അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ പ്രകാശനം ചെയ്തു

0
70

2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ എന്ന കൃതി ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശിപ്പിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി സാഹിത്യകാരി സോണിയ റഫീഖിനു നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്റലക്ച്വല്‍ ഹാളില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു പുസ്തകപ്രകാശനം.

പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കി അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന ആദ്യ നോവല്‍ എന്ന സവിശേഷതയും യാ ഇലാഹി ടൈംസിനുണ്ട്.

മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പതിവായി കഥകളെഴുതുന്ന അനില്‍ ദേവസ്സിയുടെ ‘ഗൂഗിള്‍ മേരി’ എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2018-ലെ കൃതി സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള കാരൂര്‍ നീലകണ്ഠപിള്ള സ്മാരക കഥാപുരസ്‌കാരവും നന്മ സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരവും കലാകൗമുദി കഥാപുരസ്‌കാരവും ‘ഗൂഗിള്‍ മേരി’യ്ക്ക് ലഭിച്ചിട്ടുണ്ട്.

എഴുത്തുകാരുടെ കൂട്ടായ്മയായ ‘അക്ഷരക്കൂട്ടം’ ആണ് മേളയോടനുബന്ധിച്ച് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്. അക്ഷരക്കൂട്ടം പ്രതിനിധികളായ ഉണ്ണി കുലുക്കല്ലൂര്‍, വനിത വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനില്‍ ദേവസ്സിയുടെ സുഹൃത്തുക്കളടങ്ങിയ ‘നെസ്റ്റ് ഹൗസി’ന്റെ മെമന്റൊ സിസ്റ്റര്‍ ജസ്മി അനില്‍ ദേവസ്സിക്ക് സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here