ദേവ് ആനന്ദ് – ഗോപാൽ കൃഷ്‌ണൻ

0
56

ഇന്ത്യന്‍സിനിമയുടെ നിത്യഹരിതനായകൻ…. ഏതു പ്രായത്തിലും പ്രണയ രംഗങ്ങൾ ചെയ്യാമെന്ന് തെളിയിച്ച ദേവ് ആനന്ദ് ഹിന്ദിയിലെ ‘നിത്യഹരിത നായകനായി’ വിശേഷിപ്പിക്കപ്പെടുന്നു.

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു പ്രമുഖനടനായിരുന്നു, ദേവ് ആനന്ദ് . നടനെന്നതു കൂടാതെ നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്.

യഥാർഥ നാമം: ‘ധരംദേവ് പിഷോരിമൽ ആനന്ദ്’ എന്നായിരുന്നു. ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുർദാസ്പൂർ എന്ന സ്ഥലത്താണ് (ഇപ്പോഴത്തെ പേര്: നാരോവാൾ) ഇദ്ദേഹത്തിന്റെ ജനനം. പിതാവ് പിഷോരിമൽ ആനന്ദ് പ്രസിദ്ധ അഭിഭാഷകനായിരുന്നു. ലാഹോര്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നും അദ്ദേഹം ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്. മൂത്ത സഹോദരൻ ചേതൻ ആനന്ദിന്റെ സ്വാധീനത്താൽ ‘പീപ്പിൾ തീയറ്റർ അസോസിയേഷ’ന്റെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനോടുള്ള സ്നേഹം സ്വന്തം നാട്ടിൽ നിന്നും മുംബൈയിലേക്ക് കുടിയേറാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചു; അങ്ങനെ ചലച്ചിത്രമോഹവുമായി മുംബൈയിലെത്തി.

1946-ലെ ‘ഹം ഏക് ഹേ’ എന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായി അഭിനയിച്ചു. തന്റെ സഹ അഭിനേതാവായ ഗുരു ദത്തിനെ പൂനെയിൽ വച്ച് കണ്ടുമുട്ടി. പിന്നീട് ഇവർ വളരെ നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്തു.പിന്നീട്‌ ബോളിവുഡിലെ സമാനതകളില്ലാത്ത താരമായി വളരുകയായിരുന്നു.

അഭിനയത്തിന്‌ പുറമെ സംവിധാനരംഗത്തും സിനിമാ നിര്‍മ്മാണരംഗത്തും സജീവമായിരുന്നു. 19 സിനിമകള്‍ സംവിധാനംചെയ്ത അദ്ദേഹം 31 സിനിമകള്‍ നിര്‍മിച്ചു. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ ദേവാനന്ദ് ശ്രദ്ധേയനായിരുന്നു. ഹിന്ദി സിനിമയിലെ ആദ്യകാല സൂപ്പർതാരങ്ങളിലൊരാളായി അദ്ദേഹം അതിവേഗം ഉയർന്നു.

നാല്‍പ്പതുകളുടെ അവസാനത്തില്‍ അക്കാലത്തെ സൂപ്പര്‍ഹിറ്റ്‌ നടിയായ സുരയ്യയോടൊപ്പം അഭിനയിക്കാന്‍ ദേവിന്‌ അവസരങ്ങള്‍ വന്നു. സിനിമയില്‍ കഴിവുതെളിയിച്ച സുരയ്യയെ പോലൊരു നടിയോടൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ദേവ്‌ പാഴാക്കിയില്ല. ഇരുവരും നായികാ നായകന്‍മാരായി ശോഭിച്ചു. ചിത്രങ്ങളെല്ലാം ബോക്സ്‌ഓഫീസില്‍ വന്‍വിജയങ്ങളായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ദേവ്‌ ആനന്ദിന്‌ കൈനിറയെ ചിത്രങ്ങളായിരുന്നു. സുരയ്യക്കും കല്‍പനക്കും പുറമെ വഹീദ റഹ്മാന്‍, നുതന്‍, സീനത് അമൻ എന്നിവര്‍ക്കൊപ്പവും ദേവ്‌ നായകനായെത്തി.

