നീ എന്തുകൊണ്ടെന്നെ പ്രണയിച്ചില്ല? – കഥ – സാമുവേൽ ജോർജ്ജ്

0
254

“ടീന അബ്രഹാം”

എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

നൂറിലേറെപ്പേര്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ ഇനി ശേഷിക്കുന്നത് ഞാനുള്‍പ്പെടെ പത്തു പേരോളം ആണ്. നാലുമണിയാണ് എനിക്ക് തന്നിരുന്ന സമയം; ഇപ്പോള്‍ കൃത്യം നാലായിരിക്കുന്നു. സമയനിഷ്ഠ കൃത്യമായി പാലിക്കുന്ന കമ്പനി. പക്ഷെ ആകെയുള്ളത് ഒരു വേക്കന്‍സി മാത്രം. എനിക്ക് ലവലേശം പ്രതീക്ഷ ഉണ്ടായിരുന്നില്ല; എങ്കിലും വന്ന സ്ഥിതിക്ക് ഒരു നാടകത്തിന് കൂടി ഇരുന്നുകൊടുത്തിട്ട് പോകമന്നു നിനച്ചു. മനസിനോ ശരീരത്തിനോ ബലമില്ല. ആത്മവിശ്വാസം പൂര്‍ണ്ണമായി ഇല്ലാതായിരിക്കുന്നു. ഈ നഗരത്തിലെത്തി ഇതിപ്പോള്‍ മൂന്നാം മാസമാണ്. രണ്ടു ദിനങ്ങള്‍ കൂടി കഴിഞ്ഞാല്‍ തിരികെ പോകും. ഇതുവരെ ജോലിക്ക് വേണ്ടി നടത്തിയ ശ്രമങ്ങള്‍ മൊത്തം പരാജയപ്പെടുകയായിരുന്നു. വന്നുവന്ന് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നുപോലും നിശ്ചയമില്ല. എങ്ങനെ ഒരു ഇന്റര്‍വ്യൂ പാസാകാം എന്ന് അറിഞ്ഞും കൂടാ. ഇത് ഈ നഗരത്തിലെ എന്റെ അവസാന ഇന്റര്‍വ്യൂ ആണ്. നാളെ തിരികെ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തണം. മറ്റന്നാള്‍ തിരികെ പോകുകയും വേണം. പക്ഷെ എങ്ങോട്ട്?

“വരൂ മാഡം”

ഓഫീസ് ബോയ്‌ ക്യാബിന്റെ ഡോര്‍ തുറന്ന് എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു. ദുര്‍ബലമായ കാലടികളോടെ ഞാന്‍ ഉള്ളില്‍ കയറി. വിശാലമായ മേശയുടെ പിന്നില്‍ ഇരിക്കുന്ന സുമുഖനായ യുവാവിനെ നോക്കി ഞാന്‍ കൈകള്‍ കൂപ്പി.

“ഗുഡ് ഈവനിംഗ് സര്‍”

“ഈവനിംഗ്..ഹാവ് യുവര്‍ സീറ്റ്”

അയാള്‍ സുസ്മേരവദനനായി എന്നെ നോക്കി. പെട്ടെന്ന് എന്റെ ഉള്ളൊന്നു നടുങ്ങി. അയാളുടെ കണ്ണുകളിലും സംശയത്തിന്റെ കണികകള്‍ പടര്‍ന്നു പിടിക്കുന്നത് ഞാന്‍ കണ്ടു. ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം..അത് തീര്‍ത്തും അവിശ്വസനീയമായിരുന്നു..എന്റെ ഞെട്ടല്‍ ഒളിപ്പിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

“ടീ…ടീന?”

അയാളുടെ ചുണ്ടുകള്‍ അത്ഭുതത്തോടെ പിറുപിറുത്തു. മനസിലുദിച്ചുയര്‍ന്ന സമ്മിശ്ര വികാരങ്ങളുടെ വീര്‍പ്പുമുട്ടലില്‍ ശിരസ്സനക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

അയാളുടെ കൈ റിസീവര്‍ എടുത്തു ചെവിയോട് ചേര്‍ത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഓഫീസ് ബോയ്‌ ഉള്ളിലേക്കെത്തി.

