മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

0
34

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ്സ് നേതാവും സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ടുമായ കമൽനാഥ് സ്ഥാനമേൽക്കും. ജ്യോതിരാദിത്യ സിന്ധ്യയാണ് കമൽനാഥിന്റെ പേര് നിർദ്ദേശിച്ചത്. നേരത്തെ ഇരുവരിൽ ആരായിരിക്കും മുഖ്യമന്ത്രിയാവുക എന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. പാർട്ടിയുടെ പ്രചാരണക്കമ്മറ്റിയെ നയിച്ചിരുന്നത് ജ്യോതിരാദിത്യയാണ്. പാർട്ടി കേന്ദ്രനീരീക്ഷകൻ എകെ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾക്കൊടുവിൽ ഇക്കാര്യത്തിൽ തീരുമാനം വന്നുവെന്നാണ് അറിയുന്നത്.

ഇന്ന് ഭോപ്പാലിൽ ചേർന്ന കോൺഗ്രസ്സ് എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന പ്രമേയം വൈകീട്ടോടെ പാസ്സാക്കിയിരുന്നു. നിരീക്ഷകനായി എകെ ആന്റണിയും പങ്കെടുത്തു. യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി വക്താവ് തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായി അറിയിക്കുകയായിരുന്നു. ജ്യോതിരാദിത്യയും കമൽനാഥും ഇത്തവണ മത്സരിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുന്നിലുള്ളവരാണ്.

ഇന്നുച്ചയോടെ കോൺഗ്രസ്സ് സംഘം ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. 114 സീറ്റാണ് കോൺഗ്രസ്സിനുള്ളത്. കേവലഭൂരിപക്ഷത്തിലേക്ക് രണ്ട് സീറ്റ് കുറവ്. ബിഎസ്പിയുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയായതോടെ സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം പാർട്ടിക്ക് നിലവിലുണ്ട്. ബിജെപിക്ക് 109 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ

1946ൽ കാൺപൂരിലാണ് കമൽനാഥിന്റെ ജനനം. നിലവിൽ ലോകസഭാംഗമാണ്. കഴിഞ്ഞ രണ്ട് യുപിഎ മന്ത്രിസഭകളിൽ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രണ്ടാം യുപിഎ മന്ത്രിസഭയിൽ വാണിജ്യ വ്യവസായ മന്ത്രിയായിരുന്നു. നഗരവികസനം, പാർലമെന്ററി കാര്യം തുടങ്ങിയ മന്ത്രിപദവികളും വഹിച്ചിട്ടുണ്ട്.

നെഹ്റു കുടുംബവുമായി ഏറെ അടുത്ത ബന്ധമാണ് കമൽനാഥ് ഇക്കാലമത്രയും പുലർത്തിപ്പോന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യാത്രയിൽ ഈ പരിഗണനയും കമൽനാഥിന് ലഭിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ഡൂണ്‍ ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ സഞ്ജയ് ഗാന്ധിയുടെ ഉറ്റസുഹൃത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here