മോഹമല്ലികയുടെ കഥ; ഭാഗ്യഹീനനായ ഒരു ഗായകന്റെയും

0
37

ഹാർമോണിയത്തിൽ വിരലുകളോടിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു സംഗീതസംവിധായകൻ ബാബുരാജ്. ഇനി വേണ്ടത് കുറെ നല്ല വരികളാണ്. പ്രണയഭരിതമായ വരികൾ. എങ്ങനെ എഴുതിത്തുടങ്ങണമെന്നറിയാതെ അക്ഷമനായി ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന യുവഗാനരചയിതാവിന് മുന്നിൽ സ്വപ്നത്തിലെന്നോണം സാക്ഷാൽ “കാവ്യദേവത” അവതരിക്കുന്നു അപ്പോൾ; മോഹമല്ലിക എന്ന നടിയുടെ രൂപത്തിൽ.

തുടക്കക്കാരനായ ബിച്ചു തിരുമലയ്ക്ക് നേരത്തെ അറിയാം മോഹമല്ലികയെ. തിരുവനന്തപുരത്തുകാരി. സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ട് ഏറെയായിട്ടില്ല. ഭരണി സ്റ്റുഡിയോയുടെ പുറത്തെ വഴിയിലൂടെ നടന്നുപോയ നടിയുടെ രൂപത്തോടൊപ്പം ആ വാക്കും പെട്ടെന്ന് മനസ്സിൽ കയറിവന്നു — മോഹമല്ലിക. “പ്രണയത്തിന്റെ സുഗന്ധമുണ്ടായിരുന്നു ആ പേരിന്”– ബിച്ചു ഓർക്കുന്നു. “പിന്നെ അധികനേരം വേണ്ടി വന്നില്ല പാട്ടിന്റെ പല്ലവി പിറക്കാൻ: മോഹമല്ലികേ എന്റെ മനസ്സിൽ ഇന്നലെ വന്നു വിടർന്നു നീ, വിണ്ണിലെ മധുവായ് മണമായ് കുളിരായ് നിന്നിലലിഞ്ഞു കഴിഞ്ഞൂ ഞാൻ..” ബാബുരാജ് ചിട്ടപ്പെടുത്തിയ ആ ഗാനം അന്നു തന്നെ കെ പി ചന്ദ്രമോഹൻ എന്ന യുവഗായകന്റെ ശബ്ദത്തിൽ ഭരണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടുന്നു. “സ്ത്രീധനം” (1975) എന്ന പടം പുറത്തുവന്നിരുന്നെങ്കിൽ ബിച്ചുവിന്റെ ആദ്യ ചലച്ചിത്ര ഗാനമായി മാറേണ്ടിയിരുന്ന പാട്ട്.

മോഹമല്ലികയെ മല്ലിക സുകുമാരൻ എന്ന് പറഞ്ഞാലേ ഇന്നത്തെ തലമുറ അറിയൂ. സ്വന്തം പേരിൽ നിന്ന് ഒരു പാട്ടിന്റെ പല്ലവി ജനിച്ച കഥ മല്ലിക തന്നെ അറിഞ്ഞിരിക്കുമോ എന്ന് സംശയം. കാവ്യഭംഗിയാർന്ന പേരുകളിൽ വേണം മക്കൾ അറിയപ്പെടാൻ എന്നാഗ്രഹിച്ച (പ്രേമചന്ദ്രികയും രാഗലതികയുമാണ് മോഹമല്ലികയുടെ സഹോദരിമാർ) അച്ഛൻ കൈനിക്കര മാധവൻ പിള്ളക്ക് നന്ദി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയിൽ മോഹമല്ലികയുടെ അരങ്ങേറ്റം — മല്ലിക എന്ന പേരിൽ. പഴയ മോഹമല്ലികയെ ഇന്ന് നാം കണ്ടുമുട്ടുക ബിച്ചു തിരുമല — ബാബുരാജ് ടീമിന്റെ ഈ ഗാനത്തിൽ മാത്രം. ബിച്ചു പാട്ടെഴുതിയ രണ്ടാമത്തെ ചിത്രമായിരുന്നു സ്ത്രീധനം. ഭജഗോവിന്ദം (1972) എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമെഴുതിയതെങ്കിലും പടം വെളിച്ചം കണ്ടില്ല. നടൻ മധു നിർമ്മിച്ചു സംവിധാനം ചെയ്ത “അക്കൽദാമ” ആണ് ബിച്ചുവിന്റെ ഗാനങ്ങളുമായി ആദ്യം പുറത്തുവന്ന ചിത്രം.

