വീണ്ടുമൊഴുകുന്ന പുഴകൾ – കഥ – രേഷ്മ വിനീഷ്

0
131

നാലുകെട്ടിന്റെ കോലായിൽ നടുമുറ്റത്തു വീണു ചിതറുന്ന മഴത്തുള്ളികൾ നോക്കി സേതു ഇരുന്നു.. കുറ്റിമുല്ലപ്പൂക്കളിൽ മഴത്തുള്ളികൾ പതിക്കുമ്പോൾ ആദ്യം അവ പതുങ്ങുകയും പിന്നെ ഞെട്ടറ്റു വീഴുകയും ചെയ്യുന്നുണ്ടായിരുന്നു. നടുമുറ്റത്തു നിറയെ പൂച്ചെടികളുണ്ട് , അതിലേറ്റവും പ്രിയം അരുമയോടെ നട്ടുവളർത്തിയ പവിഴമല്ലിയായിരുന്നു. മഴകളൊരുപാടു കൊണ്ടിട്ടും വെയിലുകൾ തലോടിയിട്ടും മഞ്ഞുകണങ്ങൾ പൊതിഞ്ഞിട്ടും അതിൽമാത്രം പൂവിട്ടിരുന്നില്ല… അങ്ങനെവരാൻ കാരണമൊന്നുമില്ല.. എങ്കിലും ഒരു പൂ പോലും അതിൽ വിരിഞ്ഞിരുന്നില്ല.
മഴയൊന്നു തോർന്നപ്പോൾ സേതു നടുമുറ്റത്തേക്കിറങ്ങി…. അല്പം മണ്ണുപറ്റി താഴെക്കിടന്നിരുന്ന കുറ്റിമുല്ലപ്പൂക്കൾ പെറുക്കിയെടുത്തു..ഒരു ചെറുമന്ദസ്മിതം ചുണ്ടിൽ വിരിഞ്ഞു. സ്വതവേ അലിവാർന്ന മിഴികൾ കൂടുതൽ ആർദ്രമായി. കൈക്കുടന്നയിൽ സൂക്ഷിച്ചിരുന്ന മുല്ലപ്പൂക്കളിൽ ഒരു മുഖം തെളിഞ്ഞുവന്നു.. നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടുതൊട്ട , വെള്ളക്കൽ മൂക്കുത്തിയിട്ട , വിഷാദച്ഛവിയുള്ള കണ്ണുകളുള്ള ഒരു മുഖം.. മനസ്സ് വെള്ളക്കടലാസുപോലെ തെളിയുന്നത് സേതു അറിഞ്ഞു… ഒരപ്പൂപ്പൻതാടിപോലെ ഭാരമില്ലാതാവുന്നതും..

