വയലാർ മുഴുമിക്കാതെ പോയ ആ പാട്ട്… “മൗനങ്ങൾ പാടുകയായിരുന്നു….”

0
59

കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരൻ. ലഹരിയുടെ താഴ്വരയിൽ ഉന്മാദിയെപ്പോലെ അലയുന്ന അവധൂതൻ. ഇണങ്ങിയും പിണങ്ങിയും വീണ്ടും ഇണങ്ങിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സൗഹൃദം ആഘോഷമാക്കുന്ന വികാരജീവി. പല ഭാവങ്ങളിൽ, പല രൂപങ്ങളിൽ വന്നു നിറയുന്നു മാനാമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ (എം ബി എസ്) എന്ന സംഗീത സംവിധായകൻ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സിൽ. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു എം ബി എസ് ഉണ്ട് സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഓർമ്മയിൽ. നിശബ്ദഗദ്ഗദം ഉള്ളിലൊതുക്കി, “മൗനങ്ങൾ പാടുകയായിരുന്നു” എന്ന ഗാനത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ വയലാർ രാമവർമ്മയുടെ ഓർമ്മകളിലേക്ക് തിരിച്ചുനടക്കുന്ന എം ബി എസ്. കൊച്ചുകുഞ്ഞിനെപ്പോലെ വികാരാധീനനാകും ആ നിമിഷങ്ങളിൽ അദ്ദേഹം. ഭരതന്റെ അരങ്ങേറ്റ ചിത്രമായ `പ്രയാണ’ത്തിൽ യേശുദാസം എസ്‌ ജാനകിയും പാടിയ ആ കാവ്യശകലത്തിന്റെ പിറവി നൊമ്പരമുണർത്തുന്ന ഓർമ്മയായി മനസ്സിൽ സൂക്ഷിച്ചിരുന്നു മരണം വരെ എം ബി എസ്.

സിനിമയിലെ അവസാന പാട്ടെഴുതാൻ ഒരുച്ചക്ക് ചെന്നൈയിലെ എം ബി എസ്സിന്റെ വസതിയിൽ എത്തിയതാണ് വയലാർ. കവിതയും സംഗീതവും ലഹരിയും പതഞ്ഞൊഴുകിയ നിമിഷങ്ങൾ. മേമ്പൊടിക്ക് പതിവുപോലെ ചില്ലറ കലഹങ്ങളും പിണക്കങ്ങളും. വാദപ്രതിവാദങ്ങൾക്കിടയ്ക്കെപ്പോഴോ ക്രുദ്ധനായി ഇറങ്ങിപ്പോകാനൊരുങ്ങുന്നു വയലാർ. ഒപ്പം ഒരു പ്രഖ്യാപനവും: “പാട്ടെഴുതാൻ എനിക്ക് സൗകര്യപ്പെടില്ല; വേറെ ആളെ നോക്കിക്കൊള്ളൂ.” അന്ന് രാത്രി തന്നെ നാട്ടിലെത്തണം വയലാറിന്. പിറ്റേന്ന് ചങ്ങനാശ്ശേരിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനുണ്ട്. കൈവിട്ടുപോയാൽ പിന്നെ കവിയെ തിരിച്ചുകിട്ടുക എളുപ്പമല്ലെന്ന് നന്നായറിയാം ഭരതനും എം ബി എസ്സിനും. അടുത്ത ദിവസം റെക്കോർഡ് ചെയ്യേണ്ട പാട്ടാണ്. രണ്ടും കൽപ്പിച്ചു മുറ്റത്തിറങ്ങി വയലാറിനെ തടയുന്നു എം ബി എസ്. പാട്ടെഴുതിത്തന്നേ പോകാവൂ എന്ന് സംഗീതസംവിധായകൻ. പറ്റില്ലെന്ന് വയലാർ. തർക്കം മുറുകിയപ്പോൾ എം ബി എസിന്റെ ഭാര്യ സഹീദ ഇടപെടുന്നു. സ്‌നേഹത്തിൽ പൊതിഞ്ഞ ക്ഷമാപണങ്ങൾക്കും അപേക്ഷകൾക്കുമൊടുവിൽ, പതിവുപോലെ വയലാറിന്റെ ഉള്ളിലെ കലാപകാരിയുടെ കീഴടങ്ങൽ. “പെട്ടെന്ന് ഒരു കടലാസും പേനയും തരൂ. എഴുതി നോക്കട്ടെ” എന്നായി അദ്ദേഹം.