“രതീഷ്‌..ഈ മാഡത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുത്ത്. റിഫ്രെഷ്മെന്റ്സ് നല്‍കിയ ശേഷം ഇന്റര്‍വ്യൂവിന് ശേഷിച്ചവരെ വേഗം പറഞ്ഞു വിട്..”

“സര്‍” ഓഫീസ് ബോയ്‌ അയാളെ നോക്കി അങ്ങനെ പറഞ്ഞിട്ട് എന്നെ വിളിച്ചു: “വരൂ മാഡം”

“ചെല്ല് ടീന..ഞാന്‍ വരാം”

അയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ തലയാട്ടിയ ശേഷം ഓഫീസ് ബോയ്ക്ക് ഒപ്പം പുറത്തേക്ക് നടന്നു. പുറത്ത് തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നവരെ നോക്കാതെ ഞാന്‍ അവന്റെ പിന്നാലെ ചെന്നു. വിശാലമായ കോണ്‍ഫറന്‍സ് ഹാളില്‍ കയറിയ ഞാന്‍ ചുറ്റും നോക്കി.

“ഇരിക്ക് മാഡം..കുടിക്കാന്‍ എന്ത് വേണം?”

“ഒന്നും വേണ്ട…”

“അത് പറ്റില്ല. സാറ് പറഞ്ഞത് കേട്ടതല്ലേ..ചായയോ കോഫിയൊ ജ്യൂസോ എന്ത് വേണേലും ഉണ്ട്”

“ഒരു ചായ മതി..വിത്തൌട്ട് ഷുഗര്‍”

“ശരി മാം”

അവന്‍ പുറത്തേക്ക് പോയപ്പോള്‍ ഞാന്‍ ഒരു കസേരയില്‍ ഇരുന്നിട്ട് എന്റെ ബാഗ് മേശപ്പുറത്ത് വച്ചു. കണ്ണട ഊരി ദുപ്പട്ട കൊണ്ട് തുടച്ച് ഞാന്‍ തിരികെ വച്ചിട്ട് മെല്ലെ ആ വലിയ കസേരയിലേക്ക് ചാരി. ഹാളിന്റെ ഭിത്തിയില്‍ കൊടുമുടി കയറുന്ന ഒരു സാഹസികന്റെ ചിത്രം. അധ്വാനമാണ് കഠിനമായ ലക്ഷ്യങ്ങള്‍ സാധിക്കാനുള്ള ഏകമാര്‍ഗ്ഗം എന്ന സന്ദേശമാകാം ആ ചിത്രം നല്‍കുന്നത്. അറിയാതെ കണ്ണുകള്‍ അടച്ച എന്റെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു; അതിദ്രുതം.

കോളജ് കാമ്പസില്‍ ബ്യൂട്ടീ ക്വീനായി വിലസി നടന്നിരുന്ന ഊര്‍ജ്ജസ്വലതയുടെ ദിനങ്ങള്‍. സ്കൂട്ടറില്‍ കാമ്പസിലേക്ക്‌ എത്തുന്ന തന്നെ കാണാന്‍ വേണ്ടി മാത്രം അവിടവിടെ കാത്തു നിന്നിരുന്ന പൂവാല വൃന്ദം. സകലരുടെയും ശ്രദ്ധാകേന്ദ്രമായി അങ്ങനെ പോകുന്നത് തനിക്കെന്നും ഒരു ഹരമായിരുന്നു. പ്രേമാഭ്യര്‍ത്ഥനയുമായി പിന്നാലെ നടക്കുന്നവരില്‍ കോളജിലെ ഏറ്റവും മികച്ച കായിക, കലാതാരങ്ങള്‍ വരെ ഉണ്ടായിരുന്നതിന്റെ അഹങ്കാരം സിരകളെ ഭരിച്ചിരുന്ന സമയം.