ഒരു ധനാഢ്യ കുടുംബത്തിൽ ഉന്നതകുലത്തിൽ ഒരുണ്ണിപിറന്നാൽ കിട്ടിയേക്കാവുന്ന എല്ലാ സൗഭാഗ്യങ്ങളോടും കൂടെയാണ് സേതുമോഹൻ വളർന്നത്. ആഭിജാത്യം വിളിച്ചോതുന്ന രൂപം , ഉന്നതവിദ്യാഭ്യാസം , ഉയർന്ന ജീവിതനിലവാരം.. പഠിച്ച് ഒരു ജോലി നേടേണ്ട അവസ്ഥ വന്നപ്പോൾ അയാൾ തിരഞ്ഞെടുത്തത് ഒരു മനോരോഗ വിദഗ്ദന്റെ ജോലിയായിരുന്നു. തന്റെ അലിവാർന്ന നോട്ടവും , തണുപ്പേറിയ സ്പർശവും , സ്നേഹം പുരട്ടിയ വാക്കുകളും അയാൾ മരുന്നിനൊപ്പം ചേർത്ത് രോഗികൾക്ക് കൊടുത്തു. അവർ അയാളെ സ്നേഹിച്ചു പോന്നു..
സമൂഹത്തിലെ ഉന്നതസ്ഥാനീയനായ അയാൾക്ക് സ്വാഭാവികമായും എല്ലാ രീതിയിലും ചേർന്ന ഒരു വധുവിനെത്തന്നെ ലഭിച്ചു. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അയാൾ അവളോട്‌ തന്നെ സേതു എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു പക്ഷേ അവൾ അയാളെ മോഹൻ എന്നുവിളിച്ചു… പിന്നീടൊരിക്കൽ സാരി ധരിക്കുവാനും മുടിയിൽ പൂ ചൂടുവാനും ആവശ്യപ്പെട്ടു അവളാകട്ടെ മുടി തോളൊപ്പം മുറിച്ചിടുവാനും സ്‌ലീവ്‌ലെസ്സ് ടോപ്പും ഷോർട്സും ധരിക്കുവാനും ഇഷ്ടപ്പെട്ടു… വേനൽസന്ധ്യകളിൽ അവൾ തന്നോടൊപ്പം കുറച്ചു നടന്നിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു , അവളാകട്ടെ തന്റെ കൂട്ടുകാർക്കൊപ്പം മൾട്ടിപ്ലക്സ്കളിൽ സിനിമ കണ്ടു സമയം കഴിച്ചു..തന്റെ അമ്മയെ ഒരിക്കൽ ഒരുപാട് സ്നേഹിക്കുകയും ജാതിയിലെ ഉച്ചനീചത്വങ്ങളിൽ അപമാനിതനായി വേർപിരിയേണ്ടി വരികയും പിന്നീട് ജീവിതകാലം മുഴുവൻ ആ രൂപത്തെമാത്രം ഹൃദയത്തിൽ കുടിയിരുത്തി കാലംകഴിക്കുകയും ചെയ്ത ഹരിഗോവിന്ദൻമാഷ് ജീവിച്ചിരുന്ന നാലുകെട്ട് കാണുവാനും ഒരു ദിവസമെങ്കിലും തന്റെ അമ്മയുടെ അദൃശ്യസാന്നിധ്യമുള്ള ആ വീട്ടിൽ താമസിക്കുവാനും വരണമെന്ന് നിർബന്ധിച്ചപ്പോൾ മോഹൻ എപ്പോഴും ബാലിശമായി ചിന്തിക്കുന്നുവെന്ന് പറഞ്ഞവൾ കളിയാക്കുകയാണുണ്ടായത്. എങ്കിലും അയാൾ അവളെ വെറുത്തിരുന്നില്ല , അവർ തമ്മിൽ പിണങ്ങിയിരുന്നില്ല , അവർ തമ്മിലുള്ള കളിചിരികളിൽക്കൂടി ഒരു സന്ധ്യപോലും കടന്നുപോയിരുന്നുമില്ല..

ഋതുമാറ്റങ്ങൾക്കിടയിലെപ്പോഴോ അയാളുടെ കൃതാവിൽ അവിടവിടെയായി വെളുത്തമുടികൾ കണ്ടുതുടങ്ങി..അലിവാർന്ന കണ്ണുകൾ മറച്ചുകൊണ്ട് കണ്ണട ധരിച്ചു…മുഖത്തെ പ്രസാദവും ചുണ്ടിലെ മൂളിപ്പാട്ടും മാത്രം അതുപോലെ നിന്നു. ഭാര്യയ്ക്കും അയാൾക്കുമിടയിൽ സുതാര്യമായ എന്നാൽ കട്ടിയുള്ള ഒരു മതിൽ ഉയർന്നിരുന്നു , അത് ഉടച്ചുകളയാൻപാകത്തിൽ ഒരു കുഞ്ഞിക്കൈ അവരുടെയിടയിൽ രൂപപ്പെട്ടിരുന്നുമില്ല.
അമ്മയുടെ ഓർമ്മകളിൽപെട്ട് ഉഴലുമ്പോളൊക്കെയും അയാൾ ക്ഷേത്രത്തിൽപ്പോവുക പതിവായിരുന്നു. അങ്ങനെയൊരു ദിവസമാണ് അവളെ ആദ്യമായി കാണുന്നത്. ഒറ്റനോട്ടത്തിൽത്തന്നെ ആരുടെയെങ്കിലും ഹൃദയം കീഴടക്കാൻ മാത്രം മനോഹരിയൊന്നുമായിരുന്നില്ല അവൾ.. എങ്കിലും നീണ്ട മൂക്കിലെ വലിയ വെള്ളക്കൽമൂക്കുത്തിയും തലയിൽ സമൃദ്ധമായി ചൂടിയ മുല്ലപ്പൂവും നെറ്റിയിലെ വലിയ കുങ്കുമപൊട്ടും അയാളെ ആകർഷിക്കുകതന്നെ ചെയ്തു. കറുപ്പുനിറമുള്ള മുഖത്ത് തെളിഞ്ഞുനിന്ന വെറുപ്പും ദേഷ്യവും അയാൾ കണ്ടില്ലെന്നു നടിച്ചു . ദീപാരാധന തൊഴുതിറങ്ങിയപ്പോൾ അവൾ നിന്നിടം ശൂന്യമായിരുന്നു.