സഹീദ കൊണ്ടുവന്നുകൊടുത്ത നോട്ട് ബുക്ക്, മുറ്റത്ത് നിർത്തിയിട്ട കാറിന്റെ ബോണറ്റിന്മേൽ തുറന്നുവെച്ച് വയലാർ എഴുതുന്നു: “മൗനങ്ങൾ പാടുകയായിരുന്നു, കോടിജന്മങ്ങളായ് നമ്മൾ പരസ്പരം തേടുകയായിരുന്നു; വെൺചന്ദനത്തിൻ സുഗന്ധം നിറയുന്ന നിൻ അന്തരംഗത്തിൻ മടിയിൽ, എന്റെ മോഹങ്ങൾക്ക് വിശ്രമിക്കാൻ ഇന്നൊരേകാന്ത പഞ്ജരം കണ്ടൂ ഞാൻ..” പാട്ടിന്റെ പല്ലവിയും ആദ്യ ചരണവും എഴുതിത്തീർത്ത ശേഷം നോട്ട് ബുക്ക് മടക്കി എം ബി എസ്സിനെ ഏൽപ്പിച്ച് വയലാർ പറഞ്ഞു: “ഒരു ചരണം കൂടി എഴുതാനുണ്ട്. നാട്ടിലെത്തിയ ഉടൻ ഫോണിൽ വിളിച്ചു പറഞ്ഞുതരാം. തല്ക്കാലം ഇത് ചിട്ടപ്പെടുത്തിവെക്കൂ.” കലഹവുംവാഗ്വാദങ്ങളും കൊണ്ട് കലുഷമായ ആ സൗഹൃദകൂട്ടായ്മ അങ്ങനെ പൊട്ടിച്ചിരിയിലും സ്നേഹാശ്ലേഷങ്ങളിലും അവസാനിക്കുന്നു. ഒടുവിൽ, നമുക്കൊരുമിച്ച് ഇനിയും പാട്ടുകളുണ്ടാക്കാം എന്ന വാഗ്ദാനത്തോടെ വയലാറിന്റെ വിടവാങ്ങൽ.


കവിയുടെ അവസാന യാത്രാമൊഴിയാകുമതെന്ന് ചിന്തിച്ചിരിച്ചിരിക്കില്ല ആരും. `പ്രയാണ’ത്തിലെ ആ ഗാനം പൂർത്തിയാക്കാൻ യോഗമുണ്ടായില്ല വയലാറിന്. നാട്ടിലെത്തി ഏറെക്കഴിയും മുൻപ് രോഗാതുരനായ വയലാർ 1975 ഒക്ടോബർ 27 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണത്തിനു കീഴടങ്ങുന്നു. അവസാന വരികൾ എഴുതിക്കിട്ടാതെ ആ ഗാനം ചിട്ടപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാണ് എം ബി എസ്; പക്ഷേ ഭരതന്റെ നിർബന്ധത്തിനു വഴങ്ങി ആ വാശി ഉപേക്ഷിക്കേണ്ടി വന്നു. “ഇന്നും ആ പാട്ടിന്റെ അപൂർണ്ണത എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ മോഹങ്ങൾക്ക് വിശ്രമിക്കാൻ ഇന്നൊരേകാന്ത പഞ്ജരം കണ്ടു ഞാൻ എന്ന വരി എന്തൊക്കെയോ പറയാതെ പറയുന്ന പോലെ..” എം ബി എസിന്റെ വാക്കുകൾ. ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ഏഴു വർഷം കഴിഞ്ഞു പുറത്തുവന്ന `ചില്ലി’ലെ “പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു” എന്ന പാട്ടിന്റെ ആദ്യവരി, കണ്മുന്നിൽ നിന്ന് ഒരു നാൾ തെല്ലും നിനച്ചിരിക്കാതെ മാഞ്ഞുപോയ വയലാറിന്റെ ഓർമ്മയുമായി ചേർത്തുവെക്കാറുണ്ടായിരുന്നു എം ബി ശ്രീനിവാസൻ. പ്രണയാർദ്രമാണ് വരികളെങ്കിലും ആ പാട്ടിന്റെ ഈണത്തിൽ അലിഞ്ഞുചേർന്ന വിഷാദഭാവത്തിന് വേറെ വിശദീകരണം വേണോ?

LEAVE A REPLY

Please enter your comment!
Please enter your name here