അടൂർ ഭാസിയും പട്ടം താണുപിള്ളയും

0
125

ഒരു സംഭവം ഇങ്ങനെ.
നമ്മുടെ രാഷ്ട്രീയത്തിലെ വലിയ കാരണവരായ പട്ടം താണുപിള്ളയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം പി.എസ്.പി യുടെ
എല്ലാമെല്ലാമായി വാഴുന്ന കാലമാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഇലെക്ഷൻ കാലം. കൗൺസിലർമാരെ തിരഞ്ഞെടുക്കുവാനുള്ള
ഉഗ്ര പോരാട്ടം. വഴുതക്കാട്ട് പി.എസ്.പി സ്ഥാനാർഥി ഒരു മുരളീധരൻ പിള്ളയാണ്. ആർ.എസ്. പി സ്ഥാനാർഥിയായി മത്സരിക്കുന്നത്
നമ്മുടെ അടൂർ ഭാസിയും. പൊരിഞ്ഞ പോരാട്ടം. വഴുതക്കാട്ട് ജംഗ്ഷനിൽ ഉള്ള പി.കെ മെമ്മോറിയൽ പ്രെസ്സാണ് ഭാസിയുടെ
ഇലക്ഷൻ ഓഫീസിൽ. ഒരു സന്ധ്യക്ക് പ്രെസ്സിന്റെ ഗേറ്റ് നടയിൽ പി.എസ്. പി യുടെ പ്രചാരണ യോഗം . പ്രധാന പ്രാസംഗികൻ സാക്ഷാൽ പട്ടം താണുപിള്ള , ഭാസിയും സുഹൃത്തുക്കളും പ്രസംഗം കേൾക്കാൻ ഗേറ്റ് നടയിൽ കാത്ത് നിന്നു.

പട്ടത്തിന് ഓർമ്മപ്പിശക് കലശ്ശലാണ് . അദ്ദേഹം തെറ്റ് ധരിച്ചു വച്ചിരിക്കുന്നത് അടൂർ ഭാസിയാണ് സ്ഥാനാർഥിയെന്നാണ്. മൂപ്പര് പ്രസംഗം
ആരംഭിച്ചത് ഭാസിക്ക് അനുകൂലമായാണ് . ഭാസിയുടെ മുത്തച്ഛൻ സാഹിത്യകുശലൻ സി.വി. രാമൻ പിള്ളയെയും ഭാസിയുടെ
അച്ഛനായ ഇ. വി. കൃഷണ പിള്ളയെയും കുറിച്ച് പുകഴ്ത്തി പ്രസംഗിക്കുകയാണ്. തുടർന്ന് ഭാസിയുടെ കുല മഹിമ, വ്യക്തി മഹിമ,
കഴിവുകൾ തുടങ്ങിയവ വർണ്ണിക്കാൻ പി. എസ്. പി പ്രവർത്തകരുടെ ക്ഷമ നശിച്ചു. മൂപ്പർക്ക് എന്തോ പിശക് പറ്റിയെന്ന്
അവർക്ക് മനസിലായി വിയർത്തൊലിച്ച പി. എസ്. പി സ്ഥാനാർഥി താണുപിള്ള സാറിന്റെ അടുത്തെത്തി ചെവിയിൽ മന്ത്രിച്ചു. ” സർ
ഞാനാണ് മുരളിയാണ് ഇവിടുത്തെ സ്ഥാനാർഥി ഭാസി നമുക്ക് എതിരാണ്”. താണുപിള്ള സർ ഒരു ഞെട്ടലോടെ അയാളുടെ
മുഖത്തു നോക്കി ” എടോ അത് ആദ്യമേ പറയാഞ്ഞതെന്ത്?” എന്ന് ചോദിച്ചത് മൈക്കിലൂടെ സദസ്യർ കേട്ടു. ഭാസിയും കൂട്ടുകാർക്കും
ചിരി അടക്കാൻ കഴിഞ്ഞില്ല അവർ പൊട്ടിച്ചിരിച്ച് കൈയ്യടിച്ചു. പിള്ള സർ കുലുങ്ങുമോ? അദ്ദേഹം പ്രസംഗം തുടരുകയാണ് – ഞാൻ പറഞ്ഞു വന്നത് മഹാന്മാരെ പ്രസവിച്ച ആ കുളത്തിൽ ഇങ്ങനെ ഒരസുരവിത്ത് എങ്ങിനെ മുളച്ചുവെന്നു ഞാൻ അതിശയിക്കുകയാണ്. ഹേയ് മോശം ഈ തൊഴിലില്ലാത്ത പയ്യന് കൗൺിസിലറാകാൻ എന്ത് യോഗ്യതയാണ് ഉള്ളത്?. വല്ല കാക്കരിശി നാടകവും കളിക്കാൻ കൊള്ളാം.
ഉത്തരവാദപ്പെട്ട കൗൺസിലർ സ്ഥാനത്തേക്ക് നമ്മുടെ മുരളിയാണ് യോഗ്യൻ. സാറിന്റെ പൊടുന്നനെയുള്ള ‘ സമ്മർസാൾട്’ കണ്ട്
ഭാസിയടക്കം എല്ലാരും ചിരിച്ചു.

തെരെഞ്ഞെടുപ്പിൽ ഭാസി തോറ്റു . ആ തോൽവിയാണ് ഭാസിയെ മദ്രാസിലേക്ക് ഓടിച്ചതും സിനിമാ രംഗത്ത് ജീവിതവൃത്തി കണ്ടെത്താൻ പ്രചോദനം സൃഷിടിച്ചതും.

ഭാസി പട്ടത്തിനെ മറന്നില്ല. താണുപിള്ള സർ പഞ്ചാബ് ഗവർണറായി സ്ഥാനം ചാർജ്ജെടുത്തപ്പോൾ ഭാസി ഒരു അവിസ്മരണീയ
ഫലിതം പൊട്ടിച്ചു. പുതിയ ഗവർണറെ സ്വീകരിക്കാൻ പഞ്ചാബിൽ നിറപ്പകിട്ടാർന്ന ഒരു പൊതു യോഗം സംഘടിപ്പിച്ചു. എല്ലാം സിഖുകാർ
എല്ലാം താടി വളർത്തിയവർ. താണുപിള്ള സർ ഈ താടിക്കാരെ അഭിസംബോധന ചെയ്തു ഇങ്ങനെ പറഞ്ഞുവത്രേ – ” ഹായ് – ഇത്രയധികം അയ്യപ്പഭക്തമാർ പഞ്ചാബിലുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല! വൃതം തെറ്റിക്കരുത്. നിങ്ങളുടെ ശബരിമല യാത്രക്ക്
വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യുന്നതാണ്! ”

ഭാസിക്കല്ലാതെ ഇങ്ങനെ നർമ്മരസത്തിൽ കാച്ചാൻ ആർക്കു പറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here