ദീപാരാധന തൊഴാൻ വന്ന ദിവസങ്ങളിലെല്ലാം അയാൾ അവളെ കണ്ടുപോന്നു. അയാളുടെ നോട്ടം തന്നിൽ പതിച്ചപ്പോഴൊക്കെയും പുച്ഛം നിറഞ്ഞൊരു വെറുപ്പിൽ അവൾ മുഖം തിരിച്ചു. അവൾ വെറുപ്പിൽ മുഖം തിരിക്കുമ്പോളൊക്കെയും അയാൾ മന്ദഹസിച്ചു.
മഴക്കാലം പിറന്നു , തുള്ളിക്കൊരുകുടം പേമാരിയിലും വൈകുന്നേരങ്ങളിൽ അവൾ അവിടെ നിന്നു. കനത്ത ഇടിമിന്നലോ മഴയോ അവളുടെ കല്ലിച്ച മുഖഭാവത്തിൽ യാതൊരു ഭാവവ്യത്യാസവും വരുത്തിയിരുന്നില്ല.

പിന്നൊരുനാൾ സന്ധ്യക്ക്‌ അവളെ അയാൾ കണ്ടില്ല… പിറ്റേന്നും കണ്ടില്ല… അതിന്റെ പിറ്റേന്നും കണ്ടില്ല.. മഴ തോർന്നു വെയിൽ തെളിഞ്ഞൊരു ദിവസം വൈകുന്നേരം അവൾ സ്ഥിരമായി നിന്നിരുന്നയിടത്തെ പൂക്കാരിപ്പെണ്ണിനോട് അയാൾ അവളെക്കുറിച്ച് അന്വേഷിച്ചു. പേര് വരലക്ഷ്മിയെന്നാണെന്നും നാലഞ്ചു കിലോമീറ്ററുകൾക്കപ്പുറം ഒരു വാടകവീട്ടിലാണ് താമസമെന്നുമറിഞ്ഞു. പിന്നെ ഒന്നുകൂടെ… അവൾ ഒരു വില്പനച്ചരക്കാണത്രെ…!!

വൈകുന്നേരങ്ങളിൽ അവൾ തന്നെത്തന്നെ വിൽക്കുന്നു പലർക്കും… !!ഇരുട്ട് കനക്കുന്നതിനുമുമ്പ് വീടണയുന്നു.. !!

അയാളുടെ ഹൃദയം നൊന്തു… മിഴികൾ ചുവന്നു.. മുഖം വേദനയാൽ ചുളിഞ്ഞു.. എങ്കിലും അവളുടെ വീട്ടിലേക്കു പോകുവാൻ തീരുമാനിച്ചു. അതൊരു വീടെന്നു പറയാൻ പറ്റിയിരുന്നില്ല. റോഡ്സൈഡിൽ കടകൾ നടത്തിയിരുന്ന കെട്ടിടത്തിലെ മുകൾനിലയിൽ ഒരു ഒറ്റമുറി… ഒരരുകിൽ മണ്ണെണ്ണസ്ററൗവ്.. വേറൊരരുകിൽ കിടക്കുവാനുപയോഗിച്ചിരിക്കുന്ന പുല്പായ മടക്കിവെച്ചിരിക്കുന്നു.. രണ്ടു രണ്ടര വയസ്സ് മാത്രം പ്രായം വരുന്നൊരു പെൺകുഞ്ഞിനെ തോളത്തിട്ട് കരച്ചിലു മാറ്റാൻ ശ്രമിക്കുകയായിരുന്ന അവൾ വാതിൽക്കൽ നിഴലനക്കം കണ്ടു തിരിഞ്ഞു നോക്കി , അയാളെ കണ്ടു പകച്ചുപോയി.

