കായംകുളം കൊച്ചുണ്ണി’യുടെ ഓർമ്മയിൽ കാർത്തികവിളക്ക് വീണ്ടും തെളിയുന്നു, കുങ്കുമപ്പൂവുകൾ പൂക്കുന്നു…

0
37

കാതുകളിൽ അമൃതമഴയായി വീണ്ടും ആ പഴയ ശബ്ദം: “കാർത്തികവിളക്ക് കണ്ടു പോരുമ്പോൾ എന്നെ കാമദേവൻ കണ്മുനയാൽ എയ്തല്ലോ..” അര നൂറ്റാണ്ടിലേറെ കാലം മുൻപ് “കായംകുളം കൊച്ചുണ്ണി” എന്ന സിനിമക്ക് വേണ്ടി പാടി റെക്കോർഡ് ചെയ്ത പാട്ട് ഫോണിലൂടെ പാടിത്തരുകയാണ് ബി വസന്ത. “പറയൂ, അത്രയേറെ പ്രായം ബാധിച്ചോ എന്റെ ശബ്ദത്തിന്? ഒരു പാട്ട് പാടാൻ അവസരം തരാമായിരുന്നില്ലേ അവർക്ക്?”

ഉള്ളിൽ ചിരകാലമായി ഉറങ്ങിക്കിടക്കുന്ന മോഹം പങ്കുവെക്കാൻ വിളിച്ചതായിരുന്നു വസന്ത. “ഒരിക്കൽ കൂടി മലയാള സിനിമയിൽ പാടണം. അത് “കായംകുളം കൊച്ചുണ്ണി”യിൽ ആയിരുന്നെങ്കിൽ വലിയ സന്തോഷമായേനെ. 52 വർഷത്തിന് ശേഷം കൊച്ചുണ്ണി വീണ്ടും വെള്ളിത്തിരയിൽ വന്നതല്ലേ?” പി എ തോമസ് സംവിധാനം ചെയ്ത പഴയ കൊച്ചുണ്ണി (1966) ക്കു വേണ്ടി ബി എ ചിദംബരനാഥിന്റെ ഈണത്തിൽ മറ്റൊരു ഗാനം കൂടി പാടിയിട്ടുണ്ട് വസന്ത — അഭയദേവിന്റെ രചനയിൽ “പടച്ചോന്റെ കൃപ കൊണ്ട്.” എങ്കിലും സൂപ്പർ ഹിറ്റായത് പി ഭാസ്കരൻ എഴുതിയ “കാർത്തികവിളക്കു” തന്നെ. “പാട്ടെഴുതിയ ഭാസ്കരൻ മാഷും ചിട്ടപ്പെടുത്തിയ ചിദംബരനാഥും പാടി അഭിനയിച്ച സുകുമാരിയും എല്ലാം ഓർമ്മയായി. ഞാൻ മാത്രം ബാക്കി ” — വസന്തയുടെ ആത്മഗതം.

“പുതിയ കായംകുളം കൊച്ചുണ്ണിയുടെ പശ്ചാത്തലസംഗീതത്തിന്റെ ഭാഗമായെങ്കിലും ചില പഴയ പാട്ടുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. അര നൂറ്റാണ്ടിന് അപ്പുറവും ഇപ്പുറവും നമ്മുടെ ശബ്ദം സിനിമയിൽ കേൾപ്പിക്കാൻ കഴിയുക എന്നത് ഒരു അസുലഭ ഭാഗ്യമല്ലേ? എന്റെ ഒരു അത്യാഗ്രഹമാണെന്ന് കൂട്ടിക്കോളൂ”– വസന്ത ചിരിക്കുന്നു.
———————————————
നൗഷാദിനെ കീഴടക്കിയ “കുങ്കുമപ്പൂവുകൾ”
———————————————
പഴയ “കായംകുളം കൊച്ചുണ്ണി”യിൽ വേറെയുമുണ്ടായിരുന്നു സുന്ദര ഗാനങ്ങൾ: കുങ്കുമപ്പൂവുകൾ പൂത്തു (യേശുദാസ്, എസ് ജാനകി), സുറുമ നല്ല സുറുമ (യേശുദാസ്), ആറ്റുവഞ്ചിക്കടവിൽ വെച്ച് (യേശുദാസ്), പടച്ചവൻ പടച്ചപ്പോൾ (കമുകറ), വിറവാലൻ കുരുവീ (ജാനകി). സിനിമയിൽ സുറുമക്കാരൻ ഖാദറായി അഭിനയിച്ചത് യേശുദാസ് തന്നെ. പി എ തോമസിന്റെ നിർബന്ധത്തിന് വഴങ്ങി നടന്റെ വേഷമണിയുകയായിരുന്നു യേശുദാസ്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ യുഗ്മഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന “കുങ്കുമപ്പൂവു”കളുടെ രംഗത്ത് ഷാജഹാനും മുംതസുമായി പ്രത്യക്ഷപ്പെടുന്നു യേശുദാസും ഉഷാകുമാരിയും.