അന്ന്, ലൈബ്രറിയില്‍ തീരെ തിരക്കില്ലാതിരുന്ന ആ ദിവസം ഏണസ്റ്റ് ഹെമിംഗ്‌വേയുടെ പുതിയ ഏതോ പുസ്തകം വന്നിട്ടുണ്ട് എന്നറിഞ്ഞ് ചെന്നതാണ് താന്‍. വായന അന്നും ഇന്നും തന്റെ ജീവസ്പന്ദനം ആണ്. തേടിയ പുസ്തകം എടുത്ത്, വായിക്കാത്ത പുതിയ പുസ്തകങ്ങള്‍ തിരഞ്ഞ് നടക്കുന്ന സമയത്താണ് തൊട്ടടുത്ത് ഒരു പാദപതനശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. ആളെ കണ്ടപ്പോള്‍ അറിയാതെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ക്ലാസിലെ മണ്ണുണ്ണി എന്ന വിളിപ്പേരിനര്‍ഹനായ, ആധുനിക ചെറുപ്പക്കാരുടെ യാതൊരുവിധ ഗുണഗണങ്ങളും ഇല്ലാത്ത, നാണംകുണുങ്ങിയും അന്തര്‍മുഖനുമായ പത്രോച്ചന്‍ എന്ന് സാറന്മാര്‍ ഉള്‍പ്പെടെ വിളിക്കുന്ന പീറ്റര്‍ തൊട്ടു പിന്നിലായി നില്‍ക്കുന്നു. മുഖത്ത് പ്രകടമായ പരിഭ്രമം.

“എന്താ പത്രോച്ചാ.? പുസ്തകം എടുക്കാന്‍ വന്നതാണോ?” മുടി ഇളക്കിയിട്ടുകൊണ്ട് താന്‍ ചോദിച്ചു.

“അ..അല്ല..ഞ..ഞാന്‍ ടീനയെ..ഒന്ന് കാണാന്‍…” പീറ്റര്‍ വല്ലാതെ വിക്കുന്നുണ്ടായിരുന്നു.

“പത്രോച്ചന് വിക്കും പിടിച്ചോ..എന്തിനാ എന്നെ കാണാന്‍ വന്നത്? സംതിംഗ് സ്പെഷല്‍?” ബുക്കുകള്‍ തിരഞ്ഞുകൊണ്ട് താന്‍ ചോദിച്ചു.

“ടീന..ഇതാരോടും പറയരുത്..കുറെ നാളായി പറയാന്‍ ആഗ്രഹിക്കുന്നു..പക്ഷെ ടീനയെ തനിച്ച് കിട്ടാഞ്ഞ കൊണ്ട്…”

താന്‍ അവനെ കൌതുകപൂര്‍വ്വം നോക്കി. മണ്ണുണ്ണി എന്തോ വലിയ വിഷയവുമായി വന്നിരിക്കുകയാണ്.

“പറ..ഇപ്പൊ നമ്മള് രണ്ടാളും അല്ലെ ഉള്ളു ഇവിടെ” അവന് താന്‍ ആത്മവിശ്വാസം പകര്‍ന്നു.

“ടീന..എനിക്ക്..എനിക്ക് ടീനയെ ഇഷ്ടമാണ്..ഞാന്‍..ഞാന്‍ ടീനയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു…..”

അത് പറഞ്ഞപ്പോള്‍ അവന്റെ ഹൃദയമിടിപ്പിന്റെ താളം തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ആദ്യം അവനോട് തോന്നിയത് പുച്ഛമാണ്. ഉള്ളിലുയര്‍ന്ന പരിഹാസവും പുച്ഛവും അവനോടുള്ള സഹതാപം മൂലം പുറമേ പ്രകടിപ്പിച്ചില്ലെന്ന് മാത്രം. പകരം മറുപടി ഇങ്ങനെയാക്കി:

“സന്മനസ്സിന് നന്ദി..പക്ഷെ പത്രോച്ചനെപ്പോലെ ഒരു മിടുക്കനെ വേള്‍ക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ലേ..”

പരിഹസിച്ചതാണ് ഞാന്‍ എന്ന് മനസിലാക്കാന്‍ അവന് പ്രയാസം ഒട്ടും ഉണ്ടായിരുന്നില്ല. എങ്കിലും അവന്‍ ഒരിക്കല്‍ക്കൂടി ശ്രമിച്ചു നോക്കി.