“ഞാൻ വീട്ടിൽ ആരെയും സ്വീകരിക്കാറില്ല മാത്രമല്ല കുറച്ചു നേരത്തേക്ക് കുഞ്ഞിനെ നോക്കുവാനും ആരുമില്ല അയൽവീട്ടിലെ ചേച്ചി നാട്ടിൽ പോയിരിക്കുന്നു അവർ വന്നാൽ ഞാൻ വരാം നിങ്ങൾ ഇപ്പോൾ പോകൂ…ദയവുചെയ്ത് ഇനിയിങ്ങോട്ടു വരരുത്…..“ അവൾ പറഞ്ഞു

“നോക്കൂ കുട്ടീ ” അയാൾ അവളെ നോക്കി..

“ഇപ്പോൾ എന്റെ കൂടെ വരൂ കുഞ്ഞിനെയുമെടുക്കൂ ”

അയാൾ അവളോട്‌ ആവശ്യപ്പെട്ടു…

” പക്ഷേ സാർ… ”

അവളെ മുഴുമിക്കാൻ അയാൾ അനുവദിച്ചില്ല കീശയിൽ നിന്നും രണ്ടായിരം രൂപയുടെ ഒരു നോട്ടെടുത്ത് അവളുടെ കൈവെള്ള തുറന്ന് വച്ചുകൊടുത്ത് കുഞ്ഞിനെയുമെടുത്ത് അയാൾ കോണികളിറങ്ങി… അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവൾ അയാളെ അനുഗമിച്ചു. ഇത്രയും കാരുണ്യത്തോടെ ആരും അവളെ ഇതുവരെ വിളിച്ചിരുന്നില്ല.
ശീതീകരിച്ച വലിയ കാറിന്റെ , തുറന്നുവച്ച ഫ്രണ്ട്ഡോറിലൂടെ അകത്തു കയറിയിരിക്കുമ്പോൾ അവൾക്ക് അപമാനമോ അപകർഷതയോ തോന്നി. കാരണമൊന്നുമില്ലാതെ കണ്ണു നിറഞ്ഞു അത് അയാൾ കാണാതെ അവൾ ചൊട്ടിക്കളഞ്ഞു. നേർത്തശബ്ദത്തിൽ സുഖമുള്ള ഒരു മലയാളംപാട്ടിന്റെ ശീലിൽ അവൾ കണ്ണുകളടച്ചു. കുഞ്ഞ് അവളുടെ മടിയിൽ വിശ്രമിച്ചു.
അവർതമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല. അയാൾ അവളോട് പേര് ചോദിക്കുമെന്നോ, കുഞ്ഞിനെക്കുറിച്ചോ അതിന്റെ അച്ഛനെക്കുറിച്ചോ ചോദിച്ചേക്കുമെന്നോ… അല്ലെങ്കിൽ താൻ ചെയ്യുന്ന വൃത്തികെട്ട ഈ തൊഴിലിനുവേണ്ടി എന്തുകൊണ്ട് ക്ഷേത്രനട തന്നെ തിരഞ്ഞെടുത്തു എന്നോ ചോദിക്കുമെന്ന് കരുതി.. പക്ഷേ ഒന്നുമുണ്ടായില്ല മൗനം അവരുടെയിടയിൽ തളംകെട്ടിയിരുന്നു..

യാത്രയ്‌ക്കൊടുവിൽ അയാൾ ഒരു കടൽത്തീരത്ത് വണ്ടി നിർത്തി. അവർ മൂന്നുപേരുമിറങ്ങി അവൾ നിറംമങ്ങിയ പഴയൊരു സാരിയായിരുന്നു ധരിച്ചിരുന്നത്. കെട്ടിച്ചമഞ്ഞിറങ്ങിയ ഗജരാജനെപ്പോലെ തലയെടുപ്പോടെ നടന്ന അയാളുടെ കൂടെ നടന്നിരുന്ന അവളെ മറ്റുള്ളവർ സ്വാഭാവികമായും ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ എന്തുകൊണ്ടോ അവൾക്കു ഗൂഢമായ സന്തോഷമാണ് തോന്നിയത്. അപ്പോഴും അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല പക്ഷേ കുഞ്ഞിനെ അവളുടെ കയ്യിൽനിന്നും അയാൾ വാങ്ങിയിരുന്നു… ശേഷം അവളുടെ വലംകൈ അയാളുടെ ഇടംകൈയ്യിൽ വിശ്രമിച്ചിരുന്നു.

