കെ പി അപ്പൻ

0
22

വിട പറഞ്ഞിട്ട്, ഇന്ന്, ഒരു പതിറ്റാണ്ടാകുന്നു…

സ്മരണാഞ്ജലികൾ!

സര്‍ഗ്ഗാത്മകവിമര്‍ശനത്തിന്‍റെ അമരക്കാരന്‍ കെ. പി. അപ്പന്‍ വിട പറഞ്ഞിട്ട്, ഇന്ന്, ഒരു പതിറ്റാണ്ടാകുന്നു… 2008 ഡിസംബര്‍ 15-നാണ് വിട പറഞ്ഞത്. എന്തോ പറയാനെന്നപോലെ, പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളെ മഴയേക്കാള്‍ ഇഷ്ടപ്പെട്ട ആ ‘കാര്‍ത്തിക’ നക്ഷത്രം മകരമഞ്ഞു പൊഴിയാന്‍ കാത്തു നില്‍ക്കാതെ പൊലിഞ്ഞു.

“കാലപ്രവാഹത്തിലെ നീന്തല്‍ക്കാരനാണ് കവി. അയാള്‍ പെട്ടെന്ന് ക്ഷീണിതനാകുന്നു. അതിനാല്‍ കവി പെട്ടെന്ന് മരിക്കുന്നു”. ‘സമയപ്രവാഹവും സാഹിത്യകലയും’ എന്ന കൃതിയില്‍, അപ്പന്‍റെ ഈ നിരീക്ഷണം അദ്ദേഹത്തിന്‍റെ കാര്യത്തിലും സംഗതമാണെന്നു തോന്നുന്നു. വിമര്‍ശനകലയെ സര്‍ഗ്ഗാത്മകസൃഷ്ടിയോടടുപ്പിക്കുകയും അതിനെ കാവ്യാത്മകഭാഷയുടെ മണിച്ചിലമ്പണിയിക്കുകയും ചെയ്ത കവിസമാനനായ നിരൂപകനായിരുന്നു കെ.പി.അപ്പന്‍. മലയാളിയുടെ സാഹിത്യസൗന്ദര്യബോധത്തെ നവീകരിച്ചുകൊണ്ടേയിരുന്ന ദര്‍ശനങ്ങളുടെ പ്രഘോഷകന്‍- സമരമുഖത്തെ തൂലികയില്‍ നിന്നുദിച്ച ആഢ്യവിമര്‍ശനത്തിന്‍റെ ആള്‍രൂപം – തലക്കനമില്ലാതെ, എന്നാല്‍ തലയെടുപ്പോടെ ഇതുവഴി നടന്നു കാലയവനികക്കപ്പുറം മറഞ്ഞത് അല്പം നേരെത്തേയായിരുന്നോ എന്നൊരു തോന്നല്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

അപ്പൻ സാറിൻറെ ആദ്യകൃതിയായ “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” പ്രസിദ്ധീകരിക്കുമ്പോൾ പത്താക്ലാസ്സ് വിദ്യാർഥിയായിരുന്നു… സ്വാഭാവികമായതും അപ്പൻ സാറിൻറെ വീക്ഷണവും നിലപാടുകളും ഗണ്യമായി മനസിലായില്ലന്നു പറയേണ്ടതില്ലല്ലോ… എങ്കിലും ‘ഞാൻ’ ഭാവിയിൽ ഒരു ആധുനികനായ, അത്യാധുനികമായ, എഴുത്തുകാരാനാകും എന്ന് ഉറച്ചൊരു ശപഥമെടുക്കുവാൻ ആ കൃതി മാത്രം മതിയായിരുന്നു! 🤪 ….

അവതാരികയൊന്നുമില്ലാതെ ഇറങ്ങിയ ആ കൃതിയുടെ ആദ്യപുറത്തിലെ കുറിപ്പ് ഇങ്ങനെയായിരുന്നു:

>>> “വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്.”<<< 1972-ൽ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പൻ മലയാളത്തിലെ സാഹിത്യനിരൂപകന്മാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിലെ ഒൻപതു ലേഖനങ്ങളിൽ ആദ്യത്തെ നാലെണ്ണം കഫ്ക, കമ്യൂ, യൊനെസ്കോ, ഷെനേ എന്നീ ആധുനിക പാശ്ചാത്യസാഹിത്യകാരന്മാരെക്കുറിച്ചായിരുന്നു. തുടർന്നുവന്ന മൂന്നു ലേഖനങ്ങൾ ആധുനിക സാഹിത്യത്തിന്റെ പ്രചോദനങ്ങളെയും അതിലെ പ്രവണതകളെയും കുറിച്ചും ഒടുവിലത്തെ രണ്ടെണ്ണം ആധുനിക വിമർശനത്തെക്കുറിച്ചുമായിരുന്നു.... ___________ 1936 ഓഗസ്റ്റ് 25-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ പത്മനാഭൻ-കാർത്ത്യായനി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി. കോളേജ്, എസ്.എൻ. കോളേജ്, ചേർത്തല , കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1971 നവംബർ 28-നായിരുന്നു വിവാഹം. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ സ്മാരക കോളേജിൽ അദ്ധ്യാപികയായിരുന്ന ഓമനയാണ്‌ ഭാര്യ. രജിത്ത്‌, ശ്രീജിത്ത്‌ എന്നിവർ മക്കളാണ്‌. അർബ്ബുദരോഗത്തെത്തുടർന്ന് 2008 ഡിസംബർ 15-ന് കായംകുളത്ത് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here