ഹേമമാലിനിക്ക് അവസരം നിഷേധിച്ച സംവിധായകൻ എം. കൃഷ്ണൻ നായർ

0
88

ആദ്യകാലത്തെ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകരിൽ പ്രമുഖനായ എം. കൃഷ്ണൻ നായർ കടത്തുകാരൻ‍ (1965) എന്ന സിനിമയുടെ ജോലികൾ ആരംഭിക്കുന്ന കാലം: ഒന്ന് രണ്ടു തമിഴ്‌ സിനിമയിൽ അഭിനയിച്ച, മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ഒരു തമിഴ്‌ പെൺകുട്ടിയുടെ ഫോട്ടോ പരിഗണക്കായി കിട്ടി; മെലിഞ്ഞ ആ കുട്ടി മലയാളികൾക്ക് /തെന്നിന്ത്യൻ സിനിമക്ക് യോജിക്കില്ല എന്നായിരുന്നു അന്നത്തെ സങ്കല്പരീതി; “ഈ കുട്ടി ഹിന്ദി സിനിമക്കെ പറ്റൂ!” എന്ന റിമാർക്കോടെ എം. കൃഷ്ണൻ നായർ തിരസ്കരിച്ചു…. രണ്ടു മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഈ തമിഴ്‌ പെൺക്കുട്ടി രാജ് കപൂറിന്റെ നായികയായി (‘സപ്‌നോ കാ സൗദാഗർ’-1968) ബോംബയിൽ ഉദിച്ചുയർന്നു: പിന്നീട് ഹിന്ദി സിനിമയിലെ സ്വപ്‍നറാണിയായ ഹേമ മാലിനിയായിരുന്നു! ഈ കഥ ഇവിടെ അവസാനിക്കുന്നില്ല: കൃഷ്ണൻ നായരുടെ പുത്രൻ സംവിധായകനായ കെ. ശ്രീക്കുട്ടൻ പിൽക്കാലത്തു മുംബൈയിൽ വച്ച് ഹേമമാലിനിയെ പരിചയപ്പെട്ടപ്പോൾ പറഞ്ഞുവത്രേ: ” താങ്കളുടെ പിതാവ് അവസരം നിഷേധിച്ച ഒരു നടിയാണ് ഞാൻ …”

മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് എം. കൃഷ്ണൻനായർ. 1917 നവംബർ 2-ന് തിരുവനന്തപുരത്ത് ആർ. മാധവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനായാണ് കൃഷ്ണൻ നായർ ജനിച്ചത്. ഇന്റർമീഡിയറ്റ് വരെ പഠിച്ചു. അതുകഴിഞ്ഞു കൃഷ്ണൻ നായർ തിരുവനന്തപുരത്തുള്ള നീല പ്രൊഡക്ഷൻന്റെ (പി. സുബ്രമണ്യം) സ്റ്റുഡിയോവിൽ ചേർന്ന് സിനിമയുടെ വിവിധ വശങ്ങൾ കണ്ടും പഠിച്ചും സ്വായത്വമാക്കി.

സംവിധാനസഹായിയായി 1946 ൽ സിനിമയിലെത്തി. 1955-ൽ ‘സി.ഐ.ഡി.’ എന്ന ചിത്രത്തോടെയാണ് (നിർമ്മാണം: പി. സുബ്രമണ്യം) കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്നത്തെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന ജയമാരുതിയുടെ (ടി . ഇ. വാസുദേവന്‍ ) ഒരു ചിത്രം വിയര്‍പ്പിന്റെ വില (1962)സംവിധാനം ചെയ്തു. നീലാ സുബ്രമണ്യം വൈരിയായ ഉദയ കുഞ്ചാക്കോയുടെ ഒരു സിനിമ, ‘കാട്ടുതുളസി’ (1965), സംവിധാനം ചെയ്തുകൊണ്ട് എം. കൃഷ്ണൻ നായർ അക്കാലത്തു എല്ലാവരുടെയും വിജയതാരമായ സംവിധായകനായി.

സിനിമാ ഗാനം രംഗത്ത് വയലാർ -ബാബുരാജ് ടീമിനെ ഏറ്റവുമധികം നിയോഗിച്ചു വിജയം വരിച്ച ആളാണ് കൃഷ്ണൻ നായർ. തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവാണ്.

എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കാവ്യമേള’ (1965) എന്ന ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 2000-ൽ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. കെ. സുലോചനാദേവിയായിരുന്നു ഭാര്യ. കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാർ, സംവിധായകനായ കെ. ശ്രീക്കുട്ടൻ (ശ്രീകുമാർ), രണ്ടു വർഷം മുമ്പ് വാഹന അപകടത്തിൽ അന്തരിച്ച കെ. ഹരികുമാർ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരാണ്.

2001 മെയ് 10-ന്, 84-ാം വയസ്സിൽ, കൃഷ്ണൻ നായർ അന്തരിച്ചു.

പ്രധാന ചിത്രങ്ങൾ:അഗ്നിപുത്രി; റിക്ഷാക്കാരൻ; ഊരുക്കു ഉടൈയവൻ(തമിഴ് ); മുത്തുച്ചിപ്പി; നാൻ എൻ പിറന്തേൻ(തമിഴ് ); പഠിച്ച കള്ളൻ; കാണാത്ത വേഷങ്ങൾ; കൊച്ചിൻ എക്‌സ്പ്രസ്; കുട്ടിക്കുപ്പായം; കാട്ടുതുളസി; കാത്തിരുന്ന നിക്കാഹ്; ഭദ്രദീപം; വിവാഹിത; താര; ജ്വാല; കുരുക്ഷേത്രം; യത്തീം; മണിയറ; ചിട്ടി ചെല്ലുലു (തെലുങ്ക്); കാലംമാറി കഥമാറി (അവസാന ചിത്രം- 1987)

LEAVE A REPLY

Please enter your comment!
Please enter your name here