സിനിമ മൌലികമാകണം – അഭിമുഖം: ലെനിന്‍ രാജേന്ദ്രന്‍

0
104

ചോ: അങ്ങ് മുപ്പതു മുപ്പത്തഞ്ചു വർഷങ്ങളായി സമാന്തര സിനിമയുടെ വക്താവായി സിനിമകളെടുത്തുകൊണ്ട് നിലനിൽക്കുന്നു. സ്വയം പുതുക്കുന്നുണ്ടോ?

ഉ: എന്‍റെ സിനിമകളില്‍ ഒരേ വിഷയം ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല. പുതിയ വിഷയങ്ങളോടൊപ്പം തന്നെ അതിന്‍റെ സാങ്കേതികവിദ്യകളും പുതിയതാകണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് ചലച്ചിത്രത്തിലെ കാഴ്ചകളാണെങ്കിലും, ശബ്ദമാണെങ്കിലും. ഇതിലൊക്കെത്തന്നെ ഏറ്റവും ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് ശ്രദ്ധിച്ചാലറിയാം, അതിപ്പോള്‍ മീനമാസത്തിലെ സൂര്യനോ, സ്വാതിതിരുനാളോ, അവസാനം വന്ന ഇടവപ്പാതിയോ ആയിക്കൊള്ളട്ടെ, ഒന്ന് മറ്റൊന്നില്‍ നിന്ന് തുലോം വ്യത്യാസപ്പെട്ടിരിക്കുന്നു.

ചോ: മലയാളത്തിന്റെ സമാന്തര സിനിമയുടെ അവസ്ഥയെന്താണെന്നാണു?
ഉ: സമാന്തര സിനിമ എന്ന പ്രയോഗം തന്നെ എത്രകണ്ട് ശരിയാണ് എന്നെനിക്ക് സന്ദേഹമുണ്ട്. സിനിമയെ അതിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ കാണുക, അതിനെ, അതിനകത്തുള്ള സാങ്കേതിക വിദ്യയെ വികസനോന്മുഖമായ ഒന്നാക്കി മാറ്റുക ഇതൊക്കെയാണ് സമാന്തര സിനിമ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍ പുതിയ ഒരാശയത്തിലേയ്ക്ക് കടക്കുമ്പോള്‍ അത് പഴയതിനെ തകര്‍ക്കാതിരിക്കലാവുക ഒപ്പം അത് മൌലികമാവുക – ഇതാണ് ഇത്തരത്തില്‍പ്പെട്ട സിനിമകളുടെ വക്താക്കള്‍ ചെയ്യേണ്ടത്. ആ വഴിക്കാണ് ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍റെ സിനിമകള്‍ മറ്റൊന്നിനെ തകര്‍ക്കുന്നതോ അതിലേയ്ക്ക് കടക്കുന്നതോ ആവാറില്ല. ഒരു സിനിമ ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യ മാത്രമേ അതിനായി ഞാന്‍ ഉപയോഗപ്പെടുത്താറുള്ളൂ. സാങ്കേതിക വിദ്യയുടെ മാസ്മരികതയ്ക്കു വേണ്ടി ഞാന്‍ ഒരിക്കലും സിനിമകളെ വീട്ടുവീഴ്ച ചെയ്യാറില്ല. അങ്ങനെയുള്ള അര്‍ത്ഥത്തില്‍, ഈ സിനിമകള്‍ തീര്‍ച്ചയായും നിലനില്‍ക്കുക തന്നെ ചെയ്യും. ഇപ്പോള്‍ കാണുന്ന തരത്തിലുള്ള ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് അതിന്‍റെതായ ഇടമുണ്ട്, ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ പലതും ആവര്‍ത്തനങ്ങളുടെ വഴിയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരാളുടെ രണ്ടാമത്തെ സിനിമയെപ്പറ്റി നമുക്ക് യാതോരറിവുമില്ല. അപൂര്‍വ്വം ചില സംവിധായകര്‍ മാത്രമാണ് അതില്‍ നിന്നും വ്യത്യസ്തര്‍ ആവുന്നത്. അവര്‍ പോലും രണ്ടോ മൂന്നോ സിനിമകള്‍ കഴിയുമ്പോഴേയ്ക്കും അരങ്ങ് ഒഴിയുന്നവരോ ആയുധം നഷ്ടപ്പെട്ടവരോ ആയി മാറുകയാണ്. സാഹിത്യത്തിനോടോ മറ്റു കലാരൂപങ്ങളോടോ വലിയ ബന്ധമില്ലായ്മയാണ് അതിനു പ്രധാന കാരണം.