അന്നുരാത്രി കുഞ്ഞുറങ്ങിക്കഴിഞ്ഞതിനു ശേഷവും അവൾക്ക് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല.. കണ്ണുനീർ അവളുടെ കവിളുകളെ നനച്ചുകൊണ്ടേയിരുന്നു.. ബാല്യത്തിലേ നഷ്ടപ്പെട്ട അച്ഛനെയോർത്ത്.. , നാട്ടിലെ ക്ഷേത്രത്തിൽ പൂവുകെട്ടിയും പാത്രം മോറിയും അവിടുന്ന് കിട്ടുന്ന നേദ്യച്ചോറ് തന്നും പൈക്കളെ നോക്കിയും പാലുവിറ്റും കിട്ടുന്ന തുച്ഛമായ പണം കൊണ്ടു രണ്ടു പെണ്മക്കളെ പുലർത്തുവാൻ പെടാപ്പാടുപെട്ടിരുന്ന, അവസാനം ദുഃഖം സഹിച്ചുസഹിച്ച് ഒരു സൈലന്റ്അറ്റാക്കിന്റെ രൂപത്തിൽ തങ്ങൾക്കു നഷ്ടപ്പെട്ടുപോയ അമ്മയെയോർത്ത്…, തള്ളക്കോഴി കുഞ്ഞിനെയെന്നപോലെ പിന്നീട് തന്റെ ചിറകിൻകീഴിൽ തന്നെ ചേർക്കുകയും, തന്നെ വിവാഹം ചെയ്തവൻതന്നെ തന്റെ അനുജത്തിയേയും പിച്ചിച്ചീന്തുന്നത് കണ്ടു നിയന്ത്രണംവിട്ട ചേച്ചിയും ഭർത്താവും തമ്മിൽ നടന്ന വാക്കേറ്റത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട തന്റെ ചേച്ചിയെയോർത്ത്…, പിന്നീട് ജയിൽശിക്ഷക്കു വിധിക്കപ്പെട്ട അയാൾ തിരിച്ചുവന്നാൽ തങ്ങൾക്കുണ്ടായേക്കാവുന്ന ഉപദ്രങ്ങളെയോർത്ത്…,ജനിച്ചു നാല്പതുനാൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് ഒരു ജോലിചെയ്യാൻ പറ്റാതിരുന്ന അവസ്ഥയിൽ, അതിനൊരിത്തിരി പാലു വാങ്ങാൻ വേണ്ടി തന്നെത്തന്നെ വിറ്റ് ചേച്ചിയുടെ ത്യാഗത്തിനു വിലകല്പിക്കാൻ കഴിയാതായ തന്റെ ഗതികേടിനെയോർത്ത്…പുലരുവോളം അവൾ കരഞ്ഞുകൊണ്ടേയിരുന്നു.

പിന്നെയവൾ ക്ഷേത്രനടയിൽ പോയി നിന്നില്ല,കുഞ്ഞിനെ കൂടെനിർത്തിചെയ്യാൻ പറ്റുന്ന ഒരു ജോലി അന്വേഷിക്കണമെന്ന് അവൾ തീർച്ചപ്പെടുത്തിയിരുന്നു.. !!
തുടർച്ചയായി ഒരാഴ്ചയവളെ കാണാതായപ്പോൾ സേതു വീണ്ടും പുഞ്ചിരിച്ചു. അവളുടെ മുറിഞ്ഞ മനസ്സിനു മീതെ താൻ പുരട്ടിയ മരുന്ന് ഫലിച്ചുതുടങ്ങിയതിൽ അയാൾ സന്തോഷിച്ചു. അവളാകട്ടെ… ഇടംകണ്ണ് തുടിക്കുമ്പോഴൊക്കെയും പ്രതീക്ഷയോടെ വാതിൽക്കലേക്കു നോക്കിയും എപ്പോഴും വൃത്തിയായും വെടിപ്പായും വസ്ത്രം ധരിച്ചും, തന്നെത്തന്നെ സൂക്ഷിച്ചും പോന്നു.
പിന്നൊരിക്കൽ അവൾ കുഞ്ഞിനെ കുളിപ്പിച്ചുറക്കിക്കിടത്തിയ നേരത്താണ് അയാൾ വീണ്ടും അവിടേക്ക് ചെന്നത്.