“ടീന..ഞാന്‍..ഞാനെന്റെ ഹൃദയമാണ് നിന്റെ മുന്‍പില്‍ തുറന്നത്..അത്രമാത്രം എനിക്ക് നിന്നോട് സ്നേഹമുണ്ട്”

താന്‍ അവന്റെ കണ്ണിലേക്ക് നോക്കി ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“പത്രോച്ചാ..അവനവനു ചേരുന്നത് എന്താണോ അത് നോക്ക്..ചെറിയ മോഹം ഒന്നുമല്ലല്ലോ മണ്ണുണ്ണി കൊണ്ടുനടക്കുന്നത്? സോറി…എനിക്ക് അല്പം തിരക്കുണ്ട്‌”

അവനെ കടന്നു മുന്‍പോട്ടു പോകുമ്പോള്‍ ഹൃദയം തകര്‍ന്നുള്ള അവന്റെ നില്‍പ്പ് ഒരുതരം ഹരമാണ് തനിക്ക് പകര്‍ന്നത്. കോളജില്‍ എല്ലാവനും എന്നെത്തന്നെ കെട്ടണം! ഇങ്ങനെ പോയാല്‍ എത്ര പേരെ കെട്ടേണ്ടി വരും.

“ഹായ് ടീന..ഇരുന്നു മുഷിഞ്ഞോ?”

ശബ്ദം കേട്ടു ഞാന്‍ കണ്ണുകള്‍ തുറന്നു. തൊട്ടു മുന്‍പില്‍ അയാള്‍. മേശപ്പുറത്ത് തണുത്തു തുടങ്ങിയ ചായ. അവന്‍ ചായ വച്ചിട്ടു പോയത് ഞാന്‍ അറിഞ്ഞുപോലും ഇല്ലായിരുന്നു. ഉറങ്ങുകയാണ്‌ എന്ന് കരുതി വിളിക്കാതെ പോയതാകും.

“ചായ കുടിച്ചില്ലേ? പ്ലീസ്” അയാള്‍ ചായ എന്റെ മുന്‍പിലേക്ക് നീക്കി വച്ചിട്ട് മറ്റൊരു കസേര വലിച്ചിട്ട് എനിക്കെതിരെ ഇരുന്നു. ഞാന്‍ ചായ ഗ്ലാസെടുത്ത് ചുണ്ടോട് ചേര്‍ത്തു.

“ടീന ആകെ മാറിയിരിക്കുന്നു. ആദ്യം എനിക്ക് സത്യത്തില്‍ മനസിലായിരുന്നില്ല” അയാള്‍ പുഞ്ചിരിച്ചു.

“പീറ്ററും..നാല്‍പ്പതിലും ഇരുപത്തിയഞ്ചിന്റെ യൌവ്വനം കാത്തുസൂക്ഷിക്കാന്‍ എങ്ങനെ കഴിയുന്നു?”

മറുപടി ഒരു പുഞ്ചിരിയായിരുന്നു.

“ടീന ഉണ്ടെന്നറിഞ്ഞിരുന്നു എങ്കില്‍ വേറെ ആരെയും ഇരുത്തി മെനക്കെടുത്തില്ലായിരുന്നു. പറ ടീന..എങ്ങനെ ഇവിടെത്തി? ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോ കണ്ട ടീനയെ ഈ നഗരത്തില്‍, എന്റെ ഓഫീസില്‍ ഒരു ഉദ്യോഗാര്‍ത്ഥിയായി ഈ പ്രായത്തില്‍..ഐ കാണ്ട് ബിലീവ് ഇറ്റ്‌”

തണുത്തു തുടങ്ങിയിരുന്ന മധുരമില്ലാത്ത ചായ കുടിച്ചിട്ട് ഗ്ലാസ് ഞാന്‍ തിരികെ വച്ചു. അവിശ്വസനീയമായ ചുറുചുറുക്കും ഏതു പെണ്ണും മോഹിച്ചു പോകുന്ന വ്യക്തിത്വവും ഉള്ള പീറ്ററിനെ ചത്ത് തുടങ്ങിയിരുന്ന, തിളക്കം നഷ്ടപ്പെട്ട എന്റെ കണ്ണുകള്‍ കൊണ്ട് ഞാന്‍ നോക്കി.