ചോ: അല്പനാൾ മുൻപ് വരെ നാം പറഞ്ഞുകൊണ്ടിരുന്ന മലയാളസിനിമയിലെ ന്യൂ ജെനറേഷൻ വേവിനെ എങ്ങനെ കാണുന്നു?

ഉ: നേരത്തെ പറഞ്ഞല്ലോ, എനിക്ക് അത്തരം സിനിമകളോട് യാതൊരു വിധ എതിര്‍പ്പും ഇല്ല. ആ പരീക്ഷണങ്ങളില്‍ നിന്ന് കുറെയേറെ നല്ല സിനിമക ള്‍ ഉണ്ടാകുന്നുണ്ട്.

ചോ: ബാഹുബലി പോലെയുള്ള തീം പാർക്ക് സിനിമകൾ കാണികളുടെ കാഴ്ചാശീലങ്ങളെ വലിയ രീതിയിൽ മാറ്റിമറിക്കുന്നില്ലേ? അതേക്കുറിച്ചു താങ്കളുടെ അഭിപ്രായം എന്താണ്

ഉ: കാഴ്ചയില്‍ അത് ഒരുപാട് മാറ്റം ഉണ്ടാക്കുന്നുണ്ട്. മുന്പ് നമ്മുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന സിനിമകളെ ആയിരുന്നു നമുക്കിഷ്ടം. എന്നാല്‍ ഇന്ന്, നമ്മുടെ തൊലിപ്പുറത്ത് സ്പര്‍ശിച്ചു പോകുന്ന സിനിമകളെയാണ് ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അത് മൊത്തം നമ്മുടെ ജീവിതത്തില്‍ വന്നിട്ടുള്ള മാറ്റം കൂടെയാണ്. സാഹിത്യത്തിലും സംഗീതത്തിലും അതുണ്ട്. ചിത്രകലയില്‍ അത് അത്രകണ്ട് പ്രകടമല്ല. മറ്റു പല കലാ രൂപങ്ങളിലും അത് പ്രകടമാണ്.ഹോളിവുഡില്‍ നിന്ന് കടമെടുത്ത കാഴ്ചകള്‍ പലതും നമ്മള്‍ കണ്ടുകൊണ്ടിരുന്നവരാണ്. ഹോളിവുഡ് ഇപ്പോഴും അതു തന്നെയാണ് തുടര്ന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ അനുകരിക്കാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത്. ശരിയായ ഒരു കാഴ്ച്ചാസംസ്കാരമല്ല ഇവയുണ്ടാക്കുന്നത്. അവയിലെ പൊള്ളത്തരങ്ങള്‍ വളരെ പെട്ടെന്ന് നമുക്ക് തിരിച്ചറിയാം. ബാഹുബലിയിലെ ഒക്കെ effort വളരെ വലുതാണ്‌. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇത്തരം സിനിമകളുടെ ആവര്‍ത്തനങ്ങള്‍,
അവയുടെ അനുകരണങ്ങള്‍ ഒന്നും നല്ലതല്ല. ഇപ്പോള്‍ പുറത്തുവരാന്‍ പോകുന്ന രണ്ടാമൂഴവും അങ്ങനെയാകുമോ എന്ന ഭയമുണ്ട്.

