ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ച ശ്രീകുമാരൻ തമ്പിക്ക് അഭിനന്ദനങ്ങൾ

0
49

സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ച ആദ്യകാല യുവസുഹൃത്തുക്കൾ ശ്രീകുമാരൻ തമ്പിയും കെപിഎസി സണ്ണിയും ആയിരുന്നു. മെരിലാൻഡ് സ്റ്റുഡിയോ ഉടമയും സംവിധായകനും ആയ സുബ്രഹ്മണ്യത്തെ കണ്ട് അവസരം ചോദിക്കാനാണ് രണ്ട് പേരും അദ്ദേഹത്തിന്റെ വസതിയോട് ചേർന്ന ന്യു തീയേറ്ററിന് മുന്നിൽ വന്നിരുന്നത്.സുബ്രഹ്മണ്യത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന എന്റെ താമസം അദ്ദേഹത്തിന്റെ വീടിന് തൊട്ടുമുന്നിലും. അതിനാൽ ഞാനുമായുള്ള പരിചയം പ്രയോജനപ്പെടുത്തി എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെക്കാണാൻ അവസരങ്ങൾ ഒരുക്കാൻ കഴിഞ്ഞിരുന്നു.തന്റെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം കഴിഞ്ഞാണെന്ന് തോന്നുന്നു തമ്പി രചിച്ച കവിതാസമാഹാരഗ്രന്ഥവുമായി സുബ്രഹ്മണ്യത്തെ കാണാൻ വന്നത്. വയലാറും ഒഎൻവിയും തിരുനായനാർ കുറിച്ചിയും തിളങ്ങിനിന്നിരുന്ന ആ കാലത്ത് ശ്രീകുമാരൻ തമ്പിക്ക് പാട്ടെഴുതാൻ അവസരം നൽകിയത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം മനസിലാക്കിയിട്ട് തന്നെ ആകണം.സുബ്രഹ്മണ്യത്തിന്റെ മാതൃഭാഷ തമിഴ് ആയിരുന്നെങ്കിലും മലയാള സംഭാഷണങ്ങളുടെ മോഡുലേഷൻ അന്നത്തെ പ്രസിദ്ധരായ നടീനടന്മാർക്ക് കൂടിയും തിരുത്തി കൊടുക്കാൻ കഴിഞ്ഞത് തന്റെ ഭാഷാപാണ്ഡിത്യം കൊണ്ട് തന്നെ ആയിരുന്നു. അതുകൊണ്ടാകണം തമ്പിയുടെ കവിത്വത്തിന്റെ ആഴം ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞത്.

സംഭാഷണ പ്രിയനായിരുന്നു ശ്രീകുമാരൻ തമ്പി. ഞാനും തമ്പിയും സണ്ണിയും ഒരുമിച്ച് തിരുവനന്തപുരം സിറ്റിയിൽ വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോൾ ആലപ്പുഴക്കാരായ എന്റെ സതീർഥ്യർ താമസിച്ചിരുന്ന ലോഡ്ജുകളിലും സന്ദർശിച്ചിരുന്നു. സരസമായി സംഭാഷണം നടത്തിയിരുന്ന ശ്രീകുമാരൻ തമ്പിയെ സ്വീകരിച്ചിരുത്താൻ അവർക്കെല്ലാം അതിരറ്റ സന്തോഷം ആയിരുന്നു.


( ആലപ്പുഴയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ കൈരളി ശ്രീ തീയേറ്ററുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാള സിനിമയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ആദ്യകാല സിനിമാ പ്രവർത്തകരെ ആദരിച്ച ചടങ്ങിൽ അന്നത്തെ പ്രതിപക്ഷ നേതാവ് സ. വി എസ് അച്ചുതാനന്ദൻ ഐവി ശശി ശ്രീകുമാരൻതമ്പി എന്നിവരോടൊപ്പം ഞാനും ഭാര്യ കനകം സ്റ്റെല്ലയും.)

ആ നാളുകളിൽ ‘കാക്കത്തമ്പുരാട്ടി’ എന്ന ഒരു തിരക്കഥ എഴുതി ആലുവയിൽ ഉള്ള ഏതോ ഒരു നിർമ്മാതാവിനെ കാണിച്ചതായി പറഞ്ഞെന്നാണ് എന്റെ ഓർമ്മ. എന്തായാലും ഗാനരചന, സംഗീത സംവിധാനം, തിരക്കഥാ രചന, സംവിധാനം, നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തവും പ്രാധാന്യവും അർഹിക്കുന്ന മേഖലകളിൽ ഒരേ സമയം പ്രവർത്തിക്കാനും അംഗീകാരം നേടാനും ബഹുമുഖ പ്രതിഭ ആയ ഒരാൾക്ക് മാത്രമേ സാധ്യമാകൂ. ഇതെല്ലാം ചേർന്ന ഒരു മഹാവ്യക്തിത്വം തന്നെ ആയിരുന്നു എന്റെ സ്നേഹിതൻ സ്വീകുമാരൻ തമ്പി എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. അദ്ദേഹം ഹരിപ്പാട് കൊട്ടാരത്തിലേക്ക് പോകുമ്പോൾ കത്തുകൾ മുഖേനയാണ് ഞങ്ങൾ സൗഹൃദം പുലർത്തിയിരുന്നത്. ശ്രീ സുബ്രഹ്മണ്യം സന്തോഷിച്ചിരിക്കുമ്പോൾ ഏത് കാര്യവും നേടിയെടുക്കാം എന്ന അദ്ദേഹത്തിന്റെ മനോദൗര്ബല്യം ഞങ്ങളെല്ലാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.ഒരിക്കൽ എന്നോട് യാത്ര പറഞ്ഞ് തമ്പി ഹരിപ്പാടിന് പോയ ശേഷമാണ് സുബ്രഹ്മണ്യത്തിന്റെ മൂന്ന് വയസ്സുള്ള പേരക്കുട്ടിയുടെ ജന്മദിനാഘോഷം അടുത്ത ദിവസങ്ങളിൽ ആർഭാടമായി നടത്തുമെന്ന കാര്യം ഞാൻ അറിഞ്ഞത്. ഉടനെ ഞാൻ തമ്പിയ്ക്ക് കത്തിട്ടു. പിറന്നാൾ ആഘോഷത്തിന്റെ അന്ന് സുബ്രഹ്മണ്യത്തെ വന്ന് കണ്ടാൽ ആഗ്രഹസിദ്ധിയ്ക്ക് സാധ്യത ഉണ്ടാകുമെന്നായിരുന്നു എന്റെ കത്തിന്റെ സാരം.