“പീറ്റര്‍..വളരെ ചുരുക്കി പറയാം. കദന കഥകള്‍ വിസ്തരിച്ച് താങ്കളെ ബോറടിപ്പിക്കാന്‍ താല്‍പര്യമില്ല. എന്റെ വിവാഹം പപ്പാ ഒരു കോടീശ്വരന്റെ മകനുമായാണ് നടത്തിയത്. വലിയ ബിസിനസുകാരനായ അച്ഛന്റെ ഏകമകന്‍. സ്വര്‍ഗ്ഗതുല്യമായ ജീവിതം. പക്ഷെ വിധി എനിക്ക് ആദ്യമായി നല്‍കിയ സമ്മാനം ഭര്‍തൃപിതാവിന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു. അച്ഛനെ ബിസിനസില്‍ സഹായിച്ചിരുന്ന എന്റെ ഭര്‍ത്താവ് ഒരു മടിയനും അലസനും ബിസിനസ്സിന്റെ മൂല തത്വങ്ങള്‍ പോലും അറിയാത്ത ആളുമായിരുന്നു എന്ന് അതിനുശേഷമാണ് ഞാന്‍ മനസിലാക്കിയത്. പണം ചിലവാക്കാന്‍ അല്ലാതെ അതുണ്ടാക്കാന്‍ അയാള്‍ക്ക് അറിയില്ലായിരുന്നു. അച്ഛന്‍ മരിച്ച് ആറോ ഏഴോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബിസിനസ് നിലച്ചു. പിന്നെ വസ്തുവകകള്‍ വിറ്റ്‌ അയാള്‍ ജീവിതം മുന്‍പോട്ടു നീക്കി. ശീലിച്ചുപോന്നിരുന്ന ആഡംബര ജീവിതം നയിക്കാന്‍ ചെറിയ തുകകള്‍ ഒന്നും പോരയിരുന്നല്ലോ. എന്റെ വീട്ടില്‍ നിന്നും കൊടുത്ത പണവും സ്വന്തം സ്വത്തും എല്ലാം അവസാനം തീര്‍ന്നു. ഇന്നയാളൊരു മാനസികരോഗിയായി മാറിയിരിക്കുകയാണ്. ഏകമകനെ സ്കൂളില്‍ അയച്ചു പഠിപ്പിക്കാനുള്ള നിവൃത്തി പോലും ഇല്ലാതായപ്പോള്‍, കടക്കാരുടെ ശല്യം മൂലം നാട്ടില്‍ ജീവിക്കാന്‍ സാധിക്കാതായ സാഹചര്യത്തില്‍, എന്റെ മോനെ പഠിപ്പിക്കാനും എനിക്ക് ജീവിക്കാനും ഒരു മാര്‍ഗ്ഗം കണ്ടെത്താനാണ്‌ ഞാനീ നഗരത്തിലേക്ക് വന്നത്. ഇവിടെ വന്നാല്‍ എന്തെങ്കിലും ജോലി കിട്ടും എന്ന് പലരും പറഞ്ഞതിന്റെ പേരില്‍. കഴിഞ്ഞ എണ്‍പതിലേറെ ദിവസങ്ങളായി ഞാന്‍ ഈ നഗരത്തില്‍ അലയുകയായിരുന്നു; ഒരു ജോലി തേടി. തിരികെ പോകുന്നതിനു മുന്‍പുള്ള അവസാനത്തെ ഇന്റര്‍വ്യൂ ഇവിടെയായിരുന്നു..”

പീറ്റര്‍ അവിശ്വസനീയതയോടെ എന്നെ നോക്കി ഇരിക്കുകയായിരുന്നു.

“ഓ..റിയലി സാഡ് ടു ഹിയര്‍ ഇറ്റ്‌ ആള്‍..ടീനയെ ഞാന്‍ ഓര്‍ക്കാത്ത ദിനങ്ങള്‍ ഉണ്ടായിരുന്നില്ല. കാരണം എന്റെ ജീവിതത്തിലെ ആദ്യത്തെയും ഏകവുമായ പ്രണയം ടീന ആയിരുന്നല്ലോ. എനിക്കങ്ങനെ ഒരു ഫീലിംഗ് ടീനയോടു മാത്രമേ തോന്നിയിട്ടുള്ളൂ. അന്ന് ടീന എന്നെ തിരസ്കരിച്ചപ്പോള്‍, ഞാന്‍ ആദ്യമായി സൌന്ദര്യത്തെ വെറുത്തു. പിന്നെ എന്റെ ലക്‌ഷ്യം ജീവിതത്തില്‍ ഒരു നല്ലനിലയില്‍ എത്തുക എന്നത് മാത്രമായിരുന്നു. അത് മാത്രം മുന്‍പില്‍ കണ്ടു ഞാന്‍ ജീവിച്ചു. ഇന്ന് ഈ കമ്പനിയുടെ ജനറല്‍ മാനേജര്‍ ആണ്. ഇതാ..എന്റെ ഭാര്യയും മക്കളും”