ചോ: ബാഹുബലി മനപ്പൂർവ്വം പ്രദർശിപ്പിക്കാതിരുന്ന തീയേറ്ററുകളുണ്ട് കേരളത്തിൽ. നല്ല സിനിമകളെയും ഫിലിം സൊസൈറ്റികളെയും പിന്തുണയ്ക്കുന്ന രീതിയിൽ, നല്ല സിനിമകൾക്ക് ചിലവ് കുറഞ്ഞ പ്രദർശനത്തിനു സഹായിക്കുന്ന രീതിയിൽ ഒരു തിയേറ്റർ സംസ്കാരം രൂപപ്പെടുത്തുന്നതിനു പര്യാപ്തമായ നടപടികൾ കെ എസ് എഫ് ഡി സി എടുക്കുന്നുണ്ടോ?

ഉ: സർക്കാർ തീയറ്ററുകൾക്കൊക്കെ വലിയ വാടകയാണ് , അപ്പോൾ അത് പലപ്പോഴും ഫിലിം സൊസൈറ്റികൾക്കും, ചെറിയ സിനിമ നിർമ്മാതാക്കൾക്കും ഒക്കെ അഫോർഡബ്ൾ അല്ലാതെ വരുന്നു. പണ്ട് 20-25 കോടി രൂപയ്ക്ക്
തയ്യാറാകുമായിരുന്ന ഒരു സിനിമ ഇന്ന് ആയിരം കോടി രൂപയുടെ ബജറ്റില്‍ ആണ്
തയ്യാറാവുന്നത് (രണ്ടാമൂഴം). അങ്ങനെ വരുമ്പോള്‍, രണ്ടാമൂഴത്തിന്റെ വായനയില്‍ നിന്ന് നമ്മള്‍
അനുഭവിച്ചറിഞ്ഞ ഒന്ന് ഈ സിനിമയിലൂടെ കിട്ടാന്‍ സാധ്യതയില്ല എന്നാണ് എന്‍റെ
അഭിപ്രായം. മഹാഭാരതത്തെക്കുറിച്ചുള്ള വേറെ ഒരു കാഴ്ച്ച അത് നമുക്ക് സമ്മാനിക്കും എന്നതിനപ്പുറം നമ്മുടെ ചിന്തകളെ അത് എത്രകണ്ട് മാറ്റിമറിക്കും എന്നത്
ചിന്തിക്കേണ്ടിയിരിക്കുന്നു. അത് കണ്ടുതന്നെ അറിയേണ്ട ഒന്നാണ്. സാധ്യത കുറവാണ് എന്നുതന്നെ പറയാം. KSFDC യെ സംബന്ധിച്ചിടത്തോളം നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയല്ലാതെ പെട്ടെന്ന് ഒന്നും തന്നെ ksfdc-theatresചെയ്യാനാവുമെന്ന് തോന്നുന്നില്ല.എന്നാല്‍ ഒരുപാട് പദ്ധതികള്‍ ഉടന്‍ വരുന്നുമുണ്ട് .എല്ലാ സ്ഥലങ്ങളിലും രണ്ടോ മൂന്നോ സ്ക്രീനുകള്‍ എന്ന സങ്കല്‍പ്പത്തിലാണ് KSFDC മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വരുന്ന ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യപ്പെടണം എന്ന വിശ്വാസത്തില്‍ 57 തിയ്യേറ്ററുകളുടെ
ഒരു പരിപാടിയുമായാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്; കേരളമൊട്ടാകെ. ഈ രണ്ടുതരം തിയ്യേറ്ററുകളില്‍ ഒന്ന്, ഇത്തരം ചിലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ പ്രദര്‍ശനത്തിന് പ്രത്യേകമായി രൂപകല്‍പന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ചോ: ചിത്രലേഖ പോലെയുള്ള സിനിമാനിർമ്മാണ സഹകരണസംഘം പോലെയോ മറ്റോ ഒരു സംഘം സംവിധായകരെ ഒരുമിപ്പിച്ചുകൊണ്ടുള്ള എന്തോ ഒരാശയം അങ്ങേക്കുണ്ടെന്നു മനസ്സിലാക്കുന്നു , അതെന്താണ് , അതൊന്നു വിശദീകരിക്കാമോ

