ഓർമ്മയിലെ തിരക്കഥാകൃത്തുക്കൾ

0
138

മെരിലാന്റ് സ്റ്റുഡിയോയിൽ 1964 ൽ ആറ്റം ബോംബ് എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയി ഞാൻ ചെല്ലുമ്പോൾ എന്റെ പ്രായം ഇരുപത്തിയേഴ് വയസ്സ്. തിരക്കഥാ കൃത്തും അതിലെ ഒരു വേഷം ചെയ്യുന്ന നടനും ആയിരുന്നു എൻ. പി. ചെല്ലപ്പൻ നായർ. ഓർമ്മ വെച്ച നാൾ മുതൽ ഇദ്ദേഹത്തിന്റെ പേരും നാടകങ്ങളും വീട്ടിൽ പറഞ്ഞുകേട്ട് പരിചിതമായിരുന്നു. എന്റെ മൂത്ത സഹോദരി ഏണസ്റ്റിൻ ജോസ് തൃശ്ശിനാപ്പള്ളിയിൽ ഹോളി ക്രോസ്സ് കോളേജിലെ മലയാളം പ്രഫസർ ആയിരുന്നതിനാൽ സാഹിത്യകാരന്മാരും കൃതികളും വായനയും ചർച്ചകളും അക്ഷര ശ്ലോക മത്സരങ്ങളും കുടുംബത്തിൽ പതിവായിരുന്നു. അങ്ങനെ കേട്ട് എൻ പി ചെല്ലപ്പൻ നായരും ശൈശവം മുതൽക്കേ എനിക്ക് ആരാധ്യനായിരുന്നു.

നാടകകൃത്തും നടനുമായി ആ മേഖലയിൽ വിരാജിച്ചിരുന്ന അദ്ദേഹം രചിച്ച ചടുലമായ സംഭാഷണങ്ങൾ താൻ അഭിനയിക്കുന്ന കഥാപാത്രത്തിന് വേണ്ടി സിനിമയ്ക്ക് ചേർന്നവിധം മെരുക്കി എടുക്കുന്നതിൽ ഒട്ടും തലക്കനം കാണിക്കാതെ എന്നെ പോലുള്ള തുടക്കക്കാരോട് സഹകരിച്ചത് വിശാലമനസ്കത കൊണ്ട് തന്നെ.

ആറ്റം ബോംബ് മലയാളത്തിലെ രണ്ടാമത്തെ ഹാസ്യ സിനിമ ആയിരുന്നു. ആദ്യത്തേത് പി ഭാസ്കരൻ സംവിധാനം ചെയ്ത ഭാഗ്യജാതകവും. ഷീല എന്ന നടിയുടെ സിനിമാ പ്രവേശവും ഇതിൽ തന്നെ. അന്ന് തിരക്കഥ എഴുതിയിരുന്നത് നാടകരചയിതാക്കൾ ആയിരുന്നത് കൊണ്ട് സിനിമയ്ക്ക് വേണ്ടി സ്വാഭാവികത നൽകാൻ പ്രാപ്തരല്ലായിരുന്നു. അതിനാൽ സ്റ്റേജിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് കൈയ്യടി വാങ്ങിയ ഒരൊറ്റ സംഭാഷണം പോലും സിനിമയിൽ പ്രായോഗികമായി വിജയിച്ചില്ല.

