ശവം – കവിത – അജയ് പള്ളിക്കര

0
100

നിന്റെ ജീവിതത്തിന്
എന്റെ മരണത്തെ താങ്ങാനാവുമെങ്കിൽ
നീ എന്നോടൊപ്പം വരുക

എന്റെ ശവം
പ്രദർശന വസ്തുവായിരിക്കുമ്പോൾ
നീ കരയാതെ എന്റെ മുന്നിൽ വരിക

കൂട്ടി കെട്ടിയ കാൽ വിരലുകളെ സ്പർശിക്കുക
പുതച്ചു മൂടിയ വെള്ളക്കുപ്പായവും
മൂക്കിൽ വെച്ച പഞ്ഞിയും നോക്കി ചിരിക്കുക
എന്നെ ഞാനാക്കിയ പലരും കരയുന്നുണ്ടാകും
അവരെയും നോക്കി പുഞ്ചിരിക്കുക

നമ്മുടെ മക്കളെ സന്തോഷത്തോടെ
വിളിച്ചു എന്റെ അടുത്തിരുത്തുക
അച്ഛൻ അവസാനമായി കെട്ടിയ
പ്രച്ഛന്നവേഷം കാട്ടി കൊടുക്കുക
കൊതി തീരും വരെ കാണുക

കുഴിച്ചു മൂടുവാൻ നാലുപേർ
പൊക്കുമ്പോൾ അതിന്റെ ഒരറ്റം നീ പിടിക്കുക
എന്റെ തണുപ്പേറ്റ ശരീരഭാരം
നീയറിയുക

കുഴിയിലേക്ക് വെക്കും നേരം
എന്റെ കവിളത്ത് ഒരു മുത്തം തരുക
കുഴിമാടത്തിൽ ചെന്ന് ചിതൽ പുറ്റുകളോട് എനിക്ക് പറയണം
മറ്റു അവയവങ്ങൾ ഭക്ഷിച്ച് വിശപ്പകറ്റിയാലും എന്റെ കവിൾ
ബാക്കി വെക്കുവാൻ
അത് രുചിയേറെയുള്ളതാണെന്നും
മണ്ണോടലിയണമെന്നും

ശവം മൂടി കഴിഞ്ഞു
വിരുന്നുകാർ സങ്കടത്തോടെ പിരിയുമ്പോൾ
സന്തോഷത്തോടെ യാത്രയാക്കണം
രാത്രി അവശേഷിക്കുന്ന ദുഃഖ ബാധിതർക്ക് അലമാരയിലെ തോൾ സഞ്ചിയിൽ നിന്നും അവശേഷിക്കുന്ന മധുരം എടുത്ത് കൊടുക്കണം
സങ്കടത്തോടെയാണെങ്കിലും അവർ കഴിക്കുന്നത്‌ നോക്കി നിൽക്കണം

ഒരു മധുരം എന്നെ കുഴിച്ചിട്ടതിന്റെ ഹൃദയഭാഗത്തായി വെക്കണം
ഉറുമ്പുകൾ വന്ന് കഴിച്ചു പോകും വരെ കാത്തിരിക്കണം
വരിവരിയായി വന്ന് കഴിക്കുമ്പോൾ
എന്റെ മുഖത്തെ ചിരി നീ ഓർക്കണം
അന്നേരം നിനക്ക് കരയാം
ഉറക്കെ കരയാം, പൊട്ടി പൊട്ടി കരയാം

എന്റെ ചിരി
നിന്റെ കണ്ണുനീരായി മാറണം
വൈകാതെ നീ പോയി കഴിയുമ്പോൾ
ഞാൻ ഏകാകിയാകും
മധുരം കഴിച്ച ഉറുമ്പുകൾ നിന്റെ കണ്ണുനീർ കൊണ്ട് നനഞ്ഞു കാണും
ആ ഉറുമ്പുകൾ എന്റെ അടുത്ത് വന്ന്
നിന്റെ കണ്ണുനീർ പൊഴിച്ച മധുരം
എനിക്ക് തരും
അപ്പോൾ ഞാൻ മരണത്തിനായ് കാതോർത്തിരിക്കും

ചിതൽ പുറ്റുകൾ എന്നെ തേടി വരും
എന്റെ ശരീരം ചുറ്റും വളയും
കൂട്ടി കെട്ടിയ കയ്യുകളെ ഞാൻ വേർപ്പെടുത്തി ഇരു കയ്യും വിടർത്തി
ഒരു കവിൾ മറക്കും

അവസാനം മൗനം വെടിയും
ഞാൻ എന്റെ ശവം
അവർക്കായ് വിട്ട് കൊടുക്കും

__________________________________________
BY
അജയ് പള്ളിക്കര

LEAVE A REPLY

Please enter your comment!
Please enter your name here