ഉ: ചിത്രലേഖ പോലെയുള്ള ഒന്ന് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല. മാത്രമല്ല അവരുടെ മാത്രം സിനിമകള്‍ക്കുള്ള ഫിനാന്‍സിങ്ങിലൂടെയാണ് അത് നടന്നുപോന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ രണ്ടു സിനിമകള്‍ മാത്രമാണ് അവര്‍
ചെയ്തത്. സ്വയംവരവും കൊടിയേറ്റവും.തുടര്‍ന്ന് സാമ്പത്തികഭദ്രതയില്ലായ്മകൊണ്ട് അത് അടച്ചുപൂട്ടേണ്ടി വന്നു. സര്‍ക്കാരിന്‍റെ ഫൈനാന്‍സിംഗ് എന്നൊക്കെ പറയുമ്പോള്‍ അതിനതിന്റേതായ കുറെയേറെ ബുദ്ധിമുട്ടുകളും കടമ്പകളും ഉണ്ട്. ഏത് സിനിമയ്ക്കാണ്
ഫൈനാന്‍സ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന്‍റെ മുന്‍പില്‍ പലപ്പോഴും സര്‍ക്കാര്‍ വല്ലാതെ കുഴഞ്ഞുപോകും. കൂടാതെ നല്ല ഒരു തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരും. മാത്രമല്ല, അത് തിരിച്ചുകിട്ടുക എന്നത് ഒരു ടാസ്ക് ആണ്. സമാന്തര സിനിമകള്‍ക്ക്‌ ഇടം നിഷേധിക്കപ്പെടുക എന്നത് ചിലപ്പോള്‍ സംഭവിക്കുന്നുണ്ട്
എന്ന് സമ്മതിക്കാതെ വയ്യ, പക്ഷെ ആ പ്രവണത ലോകമാകമാനം ഉണ്ട്. അതിനെ എങ്ങിനെ മറികടക്കാനാവും എന്നത് കാര്യമായ ഒരു പഠനം അര്‍ഹിക്കുന്ന ഒന്നാണ്. ഞങ്ങള്‍ അഞ്ചോളം സിനിമകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.അത് ആരുടെ കൈകളിലൂടെയൊക്കെയായിരിക്കണം, മാനദണ്ഡങ്ങള്‍ എന്തായിരിക്കണം, ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ അതില്‍ കുറെയേറെ പ്രശ്നങ്ങളുണ്ട്. അര്‍ഹതയെ സംബന്ധിച്ചുള്ളതാണ് ഒരു പ്രധാന പ്രശ്നം. എന്താണ് സിനിമയ്ക്കായി ചുമതലപ്പെടുത്തുന്ന ആളുടെ കയ്യില്‍ ഉള്ള കരുക്കള്‍ എന്നറിയണം. സ്ക്രിപ്റ്റ് കൃത്യമായി പരിശോധിക്കുക, ബാക്കിയുള്ള കാര്യങ്ങള്‍ – ഫണ്ട് തിരികെ പിടിക്കുന്നത്‌ ഉള്‍പ്പടെ – എല്ലാം കൃത്യമായി വിശകലനം ചെയ്യണം.അല്ലെങ്കിൽ എൻ.എഫ്.ഡി.സി യ്ക്കു സംഭവിച്ചതിന്റെ ആവർത്തനമായി മാറും. അവർ ഇപ്പോൾ സിനിമകൾ എടുക്കുന്നില്ല. എടുത്ത സിനിമകളിൽ ഇരുപത്തഞ്ചു ശതമാനം പോലും സ്ക്രീൻ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ആ രീതിയിലേയ്ക്ക് നമ്മളും വീണു പോയിട്ട് കാര്യമില്ല.

ചോ: ഫിലിം ഫിനാന്‍സിംഗിനെക്കുറിച്ച് ആലോചനയുണ്ടോ?