രേവതി സ്റ്റുഡിയോയിൽ നടന്ന ആ ഗാനത്തിന്റെ റെക്കോർഡിംഗിനെ കുറിച്ച് ചിദംബരനാഥ് പങ്കുവെച്ച ദീപ്തമായ ഒരു ഓർമ്മയുണ്ട്. ഏത് അവാർഡിനേക്കാൾ മഹത്തരമായ, ജീവിതത്തിലെ ഏറ്റവും അമൂല്യമായ അംഗീകാരത്തിന്റെ ഓർമ്മ. “പാട്ടുകാർക്ക് ഒരു മൈക്ക്, ഓർക്കസ്ട്രക്ക് മറ്റൊന്ന് — അതാണ് അന്നത്തെ രീതി. ലൈവ് റെക്കോർഡിംഗാണ്. ഫൈനൽ ടേക്കിൽ ദാസും ജാനകിയും മത്സരിച്ചു പാടി. റെക്കോർഡിസ്റ്റ് കണ്ണൻ ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവരെല്ലാം കോരിത്തരിപ്പോടെ കേട്ടിരുന്നു മധുരോദാരമായ ആ ആലാപനം. പാടിത്തീർന്നപ്പോഴാണ് സ്റ്റുഡിയോയുടെ വാതിലിൽ ചാരി നിന്നിരുന്ന ഒരു മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. ഞെട്ടിപ്പോയി — സാക്ഷാൽ നൗഷാദ് അലി. ഇന്ത്യൻ സിനിമാസംഗീതത്തിലെ ഇതിഹാസപുരുഷൻ. ആദ്യമായി കാണുകയാണ് അദ്ദേഹത്തെ. നാഗിറെഡ്ഢി നിർമ്മിച്ച ഏതോ ഹിന്ദി സിനിമയുടെ റീറെക്കോർഡിംഗിനായി മദ്രാസിൽ എത്തിയതാണ് അദ്ദേഹം. സ്റ്റുഡിയോയിൽ വന്നപ്പോൾ മലയാളം സിനിമയുടെ ഗാനലേഖനം നടക്കുകയാണെന്നറിഞ്ഞു. കൗതുകം തോന്നിയതുകൊണ്ട് അകത്തുകയറിനിന്ന് മുഴുവൻ കേട്ടു..”

യാത്രയാകും മുൻപ് നൗഷാദ് പറഞ്ഞ വാക്കുകൾ മരണം വരെ മറന്നില്ല ചിദംബരനാഥ്. “നല്ല മെലഡി. ഭാഷ അറിയില്ലെങ്കിലെന്ത്? നിങ്ങളുടെ ട്യൂണിലെ പ്രണയം മുഴുവൻ ഞാൻ ആസ്വദിച്ചു..” ഇതിലപ്പുറം ഒരു അവാർഡ് വേണോ?

പുതിയ “കായംകുളം കൊച്ചുണ്ണി” തിയറ്ററുകളിൽ തകർത്തോടുമ്പോൾ പഴയ കുങ്കുമപ്പൂവുകൾ വീണ്ടും മനസ്സിൽ വിടരുന്നു; ഓർമ്മകൾക്ക് സംഗീതത്തിന്റെ സുഗന്ധം പകർന്നുകൊണ്ട്…പഴയ കൊച്ചുണ്ണിയിലെ പാട്ടുകൾ അരനൂറ്റാണ്ടിനിപ്പുറവും ജീവിക്കുന്നു; പുതിയ കൊച്ചുണ്ണിയിലെ പാട്ടുകളോ? കാലം മറുപടി പറയട്ടെ…

— രവിമേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here