1947-ല്‍ പുറത്തിറങ്ങിയ ‘സിദ്ദി’ എന്ന ചിത്രമാണ് കരിയറിലെ വഴിത്തിരിവ്. ‘ഗൈഡ്’, ‘പേയിങ് ഗസ്റ്റ്’, ‘ബാസി’, ‘ജുവൽ തീഫ്’, ‘ജോണി മേരാ നാം’, ‘ഹരേ രാമ ഹരേ കൃഷ്ണ’, ‘അമീർ ഗരീബ്’, ‘ഹം ദോനോ’, ‘തേരാ ഘര്‍കെ സാംനെ’, ‘ബംബൈ കാ ബാബു’, ‘കാലാ ബസാര്‍’, ‘പ്രേം പൂജാരി’, ‘തീന്‍ ദേവിയാന്‍’, ‘സി ഐ ഡി’, ‘വാറണ്ട്’, ‘ദേസ് പര്‍ദേശ്’ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായിരുന്നു; ഇതിനു പുറമെ തുടങ്ങി നൂറുകണക്കിനു ചിത്രങ്ങളിൽ ദേവാനന്ദ് വേഷമിട്ടു.

ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, തിരക്കഥാകൃത്ത്,നിർമാതാവ് എന്നീ നിലകളിൽ ദേവാനന്ദ് ശ്രദ്ധേയനായിരുന്നു. 19 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 13 ചിത്രങ്ങൾക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം നൽകിയ ദേവാനന്ദിന്റെ ചിത്രങ്ങളിലെ പാട്ടുകൾ മിക്കവയും ഹിറ്റാണ്. 2005-ൽ പുറത്തിറങ്ങിയ ‘പ്രൈം മിനിസ്റ്ററാ’ണ് അവസാനത്തെ പ്രധാന ചിത്രം. മരിക്കുന്നതിനുമുമ്പും ‘ചാർജ്ജ് ഷീറ്റ്’ എന്ന പേരിട്ടിരിന്ന പുതിയ ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം. ദേവാനന്ദിന്റെ മരണത്തിന് 2 മാസം മുമ്പ്, 2011 സെപ്റ്റംബർ 30 -ന്
‘ചാർജ്ജ് ഷീറ്റ്’ റിലീസായിരുന്നു. ( അദ്ദേഹത്തിന്റെ അവസാന സിനിമകൾ പലതിനും സംഭവിച്ച പോലെ ഈ ചിത്രവും പരാജയമായിരുന്നു.)

1949 ൽ ദേവാനന്ദ് സ്ഥാപിച്ച നവ്‌കേതൻ മൂവീസ് 35 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലും ദേവാനന്ദ് സജീവമായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിക്കെതിരെ പ്രചാരണം നടത്തിയ ദേവാനനന്ദ് നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിക്കും രൂപം നൽകി. പിന്നീട് ഇത് പിരിച്ചു വിട്ടു.

അദ്ദേഹത്തിന്റെ ആത്മകഥയായ ‘റൊമാൻസിംഗ് വിത്ത് ലൈഫ്’ 2007-ൽ പുറത്തിറങ്ങി.

നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസതാരത്തെ പത്മഭൂഷണും ((2001)) ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ( 2002 ) നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

2011 ഡിസംബർ 3-ന് ലണ്ടനിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. മരണസമയത്ത് ലണ്ടനിലായിരുന്നു ദേവാനന്ദ്,, മരണത്തിന് ഏതാണ്ട് നാല് മണിക്കൂർ മുമ്പ് വരെ ദേവ് സാബ് മറ്റൊരു സിനിമയുടെ ( നേപ്പാൾ രാജ്യത്തെ ഒരു ചരിത്ര കഥ) തിരക്കഥ എഴുതിക്കൊണ്ടിരിയ്ക്കുകയായിരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here