ഉ: അങ്ങനെ ഒരു ആലോചന തല്‍ക്കാലം ഇല്ല. നേരത്തെ പറഞ്ഞല്ലോ സര്‍ക്കാരിന്‍റെ ഫൈനാന്‍സിംഗ് എന്നൊക്കെ പറയുമ്പോള്‍ അതിനതിന്റേതായ കുറെയേറെ ബുദ്ധിമുട്ടുകളും കടമ്പകളും ഉണ്ട്.അവ മറികടക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണം

ചോ: ഇടങ്ങൾ നഷ്ടമാകുന്നവരെക്കുറിച്ചാണു അവസാനസിനിമ – ഇടവപ്പാതി. അതേക്കുറിച്ച്

ഉ: ടിബറ്റുകാർ ആ രാജ്യത്തുനിന്നൊളിച്ചോടി ഇന്ത്യയിലെത്തിച്ചേരുന്നു. ഇന്ത്യ അവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. അതിന് പ്രധാന കാരണം ഇന്ത്യയ്ക്ക് ചൈനയുമായുണ്ടായിരുന്ന പ്രശ്നങ്ങളാണ്. പക്ഷേ ലോക രാഷ്ട്രങ്ങൾ ടിബറ്റ് ചൈനയുടെ ഭാഗമായി അംഗീകരിച്ചു. ഇന്ത്യയ്ക്കും അത് അംഗീകരിക്കാതിരിക്കാനായില്ല. അത്തരത്തിൽ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്യപ്പെട്ടവരെ പാർപ്പിച്ചത് ധർമ്മശാലയിലും, പതിനായിരം ഏക്കർ ഭൂമി നല്കിക്കൊണ്ട് കർണാടകയിലുമാണ്. അങ്ങനെ 40 വർഷമായി ഇവിടെ കഴിയുന്ന അവർ ഇന്ത്യയുടേയോ ടിബറ്റിന്റേയോ bg6പൗരൻമാരല്ല. ജോലി കൊടുക്കുന്നതും വലിയ പ്രശ്നമാണ്. ഇത്തരത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടതിന്റെ സങ്കടം അവർക്കുണ്ട്. ഇപ്പോഴുള്ളവരെല്ലാം ഇന്ത്യയിൽ തന്നെ ജനിച്ചവരാണ്. അവരുടെ സ്വപ്നത്തിലെ രാജ്യം എന്നു പറയുന്നത് ടിബറ്റും ലാസയും തന്നെയാണ്.ഈ സ്വപ്നവും പേറി നടക്കുന്നവരുടെ വേദനകളുടെ കഥയാണ് ഇടവപ്പാതി പറയുന്നത്. രാജ്യമില്ലാതെ ജീവിക്കാൻ വിധിക്കപ്പെടുന്ന ലോകത്തെ ഏതു മനുഷ്യന്റെയും കഥ ഇതു തന്നെയാണ്. അഭയാർത്ഥികൾ എവിടെല്ലാമുണ്ടോ അവരുടെ കഥ ഒന്നു തന്നെ. ഇവർക്ക് മലയാളികളോടും കർണ്ണാടകക്കാരോടും അടുപ്പമുണ്ടെങ്കിലും അതിന് പരിധികൾ ഉണ്ട്. ഒരു പെൺകുട്ടിയെ പ്രേമിച്ചാൽ അവർക്ക് ഒളിച്ചോടാൻ പോലും ഇടമില്ല എന്നതാണ് വ്യസനിപ്പിക്കുന്ന യാഥാർത്ഥ്യം

ചോ: ഇതിപ്പോൾ കമ്മ്യൂണിസ്റ്റ് ചിത്രങ്ങളുടെ സീസണാണു.മെക്സിക്കൻ അപാരത , സഘാവ് , സി ഐ എ മുതലായവ . മലയാളത്തിൽ ഇറങ്ങിയ, കമ്മ്യുണിസം പ്രേമേയമായ ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് മീനമാസത്തിലെ സൂര്യൻ , അതിനെക്കുറിച്ചു