എൻ പി ചെല്ലപ്പൻ നായർ രചിച്ച ഹാസ്യ നാടകവും ആറ്റം ബോംബ് എന്ന പേരിൽ സിനിമ ആക്കിയപ്പോഴും അത് തന്നെ സംഭവിച്ചു. ഫലിത രംഗങ്ങളും ഗാനചിത്രീകരണങ്ങളും ഫലവത്താകാതെ പാളിപോകുന്നത് പിന്നണി പ്രവർത്തകരായ ഞങ്ങൾക്ക് കണ്ട് തലകുനിക്കേണ്ടി വന്നു.
1961 ൽ മദ്രാസിലെ പാരാമൗണ്ട് സ്റ്റുഡിയോയിൽ കോട്ടും സ്യുട്ടും അണിഞ്ഞ ശിവാജിഗണേശനെയും ബാലാജിയെയും (മോഹൻലാലിന്റെ ഭാര്യാപിതാവ്) കരട് പോലെ ദൂരെ കണ്ട് താരാരാധനയോടെ നോക്കി നിന്ന എനിക്ക് ആറ്റം ബോംബിൽ നായകനായി എത്തിയ തമിഴ് നടനായ ബാലാജിയ്ക്ക് മലയാള സംഭാഷണവും പാട്ടിലെ വരികളും പറഞ്ഞ് കൊടുത്ത് പഠിപ്പിക്കേണ്ട ചുമതല വന്നു പെട്ടത് വിധിയുടെ വിളയാട്ടം മാത്രം. ഒപ്പം രാഗിണി, പ്രേം നവാസ് എന്നിങ്ങനെ പലരും. ഒരു ഗാനചിത്രീകരണം നെയ്യാർ ഡാമിലെ പൂന്തോട്ടത്തിൽ ആയിരുന്നു. പ്രേംനസീറിന്റെ അനുജൻ പ്രേംനവാസ് ഒരു അഭിനയ പ്രതിഭ അല്ലാതിരുന്നതിനാൽ സംഭാഷണം പറഞ്ഞ് പഠിക്കാനായി ഇടവേളകളിൽ എന്നെ തേടി വരാറുണ്ടായിരുന്നു.

പറഞ്ഞ് വന്ന വിഷയം തിരക്കഥാകൃത്ത് ആണ് അന്ന് കേരളത്തിലും തമിഴ്‌നാട്ടിലും നിർമ്മിച്ചിരുന്ന ഏതൊരു മലയാള സിനിമയ്ക്ക് വേണ്ടിയും അനായാസം തിരക്കഥ രചിക്കാനും ഹാസ്യം അഭിനയിക്കാനും പ്രാഗത്ഭ്യം പ്രകടിപ്പിച്ച ഒറ്റ ഒരാളേ ഉണ്ടായിരുന്നുള്ളു. മുതുകുളം രാഘവൻ പിള്ള അദ്ദേഹത്തെ പരിചയപ്പെടാനും ഒന്നിച്ച് പ്രവർത്തിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല.

പിൽക്കാലത്ത് എ വി എം – സി തീയേറ്ററിൽ തുമ്പോലാർച്ചയുടെ റീ റിക്കോഡിങ്ങ് നടക്കുമ്പോൾ അവശനും വയോവൃദ്ധനുമായ ശ്രീ മുതുകുളം രാഘവൻ പിള്ള വരാറുണ്ടായിരുന്നെങ്കിലും ഫീൽഡിൽ നിന്ന് ഔട്ട് ആയ ആ മഹാ പ്രതിഭയെ അറിയാത്ത മട്ടിൽ സകലരും അവഗണിച്ച് ഒറ്റപ്പെടുത്തുന്ന ദയനീയതയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. പിന്നീട് എവിടെയോ പോയി മറഞ്ഞു. അതൊന്നും എനിക്കറിയില്ല.

ഡബ്ബിങ്ങ് തീയേറ്ററിലും പതിവിന് വിരുദ്ധമായി മൈക്കിന് മുൻപിൽ അഭിനയിച്ച് കൊണ്ടാണ് എൻപി ചെല്ലപ്പൻ നായർ തന്റെ ശബ്ദം വിന്യസിപ്പിച്ചിരുന്നത്. കാലിന് വേദനയുണ്ടെന്ന് പറയുന്ന ഒരു സംഭാഷണ വേളയിൽ ഓരോ റിഹേഴ്സലിനും വലത് കാൽ മുന്നോട്ട് നീക്കി പാദം ഇളക്കി കൊണ്ടാണ് അദ്ദേഹം സംഭാഷണം ഉച്ചരിച്ചത്.അദ്ദേഹത്തിന്റെ നാടക രചനകൾ സർവ്വകലാശാലകളിൽ അക്കാലത്ത് പാഠ്യപുസ്തകങ്ങൾ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here