ഇരുളിന്റെ കാവൽക്കാരൻ – കഥ – ഷബ്‌ന ഫെലിക്സ്

0
126

ഒരാഴ്ചയായി അയാളെ കാണ്മാനില്ലായിരുന്നു.

അച്ഛന്റെ കയ്യും പിടിച്ചു ഗേറ്റ് കടന്നപ്പോൾ യൂണിഫോമിട്ട ആ കൊമ്പൻ മീശക്കാരനു നേരെ ഞാൻ സല്യൂട്ട് ചെയ്തുവത്രെ.

അച്ഛനാണ് കാലങ്ങൾക്കു ശേഷം ആ കാര്യം എന്നോടു പറഞ്ഞത്. അച്ഛനെ പഠിപ്പിച്ച സാറുമ്മാരെ കാണാൻ ആയിരുന്നത്രേ അന്നത്തെ യാത്ര..

അച്ഛന്റെ കാൽപാടുകൾ പതിഞ്ഞ അതേ വഴിയിലൂടെ താനും വർഷങ്ങൾക്കു ശേഷം ആ കലാലയത്തിന്റെ പടികൾ ചവിട്ടി കയറുമ്പോഴും ആ കൊമ്പൻ മീശക്കാരൻ അവിടെയുണ്ടായിരുന്നു .

പഴയ പോലെ ഒരു സല്യൂട്ട് കൊടുത്തുവെങ്കിലും ആ മുഖത്തു നിസ്സംഗത തളം കെട്ടി നിന്നു.
പിന്നീടൊരിക്കൽ പഴയ ഒരു വിദ്യാർത്ഥിയുടെ മകളാണ് എന്നുള്ള ഓർമ പുതുക്കലിന്റെ ഭാവമണിഞ്ഞു അയാളുടെ അരികിൽ ചെന്നു നിന്നു കുശലം പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ ഒരു നിമിഷം തെളിഞ്ഞ നക്ഷത്രങ്ങൾ പിന്നീട് പലപ്പോഴും തന്നെ കാണുമ്പോഴൊക്കെ മിന്നിതെളിഞ്ഞതായി തോന്നിപ്പോയി..

“എന്നേക്കാൾ രണ്ടു വയസ്സ് മാത്രേ അയാൾക്ക് കൂടുതൽ കാണു.. “അച്ഛൻ ഒരിക്കൽ പറഞ്ഞു.

സമപ്രായക്കാരായ യുവാക്കൾ കളിച്ചും ചിരിച്ചും പ്രേമിച്ചും ആർപ്പു വിളിച്ചും യൗവനം കലാലയത്തിൽ തള്ളി നീക്കുമ്പോൾ അയാൾ യൂണിഫോമിൽ ആ കെട്ടിടങ്ങൾക്ക് കാവൽ നിന്നുവെന്ന്.

അയാളുടെ അച്ഛൻ അതേ വേഷത്തിൽ അവിടെ നിലയുറപ്പിച്ചിരുന്നുവത്രെ . അച്ഛന്റെ ആകസ്മികമായ മരണത്തിനു പിന്നാലെ അയാൾക്ക്‌ , അച്ഛന്റെ യൂണിഫോമിലേക്കു ചേക്കേറേണ്ടി വന്നു.

കുടുംബം പുലർത്താൻ ചെറുപ്പത്തിൽ തന്നെ അണിഞ്ഞ വേഷം. പെങ്ങന്മാർക്കും വീട്ടുകാർക്കും വേണ്ടി തീറെഴുതിയ ജീവിതം. നാളോടുവിൽ അയാൾ അനാഥനാണ്.

പൊട്ടിച്ചിരിക്കുന്ന സൗഹൃദ ക്കൂട്ടങ്ങൾക്കിടയിൽ താൻ ആയിരുന്നപ്പോഴും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടോയെന്നു പലപ്പോഴും ചികഞ്ഞു കൊണ്ടിരുന്നു.

അയാൾക്കായി പണിത കൂടാരത്തിൽ നിറം മങ്ങിയ കസേരമേൽ അയാൾ കൂനി കൂടിയിരുന്നു. കോളേജിന്റെ അടുത്തായിരുന്ന തന്റെ ഭവനത്തിലിരുന്നാൽ ഇരുട്ട് കട്ട പിടിച്ച കോളേജിന്റെ കെട്ടിടങ്ങൾ കാണാം. പകൽ മുഴുവൻ ചവിട്ടി പതിഞ്ഞ വരാന്തകളും ക്ലാസ് മുറികളും ചോല വിരിച്ചു തലയാട്ടി നിന്ന പൂമരങ്ങളും ഇരുളിൽ ഭയപ്പെടുത്തുന്ന രൂപം പൂണ്ടു നിന്നു.