“കുഞ്ഞിനെയെടുത്ത് കൂടെവരൂ ”

എന്നുമാത്രമേ അയാൾ പറഞ്ഞുള്ളൂ… സർവ്വഥാ അയാളുടെ ആജ്ഞ പാലിക്കാൻ തയ്യാറുള്ള ഒരു ദാസിയായിത്തീർന്നിരുന്നു അവൾ.
അതൊരു നീണ്ട യാത്രയായിരുന്നു കോടമഞ്ഞിന്റെ തണുപ്പ് പുതച്ചു കിടക്കുന്ന ഊട്ടിയിലേക്ക് അവിടെ ഒരു റിസോർട്ടിൽ ഊഷ്മളപ്പെടുത്തിയ മുറിയിൽ അവളെയും കുഞ്ഞിനേയുമാക്കി പുറത്തുപോയ അയാൾ തിരിച്ചു വരുമ്പോൾ കയ്യിൽ അവൾക്കും കുഞ്ഞിനുമായി കുറച്ചു വസ്ത്രങ്ങളും ഒരിലച്ചീന്തിൽ മുല്ലപ്പൂമാലയും പെൺച്ചമയൽ സാധനങ്ങളും കരുതിയിരുന്നു. അത് അവളുടെ കയ്യിലേൽപിച്ച് ഒരു ഫോൺകോളുമായി പുറത്തിറങ്ങിയ അയാൾ തിരിച്ചുവരുമ്പോൾ അവൾ അയാൾക്കു വേണ്ടി ഒരുങ്ങിയിരുന്നു.
ജനാലക്കർട്ടനുകൾ വകഞ്ഞുമാറ്റിയപ്പോൾ തെളിവായ മനോഹരങ്ങളായ കാഴ്ചകളിൽ കണ്ണുടക്കിനിന്ന അവളുടെ ചുമലിൽ കൈവെച്ച് തനിക്കഭിമുഖമായി തിരിച്ചു നിർത്തിയപ്പോൾ…. അയാളുടെ അലിവാർന്ന നോട്ടം അവളുടെ മിഴികളെ തുരന്ന് ഹൃദയത്തിലേക്കാഴ്ന്നിറങ്ങി. അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ അയാൾ സ്നേഹമുദ്ര ചേർക്കുമ്പോൾ കുഞ്ഞുന്നാളിലേ നഷ്ടപ്പെട്ട അച്ഛന്റെയോ.., ഒരിക്കലുമനുഭവിച്ചിട്ടില്ലാത്ത സഹോദരന്റെയോ.., ഈ ജന്മം ലഭിക്കില്ലെന്നു കരുതിയിരുന്ന ഭർത്താവിന്റെയോ…. അങ്ങിനെയാരുടെയൊക്കെയോ സ്നേഹസാന്ത്വനങ്ങൾ തന്നെ പൊതിയുന്നതായിത്തോന്നി അവൾക്ക്…
വെറും തറയിലിരുന്ന് കട്ടിലിലിരിക്കുന്ന അയാളുടെ മടിയിൽ തലവെച്ചു…. മുടിയിഴകളിലൂടെയുള്ള അയാളുടെ തഴുകലിൽ എല്ലാഭാരങ്ങളുമകന്ന്, എപ്പോഴാണുറങ്ങിപ്പോയതെന്ന് അവൾക്കോർമ്മയുണ്ടായിരുന്നില്ല…

ഉണരുമ്പോൾ അവൾ കട്ടിലിലായിരുന്നു.. ഒട്ടുമാറി സോഫയിൽ രാത്രിയിലെപ്പോഴോ ഉണർന്ന തന്റെ കുഞ്ഞിനെ ഒരച്ഛൻ എന്നപോലെ നെഞ്ചോടുചേർത്ത് ഉറങ്ങുന്നുണ്ടായിരുന്നു സേതു….
രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷം ആ യാത്രയാവസാനിപ്പിച്ച് അവളുടെ കൈ പിടിച്ച് തിരികെ ആ നാലുകെട്ടിലെത്തിയപ്പോൾ പൂത്തുലഞ്ഞ പവിഴമല്ലിപ്പൂക്കൾ ആ നടുമുറ്റത്തൊരു പൂക്കളം തീർത്തിരുന്നു….!!!

ശുഭം

LEAVE A REPLY

Please enter your comment!
Please enter your name here