മൊബൈല്‍ ഫോണില്‍ അവന്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം എന്നെ കാണിച്ചു. ആകാംക്ഷയോടെ ഞാന്‍ നോക്കി. ഇരുനിറമുള്ള, ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു അവന്റെ ഭാര്യ. പക്ഷെ നല്ല വിനയവും ദീനാനുകമ്പയുമുള്ള മുഖം. മിടുക്കരായ രണ്ടു കുഞ്ഞുങ്ങള്‍. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.

“ടീനയെക്കാള്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ ആലോചനകള്‍ എനിക്ക് വന്നതാണ്‌. പക്ഷെ ഞാന്‍ പറഞ്ഞല്ലോ..സൌന്ദര്യത്തെ ഞാന്‍ വെറുത്തു പോയിരുന്നു. ഒരു സാധാരണ പെണ്‍കുട്ടിയെയാണ് ഞാനെന്റെ വധുവാക്കിയത്. ടീന ചോദിച്ചില്ലേ..നാല്‍പ്പതാം വയസിലും ഞാനെങ്ങനെ ചെറുപ്പമായി ഇരിക്കുന്നു എന്ന്? അത് ഇവള്‍, എന്റെ ജാന്‍സി എനിക്ക് നല്‍കുന്ന നിര്‍മ്മലമായ സ്നേഹം മൂലം മാത്രമാണ്. ലോകത്തിലേക്കും സ്നേഹമുള്ള ഭാര്യ എന്റെ ജാന്‍സിയാണ് എന്നെനിക്ക് തോന്നാറുണ്ട്. ഇതിനൊക്കെ കാരണം, ഞാനീ നിലയില്‍ എത്താനും ജാന്‍സിയെ എനിക്ക് കിട്ടാനുമെല്ലാം കാരണം, അന്ന് ടീന എന്നെ റിജക്റ്റ് ചെയ്തു എന്ന ഏക കാര്യമാണ്..സൊ അയാം താങ്ക്ഫുള്‍ ടു യു ഫോര്‍ ദാറ്റ്” പീറ്റര്‍ ചിരിച്ചു.

“പീറ്റര്‍..ഞാന്‍..ഞാന്‍ അന്ന് താങ്കളുടെ മനസ്സ് ഒരുപാട് വിഷമിപ്പിച്ചു അല്ലെ? വിഷമിപ്പിക്കുകയല്ല, ആ നല്ല മനസ്സ് തകര്‍ക്കുകയാണ് ഞാന്‍ ചെയ്തത്..സൌന്ദര്യത്തിന്റെ മത്തു തലയ്ക്ക് പിടിച്ചിരുന്ന എനിക്ക് വിവേകം ഇല്ലായിരുന്നു പീറ്റര്‍..അയാം റിയലി സോറി” എന്റെ കണ്ഠം ഇടറുന്നത് ഞാനറിഞ്ഞു.

“ഏയ്‌..അതൊക്കെ ഒരു തമാശയായി കണ്ടാല്‍ മതി ടീന. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ടീനയെ ഒന്ന് കാണാന്‍ സാധിച്ചല്ലോ..അത് തന്നെ ഭാഗ്യം. എന്റെ മനസ്സില്‍ ഇപ്പോഴും ആ പഴയ പ്രണയം മരിക്കാതെ കിടപ്പുണ്ട് കേട്ടോ? അതിന്റെ രൂപം മാറിയെങ്കിലും..ആദ്യ പ്രണയമല്ലേ..മറക്കാന്‍ സാധിക്കുമോ?”