ആ വലിയ കെട്ടിടത്തിന് കാവലായി ആ കൊമ്പൻ മീശക്കാരന്റെ നിഴൽ അയാളുടെ കൂടാരത്തിലും ഗേറ്റിനു പിന്നിലും ഉലാത്തുന്നത് പലപ്പോഴും കൗമാരത്തിൽ നോക്കി നിന്നു.

“ഭയമാവില്ലേ അയാൾക്ക്‌ അച്ഛാ…? ”
എന്നോ താൻ അഛനോട് ചോദിച്ചതോർമയുണ്ട്.

“ജീവിക്കണ്ടേ..മോളെ…അയാൾക്ക്..” അച്ഛന്റെ വാക്കുകൾ മനസ്സിൽ പതിഞ്ഞത് കൊണ്ടാവണം ഓരോ തവണ കാണുമ്പോഴും വെറുതെ അയാളെ നോക്കി ചിരിച്ചു.

കോളേജിൽ , രാത്രി കാലങ്ങളിൽ ബെഞ്ചുകളും ഡെസ്കുകളും നീക്കുന്നതിന്റെയും ആരൊ നടക്കുന്നതിന്റെയുമൊക്കെ നിറം പിടിപ്പിച്ച കഥകൾ കുട്ടിക്കാലം തൊട്ടേ കേട്ടു തഴമ്പിച്ചതുകൊണ്ടാവും തന്റെ കണ്ണിൽ അയാൾ ധൈര്യത്തിന്റെ പര്യായമായിരുന്നു. ഇരുട്ടിനെ ഭയന്ന തന്റെ മുന്നിൽ അയാൾ ഇരുളിന് വർഷങ്ങളോളം നിശബ്ദനായി കാവൽ നിന്നു.

അയാളുടെ മൊട്ടത്തലയും കൊമ്പൻ മീശയും മെലിഞ്ഞ ശരീരവും ഒരു കാവൽക്കാരനു ചേരാതെ തമ്മിൽ കലഹിച്ചു നിന്നു.

അഞ്ചു വർഷം നീണ്ട കലാലയജീവിതത്തിൽ ഇടക്കിടെ അയാളെ തേടി പലപ്പോഴും വെറുതെ ചെന്നു. അയാൾക്ക്‌ പകരം മറ്റാരും ആ സ്ഥാനം കൈയേറ്റം ചെയ്യുന്നത് മനസ്സു ഒരിക്കലും അംഗീകരിക്കാൻ തയ്യാറായില്ല.

“എന്റെ കുഞ്ഞുമോളെ പോലെ തന്നെയാ നീ..”
ഒരിക്കൽ അയാൾ പറഞ്ഞു.

അയാളുടെ കണ്ണിൽ വിരിയുന്ന നക്ഷത്രത്തിളക്കത്തിന്റെ രഹസ്യം അന്ന് വെളിവായി.

“എനിക്കും കാണണം ആ മോളെ…”
അതിശയം പൂണ്ട തന്റെ മറുപടിയിൽ അയാൾ കുറെനേരം മൗനം പൂണ്ടു.

“അവള് അമ്മേടെ കൂടെയാ…”

“അപ്പൊ അവളുടെ അമ്മ എവിടെയാ..? ”
ഉദ്വേഗത്തോടെ ചോദിച്ച പോയ ആ ചോദ്യത്തിന് മറുപടി കിട്ടിയതു പിന്നീട് കൂട്ടുകാരിൽ നിന്നാണ്.

അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു മോളേയും കൊണ്ടു വേറൊരുത്തന്റെ കൂടെ പോയെന്നും കൂടെ കൂട്ടിയവൻ അവരേം വിട്ടു കടന്നു കളഞ്ഞപ്പോൾ ജീവിക്കാനായി ആ സ്ത്രീ ശരീരം കച്ചവടം തുടങ്ങിയെന്നും .
അയാൾക്ക്‌ ചുറ്റും പാളയമടിച്ച മൗനത്തിന്റെ പാളിയുടെ രഹസ്യം തനിക്കു മുന്നിൽ ചുരുൾ വിടർത്തിയപ്പോൾ അയാളോടുള്ള മമത പിന്നെയും തന്നിൽ കൂടുന്നതറിഞ്ഞു.