ആ കത്ത് കിട്ടിയോ – അതിൻപ്രകാരം അദ്ദേഹത്തെ ചെന്ന് കാണുകയുണ്ടായോ- എന്നൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. കാട്ടുമല്ലികയുടെ ഷൂട്ടിങ്ങിനായി ഞാൻ ചെന്നപ്പോൾ ഏകദേശം പത്ത് പാട്ടുകൾ തമ്പി എഴുതി റിക്കോർഡ് ചെയ്തതായി ഞാൻ അറിഞ്ഞു. പിന്നീട് വര്ഷങ്ങളോളം പരസ്പരം ബന്ധപ്പെടാൻ ഞങ്ങൾക്ക് അവസരം ഉണ്ടായില്ല.

ഉദയായുടെ ഏതോ ഒരു സിനിമയ്ക്ക് വേണ്ടി ‘എ വി എം’ സ്റ്റുഡിയോയിലെ സി തീയേറ്ററിൽ ദേവരാജൻ മാസ്റ്റർ റീ റിക്കോർഡിങ്ങ് നടത്തിക്കൊണ്ടിരുന്ന അവസരം . പിക്കിനിക്ക് എന്ന സിനിമയുടെ ഒരു റീൽ പ്രദർശിപ്പിച്ച് കാണാനായി ശ്രീകുമാരൻ തമ്പിയും ഏതാനും ടെക്‌നീഷ്യന്മാരും വന്നപ്പോൾ അവരുടെ മാനേജർ അഭ്യർത്ഥിച്ചത് അനുസരിച്ച് ഞങ്ങളുടെ റീ റിക്കോർഡിങ്ങ് പത്ത് മിനിറ്റ് നേരം നിർത്തിവെച്ച് ഞാൻ അവർക്ക് അവസരം ഒരുക്കി കൊടുത്തു.തമ്പിയെയും കൂട്ടരെയും ഞാൻ കണ്ടെങ്കിലും ജോലിത്തിരക്ക് മൂലം ബന്ധപ്പെടാൻ കഴിഞ്ഞില്ല. റീല് കാണാൻ സൗകര്യം ഏർപ്പെടുത്തിയത് ഞാൻ ആണെന്ന് അവരും അറിഞ്ഞില്ല.

1967 ൽ പിരിഞ്ഞതിൽ പിന്നെ നാല്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഞാനും തമ്പിയും പരസ്പരം കാണുന്നത്. എന്റെ സ്നേഹിതൻ വേണുജിയും ചേർന്ന് പ്രേംനസീറിന്റെ ഇരുപത്തഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ‘നിത്യഹരിതഗന്ധർവ്വൻ’ എന്ന ഡോക്കുമെന്ററി നിർമ്മിച്ചപ്പോൾ മലയാളത്തിലെ പ്രസിദ്ധരും നസീറിന്റെ കുടുംബ അംഗങ്ങളും സമകാലികരായിരുന്ന നടീനടന്മാരും ടെക്‌നീഷ്യന്മാരും അദ്ദേഹത്തെ അനുസ്മരിച്ചപ്പോൾ ശ്രീകുമാരൻതമ്പിയുടെയും ഓർമ്മകൾ വീട്ടിൽ ചെന്ന് പകർത്തുകയുണ്ടായി. ആ സമയം പഴയ സൗഹൃദത്തിന്റെ കണ്ണികൾ വീണ്ടും വിളക്കി ചേർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് ഇന്നും തുടരുന്നു.
തിരുവനന്തപുരം സെനറ്റ് ഹാളിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സിനിമാ വിഐപികളുടെയും മുന്നിൽ ‘നിത്യഹരിതഗന്ധർവ്വൻ’ പ്രദര്ശിപ്പിച്ചപ്പോൾ പ്രേംനസീറിനെ സംബന്ധിച്ച ഒരു സവിശേഷ സൃഷ്ടിയായി എല്ലാവരും അതിനെ അഭിനന്ദിക്കുകയുണ്ടായി.
എന്റെ സുഹൃത്തുക്കളിൽ ഏത് വിധേനയും ആദരണീയനായ ശ്രീകുമാരൻ തമ്പിയെ അർഹിക്കുന്ന ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here