ്‌ നടന്നുവരുന്നതുകാണാന്‍ എന്തൊരു ചന്തമാണെന്ന്, കേള്‍ക്കാനായിരിക്കും അവള്‍ കാതോര്‍ത്തത്. കാതില്‍ തൂങ്ങിയാടുന്ന ജിമിക്കി കമ്മല്‍ എത്ര പവന്‍റേതാണെന്ന ചോദ്യമായിരിക്കാം അവള്‍ പ്രതീക്ഷിച്ചത്. മുഖം ഇത്ര വെളുത്തു തുടുക്കാന്‍ സ്ഥിരമായി ഏത് ക്രീമാണ്‌ ഉപയോഗിക്കുന്നത്, എന്നതായിരിക്കും എന്‍റെ അടുത്ത ചോദ്യമെന്ന് അവള്‍ കരുതിക്കാണും. കാര്‍ക്കൂന്തല്‍ പനംകുലപോലെ തഴച്ചുവളരുവന്‍ ഏത് ഓയിലാണ് ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നത്, എന്ന ചോദ്യം കേള്‍ക്കാനായിരിക്കാം അവളുടെ ഹൃദയം തുടിച്ചത്. അവളുടെ സൗന്ദര്യത്തെ പാടിപ്പുകഴ്ത്തുന്ന വാക്കുകളായിരിക്കാം എന്നില്‍നിന്നും അവള്‍ പ്രതീക്ഷിച്ചിരിക്കുക. സഹവാസികള്‍ ചെയ്യ്തുകൊണ്ടിരിക്കുന്നതും അതായിരിക്കാം. അതുകൊണ്ടായിരിക്കാം അവരുടെ സംസാരം മണിക്കൂറുകളോളം നീണ്ടുനീണ്ട്പോകുന്നത്.
പെണ്ണുങ്ങളുടെ താല്‍പ്പര്യങ്ങളും അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും അവരുടെ മനസ്സിന്‍റെ ആഴവും പരപ്പും എനിക്കറിയില്ല. അവരുടെ സൈക്കോളജിയും ഇന്നും എനിക്ക് അന്യമായി നിലക്കൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here