പ്രിയസുഹൃത്തായ കെ പി ചന്ദ്രമോഹൻ എന്ന നിർഭാഗ്യവാനായ ഗായകന്റെ ഓർമ്മ കൂടി ഉണർത്തുന്നുണ്ട് എൻ പി അബു നിർമ്മിക്കാനിരുന്ന “സ്ത്രീധന”ത്തിലെ “മോഹമല്ലികേ’ എന്ന പാട്ട്. മലയാളികളുടെ സ്വന്തം വിഷാദ ഗായകൻ കെ പി ഉദയഭാനുവിന്റെ ഈ അനിയനെ എത്ര പേർ ഓർക്കുന്നു ഇന്ന്? ഗാനഭൂഷണം ഡബിൾ പ്രൊമോഷനോടെ പാസായി, പിന്നണി പാടുക എന്ന സ്വപ്നവുമായി 1960 കളുടെ തുടക്കത്തിൽ ജ്യേഷ്ഠന് പിന്നാലെ പാലക്കാട്ടു നിന്ന് കോടമ്പാക്കത്ത് വന്നിറങ്ങിയതാണ് ചന്ദ്രമോഹൻ. സിനിമാനഗരത്തിന്റെ തിരക്കിലും ബഹളത്തിലും അലിഞ്ഞ ചന്ദ്രമോഹൻ മലയാളസിനിമയുടെ വളർച്ചയും തളർച്ചയുമെല്ലാം അടുത്തുനിന്നു കണ്ടു. ഇളയരാജയും ഗംഗൈ അമരനും ഉൾപ്പെടെയുള്ള എത്രയോ കലാകാരന്മാർക്ക് താങ്ങും തണലുമായി. സിനിമ എന്ന വിചിത്ര ലോകത്തിന്റെ സമസ്ത ഭാവങ്ങളും നേരിൽ കണ്ടു; നന്ദിയും നന്ദികേടും അനുഭവിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട “സിനിമാജീവിത”ത്തിൽ ആകെ പാടിയത് കുറച്ച് അരപ്പാട്ടുകളും മുറിപ്പാട്ടുകളും. അവയിൽ ശ്രദ്ധിക്കപ്പെട്ടതാകട്ടെ രണ്ടോ മൂന്നോ പാട്ടുകൾ മാത്രവും. “മോഹമല്ലികേ”ക്ക് പുറമെ `പ്രഭു’വിലെ “മുണ്ടകൻ കൊയ്ത്തിനു പോയേ ഏനൊരു മൂപ്പനെ കൂട്ടിനെടുത്തേ” എന്ന ഗാനം. പിന്നെ, കോട്ടയം കൊലക്കേസിലെ “വെള്ളാരം കുന്നിന് മുഖം നോക്കാൻ… കൂട്ടത്തിൽ ഭേദപ്പെട്ട ഹിറ്റ് പ്രഭുവിൽ പ്രേംനസീറിനും അടൂർ ഭാസിക്കും വേണ്ടി പാടിയ “മുണ്ടകൻ കൊയ്ത്ത്” തന്നെ.

പിന്നണി പാടാൻ അവസരം തേടിയലഞ്ഞു മടുത്ത് ഒടുവിൽ ഗാനമേളകളുമായി സിനിമാനഗരത്തിൽ ഒതുങ്ങിക്കൂടിയ ചന്ദ്രമോഹൻ ജീവിത സായാഹ്നത്തിലാണ് നാട്ടിൽ തിരിച്ചെത്തിയത്. ദാമ്പത്യജീവിതത്തിൽ പ്രവേശിച്ചതാകട്ടെ, ഏറെ വൈകിയും. അത്യാവശ്യം സ്റ്റേജ് പരിപാടികളും സംഗീത ക്ളാസുകളുമൊക്കെയായി തിരുവില്വാമലയിൽ ഏറെക്കുറെ “അജ്ഞാത”നായി കഴിഞ്ഞുകൂടുമ്പോഴാണ് നിനച്ചിരിക്കാതെ മരണം വന്ന് ചന്ദ്രമോഹനെ കൂട്ടിക്കൊണ്ടുപോയത്. മരിക്കുന്നതിന് ദിവസങ്ങൾ മാത്രം മുൻപ് വിളിച്ചപ്പോഴും ശുഭ പ്രതീക്ഷയായിരുന്നു ആ ശബ്ദം നിറയെ: “ഇനിയും ഞാൻ സിനിമയിൽ പാടും. ഇതുവരെ പാടിയ പാട്ടുകളെ ഒക്കെ അതിശയിക്കുന്ന ഒരു മെലഡി. അത് കൂടി പാടിയിട്ട് വേണം സലാം പറയാൻ..”

സ്വപ്നഗാനം പാടും മുൻപേ മുൻപേ സലാം പറഞ്ഞു പിരിഞ്ഞു ചന്ദ്രമോഹൻ; ജീവിതത്തോട് തന്നെ…

— രവിമേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here