ഒരു തരത്തിൽ , സംഭാഷണങ്ങളോട് അയാൾ കാണിച്ച വിമുഖതയാണോ അയാളെ ബന്ധങ്ങളിൽ നിന്നും അകറ്റിയത് എന്നു തോന്നി പോയിട്ടുണ്ട്.

‘ഭാര്യയെ വെട്ടിക്കൊന്നു.’

ഒരാഴ്ച്ച മുൻപേയുള്ള പത്രക്കെട്ടിലാണ് ആ വാർത്ത വന്നത്.ഒപ്പം അയാളുടെ യൂണിഫോമിലുള്ള ഫോട്ടോയും.

തെളിവെടുപ്പിനായി ഇന്നലെ കോളേജ് വളപ്പിൽ കൊണ്ടു വന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലും തന്നെ കണ്ടതും അയാളുടെ കണ്ണുകളിൽ നക്ഷത്രം വിരിയുന്നത് കണ്ടു.

അയാളുടെ പിറന്നാളിന് താൻ കൊടുത്ത അതേ ഷർട്ടിൽ..
സമ്മാനമായി ആ ഷർട്ടു നൽകുമ്പോൾ വികാരങ്ങൾക്ക് വശംവദമാകാത്ത ആ മുഖത്തു രക്തച്ഛവി പടരുന്നതും കണ്ണുനീർ ചാലായി ഒഴുകിയിറങ്ങിയതും കൈകൾ കൂപ്പി അയാൾ പതിയെ വിളിച്ചു.

“എന്റെ പൊന്നു മോളെ..”
ഒരായുസ്സിൽ മകൾക്ക് നൽകാൻ അടക്കി വെച്ച സ്നേഹം ആ വിളിയിൽ തങ്ങി നിന്നു.

തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ ആരൊക്കെയോ പിറുപിറുത്തു.

കോളേജു ഹോസ്റ്റലിലെ ഏതോ പയ്യന്മാർ വിളിച്ചു വരുത്തിയതാണ് അമ്മേനേം മോളേം…
അമ്മേടെ വഴിയേ മോളെ നടത്താൻ തുടങ്ങിയെന്നറിഞ്ഞു സഹിച്ചു കാണില്ല…

കൂടുതൽ കേൾക്കാൻ ഉള്ള മനകരുത്തുണ്ടായില്ല. സ്വന്തം പാതയിൽ വഴി നടത്താൻ ഒരുങ്ങി , അമ്മയെന്ന പദത്തിന് കളങ്കം വരുത്തിയ ഗര്ഭപാത്രത്തെയോർത്തു.
കൊല്ലാതെ കൊന്നു വെറുതെ വിട്ട ആ മകളെ ഓർത്തു. പാഴായി പോയ ഒരു ജീവിതം പേറിയ ഒരു കൊമ്പൻ മീശക്കാരനെ ഓർത്തു.

ആരവവും കൂക്കുവിളികളും നിറഞ്ഞ ജനക്കൂട്ടത്തിനിടയിൽ അറക്കാൻ വിധിച്ച കുഞ്ഞാടിനെ പോലെ അയാൾ തല താഴ്ത്തി അകന്നു പോയി.

അന്നും പതിവ് പോലെ ഇരുളിന്റെ കച്ച കെട്ടി കോളേജും പരിസരവും ഒരുങ്ങി നിന്നു. കോളേജ് ഗേറ്റിന്റെ അടുത്തുള്ള കൂടാരത്തിൽ മറ്റൊരു നിഴൽ ചലിച്ചു കൊണ്ടിരുന്നു. അങ്ങകലെ ഇരുളിന്റെ കാവൽക്കാരൻ തന്റെ കൂടാരത്തിൽ നിന്നും കൂടു വിട്ടു കൂടു മാറി ഏകാന്തതയുടെ മറ്റൊരു ലോകത്തിലേക്ക്‌ ചേക്കേറി സ്വന്തം നിഴലിനോട് കഥ പറഞ്ഞു കൊണ്ടിരുന്നു ..

“ഒരിക്കൽ ഒരിടത്ത് ഒരു മനുഷ്യൻ ഉണ്ടായിരുന്നു….
അയാൾക്ക് ഒരു മോളുണ്ടായിരുന്നു…. “

LEAVE A REPLY

Please enter your comment!
Please enter your name here