എനിക്ക് ഒന്നുറക്കെ കരയണം എന്ന് തോന്നി. എന്നെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ദൈവം എടുത്തുപയോഗിച്ചത് എന്റെ ജീവിതം തന്നെയായിരുന്നു എന്നോര്‍ത്തപ്പോള്‍ എനിക്ക് സഹിക്കാനായില്ല. എനിക്കേറ്റവും മികച്ചത് പീറ്ററിന്റെ രൂപത്തില്‍ ദൈവമെനിക്ക് തന്നപ്പോള്‍, ഞാനതിനെ പുച്ഛത്തോടെ തട്ടിത്തെറിപ്പിച്ചു. ഇവന്റെ ഒപ്പമായിരുന്നു എങ്കില്‍, എത്ര ശോഭയുള്ള ജീവിതമാകുമായിരുന്നു എന്റേത്!

“ടീന..ടീനയ്ക്ക് എന്നാണ് ജോയിന്‍ ചെയ്യാന്‍ പറ്റുക?” പീറ്ററിന്റെ സ്വരം എന്നെ ഉണര്‍ത്തി.

“അനുകമ്പ..സ്നേഹം..ദയ..അതോ മധുര പ്രതികരമോ?” കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

പീറ്റര്‍ ചിരിച്ചു; മനംമയക്കുന്ന ചിരി.

“ഒന്നുമല്ല ടീന..പ്രണയം..ഇപ്പോഴും നിന്നോടുള്ള പ്രണയം മാത്രമാണ് കാരണം. എന്റെ ജീവിതത്തിലെ ഏക പ്രണയത്തിന്റെ ഒപ്പം ജീവിക്കാനോ എനിക്ക് ഭാഗ്യമുണ്ടായില്ല..ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ വിധി നല്‍കിയ ഔദാര്യത്തെ രണ്ടു കൈയും നീട്ടി ഞാന്‍ സ്വീകരിക്കുന്നു എന്ന് മാത്രം”

എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു ആ വാക്കുകള്‍. പൊട്ടിക്കരഞ്ഞുപോയി ഞാന്‍. കരച്ചിലിന്റെ അകമ്പടിയോടെ സ്വയം മറന്നുള്ള എന്റെ ഭ്രാന്തമായ വാക്കുകള്‍ ഞാനറിയാതെ പുറത്തേക്ക് വന്നു.

“പോടാ മണ്ണുണ്ണി..അന്ന് ഞാന്‍ നിന്നെ വേണ്ടെന്നു വച്ചെന്നു കരുതി നീ എന്നെ പാടെ അങ്ങ് ഉപേക്ഷിച്ചു കളഞ്ഞു അല്ലേടാ? ..നിനക്ക്..നിനക്കെന്റെ പിന്നാലെ നടന്നു കൂടായിരുന്നോടാ? എന്നെങ്കിലും എന്റെ മനസ്സ് മാറുന്നത് വരെ…നീയെന്താ അത് ചെയ്യാഞ്ഞത്?” കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ കരയുകയായിരുന്നു.

ഒരു തമാശ കേട്ടത് പോലെ പീറ്റര്‍ ചിരിച്ചു. പിന്നെയവന്‍ എഴുന്നേറ്റു;

“ടീന ഇരിക്ക്..ഞാന്‍ അപ്പോയിന്റ്മെന്റ് ലെറ്റര്‍ റെഡിയാക്കി കൊണ്ടുവരാം..ടീനയ്ക്ക് സൗകര്യം പോലെ എന്ന് വേണമെങ്കിലും ജോയിന്‍ ചെയ്യാം..”

അവന്‍ പുറത്തേക്ക് പോകുന്നത് കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ നോക്കി. എന്റെ ഹൃദയത്തില്‍ അന്ന് ഞാനിടം നല്‍കാന്‍ വിസമ്മതിച്ച അവന്‍, എന്നെ എന്റെ ദുരവസ്ഥയില്‍ ഇരട്ടി സ്നേഹത്തോടെ സ്വീകരിച്ചിരിക്കുന്നു..സ്വര്‍ണ്ണം കളഞ്ഞിട്ട് മുക്കുപണ്ടം തേടിപ്പോയ വിഡ്ഢിയാണ് ഞാന്‍..വിഡ്ഢി.

‘എങ്കിലും..എങ്കിലും പീറ്റര്‍….നീ..നീയെന്നെ പ്രണയിക്കണമായിരുന്നു..എന്റെ മനസ്സ് നേടുംവരെ…എന്തുകൊണ്ട് നീയത് ചെയ്തില്ല..എന്തുകൊണ്ട്..’ വീണ്ടും എന്റെ മനസ് നിശബ്ദം കേഴുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here