ഉ: തൂക്കിലേറ്റപ്പെട്ട നാലു ചെറുപ്പക്കാരുടെ കഥയായിരുന്നു അത്. അത്തരത്തിൽ നമ്മൾ കണ്ടെത്തുന്ന കഥ എന്ന തരത്തിലാണ് സഖാവ് ഉൾപ്പടെയുള്ള സിനിമകൾ. മീനമാസത്തിലെ സൂര്യന്റെ കാലഘട്ടം, പ്ളോട്ട് ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. സഖാവ് എന്ന സിനിമ രണ്ടു കാലഘട്ടങ്ങളുടെ താരതമ്യം നടത്തിയിരിക്കുന്നു .

ചോ: അങ്ങയുടെ സിനിമകളിൽ ഗാനങ്ങൾക്കുള്ള പ്രാധാന്യം , വളരെ നല്ല സിനിമ ഗാനങ്ങൾ മലയാളത്തിന് നല്കിയിട്ടുള്ളവയാണ് അങ്ങയുടെ സിനിമകൾ , അതിനെക്കുറിച്ചു

ഉ: പാട്ടുകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ളത് തന്നെയാണ് സ്വാതിതിരുനാള്‍. ആ ടൈറ്റില്‍ തന്നെ സംഗീതത്തെയാണല്ലോ സൂചിപ്പിക്കുന്നത്.അനവസരത്തില്‍ എന്റെ സിനിമകളില്‍ ഉണ്ടാകുന്ന ഒന്നായി സംഗീതം ഒരിക്കലും കടന്നു വരുന്നില്ല

ചോ: ഫാസിസ്റ്റ് കാലത്തെസിനിമാപ്രവർത്തനം. തീവ്ര ഹിന്ദു വലതുപക്ഷ സെന്സര്ഷിപ് , അതുണ്ടാക്കുന്ന പ്രശ്ങ്ങൾ,സംഘപരിവാറിന്റെ സ്മസ്കാരിക ഇടപെടൽ….

ഉ: ഏത് മേഖലയേയും പോലെയുള്ള ഒന്നുതന്നെയാണ് സിനിമാമേഖലയും. സിനിമയ്ക്ക് നല്ലതല്ലാത്ത രീതിയില്‍ ഒരുപാട് സംഘടനകളും അതിന്‍റെ ധാര്‍ഷ്ട്യവും ഉണ്ട്. സംഘടനാവഴക്കുകളില്‍ ആത്യന്തികമായി ഒരു സംഘടന ശക്തിപ്രാപിക്കുന്നു.എന്നല്ലാതെ സിനിമയ്ക്ക് അത് ഗുണം ചെയ്യുന്നില്ല. നാട് വല്ലാതെ രാഷ്ട്രീയത്തിന് അടിമപ്പെട്ടുപോയിരിക്കുന്നു. ഇപ്പോള്‍ കാണുന്ന
ശാന്തതയാവില്ല – അതും ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു – ഇനി ഒരു പത്ത് വര്‍ഷം കഴിഞ്ഞാല്‍. സുഗമമായ സിനിമാ പ്രവര്‍ത്തനത്തിന് ഫാസിസ്റ്റ് ശക്തികളെ എതിര്‍ത്ത് നില്‍ക്കേണ്ടതുണ്ട്. ഇടതുപക്ഷം ദുര്ബ്ബലമാകുന്ന അവസ്ഥയാണുള്ളത്. അവര്‍ക്കു പോലും ലക്ഷ്യങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് ആലോചിക്കണം. ഇടതുപക്ഷ കൂട്ടായ്മയിലൂടെയാണ് ഈ നാട് നിലനില്‍ക്കേണ്ടത്. പ്രതിലോമശക്തികളെ എതിര്‍ക്കുക തന്നെ വേണം.

( കടപ്പാട് – നവമലയാളി.കോം )

LEAVE A REPLY

Please enter your comment!
Please enter your name here